
“ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തിയാക്കി; വിശ്വാസം കാത്തു” (2 തിമോത്തി 4:7).
വിജ്ഞാനത്തിന്റെ വെളിച്ചം തെളിയിച്ചും സത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിന്നും ജീവിച്ച ഒരു ധന്യപുരോഹിതന്റെ വിടവാങ്ങലിലാണ് നാം ഇന്ന്. ദിവ്യകാരുണ്യ മിഷനറി (MCBS) സന്ന്യാസ സമൂഹത്തിന്റെ പ്രിയപ്പെട്ട ഫാ. മാത്യു അറയ്ക്കല്‍, തന്റെ എഴുപതാം ജന്മദിനത്തിന്റെ തലേന്ന് (2026 ജൂലൈ 25) നിത്യസമ്മാനത്തിനായി സ്വര്‍ഗസ്ഥനായ പിതാവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു. മനോഹരവും ധന്യവുമായിരുന്നു ആ ജീവിതം.
കോതമംഗലം രൂപതയിലെ കുളപ്പുറം കാല്‍വരി ഗിരി ഇടവകയിലെ അറയ്ക്കല്‍ കുടുംബത്തില്‍ 1956 ജൂലൈ 26 നാണ് മാത്യു ജോസഫ് എന്ന ഫാ. മാത്യു അറയ്ക്കല്‍ ജനിച്ചത്. പിതാവ് ജോസഫും മാതാവ് മര്‍ത്തയും പകര്‍ന്നുനല്‍കിയ ആത്മീയചൈതന്യം അച്ചന്റെ സന്ന്യാസ വൈദികജീവിതത്തിന് അടിത്തറ പാകി. മൂത്ത സഹോദരങ്ങളായ ജോര്‍ജ് ജോസഫും, സെന്റ് ആന്‍സ് സന്ന്യാസിനീ സമൂഹത്തിലെ അംഗമായ സി. റോസിലിയും അച്ചന്റെ ജീവിതയാത്രയിലെ കരുത്തും പിന്തുണയുമായിരുന്നു. ഒരു കത്തോലിക്കാ കുടുംബത്തിന്റെ എല്ലാ നന്മകളും ഉള്‍ക്കൊണ്ട് വളര്‍ന്ന അച്ചന്‍, ജീവിതത്തിലെന്നും ആ കുലീനത്വം പ്രതിഫലിപ്പിച്ചിരുന്നു.
1971 ജൂലൈ എട്ടിന് ദിവ്യകാരുണ്യ മിഷനറി സമൂഹത്തിന്റെ കടുവാക്കുളം ഹോളി സ്പിരിറ്റ് മൈനര്‍ സെമിനാരിയില്‍ മാത്യു ജോസഫ് പ്രവേശിച്ചു. കടുവാക്കുളത്തു തന്നെയായിരുന്നു നോവിഷ്യേറ്റ് പരിശീലനവും. ഫാ. മാത്യു കണിപ്പള്ളിയുടെ കീഴില്‍ നവസന്ന്യാസകാലം പൂര്‍ത്തിയാക്കി 1973 മെയ് 17 ന് ആദ്യവ്രതവാഗ്ദാനം നടത്തി. തുടര്‍ന്ന് വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ഫിലോസഫി – തിയോളജി പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1981 ഡിസംബര്‍ 19 ന് മാര്‍ ആന്റണി പടിയറ പിതാവില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചു.
വൈദികനായ ശേഷം അച്ചന്റെ ആദ്യ നിയമനം കടുവാക്കുളം ഹോളി സ്പിരിറ്റ് മൈനര്‍ സെമിനാരിയില്‍ അധ്യാപകനായിട്ടായിരുന്നു. പഠനരംഗത്ത് മികവ് പുലര്‍ത്തിയ അച്ചന്‍, സെമിനാരിയിലെ ഒരു വര്‍ഷത്തെ ശുശ്രൂഷയ്ക്കു ശേഷം തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബി.എയും ചങ്ങനാശേരി എസ്.ബി. കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ എം.എ. ബിരുദവും കരസ്ഥമാക്കി.
അതിനു ശേഷം 1988 മുതല്‍ 1993 വരെ അച്ചന്‍ അതിരമ്പുഴ ലിസ്യു സെമിനാരിയില്‍ വൈസ് റെക്ടറായി നിയമിതനായി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമുള്ള അച്ചന്റെ പ്രാവീണ്യം സെമിനാരിക്കാര്‍ക്ക് വലിയ അനുഗ്രഹമായിരുന്നു. വിശുദ്ധിയും വിജ്ഞാനവും വിവേകവുമുള്ള നിരവധി വൈദികരെ വാര്‍ത്തെടുക്കുന്നതില്‍ അച്ചന്‍ വഹിച്ച പങ്ക് വളരെ വലുതാണ്. അക്കാദമിക് മേഖലയില്‍ കഠിനാധ്വാനം ചെയ്ത അച്ചന്‍, അതേ ഗൗരവവും ആത്മാര്‍ഥതയും കഠിനാധ്വാനവും തന്റെ വിദ്യാര്‍ഥികളില്‍ നിന്നും എപ്പോഴും പ്രതീക്ഷിച്ചിരുന്നു. ബൗദ്ധിക കാര്യങ്ങള്‍ക്കൊപ്പം ആത്മീയചിന്തകളും അച്ചന്‍ തന്റെ ക്ലാസുകളിലൂടെ പങ്കുവച്ചു.
1994 മുതല്‍ 2007 വരെയും പിന്നീട് 2016 മുതല്‍ 2018 വരെയുമുള്ള 15 വര്‍ഷങ്ങള്‍ അച്ചന്‍ അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയിലായിരുന്നു. തന്റെ കര്‍ത്തവ്യങ്ങള്‍ ആത്മാര്‍ഥയോടെയും കൃത്യതയോടും കൂടി നിര്‍വഹിച്ചുകൊണ്ട് അവിടത്തെ വിശ്വാസി സമൂഹത്തിനും അച്ചന്‍ ആത്മീയവഴികാട്ടിയായി മാറി. അച്ചന്റെ ഇംഗ്ലീഷ് വൈഭവത്തെ അമേരിക്കക്കാര്‍ വരെ പ്രശംസിക്കുമായിരുന്നു.
2007-2008 കാലഘട്ടത്തില്‍ അച്ചന്‍ ആനപ്പാറ എംസിബിഎസ് ഹൗസിന്റെ സുപ്പീരിയറായിരുന്നു. 2008 മുതല്‍ 2010 വരെ തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജര്‍ സെമിനാരിയിലെ ഇംഗ്ലീഷ് അധ്യാപകനായി അച്ചന്‍ നിയമിക്കപ്പെട്ടു. ഇംഗ്ലീഷ് ഭാഷയെ സ്‌നേഹിക്കാനും അതില്‍ പ്രവീണ്യം നേടാനും അവിടത്തെ സെമിനാരിക്കാരെ അച്ചന്‍ പഠിപ്പിച്ചു. അച്ചനെപ്പോലെ നന്നായി ഇംഗ്ലീഷ് പഠിപ്പിക്കുന്ന മറ്റൊരാളില്ല എന്നായിരുന്നു അവിടത്തെ വിദ്യാര്‍ഥികളുടെ അഭിപ്രായം. തുടര്‍ന്നുള്ള മൂന്ന് വര്‍ഷങ്ങള്‍ (2010-2013) തിരുവനന്തപുരം എമ്മാവൂസ് ഭവനത്തിന്റെ സുപ്പീരിയറായും എമ്മാവൂസ് ഇടവകയുടെ വികാരിയായും അച്ചന്‍ ശുശ്രൂഷ ചെയ്തു. അതിനു ശേഷം തമിഴ്‌നാട് – ചെങ്കോട്ട മിഷന്‍ സുപ്പീരിയര്‍ ആയിട്ടായിരുന്നു അച്ചന്റെ നിയമനം. ചെങ്കോട്ട മിഷന്റെ വളര്‍ച്ചയില്‍ അച്ചന്റെ സാന്നിധ്യവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നു. 2016 ല്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ കപ്പാട് ഇടവകയില്‍ കുറേ മാസങ്ങള്‍ സഹായിച്ചിരുന്നു.
2018 മുതല്‍ കടുവാക്കുളം എമ്മാവൂസ് പ്രൊവിന്‍ഷ്യല്‍ ഹൗസ് കേന്ദ്രീകരിച്ചായിരുന്നു അച്ചന്റെ പ്രവര്‍ത്തനങ്ങള്‍. ഈ കാലയളവില്‍ അച്ചന്‍ കോട്ടയം അതിരൂപതയുടെ സെന്റ് സ്റ്റാനിസ്ലാവൂസ് മൈനര്‍ സെമിനാരിയില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സമയം കണ്ടെത്തി. ഒപ്പം ഒ.എസ്.എച്ച്. മൈനര്‍ സെമിനാരിയിലും അദ്ദേഹം പഠിപ്പിച്ചിരുന്നു. ‘അച്ചന്‍ പഠിപ്പിക്കുമ്പോള്‍ കുട്ടികള്‍ ശ്രദ്ധയോടെ പഠിക്കുന്നു’ എന്നായിരുന്നു സഹപ്രവര്‍ത്തകരായ വൈദികര്‍ പറഞ്ഞിരുന്നത്. കര്‍ശനമായ രീതിയില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുമ്പോഴും കുട്ടികളോട് അളവറ്റ സ്‌നേഹമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. ഈ സമീപനത്തിലൂടെ വൈദികാര്‍ഥികളെ വളരെയധികം പ്രചോദിപ്പിക്കാന്‍ അച്ചനു സാധിച്ചിരുന്നു. പരീക്ഷകളില്‍ കുട്ടികള്‍ ഉന്നതവിജയം നേടുമ്പോള്‍ അവരേക്കാളും സന്തോഷവും ആഹ്‌ളാദവും പ്രകടിപ്പിച്ചിരുന്നത് അച്ചനായിരുന്നു എന്നതിന് എല്ലാവരും സാക്ഷികളാണ്. ചില വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും പിഎച്ച്.ഡി തീസിസുകള്‍ സൂക്ഷ്മമായി തിരുത്തി നല്‍കാനും അച്ചന്‍ സമയം കണ്ടെത്തിയിരുന്നു.
മാത്യു അറയ്ക്കല്‍ അച്ചന്റെ ബാച്ചുകാരും സ്‌നേഹിതരും അദ്ദേഹത്തെ വിളിച്ചിരുന്നത് മത്തച്ചന്‍ എന്നായിരുന്നു. അവരുടെ വാക്കുകള്‍ ഇപ്രകാരമാണ്: ”ജീവിതത്തിലുടനീളം തികഞ്ഞ സത്യസന്ധതയും കൃത്യതയും പുലര്‍ത്തിയ വ്യക്തിയായിരുന്നു മത്തച്ചന്‍. വാക്കിലും പ്രവൃത്തിയിലും ഒരുപോലെ ആ സത്യസന്ധത ദൃശ്യമായിരുന്നു. മനുഷ്യപ്രീതിക്കു വേണ്ടി അദ്ദേഹം ഒന്നും ചെയ്തിട്ടില്ല. ഉള്ള കാര്യം അതേപോലെ തുറന്നുപറയുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. എപ്പോഴും ഉള്ളില്‍ നിറയെ സ്‌നേഹമുള്ള ആളായിരുന്നു അദ്ദേഹം. നിഷ്‌കളങ്കനായ വൈദികന്‍. ലളിതജീവിതത്തിന്റെ ഉടമ. തുറന്ന പുസ്തകം പോലെ ഒരാള്‍. അധികം ചിലവുകളോ, ആഡംബരമോ ഒരിക്കലും അദ്ദേഹത്തിനുണ്ടായിരുന്നില്ല.” ഇതാണ് അവരുടെ വാക്കുകള്‍.
പ്രകൃതിയോടും ചുറ്റുപാടുകളോടും വലിയ സ്‌നേഹം പുലര്‍ത്തിയിരുന്ന ആളായിരുന്ന അദ്ദേഹം. ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുകയും നട്ടുപിടിപ്പിക്കാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാത്തിനുമുപരി, താന്‍ അംഗമായ ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സമൂഹത്തെ അച്ചന്‍ വളരെയേറെ സ്‌നേഹിച്ചിരുന്നു. സമൂഹം ആത്മീയതയിലും കൂട്ടായ്മയിലും വളരണമെന്നും, അതിന്റെ ചൈതന്യം ലോകമെങ്ങും പ്രകാശിക്കണമെന്നും ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്തിരുന്നു അദ്ദേഹം. സമൂഹാംഗങ്ങളുടെ വളര്‍ച്ചയിലും ഉയര്‍ച്ചയിലും അച്ചന്‍ സന്തോഷിക്കുകയും അവരെ അഭിനന്ദിക്കാന്‍ സമയം കണ്ടെത്തുകയും ചെയ്തിരുന്നു. തൊങ്ങലുകളില്ലാത്ത ആത്മീയതയുടെ ഉടമയായിരുന്ന അച്ചന്‍ ഏതുസമയത്തും എവിടെയും കുമ്പസാരിപ്പിക്കാന്‍ പോകാന്‍ തയ്യാറായിരുന്നു.
2025 ജനുവരി 27 നായിരുന്നു അദ്ദേഹത്തിന് ആമാശയ കാന്‍സര്‍ സ്ഥിരീകരിച്ചത്. അതിനു മുന്‍പ് പലപ്പോഴും അച്ചന്‍ വയറിന് അസുഖമായിട്ട് ചികിത്സ തേടിയിരുന്നു. കോട്ടയം കാരിത്താസ് ആശുപത്രിയിലായിരുന്നു കാന്‍സര്‍ ചികിത്സ. രോഗത്തെയും ചികിത്സയെയും അദ്ദേഹം ധീരതയോടെ നേരിട്ടു. കീമോതെറാപ്പി, റേഡിയേഷന്‍ എന്നിവയിലൂടെ ഭയമോ, പരാതികളോ ഇല്ലാതെ കടന്നുപോയി. അവസാനം വരെ പ്രതീക്ഷയായിരുന്നു ആ കണ്ണുകളില്‍. രോഗം വര്‍ധിച്ച സാഹചര്യത്തില്‍, മെയ് 28 ന് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. അബ്രഹാം കൊച്ചുപുരയിലില്‍ നിന്നും അച്ചന്‍ രോഗീലേപനം സ്വീകരിച്ചു. ക്രമേണ രോഗം ശരീരത്തെ കീഴടക്കിത്തുടങ്ങി. ക്ഷീണം, ഉറക്കമില്ലായ്മ, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവ വര്‍ധിച്ചതോടെ അച്ചന്‍ തന്റെ ദിനങ്ങള്‍ ആശുപത്രിയിലും പ്രൊവിന്‍ഷ്യല്‍ ഹൗസിലുമായി മാറിമാറി ചിലവഴിച്ചു.
ബഹുമാനപ്പെട്ട മാത്യു അറയ്ക്കലച്ചന്‍ തന്റെ ജീവിതത്തിന്റെ അവസാനത്തെ 27 ദിവസങ്ങള്‍ കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററിലായിരുന്നു. രോഗശയ്യയിലായിരുന്നപ്പോഴും തന്നെ ശുശ്രൂഷിക്കാന്‍ നിന്നവരുടെ കാര്യത്തില്‍ അച്ചന്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്ന് അച്ചനെ ശുശ്രൂഷിച്ചിരുന്ന റെജി, ബ്രദര്‍ ജിബിന്‍ തോട്ടുകടവില്‍, ബ്രദര്‍ ജോയല്‍ മണിയമ്പ്രായില്‍ എന്നിവര്‍ ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു. ദിവസങ്ങള്‍ പിന്നിട്ടതോടെ അച്ചന്റെ ആരോഗ്യം പൂര്‍ണ്ണമായും ക്ഷയിക്കുകയും സംസാരം കുറയുകയും പിന്നീട് നിശ്ശബ്ദതയിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഒടുവില്‍, തന്റെ 70-ാം ജന്മദിനത്തിന്റെ തലേന്ന്, 2026 ജൂലൈ 25 പുലര്‍ച്ചെ 3.30 ഓടെ അച്ചന്‍ ദൈവത്തിന്റെ സന്നിധിയിലേക്ക് യാത്രയായി.
അച്ചന്‍ നല്‍കിയ നന്മയുടെയും തീക്ഷ്ണതയുടേയും സ്‌നേഹത്തിന്റെയും അറിവിന്റെയും സത്യസന്ധതയുടെയും പാഠങ്ങള്‍ അച്ചന്റെ സഹോദരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സമൂഹാംഗങ്ങളുടെയും സ്‌നേഹിതരുടെയും വിദ്യാര്‍ഥികളുടെയും മനസ്സില്‍ എക്കാലവും ഉണ്ടായിരിക്കും. നേരായ പാതയിലൂടെ നടന്ന നേരിന്റെ പുരോഹിതനായിരുന്നു അദ്ദേഹം.
മൈനര്‍ സെമിനാരിയില്‍ പഠിപ്പിച്ചുകൊണ്ടിരുന്ന കാലത്ത് അദ്ദേഹം പലപ്പോഴും സെമിനാരിക്കാരോട് പറഞ്ഞിരുന്നു: “നിങ്ങള്‍ എല്ലാ ദിവസവും പരിശുദ്ധ കുര്‍ബാന സ്വീകരിച്ചു കഴിയുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കണം. ‘ഈശോയേ, എന്നെ വിശുദ്ധിയും വിജ്ഞാനവും വിവേകവുമുള്ള വൈദികനാക്കണമേ.'” കാരണം, ഇവ മൂന്നുമുണ്ടെങ്കില്‍ മാത്രമേ നല്ല ഒരു വൈദികനാകാന്‍ സാധിക്കുകയുള്ളൂ എന്ന ബോധ്യം അച്ചനുണ്ടായിരുന്നു.
കേവലം വാക്കുകളില്‍ ഒതുങ്ങുന്നതായിരുന്നില്ല ആ ഉപദേശം. സ്വന്തം ജീവിതം കൊണ്ട് ആ മൂന്നു ഗുണങ്ങളും സാക്ഷ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. സെമിനാരി അധ്യാപകന്‍, വൈസ് റെക്ടര്‍, സുപ്പീരിയര്‍, മിഷനറി, അജപാലകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ നന്മകള്‍ നിറഞ്ഞ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി, തന്റെ എഴുപതാം പിറന്നാളിന്റെ തലേനാള്‍ അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയാകുമ്പോള്‍ – ഒരു ദീപം കൂടി അണഞ്ഞുപോയതിന്റെ വ്യഥയോടെ നാം അദ്ദേഹത്തെ സ്മരിക്കുന്നു.
എങ്കിലും, അച്ചന്‍ പകര്‍ന്നുനല്‍കിയ നന്മയുടെയും തീക്ഷ്ണതയുടെയും സത്യസന്ധതയുടെയും പാഠങ്ങള്‍, കുടുംബാംഗങ്ങളുടെയും സന്ന്യാസ സമൂഹത്തിലെ അംഗങ്ങളുടെയും എണ്ണമറ്റ വിദ്യാര്‍ഥികളുടെയും ഹൃദയങ്ങളില്‍ ഒരിക്കലും കെടാത്ത വിളക്കായി എരിഞ്ഞുനില്‍ക്കും.
ബഹുമാനപ്പെട്ട മാത്യു അറയ്ക്കലച്ചനെ ഈ ലോകത്തിനും ദിവ്യകാരുണ്യ മിഷനറി സന്ന്യാസ സമൂഹത്തിനും നല്‍കിയ ദൈവത്തിന്റെ നാമം വാഴ്ത്തപ്പെടട്ടെ.
ജി. കടൂപ്പാറയില്‍ MCBS




