“എന്നെ സിസ്റ്റര്‍ ആയി നിലനിര്‍ത്തുന്നത് പരിശുദ്ധ അമ്മ” – 70 വർഷമായി സമര്‍പ്പിത ജീവിതം നയിക്കുന്ന ഒരു സിസ്റ്ററിന്റെ സാക്ഷ്യം

കഴിഞ്ഞ 70 വർഷമായി മെക്സിക്കോയിലെ ജോസഫൈൻ സന്ന്യാസിനി സഭയിലെ അംഗമാണ് സി. ക്രൂസിറ്റ. തന്റെ ദൈവവിളിയിൽ താൻ അതീവ സന്തോഷവതിയാണെന്നും ഈ ജീവിതം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ഒരു കാലത്തും ചിന്തിച്ചിട്ടില്ലെന്നുമാണ് 100 ാം ജന്മദിനത്തോടടുത്തുകൊണ്ടിരിക്കുന്ന സി. ക്രൂസിറ്റ പറയുന്നത്.

ദൈവത്തിന്റെ കരുണയും പരിശുദ്ധ കന്യകാമറിയത്തിന്റെ സഹായവുമാണ് തന്നെ ഇവിടം വരെ എത്തിച്ചതെന്നാണ് സിസ്റ്റർ പറയുന്നത്. സമർപ്പിത ജീവിതം ഉപേക്ഷിക്കാൻ നിരവധി പ്രേരണകൾ പല കാലഘട്ടങ്ങളിലായി ഉണ്ടായപ്പോൾ അതിൽ പെടാതെ കാത്തത് പരിശുദ്ധ അമ്മയാണെന്നും സിസ്റ്റർ ക്രൂസിറ്റ പറഞ്ഞു.

പ്രലോഭനങ്ങളുടെയും നിരാശകളുടെയും വേദനകളുടെയുമെല്ലാം അവസരങ്ങളിൽ ദൈവ വിശ്വാസം കെടാതെ കാത്തത് പരിശുദ്ധ അമ്മയോടുള്ള ജപമാല പ്രാർത്ഥനകളായിരുന്നെന്ന് സിസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു.

1917 നവംബർ 23 ന് ജനിച്ച സി ക്രൂസിറ്റ ചെറുപ്പം മുതലേ കടുത്ത ദൈവഭക്തിയിൽ വ്യാപരിച്ചയാളാണ്. 1947 ലായിരുന്നു വ്രതവാഗ്ദാനം. അന്നുമുതൽ ഇന്നുവരെ വിവിധ ആശുപത്രികളിൽ നഴ്സായാണ് സിസ്റ്റർ സേവനം ചെയ്തുപോന്നത്. താൻ ശുശ്രൂഷിക്കുന്ന ഓരോ രോഗിയ്ക്കും ദൈവത്തിന്റെ കരുണയേയും സ്നേഹത്തേയും കുറിച്ച് സിസ്റ്റർ മനസിലാക്കി കൊടുത്തിരുന്നു.

ഈ നൂറാം വയസ്സിലും സിസ്റ്റർ ക്രൂസിറ്റ അതീവ ഉത്സാഹവതിയാണെന്നും സ്വന്തം കാര്യങ്ങളെല്ലാം ഇപ്പോഴും സിസ്റ്റർ തനിയെയാണ് ചെയ്യുന്നതെന്നുമാണ് സിസ്റ്റർ ക്രൂസിറ്റയുടെ സഹസന്ന്യാസിനിമാർ പറയുന്നത്. പ്രാർത്ഥനയുടെ കാര്യത്തിലും സിസ്റ്റർ തങ്ങളേക്കാൾ മുമ്പിലാണെന്നും അവർ പറയുന്നു. വരുന്ന നവംബർ 23 ാം തീയതി സിസ്റ്റർ ക്രൂസിറ്റയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ച് കൃതജ്ഞതാബലി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ നടത്തുന്നതാണെന്നും സന്ന്യാസിനിമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.