ഞായര്‍ പ്രസംഗം 2, ഉയിര്‍പ്പ് ഞായര്‍ ഏഴാം ഞായര്‍ മെയ്‌ 16, വചനം പ്രസംഗിക്കുക; പ്രസംഗിച്ച വചനം ജീവിക്കുക

ബ്ര. അരുണ്‍ കുഴിക്കാലായില്‍

ദിവ്യകാരുണ്യ ഈശോയില്‍ സ്‌നേഹം നിറഞ്ഞ സഹോദരങ്ങളേ,

ആരാധനാക്രമവത്സരത്തിലെ ഉയിര്‍പ്പുകാലത്തിലാണ് നാം ആയിരിക്കുക. ഈശോയുടെ ഉത്ഥാനം, പാപത്തിന്റെയും മരണത്തിന്റെയും മേല്‍ ഈശോ നേടുന്ന വിജയം എന്നിവ ധ്യാനവിഷയമാക്കുന്ന ഈ കാലഘട്ടത്തില്‍ യേശു തന്റെ ശിഷ്യന്മാര്‍ക്ക് പ്രേഷിതദൗത്യം നല്‍കുന്ന സുവിശേഷഭാഗമാണ് ഇന്ന് നാം വായിച്ചുകേട്ടത്. “നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” (മര്‍ക്കോ. 16:15). ക്രിസ്ത്വാനുയായികളായി ക്രിസ്തുമാര്‍ഗ്ഗത്തില്‍ ചരിക്കുന്ന എല്ലാ ക്രിസ്തുശിഷ്യരുടെയും ദൗത്യമാണ് ക്രിസ്തു തന്റെ ശിഷ്യരെ ഭരമേല്‍പിക്കുന്നത്. “വചനം പ്രസംഗിക്കുക; പ്രസംഗിച്ച വചനം ജീവിക്കുക.”

ഫ്രഞ്ച് കവിയും നാടകകൃത്തുമായ പോള്‍ ക്ലൗഡര്‍ ഇപ്രകാരം പറയുന്നുണ്ട്: “ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ക്രിസ്തുവിനെപ്പറ്റി പറയുക, ക്രിസ്തുവിനെപ്പറ്റി ആളുകള്‍ ചോദിക്കത്തക്കവിധത്തില്‍ ജീവിക്കുക.” വാഴ്ത്തപ്പെട്ട ഗാബ്രാ മിഖായേല്‍ ഇപ്രകാരം പറഞ്ഞുവയ്ക്കുന്നു: “എന്നെ കൊല്ലുകയാണെങ്കില്‍ വിശ്വാസത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് ഞാന്‍ മരിക്കും, ജീവിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ വിശ്വാസം പ്രഘോഷിച്ചുകൊണ്ട് ഞാന്‍ ജീവിക്കും.” എന്താണ് പ്രേഷിതദൗത്യം എന്നു ചോദിച്ചാല്‍ വചനം പ്രസംഗിക്കുക, പ്രസംഗിച്ച വചനം ജീവിക്കുക എന്നതു തന്നെയാണ് ഉത്തരം.

ഒരുപാട് പേരുടെ നന്മകള്‍ തിരിച്ചറിഞ്ഞ വര്‍ഷമാണ് 2020. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സുവിശേഷം ജീവിച്ച ഒരുപാട് വ്യക്തിത്വങ്ങളെ കണ്ടുമുട്ടിയ വര്‍ഷം. പരസ്പരം സ്‌നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുനാഥന്റെ കല്‍പന സ്വജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കിയ ഒട്ടേറെ വ്യക്തിത്വങ്ങള്‍. സുവിശേഷപ്രഘോഷണത്തിന് ഇതിലും വലിയ മറ്റൊരു മാതൃക നമുക്ക് ആവശ്യമില്ലല്ലോ. കൊറോണ എന്ന മഹാമാരി നമ്മുടെ ഈ കൊച്ചുകേരളത്തില്‍ വന്നതു മുതല്‍ ഈ നിമിഷം വരെ ആ മഹാമാരിയെ ഇല്ലാതാക്കാന്‍ പരിശ്രമിക്കുന്നതിനിടയില്‍ സ്വന്തം ജീവിതം പോലും പണയം വച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പോലീസുകാര്‍ എന്നിവരൊക്കെ സ്‌നേഹിതനുവേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല എന്ന് അരുള്‍ചെയ്ത നാഥന്റെ വാക്കുകള്‍ സ്വജീവിതത്തിലൂടെ പ്രഘോഷിക്കുകയല്ലേ ചെയ്യുന്നത്. ഈ ദിവസങ്ങളിലെല്ലാം ടിവിയിലും പത്രത്തിലും നാം കണ്ടതാണ്, ഈ കൊറോണക്കാലത്ത് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കുന്ന ഒരുപാട് സുമനസ്സുകളെ. മനുഷ്യരോടു മാത്രമല്ല, മൃഗങ്ങളോടും കാരുണ്യം കാണിക്കുന്ന സുമനസ്സുകളെ ഈ കൊറോണക്കാലം നമ്മുടെ മുന്നില്‍ വെളിപ്പെടുത്തി തന്നിട്ടുണ്ട്. നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കാനാണല്ലോ ക്രിസ്തുനാഥന്‍ ആവശ്യപ്പെടുക. മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പ്രകൃതിയിലേക്കും ദൈവസ്‌നേഹം പകര്‍ന്നുനല്‍കാന്‍, ദൈവസ്‌നേഹം പ്രഘോഷിക്കാന്‍ ഈ കൊറോണ കാലഘട്ടം നമ്മെ സഹായിച്ചു.

വചനപ്രഘോഷണത്തിന്റെ അനന്തസാധ്യതകളാണല്ലോ ഈ കൊറോണ കാലഘട്ടം നമുക്ക് സമ്മാനിച്ചത്. പോള്‍ ആറാമന്‍ മാര്‍പാപ്പ സുവിശേഷപ്രഘോഷണത്തെ നാല് തലങ്ങളായി തിരിക്കുന്നുണ്ട്.

1. വിശുദ്ധവും സുവിശേഷാനുസൃതവുമായ ജീവിതം നയിക്കുന്നത് ഏറ്റവും ശക്തമായ സുവിശേഷപ്രഘോഷണമാണ്.
2. അനുഭവിച്ച ഈശോ എന്ന വ്യക്തിയെ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് പ്രത്യക്ഷ സുവിശേഷവത്ക്കരണമാണ്.
3. നമ്മുടെ ജീവിതത്തിലെ സങ്കടങ്ങളെയും വേദനകളെയും ദൈവഹിതപ്രകാരം സ്വീകരിക്കാനുള്ള സന്നദ്ധത മാതൃകാപരമായ സുവിശേഷപ്രഘോഷണമാണ്.
4. സഭയോടു ചേര്‍ന്ന് കൗദാശികജീവിതം നയിച്ച് സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നത് അര്‍ത്ഥപൂര്‍ണ്ണമായ സുവിശേഷപ്രഘോഷണമാണ്.

ശിഷ്യത്വത്തിന്റെ പൂര്‍ണ്ണതയാണ് പ്രേഷിതത്വം. ശിഷ്യനില്‍ നിന്ന് പ്രേഷിതനിലേയ്ക്കുള്ള ദൂരമെന്താണ്? അത് വിശ്വാസത്തിന്റെ ദൂരമാണ്, ദൈവാനുഭവത്തിന്റെ ദൂരമാണ്. ഇതുവരെ ശാരീരികസാന്നിദ്ധ്യമായി കൂടെയുണ്ടായിരുന്ന കര്‍ത്താവ് ഇനി മുതല്‍ എന്റെ ഉള്ളിലൂടെയാണ് ജീവിക്കുന്നതെന്ന തിരിച്ചറിവും ബോദ്ധ്യവും അനുഭവവും വിശ്വാസവുമാണ് പ്രേഷിതനു വേണ്ടത്. ശിഷ്യന്‍ സമര്‍പ്പിക്കുന്നവനും, പ്രേഷിതന്‍ ആ സമര്‍പ്പണത്തെ ജീവിക്കുന്നവനുമാണ്. പ്രേഷിതദൗത്യം സാര്‍വ്വത്രിക ദൗത്യമാണ്. പ്രേഷിതനല്ലാത്തവന്‍ ക്രിസ്തീയവിശ്വാസിയല്ല. ക്രിസ്തുവിന് സാക്ഷ്യം നല്‍കാന്‍ എവിടെയായിരുന്നാലും നമുക്ക് കടമയുണ്ട്. ഒരു പ്രേഷിതന്‍ സാക്ഷ്യം നല്‍കുന്നവനാണ്, വിശ്വാസം ജീവിക്കുന്നവനാണ്, ദൈവാനുഭവത്തില്‍ സ്വയം അര്‍പ്പിക്കുന്നവനാണ്, പതിവ് വഴികള്‍ വിട്ടുനടക്കുന്നവനാണ്, കൃപയുടെയും കരുണയുടെയും നിറകുടമാണ്, യേശുവിനെ സ്വന്തം ജീവിതത്തില്‍ ആവിഷ്‌ക്കരിക്കുന്നവനാണ്.

ഒരു പ്രേഷിതന്‍ വിശുദ്ധജീവിതം നയിക്കണമെന്ന് ഇന്നത്തെ പഴയനിയമ വായനയിലൂടെ നാം വായിച്ചുകേട്ടു. തനിക്കുവേണ്ടി തന്റെ ദൂതുമായി പ്രവാചകനെ അയയ്ക്കുന്നതിനു മുമ്പ് ദൈവം പ്രവാചകനെ വിശുദ്ധീകരിക്കുന്ന ഭാഗമാണ് ഏശയ്യാ 6:1-13 ല്‍ നാം കണ്ടത്. പ്രവാചകന്റെ അധരത്തെ സ്പര്‍ശിക്കുക വഴി ഹൃദയത്തെ തന്നെയാണ് ദൈവം സ്പര്‍ശിക്കുന്നത്. ദൈവം സ്പര്‍ശിച്ച അധരം നല്ല സുവിശേഷം പ്രഘോഷിക്കണം. വചനം പ്രഘോഷിക്കാന്‍ വിളിക്കപ്പെട്ട നാമും പ്രവാചകനെപ്പോലെ വിശുദ്ധീകരിക്കപ്പെടണം. നാം വിശുദ്ധരായാലേ മറ്റുള്ളവരെ വിശുദ്ധിയിലേക്ക് നയിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

ഒരു ഉത്തമപ്രേഷിതന്‍ ത്യാഗനിര്‍ഭരമായ ജീവിതം നയിക്കണമെന്ന് വി. പൗലോസ് ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം 2-ാം അദ്ധ്യായം 1 മുതല്‍ 11 വരെയുള്ള വാക്യങ്ങളിലൂടെ നാം വായിച്ചുകേട്ടു. പ്രേഷിതന്‍ സ്വയം ശൂന്യവത്ക്കരിക്കുന്നവനും നിസ്വാര്‍ത്ഥനും തന്നേക്കാള്‍ ശ്രേഷ്ഠരായി മറ്റുള്ളവരെ പരിഗണിക്കുന്നവനുമാകണം.

മംഗലപ്പുഴ സെമിനാരിയില്‍ പഠിക്കുന്ന കാലം. ദൈവശാസ്ത്രം പഠിക്കുന്ന ബ്രദേഴ്‌സിന്റെ താമസസ്ഥലത്തെ ക്രൂശിതരൂപം ശ്രദ്ധിക്കാനിടയായി. ആ ക്രൂശിതരൂപത്തിന് ഒരു പ്രത്യേകതയുണ്ട്. രണ്ടു പാദങ്ങളും രണ്ടു കൈകളുമില്ലാത്ത ക്രൂശിതരൂപം. താഴെ ഒരു പേപ്പറില്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് വായിക്കുവാനിടയായി: ‘നന്മ ചെയ്ത് ചുറ്റിസഞ്ചരിക്കാനും കരയുന്നവനെ ആശ്വസിപ്പിക്കുവാനും അവരുടെ കണ്ണുനീര്‍ തുടയ്ക്കാനും നിങ്ങളുടെ പാദങ്ങളും കൈകളും എനിക്ക് സമ്മാനിക്കുമോ?’ ക്രിസ്തുവിന്റെ പാദങ്ങളും കൈകളുമായി നമുക്ക് അവിടുത്തേയ്ക്കായി സുവിശേഷം പ്രസംഗിക്കാനായി നമുക്ക് നമ്മെത്തന്നെ ഒരുക്കാം. പ്രിയ സഹോദരങ്ങളേ, സുവിശേഷപ്രഘോഷണം എന്റെയും നിങ്ങളുടെയും കടമയാണ്. ഉത്ഥിതനായ ക്രിസ്തു ഇന്നും ഈ ദൗത്യം നമുക്ക് സമ്മാനിക്കുന്നുണ്ട്. പരിശുദ്ധ കുര്‍ബാനയാണ് പ്രേഷിതപ്രവര്‍ത്തനത്തിന് ഊര്‍ജ്ജം പകര്‍ന്നുതരിക. ഈ വിശുദ്ധ കുര്‍ബാനയിലൂടെ നമുക്ക് പ്രാര്‍ത്ഥിക്കാം… ഈശോയേ, അങ്ങയുടെ വചനം എന്റെ ജീവിതത്തിലൂടെ പ്രഘോഷിക്കാന്‍ എന്നെയും ശക്തനാക്കണമേ എന്ന്. സര്‍വ്വേശ്വരന്‍ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആമ്മേന്‍.

ബ്ര. അരുണ്‍ കുഴിക്കാലായില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.