ദ മിറാക്കുലസ് മെഡല്‍ – 1830

OLYMPUS DIGITAL CAMERA

ഒരു സന്യാസാശ്രമത്തിലെ നോവിസ് ആയിരുന്നു ഇരുപത്തിനാല് വയസ്സുകാരി കാതറിന്‍ ലാബര്‍. 1830 ജൂലൈ 18-ാം തീയതിയിലാണ് പരിശുദ്ധ കന്യാമറിയം കാതറിന് പ്രത്യക്ഷയായത്. പാരീസിലെ മഠത്തിലെ ചാപ്പലില്‍ വച്ചായിരുന്നു കാതറിന്‍ പരിശുദ്ധ അമ്മയെ കണ്ടത്. ദേവാലയത്തിലെ അള്‍ത്താരയില്‍ മാലാഖയുടെ അകമ്പടിയോടെ മാതാവ് കസേരയില്‍ ഇരിക്കുന്നതായിട്ടായിരുന്നു കാതറിന് ലഭിച്ച ദര്‍ശനം. ഒരു ദൗത്യം നല്‍കുന്നതിന് വേണ്ടിയാണ് താന്‍ വന്നിരിക്കുന്നത് എന്ന് മാതാവ് കാതറിനെ അറിയിച്ചു. ദുരിതകാലങ്ങള്‍ വരാന്‍ പോകുകയാണെന്നും തന്നോട് പ്രാര്‍ത്ഥിക്കുന്നവരെ താന്‍ കാത്തുപരിപാലിക്കുമെന്നുമായിരുന്നു മാതാവിന്റെ സന്ദേശത്തിന്റെ ഉളളടക്കം. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ പാരിസില്‍  സംഭവിച്ച ക്രൈസ്തവ പീഢനങ്ങളെക്കുറിച്ചും രക്തസാക്ഷിത്വത്തെക്കുറിച്ചുമാണ് മാതാവ് കാതറിനോട് പങ്ക് വച്ചത്. പാരീസില്‍ ഇനി വരാന്‍ പോകുന്ന സംഭവ വികാസങ്ങളെക്കുറിച്ചു ഒരു പ്രവചനമെന്ന രീതിയിലും പരിശുദ്ധ അമ്മ സംസാരിച്ചു.

തനിക്ക് ഉണ്ടായ ദര്‍ശനത്തെക്കുറിച്ച് കാതറിന്‍ തന്റെ ആത്മീയ ഗുരുവായ ഫാദര്‍ അലാഡലിനോട് പറഞ്ഞു. എന്നാല്‍ ഈ വൈദികന് കാതറിന്റെ വാക്കുകളില്‍ വിശ്വാസം തോന്നിയില്ല. പാരീസ് വിപ്ലവം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പായിരുന്നു മാതാവിന്റെ ദര്‍ശനവും വാക്കുകളും സംഭവിച്ചത്.

നവംബര്‍ 27 ന് കാതറിന് മാതാവിന്റെ ദര്‍ശനം വീണ്ടുമുണ്ടായി, ഒരു ഭൂഗോളത്തിന്റെ മുകളിലായി പരിശുദ്ധ അമ്മ നില്‍ക്കുന്നു. തൂവെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. കൈവിരലുകളിലെ മോതിരങ്ങളില്‍ നിന്ന് പ്രകാശം പ്രവഹിച്ചുകൊണ്ടിരുന്നു. ഭൂഗോളം ഭൂമിയെ പ്രതിനിധീകരിക്കുന്നു എന്നും മോതിരത്തിലെ പ്രകാശം വ്യക്തികള്‍ക്ക് ലഭിക്കുന്ന കൃപയേയും കാണിക്കുന്നു എന്നൊരു അശരീരിയും കാതറിന് ലഭിച്ചു.

പിന്നീട് മേരി നിന്നിരുന്ന ഗോളം അപ്രത്യക്ഷമാകുകയും അതേ സ്ഥാനത്ത് അക്ഷരങ്ങള്‍ എഴുതിയ ഒരു ബോര്‍ഡ് പ്രത്യക്ഷമാകുകയും ചെയ്തു. അത് ഇപ്രകാരമായിരുന്നു, പരിശുദ്ധ അമ്മേ, പാപമില്ലാതെ ജനിച്ചവളെ ഞങ്ങളെ രക്ഷിക്കേണമെ. ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണേ. എം എന്ന് എഴുതപ്പെട്ടതും കുരിശിന്റെ ചിഹ്നവും രണ്ട് ഹൃദയങ്ങളുമുള്ള ഒരു മെഡലും തുടര്‍ന്ന് കാണപ്പെട്ടു. ഈ കാശുരൂപങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യാനായിരുന്നു മറ്റൊരു അശരീരി. കത്തോലിക്കാ സഭ അംഗീകരിച്ച മാതാവിന്റെ അത്ഭുത പ്രത്യക്ഷമായിരുന്നു ഇത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.