ഫ്രാൻസിസ് മാർപാപ്പയുടെ മെയ് മാസത്തെ പ്രാർഥനാനിയോഗം പ്രസിദ്ധീകരിച്ചു

വൈദികരുടെയും സന്യാസിനിമാരുടെയും സെമിനാരിക്കാരുടെയും പരിശീലത്തിനായി മെയ് മാസം പ്രത്യേകമായി പ്രാർഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. ഏപ്രിൽ 30-നു പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലൂടെയാണ് പാപ്പ മെയ് മാസത്തെ തന്റെ പ്രത്യേക പ്രാർഥനാനിയോഗം പുറത്തുവിട്ടത്.

ഓരോ ദൈവവിളിയും മിനുക്കിയെടുക്കേണ്ടതും അതിന്റെ എല്ലാ മുഖങ്ങളിലും രൂപീകരണം നൽകേണ്ടതുമായ ഒരു പരുക്കൻ വജ്രത്തിനു തുല്യമാണെന്ന് പാപ്പ സന്ദേശത്തിൽ പറഞ്ഞു. “ഒരു നല്ല പുരോഹിതൻ, ഒരു കന്യാസ്ത്രീ ഒന്നാമതായി കർത്താവിന്റെ കൃപയാൽ പരിശീലിപ്പിക്കപ്പെട്ടു പ്രവർത്തിക്കുന്ന ഒരു പുരുഷനും സ്ത്രീയും ആയിരിക്കണം. കൂടാതെ, അവർ ആളുകളുടെ പരിമിതികളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. സുവിശേഷസാക്ഷ്യത്തിനു വേണ്ടിയുള്ള സമർപ്പണത്തോടെയുള്ള പ്രാർഥനയുടെ ജീവിതം നയിക്കാൻ തയ്യാറായിരിക്കണം” – ഫ്രാൻസിസ് പാപ്പ കൂട്ടിച്ചേർത്തു.

ദൈവവിളി പരിശീലനം ഒരു നിശ്ചിതനിമിഷത്തിൽ അവസാനിക്കുന്നില്ല. മറിച്ച് ജീവിതത്തിലുടനീളം തുടരുന്നു. വർഷങ്ങളായി വ്യക്തിയെ ബൗദ്ധികമായും മാനുഷികമായും വൈകാരികമായും ആത്മീയമായും സമന്വയിപ്പിക്കുന്നു എന്നും പാപ്പ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.