മദർ തെരേസയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരു ദത്തെടുക്കൽ

മദർ തെരേസയുടെ ശുശ്രൂഷകളിൽ പങ്കുചേരുക എന്ന ആഗ്രഹത്തോടെയാണ് ആൻ പോളക് എന്ന സ്ത്രീ 1995 ൽ കൽക്കട്ടയിലെത്തിയത്. രണ്ടാഴ്ചയോളം അവർ മദറിന്റെയൊപ്പം പ്രവർത്തിച്ചു. പിന്നീട് എല്ലാവർഷവും അത് തുടരുകയും ചെയ്തു.

1997 ൽ എത്തിയപ്പോൾ ഭിന്നശേഷിക്കാരും വികലാംഗരുമായ കുട്ടികൾക്കൊപ്പമായിരുന്നു ശുശ്രൂഷകൾ. ആ സമയത്താണ് രേഖ എന്നൊരു കുട്ടിയെ പരിചയപ്പെട്ടത്. മാനസിക വളർച്ച കുറഞ്ഞതും ഓട്ടിസം ബാധിച്ചിരുന്നതുമായ ആ കുട്ടി ജന്മനാ അന്ധയുമായിരുന്നു. പിന്നീട് സംഭവിച്ചതിനെക്കുറിച്ച് ആൻ പറയുന്നതിങ്ങനെ.

“ലോകത്തെ ഏറ്റവും നല്ല ചിരി ആ കുട്ടിയുടേതായിട്ടാണ് എനിക്ക് തോന്നിയത്. അവളോട് ഇടപഴകിയപ്പോഴാണ് മനസിലായത്, ഒരു കുടുംബത്തോടൊപ്പം ജീവിച്ചാൽ അവൾക്ക് മാറ്റം വരുമെന്ന്. ദത്തെടുക്കാൻ ആരും എത്താതിരുന്നപ്പോൾ ഞാൻ തന്നെ അവളെ ഏറ്റെടുക്കാൻ തീരുമാനിച്ചു. നിയമനടപടികളും കാത്തിരിപ്പും ക്ലേശകരമായിരുന്നെങ്കിലും രേഖയ്ക്ക് ഏഴ് വയസ് പ്രായമുള്ളപ്പോൾ അവൾ എന്റെ മകളായി”.

“ഇപ്പോൾ അവൾക്ക് പ്രായം 25. ആദ്യമൊക്കെ അപസ്മാരം ഇടയ്ക്കിടെ അവളെ അലട്ടിയിരുന്നു. ആ സമയത്ത് അവൾ അക്രമാസക്തയുമായീരുന്നു. ഇപ്പോൾ അതിനെല്ലാം ശമനമായി. ഇങ്ങനെയൊരു കുട്ടിയെ ദത്തെടുത്തതിന്റെ പേരിൽ നിരവധി ആളുകളിൽ നിന്ന് പഴി കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ അതെല്ലാം ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും കാഴ്ചവച്ചു പ്രാർത്ഥിച്ചുകൊണ്ടിരുന്നു. മദർ തെരേസയുടെ നാമകരണ ചടങ്ങിൽ പങ്കെടുക്കാനും എനിക്കും രേഖയ്ക്കും ഭാഗ്യമുണ്ടായി. ഇപ്പോൾ മദറിന്റെ മാദ്ധ്യസ്ഥവും ഞങ്ങളോടൊപ്പമുണ്ട്.” ആൻ പോളക് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.