പരിശുദ്ധ അമ്മയുടെ വീടിന്റെ മാതൃകയിൽ ഫിലിപ്പീൻസിലെ എഫേസൂസ് ഹൗസ്: പ്രാർഥനയോടെ സന്ദർശിച്ച് ആയിരക്കണക്കിന് വിശ്വാസികൾ

തുർക്കിയിലെ എഫേസൂസിലാണ് പരിശുദ്ധ കന്യകാ മറിയത്തിന്റെ ഭവനം സ്ഥിതി ചെയ്യുന്നത്. ഈ ഭവനത്തിന്റെ അതേ മാതൃകയിൽ നിർമ്മിച്ച ഒരു ദൈവാലയം ഫിലിപ്പീൻസിൽ ഉണ്ട്. ഫിലിപ്പീൻസിലെ കാവിറ്റെ പ്രവിശ്യയിലുള്ള അൽഫോൻസോ പട്ടണത്തിൽ ‘എഫേസൂസ് ഹൗസ്’ എന്ന പേരിൽ നിർമ്മിച്ചിരിക്കുന്ന ഈ ആലയം ഇന്ന് ആയിരക്കണക്കിന് വിശ്വാസികൾക്ക് അഭയവും ആശ്വാസവും പകരുകയാണ്.

തുർക്കിയിലെ എഫേസൂസിലുള്ള പരിശുദ്ധ അമ്മയുടെ യഥാർഥ വസതിയുടെ കൃത്യമായ മാതൃകയിലാണ് ഫിലിപ്പീൻസിൽ ഇത് നിർമ്മിച്ചിരിക്കുന്നത്. ദൂരദേശങ്ങളിലേക്ക് തീർഥാടനം നടത്താൻ സാധിക്കാത്ത സാധാരണക്കാരായ കത്തോലിക്കാ വിശ്വാസികൾക്ക് ആത്മീയ ആശ്വാസമേകാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

വിസിറ്റേഷൻ സഭയുടെയും പ്രാദേശിക സഭാധികാരികളുടെയും നേതൃത്വത്തിലാണ് ഈ പവിത്രമായ ഇടം ഒരുക്കിയിരിക്കുന്നത്. എഫേസൂസിലെ അന്തരീക്ഷം അതേപടി അനുഭവവേദ്യമാകുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന. രോഗശാന്തിക്കും കുടുംബസമാധാനത്തിനുമായി ഒട്ടനവധി തീർഥാടകരാണ് ദിവസേന ഇവിടെയെത്തി പ്രാർഥിക്കുന്നത്. ദൂരദേശങ്ങളിലേക്ക് യാത്ര ചെയ്യാൻ സാമ്പത്തികശേഷിയില്ലാത്തവർക്ക് ഇത് വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ് ഈ ഭവനം.

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന് ശേഷം യോഹന്നാൻ ശ്ലീഹായ്‌ക്കൊപ്പം പരിശുദ്ധ കന്യകാമറിയം തുർക്കിയിലെ എഫേസൂസിലേക്ക് മാറുകയും അവിടെ ജീവിതത്തിന്റെ അവസാന നാളുകൾ ചെലവഴിക്കുകയും ചെയ്തുവെന്നാണ് കത്തോലിക്കാ സഭയുടെ പാരമ്പര്യവിശ്വാസം. ഏഷ്യയിലെ ഏറ്റവും വലിയ കത്തോലിക്കാ രാജ്യങ്ങളിലൊന്നായ ഫിലിപ്പീൻസിൽ പരിശുദ്ധ അമ്മയോടുള്ള ഭക്തിയും വിശ്വാസവും ഊട്ടിയുറപ്പിക്കാൻ ഈ മരിയൻ കേന്ദ്രം സഹായിക്കുന്നുവെന്ന് പ്രാദേശിക വൈദികർ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.