സിഡ്‌നിയിൽ ദേവാലയ ശുശ്രൂഷകൾക്കിടെ ബിഷപ്പിനുനേരേ ആക്രമണം

സിഡ്‌നിയിൽ ദേവാലയത്തിലെ ശുശ്രൂഷകൾക്കിടെ അസ്സീറിയന്‍ ബിഷപ്‌ മാര്‍ മാറി ഇമ്മാനുവേലിനെ അക്രമി കുത്തിപരിക്കേല്‍പ്പിച്ചു. തിങ്കളാഴ്‌ച രാത്രി സിഡ്‌നിയുടെ  പ്രാന്തപ്രദേശമായ വാക്‌ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ദേവാലയത്തിൽ ആണ് ആക്രമണം നടന്നത്. 

ദേവാലയത്തിൽ ആക്രമണം നടന്നതായി പോലീസ് സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കുകൾ ഉണ്ടെന്നും എന്നാൽ അവയൊന്നും മാരകമല്ല എന്നും പോലീസ് വെളിപ്പെടുത്തി. ആക്രമണത്തെ തുടർന്നു ഒരാൾ അറസ്റ്റിലായിരുന്നു. ന്വേഷണം മുന്നോട്ട് പോകുകയാണെന്നും ആക്രമണത്തിലേയ്ക്ക് പ്രതികളെ നയിച്ച കാരണം വ്യക്തമല്ല എന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രസംഗത്തിൻ്റെ തത്സമയ സംപ്രേക്ഷണ വീഡിയോയിൽ, ഇരുണ്ട വസ്ത്രം ധരിച്ച ഒരാൾ ബിഷപ്പിനെ ആക്രമിക്കാൻ ഒരുങ്ങുന്നതായി വ്യക്തമാണ്. നിരവധി ആളുകൾ ആക്രമണം തടയാൻ ശ്രമിക്കുന്നതും നിലവിളിയും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റവരെല്ലാം 20നും 70നും ഇടയിൽ പ്രായമുള്ളവരാണെന്നാണ് കരുതുന്നത്. ആക്രമണത്തെ തുടർന്നു പ്രദേശത്തു നിന്നു അകന്നു നിൽക്കാനും ജാഗ്രത പുലർത്തുവാനും പോലീസ് നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് – ബി.ബി.സി റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇതേ നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിൽ ആറ് പേർ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ദേവാലയത്തിൽ ആക്രമണം നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.