പരിശുദ്ധ കന്യകാമറിയത്തിൽ വിളങ്ങി ശോഭിച്ചിരുന്ന പത്ത് സുവിശേഷ പുണ്യങ്ങൾ

വിശ്വാസജീവിതത്തിൽ അഭിവൃദ്ധി പ്രാപിക്കാൻ നമുക്ക് നല്ല മാതൃകകൾ ആവശ്യമാണെന്ന് ദൈവത്തിനറിയം. അതിനായി എണ്ണമറ്റ വിശുദ്ധന്മാരെ ദൈവം നമുക്കു സമ്മാനിച്ചിട്ടുമുണ്ട്. വിശുദ്ധരുടെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയമാണ് അതിൽ പ്രഥമസ്ഥാനത്തുള്ള വ്യക്തി. പല വിശുദ്ധർക്കും ഇക്കാര്യം അറിയാമായിരുന്നതുകൊണ്ട് പരിശുദ്ധ മറിയത്തിന്റെ ജീവിതം അവരുടെ ജീവിതത്തിൽ അനുകരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു.

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിൽ വിളങ്ങിയിരുന്ന പത്ത് സുവിശേഷപുണ്യങ്ങൾ ഏവയെന്ന് നമുക്ക് പരിശോധിക്കാം…

1. മറിയം ഏറ്റവും പരിശുദ്ധി നിറഞ്ഞവൾ

ദൈവം പരിശുദ്ധനാണ്. അതിനാൽ ദൈവത്തിന്റെ പുത്രന് ജന്മമേകാൻ ദൈവം തിരഞ്ഞെടുത്ത പ്രിയപുത്രിയും അങ്ങനെ ആയിരിക്കണമെന്നത് അനാദി മുതലേ ഉള്ള ദൈവികപദ്ധതി ആയിരുന്നു.

സുവിശേഷങ്ങളിൽ ഇത് വളരെ വ്യക്തമായി നമുക്കു കാണാൻ കഴിയും: “യേശുക്രിസ്‌തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുമ്പ്‌ അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു” (മത്തായി 1:18). “ദാവീദിന്റെ വംശത്തില്‍പ്പെട്ട ജോസഫ്‌ എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്‌തിരുന്ന കന്യകയുടെ അടുത്തേക്ക്‌, ദൈവത്താല്‍ അയയ്‌ക്കപ്പെട്ടു. അവളുടെ പേര്‌ മറിയം എന്നായിരുന്നു”(ലൂക്കാ 1:27).

“പരിശുദ്ധ കന്യകാമറിയം എനിക്ക് നേടിത്തന്ന ഏറ്റവും വലിയ കൃപ പരിശുദ്ധി ആണന്ന് പിന്നീട് എനിക്കു മനസ്സിലായി. വളരെ വർഷങ്ങളായി അവളോടു ഞാൻ ഇതിനു വേണ്ടിയാണ് അപേക്ഷിച്ചിരുന്നത്” – വി. ഫൗസ്റ്റിനാ

2. മറിയം ഏറ്റവും വിവേകമതി

മറിയം വിവേകമതികളുടെ രാജ്ഞിയാണ്. പരിശുദ്ധ മറിയത്തിന്റെ ജിവിതത്തിന്റെ സമസ്ത മേഖലകളിലും വിവേകപൂർണ്ണമായ സമീപനം നമുക്ക് ദർശിക്കാൻ കഴിയും.
“മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച്‌ ഗാഢമായി ചിന്തിച്ചു കൊണ്ടിരുന്നു” (ലൂക്കാ 2:19). “പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട്‌ നസറത്തില്‍ വന്ന്‌ അവര്‍ക്ക്‌ വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു” (ലൂക്കാ 2:51).

നല്ലതു പോലെ ജീവിക്കുക എന്നു പറഞ്ഞാൽ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ ആത്മാവോടും സർവ്വശക്തിയോടും കൂടെ സ്നേഹിക്കുക എന്നതാണ്. ഇതിൽ നിന്നാണ് നമുക്ക് സ്ഥിരത ഉണ്ടാവുക. ഒരു നിർഭാഗ്യവും നമ്മുടെ ജീവിതത്തെ ചഞ്ചലചിത്തമാക്കുകയില്ല. ദൈവത്തെ ശ്രവിക്കുന്നതിലും അതുവഴി കാര്യങ്ങൾ വിവേചിച്ചറിയുന്നതിലും ഇങ്ങനെയുള്ള ആത്മാക്കൾ ശ്രദ്ധാലുക്കളായിരിക്കും.

3. മറിയം എളിമ നിറഞ്ഞവൾ

എളിമ എന്ന പുണ്യത്തിന് ഒരു രാജ്ഞിപദം ആർക്കെങ്കിലും കൊടുക്കാൻ സാധിക്കുമെങ്കിൽ അതിന് അർഹയായ ഏകവ്യക്തി പരിശുദ്ധ മറിയമായിരിക്കും. മറിയം ഇപ്രകാരം സ്ത്രോതഗീതത്തിൽ പ്രാർത്ഥിക്കുന്നു: “അവിടുന്ന്‌ തന്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും” (ലൂക്കാ 1:48).

4. മറിയം വിശ്വസ്തയാണ്

ദൈവീകപദ്ധതികളോടുള്ള വിശ്വസ്തതാപൂർണ്ണമായ സഹകരണത്തിലൂടെയാണ് മറിയം ദൈവപിതാവിന്റെ പ്രിയപുത്രിയായി തീർന്നത്. അതായിരുന്നു അവളെ ഭാഗ്യവതിയാക്കി മാറ്റിയത്. “കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗ്യവതി” (ലൂക്കാ 1:45) “അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍” (യോഹ. 2:5).

ക്രിസ്തുശിഷ്യന്മാർ വിശ്വാസം സംരക്ഷിക്കുകയും ജീവിക്കുകയും മാത്രം ചെയ്താൽ പോരാ, അത് പ്രഘോഷിക്കുകയും തീഷ്ണതയോടെ സാക്ഷ്യം നൽക്കുകയും അത്  വ്യാപിപ്പിക്കുകയും വേണം. പീഡനത്തിനു നടുവിലും ജനതകളുടെ മുമ്പിൽ ക്രിസ്തുവിനെ പ്രഘോഷിക്കാനും കുരിശിന്റെ വഴികളിൽ അവനെ അനുയാത്ര ചെയ്യാനും അവർ ഒരുങ്ങിയിരിക്കണം (CCC 1816).

5. ദൈവഭക്തി നിറഞ്ഞവളായിരുന്നു മറിയം

ദൈവത്തിൽ ആനന്ദം കണ്ടെത്തുക എന്നതാണ് ഒരു യാർത്ഥ ഭക്തന്റെ/ ഭക്തയുടെ ലക്ഷ്യം. മറിയം പറഞ്ഞു: “എന്റെ ആത്മാവ്‌ കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു.” എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (ലൂക്കാ 1:46- 47), “ഇവര്‍ ഏകമനസ്‌സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്‌ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു” (അപ്പ. പ്രവ. 1:14).

ഒരുവൻ എത്രമാത്രം വലിയ പാപിയായിരുന്നാലും മറിയത്തോട്  ഭക്തി ഉണ്ടായിരുന്നാൽ അവൻ ഒരിക്കലും നശിക്കുകയില്ല എന്ന് പോയിറ്റേഴ്സിലെ വി. ഹിലാരി പറയുന്നു.

6. മറിയം അനുസരണ നിറഞ്ഞവൾ

മനുഷ്യൻ എങ്ങനെ അനുസരിക്കണം എന്നുള്ളതിന് ദൈവം തന്നിരിക്കുന്ന പാഠപുസ്തകമാണ് മറിയം. മംഗളവാർത്തയുടെ അവസരത്തിൽ അവൾ അതു ഏറ്റുപറയുന്നു. “മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു” (ലൂക്കാ 1:38). “ശിശുവിന്റെ പരിച്‌ഛേദനത്തിനുള്ള എട്ടാം ദിവസം ആയപ്പോള്‍, അവന്‍ ഗര്‍ഭത്തില്‍ ഉരുവാകുന്നതിനു മുമ്പ്‌, ദൂതന്‍ നിര്‍ദ്ദേശിച്ചിരുന്ന, യേശു എന്ന പേര്‌ അവനു നല്‍കി” (ലൂക്കാ 2:21). “പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ അവന്‍ ദേവാലയത്തിലേക്കു വന്നു. നിയമപ്രകാരമുള്ള അനുഷ്‌ഠാനങ്ങള്‍ക്കായി ശിശുവായ യേശുവിനെ മാതാപിതാക്കൾ ദേവാലയത്തില്‍ കൊണ്ടുചെന്നു” (ലൂക്കാ 2:27).

വി. ഇരണേവൂസ് മറിയത്തിന്റെ അനുസരണത്തെക്കുറിച്ച് ഇപ്രകാരമാണ് പറയുന്നത്: “ദൈവത്തിന്റെ വചനത്തോട് പരിശുദ്ധ മറിയം അനുസരണം ഉള്ളവളായിരുന്നതിനാൽ ദൈവപുത്രൻ അവളിൽ നിന്നു ജനിക്കും എന്ന മംഗളവാർത്ത മാലാഖയിൽ നിന്നു അവൾ സ്വീകരിച്ചു.”

7. ദരിദ്രയായ മറിയം

ദരിദ്രനായി ഭൂമിയിൽ പിറന്ന ദൈവകുമാരന് ദരിദ്രയായ ഒരു മാതാവുണ്ടായിരുന്നു.
യേശുവിന്റെ മനുഷ്യവതാര വിവരണത്തിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. “അവനെ പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞ്‌ പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല” (ലൂക്കാ 2:7).

കൽക്കത്തയിലെ വി. മദർ തേരേസാ ഇപ്രകാരം പ്രാർത്ഥിക്കുന്നു: “മറിയമേ, നിന്റെ മനോഹരവും പരിശുദ്ധവും അമലോത്ഭവുമായ ഹൃദയം ഞങ്ങൾക്കു തരിക. സ്നേഹം നിറഞ്ഞതും എളിമയുള്ളതുമായ നിന്റെ ഹൃദയം, അങ്ങനെ ജീവന്റെ അപ്പമായ യേശുവിനെ ഞാനും സ്വീകരിക്കട്ടെ. നീ അവനെ സ്നേഹിച്ചതു പോലെ ഞാനും അവനെ സ്നേഹിക്കട്ടെ, ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരിൽ അവനെ ഞാൻ ശുശ്രൂഷിക്കട്ടെ.”

8. മറിയം ക്ഷമയുടെ മാതൃരൂപം

ക്ഷമിക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ കുരിശിന്റെ ചുവട്ടിൽ എല്ലാം ക്ഷമിച്ചുകൊണ്ടു നിൽക്കുന്ന മറിയത്തെ ഒന്നു നോക്കിയാൽ മതി. “പടയാളികള്‍ ഇപ്രകാരം ചെയ്‌തത്‌. യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്‌ദലേന മറിയവും നില്‍ക്കുന്നുണ്ടായിരുന്നു” (യോഹ. 19:25). ആ അമ്മയെപ്പോലെ ക്ഷമ പഠിപ്പിക്കാൻ ഉത്തമയായ വേറോരും മാതൃത്വവും ഇല്ല.

9. മറിയം കാരുണ്യത്തിന്റെ അമ്മ

ദൈവകരുണയുടെ വിശുദ്ധയായ ഫൗസ്റ്റീനായോടു മറിയം ഇപ്രകാരം പറഞ്ഞു: “ഞാൻ സ്വർഗ്ഗത്തിന്റെ രാജ്ഞി മാത്രമല്ല, കാരുണ്യത്തിന്റെ അമ്മയുമാണ്. മറിയത്തിന്റെ സ്ത്രോത്രഗീതം ഒരു കാരുണ്യസങ്കീർത്തനം തന്നെയാണ്” (ലൂക്കാ 1:39-56).

10. മറിയം വ്യാകുലം നിറഞ്ഞവൾ

തീവ്രദുഃഖങ്ങളും വ്യാകുലങ്ങളും മറിയത്തിന്റെ കൂടെപ്പിറപ്പായിരുന്നു. ദൈവപുത്രന്റെ അമ്മയാകാനുള്ള നിയോഗം തന്നെ വ്യാകുലതകൾ വാങ്ങാനുള്ള സമ്മതമായിരുന്നു. “അങ്ങനെ, അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ തുളച്ചുകയറുകയും ചെയ്യും” (ലൂക്കാ 2:35).

കുരിശുകളും അധിക്ഷേപങ്ങളും ദു:ഖങ്ങളും വ്യാകുലതകളും ക്രൂശിതനായ യേശുവിനെ സ്നേഹിക്കുന്നവരുടെ യഥാർത്ഥ നിധികളാകുന്നു എന്നാണ് വി. മാർഗ്ഗരറ്റ് മേരി അലക്കോക്ക് സാക്ഷ്യപ്പെടുത്തുന്നത്. വ്യാകുലതകളാൽ നിറഞ്ഞ അവളുടെ ജീവിതം ദൈവസ്നേഹത്തിന്റെ ഒളി മങ്ങാത്ത നിധിയായിരുന്നു.

പുണ്യങ്ങൾ പൂത്തുനിൽക്കുന്ന ഒരു നിത്യഹരിത വൃക്ഷമാണ് മറിയം. ആദിമാതാവായ ഹവ്വാ പാപത്തിനു ജന്മമേകിയെങ്കിൽ പുതിയ നിയമത്തിലെ ഹവ്വായായ പരിശുദ്ധ മറിയം പുണ്യങ്ങൾക്കു ജന്മമേകുന്ന വിശുദ്ധ പറുദീസയാണ്. നിങ്ങൾ പുണ്യത്തിൽ വളരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മറിയത്തിൽ വിളങ്ങിനിന്ന പത്ത് സുവിശേഷപുണ്യങ്ങൾ സ്വന്തമാക്കൂ.

അമ്മേ പരിശുദ്ധ അമ്മേ, വിശുദ്ധിയിൽ എന്നെ വളർത്തണമേ.

ഫാ. ജയ്സന്‍ കുന്നേല്‍ mcbs

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.