ഇനി ഞങ്ങൾക്ക് സ്വർഗ്ഗത്തിൽ ഒരുമിച്ചു നടക്കാം

അമ്പത്തി ഒൻപതു വർഷത്തെ ദാമ്പത്യജീവിതത്തിനു ശേഷം, കൈകോർത്തു പിടിച്ച് അവർ യാത്രയായി സ്വർഗ്ഗത്തിൽ പുതു ജീവിതം തുടരാൻ …

അമേരിക്കയിലെ ന്യൂ കരോളിനായിലാണ് ദാമ്പത്യ സ്നേഹത്തിന്റെ മഹത്തായ ഈ മാതൃക. ഡോൺ മാർഗരറ്റ് ലിവൻഗുഡ് ദമ്പതികൾ ഒരു ആശുപത്രിമുറിയിൽ ഒരേ ദിവസം മണിക്കൂറുകൾ വിത്യാസത്തിൽ മുഖത്തോടു മുഖം ചേർന്ന് വിവാഹത്തിലേ പോലെ കൈകൾ കോർത്തു പിടിച്ച് സ്വർഗ്ഗത്തിലേക്ക് യാത്രയായപ്പോൾ ഭൂമിയൊടൊപ്പം സ്വർഗ്ഗവും മിഴിനീർ തൂകി.

ശാസകോശ സംബന്ധമായ രോഗം ബാധിച്ച എൺപത്തിനാലുകാരനായ ഡോണിന് ശ്വസിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഓക്സിജൻ സിലണ്ടറിന്റെ സഹായത്താലാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. എൺപതിലെത്തിയിരുന്ന മാർഗരറ്റിന് മെയ് മാസത്തിലാണ് ക്യാൻസർ രോഗനിർണ്ണയം നടത്തിയത്. മരണത്തിന് എതാനും ദിവസങ്ങൾക്ക് മുമ്പ് മകൾ പാറ്റിയാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്.

Salisbury Post എന്ന ദിനപത്രത്തിന്റെ റിപ്പോർട്ട് പ്രകാരം ആശുപത്രിയുടെ സാധാരണയുള്ള prohibitory rules ൽ ഇരുവരുടെയും കാര്യത്തിൽ ഇളവു കൊടുത്തു. രോഗാവസ്ഥയിലും പിരിഞ്ഞിരിക്കാൻ സാധിക്കാത്ത അവരുടെ വിശിഷ്ടമായ ദാമ്പത്യ സ്നേഹത്തിനു മുമ്പിൽ ആശുപത്രി അധികൃതർ തോറ്റു കൊടുത്തു. രണ്ടു പേരെയും ഇൻന്റൻസീവ് കെയർ യൂണിറ്റിൽ (ICU) ഒരു മുറിയിലാക്കി. പരസ്പരം മുഖം കാണുന്നതിനു വേണ്ടി ഇരുവരുടെയും കിടക്കകൾ നേഴ്സുമാർ ക്രമികരിച്ചു.

ലിവൻഗുഡ് ദമ്പതികൾ പരസ്പരം കൈകൾ ചേർത്തു പിടിച്ചാണ് ICU ൽ കിടന്നതും, മരണത്തിനു കീഴടങ്ങിയതും. 2016 ആഗസ്റ്റ് 19 ന് രാവിലെ 8 മണിക്ക് കരോളിനിയായിലെ Healthcare North East ആശുപത്രിയിൽ മാർഗരറ്റ് ആണ് ആദ്യം മരണത്തിനു കീഴടങ്ങിയത്, 9 മണിക്കൂറുകൾക്ക് ശേഷം വൈകിട്ട് 5 മണിക്ക് “എനിക്ക് എന്റെ ഭാര്യ വസിക്കുന്ന സ്വർഗ്ഗത്തിലെ വായു ശ്വസിക്കണം” എന്നു പറഞ്ഞ് ഡോൺ തന്റെ പ്രിയതമയുടെ അടുത്തേക്ക് യാത്ര തിരിച്ചു.

“ആദ്യമായാണ് ഡോക്ടർമാരെയും നേഴ്സുമാരെയും നിറകണ്ണുകളോടെ ഞാൻ കാണുന്നത് ” ലിവൻഗുഡ് ദമ്പതികളുടെ മകൻ ഡേവിഡ് പറയുന്നു.

ആത്മീയ ജീവിതത്തിന് വളരെ പ്രാധാന്യം നൽകിയിരുന്ന ഈ ദമ്പതികളെ മരണത്തിനു തലേ ദിവസം വികാരിയച്ചൻ സന്ദർശിച്ചപ്പാൾ ഡോൺ പറഞ്ഞു ” വിവാഹം കഴിഞ്ഞ നവദമ്പതികളെപ്പോലെ ഇനി ഞങ്ങൾക്ക് ഒരുമിച്ച് സ്വർഗ്ഗത്തിൽ നടക്കാം “.

ലിവൻഗുഡ് ദമ്പതികളുടെ മകൾ പാറ്റി ലിവൻഗുഡ് ബേവർ, തന്റെ പിതാവിന്റെ Personal Record Book കണ്ടെത്തിയപ്പോൾ പിതാവ് ഡോൺ അവസാനമായി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

“എന്റെ കുടുംബാങ്ങൾക്ക്, ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. എന്റെ മരണത്തിൽ ദയവായി നിങ്ങൾ ആരും വിലപിക്കരുത്. യേശു ക്രിസ്തുവിലുള്ള എന്റെ വിശ്വാസവും ശരണവും ഈ ലോകത്തിൽ മാത്രമല്ല നിത്യതയിലും തുടരും. എന്റെ ഏറ്റവും വലിയ ആഗ്രഹം നിങ്ങൾ എല്ലാവരും യേശു ക്രിസ്തുവിനെ ദൈവ പുത്രനായി സ്വീകരിക്കണമെന്നും, യേശു നൽകുന്ന പാപത്തിൽ നിന്നുള്ള മോചനത്തിൽ വിശ്വസിക്കണമെന്നുമാണ്”

“അമ്മ ഞങ്ങളുടെ കുടുംബത്തിലെ സമാധാന സ്ഥാപകയായിരുന്നു. ഒരിക്കലും കോപിക്കുകയോ മറുത്തു സംസാരിക്കുകയോ ചെയ്യാത്ത മാധുര്യമുള്ള അമ്മ” മാർഗരറ്റിനെക്കുറിച്ച് മക്കളായ പാറ്റി, ഡേവിഡ് , വെയ്ൻ എന്നിവർ ഒരേ സ്വരത്തിൽ പറയുന്നു.

ഭൂമിയിൽ സ്വർഗ്ഗം സ്ഥാപിച്ച ലിവൻഗുഡ് ദമ്പതികളെ, നിറമനസ്സോടെ സ്വർഗ്ഗവും സ്വാഗതമോതും എന്നതിൽ സംശയം വേണ്ടാ.

ഫാ: ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.