തിന്മ ഒരിക്കലും ജയിക്കില്ല – ഫാദര്‍ ജാക്വസ് മൗറാദ്

സിറിയ: ആവിലായിലെ വിശുദ്ധ തെരേസായുടെ അഞ്ഞൂറാം വാര്‍ഷികം ആഘോഷിച്ചത് 2015 ലാണ്. റാഖായിലെ ഇസ്ലാമിക് ഭീകരവാദസംഘടന സിറിയന്‍ പുരോഹിതനായ ഫാദര്‍ ജാക്വസ് മൗറാദിനെ തട്ടിക്കൊണ്ടുപോയതും അതേ വര്‍ഷം തന്നെയായിരുന്നു. 84 ദിവസമാണ് തീവ്രവാദികള്‍ ഇദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചത്. പ്രവാചകനായ മുഹമ്മദിന്റെ പിന്തുടര്‍ച്ചക്കാരെന്ന് സ്വയം പ്രഖ്യാപിക്കുന്നവരാണ് ഇവര്‍. തടവില്‍ കഴിഞ്ഞ കാലത്ത് ഈ സ്പാനിഷ് വിശുദ്ധയുടെ വാക്കുകളാണ് തനിക്ക് ആശ്വാസം നല്‍കിയിരുന്നതെന്ന് ഫാദര്‍ മൗറാദ് പറയുന്നു.

”എന്നെ തട്ടിക്കൊണ്ട് പോയ ആ രാത്രി ഞാന്‍ ഉറങ്ങാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കുന്നുണ്ടായിരുന്നില്ല. എനിക്ക് അകാരണമായ കോപം വരുന്നുണ്ടായിരുന്നു. ‘ഒന്നും നിങ്ങളെ അലട്ടുന്നില്ല, യാതൊന്നും നിങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നര്‍ത്ഥം വരുന്ന ഒരു അറബിക് ഗാനം ഞാന്‍ അനായാസമായി പാടിക്കൊണ്ടിരുന്നു. അതെങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. ആ സമയങ്ങളെക്കുറിച്ച് ഞാന്‍ ബോധവാനായിരുന്നില്ല. എന്നാല്‍ അതിന് ശേഷം നിര്‍വ്വചിക്കാനാവാത്ത സമാധാനവും സുരക്ഷിതത്വവും എന്റെ ഉള്ളില്‍ നിറഞ്ഞു. അതിലൂടെ തടവില്‍ ആണ് എന്ന കാര്യം മറക്കാന്‍ എനിക്ക് സാധിച്ചു.”

തടവറയിലെ ഓരോ ദിനവും പുലരുമ്പോള്‍ ഇതായിരിക്കും തന്റെ അവസാന ദിവസമെന്ന് താന്‍ വിചാരിച്ചിരുന്നതായി അദ്ദേഹം പറയുന്നു. മാനുഷികമായ പരിഗണന പോലും അവിടെ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. സിറിയയിലെ ക്വാറിയെറ്റെന്‍ ഇടവകയിലെ 250 ക്രൈസ്തവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മറ്റെന്തിനേക്കാള്‍ കൂടുതല്‍ ദൈവസാന്നിദ്ധ്യമാണ് അനുഭവപ്പെട്ടത് എന്ന് ഫാദര്‍ ജാക്വസ് വെളിപ്പെടുത്തുന്നു.

”ആവിലായിലെ വിശുദ്ധ തെരെസ പറഞ്ഞതു പോലെ കഠിനമായ ഇരുട്ട് നിറഞ്ഞ നിമിഷങ്ങളിലും ഞാനറിഞ്ഞത് ദൈവസാന്നിദ്ധ്യമാണ്. തീവ്രവാദികള്‍ ആശ്രമത്തിനകത്ത് കയറി എന്നെ ബലമായി കാറില്‍ കയറ്റിയപ്പോഴും പിന്നീട് മരുഭൂമിയില്‍ എത്തിച്ചപ്പോഴും ഞാന്‍ എന്റെ തൊട്ടടുത്ത് പരിശുദ്ധ അമ്മയുടെ സാന്നിദ്ധ്യമറിഞ്ഞു.” കഠിനമായി പീഡനങ്ങള്‍ക്കിടയിലും പ്രതീക്ഷ അവശേഷിച്ചിരുന്നു എന്ന് ഫാദര്‍ ജാക്വസ് സാക്ഷ്യപ്പെടുത്തുന്നു. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയ തീവ്രവാദികള്‍ ആശ്രമത്തിനുള്ളിലെ എല്ലാം തകര്‍ത്തെറിഞ്ഞു. ക്രിസ്തീയതയുടെ യാതൊരു വിധ അടയാളങ്ങളും അവശേഷിക്കാത്ത വിധത്തില്‍ എല്ലാം നാമാവശേഷമാക്കുകയും ചെയ്തു. ബോംബ് ആക്രമണത്തെ അതിജീവിക്കുക എന്നതായിരുന്നു ഏറെ ദുഷ്‌കരം.

3

”കേടുപാടുകള്‍ സംഭവിക്കാത്ത തിരുശേഷിപ്പിന്റെ അവശിഷ്ടം ഞാനൊരു ഫോട്ടോയില്‍ കണ്ടു. അത്ഭുതപ്പെടുത്തുന്നതായിരുന്നു ആ കാഴ്ച. ഒരിക്കല്‍ ഈ തടവില്‍ നിന്ന് ഞാന്‍ രക്ഷപ്പടുമെന്നും എനിക്ക് തിരിച്ചെത്താന്‍ സാധിക്കുമെന്നുമുള്ള വിശ്വാസം എന്നില്‍ ബലപ്പെട്ടത് അങ്ങനെയാണ്. സിറിയയില്‍ യാതൊന്നും അവശേഷിച്ചിരുന്നില്ല. ദേവാലയങ്ങളും ആശ്രമങ്ങളും വീടുകളും എല്ലാം തകര്‍ക്കപ്പെട്ടിരുന്നു.” ഫാദര്‍ ജാക്വസിന് ഇതുവരെ സിറിയയിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. കുര്‍ദ്ദിസ്ഥാനിലാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. തകര്‍ക്കപ്പെട്ടവയെല്ലാം പുനര്‍നിര്‍മ്മിച്ചതിന് ശേഷമാകണം മടങ്ങിപ്പോക്ക് എന്നദ്ദേഹം പറയുന്നു.

”തിന്മയ്ക്ക് ഒരിക്കലും ജയിക്കാന്‍ സാധിക്കില്ല. അത് ഒരു ദിവസം അവസാനിക്കും. ഈ യുദ്ധവും അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍ ഇപ്പോഴും ജീവിക്കുന്നത്” പാശ്ചാത്യലോകത്തെ ക്രൈസ്തവരോട് സിറിയയിലെ ജനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കരുതെന്ന് ഫാദര്‍ ജാക്വസ് പറയുന്നു. ബോംബുകളില്‍ നിന്ന് രക്ഷപെട്ടോടുന്ന അവര്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടയ്ക്കരുത്. അധികാരികള്‍ കൂടുതല്‍ ആത്മാര്‍ത്ഥമായും മനുഷ്യത്വപരമായും കരുണയോടെയും ഇവരെ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.