ഏര്‍ഡിംഗ് ജര്‍മ്മനി 1417

ജര്‍മ്മനിയിലെ ഏര്‍ഡിംഗ് എന്ന സ്ഥലത്ത് ഒരു പാവപ്പെട്ട കര്‍ഷകനുണ്ടായിരുന്നു. അദ്ദേഹം തന്റെ കൃഷിസ്ഥലത്ത് ധാരാളം കൃഷി ചെയ്തിരുന്നു. എങ്കിലും തന്റെ കഷ്ടപ്പാടിന്  അനുസരിച്ചുള്ള ഫലം അദ്ദേഹത്തിന് ലഭിച്ചില്ല. കുടുംബം പോറ്റാനുള്ള ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. അവന്റെ കൂട്ടുകാരന്‍ വളരെ ശാന്തവും വിജയപ്രദവുമായ ജീവിതം നയിച്ചിരുന്നു. അതിന് കാരണം തന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ കുര്‍ബാന ആണ് എന്ന രഹസ്യം അയാള്‍ വെളിപ്പെടുത്തി. വിശുദ്ധ കുര്‍ബാനയെ ആരാധിക്കുകയും വണങ്ങുകയും ചെയ്താല്‍ നല്ല ജീവിതം ലഭിക്കുമെന്ന് പാവപ്പെട്ട കര്‍ഷകന് അറിയില്ലായിരുന്നു.

അയാള്‍ പെസഹാ വ്യാഴാഴ്ച വിശുദ്ധ കുര്‍ബാനയ്ക്ക് പോയി. കുര്‍ബാന സ്വീകരിച്ചെങ്കിലും അത് നാവില്‍ തന്നെ സൂക്ഷിച്ച് പിന്നീട് കയ്യിലുണ്ടായിരുന്ന തൂവാലയില്‍ പൊതിഞ്ഞ് പിടിച്ചു. താന്‍ വലിയ പാപമാണ് ചെയ്യുന്നതെന്ന കാര്യം ഇദ്ദേഹത്തിന് അറിവില്ലായിരുന്നു. പിന്നീട് അദ്ദേഹത്തിന്റ ചിന്തയിലും പ്രവര്‍ത്തിയിലും മുഴുവന്‍ ഭയമായിരുന്നു. ഇതിന്റെ പരിണതഫലം എന്തായിരിക്കുമെന്ന് ഗാഢമായി അയാള്‍ ചിന്തിച്ചു. തിരുവോസ്തി തന്റെ വീട്ടില്‍ സൂക്ഷിച്ചാല്‍ കുടുംബത്തില്‍ അഭിവൃദ്ധി ഉണ്ടാകുമെന്നായിരുന്നു ഇയാളുടെ വിശ്വാസം. എന്നാലും താന്‍ ചെയ്തത് തെറ്റാണെന്നും അതിനാല്‍ ദൈവകോപം ഉണ്ടാകുമെന്നും മറുവശത്ത് ചിന്തകള്‍ ഉണര്‍ന്നു. ഈ മാനസിക സംഘര്‍ഷത്തിന് ഒടുവില്‍ അയാള്‍ കുമ്പസാരിക്കാന്‍ പോകാന്‍ തീരുമാനിച്ചു.

പോയവഴിയില്‍ അയാളുടെ കയ്യില്‍ നിന്നും വിശുദ്ധ കുര്‍ബാന താഴെ വീണു. അത് വായുവില്‍ അല്‍പ്പസമയം ഉയര്‍ന്ന് നിന്നിട്ട് താഴേയ്ക്ക് പതിച്ചു. നിലത്ത് വീണ വിശുദ്ധ കുര്‍ബാനയെ അയാള്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതിന് ശേഷം ഭയചകിതനായ അയാള്‍ പുരോഹിതരോട് കാര്യങ്ങള്‍ വിശദീകരിച്ചു. പുരോഹിതര്‍ ഗ്രാമവാസികള്‍ക്കൊപ്പം അത്ഭുതം നട്ന്ന സ്ഥലത്തേക്ക് വന്നു. ദിവ്യകാരുണ്യം വെളുത്ത നിറത്തില്‍ തിളങ്ങുന്നത് പുരോഹിതന്‍ ദൂരെ നിന്ന്  കണ്ടു. അദ്ദേഹം ദിവ്യകാരുണ്യം എടുക്കുന്നതിന് വേണ്ടി കുനിഞ്ഞപ്പോള്‍ അത്ഭുതകരമായ വിധത്തില്‍ ഓസ്തി വായുവില്‍ ഉയര്‍ന്നു. പക്ഷെ അധികം വൈകാതെ ദിവ്യകാരുണ്യം അപ്രത്യക്ഷമാകുകയും ചെയ്തു. അതോടെ അവര്‍ കാര്യങ്ങള്‍ മെത്രാനെ അറിയിച്ചു. അദ്ദേഹവും സ്ഥലം സന്ദര്‍ശിച്ചു. മുമ്പ് നടന്ന കാര്യങ്ങള്‍ അതേപടി ആവര്‍ത്തിക്കപ്പെട്ടു. മൂന്നാമതും ഇങ്ങനെ സംഭവിച്ചപ്പോള്‍ ഇത് അത്ഭുതം തന്നെയെന്ന് എല്ലാവരും ഉറപ്പിച്ചു. ദിവ്യകാരുണ്യത്തില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോയെ ആരാധിക്കാന്‍ എ്ല്ലാവരും മുട്ടുകുത്തി. മനോഹരമായ ഒരു ദേവാലയവും അവര്‍ അവിടെ പണിതു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.