പ്രാർത്ഥിക്കുമ്പോൾ നമ്മൾ കൈൾ കൂപ്പുന്നത് എന്തിന്?

കൈകൾ കൂപ്പി പിടിച്ചേ, കണ്ണുകൾ അടച്ചേ, ഈശോയുടെ ഏറ്റവും ഇഷ്ടമുള്ള രൂപം മനസ്സിൽ ഓർത്തേ …. തുടങ്ങി നിരവധി നിർദേശങ്ങൾ ചെറുപ്പം മുതലേ നമ്മൾ കേട്ടു വളരുന്നതാണ്. എന്തിനാണ് വൈദീകരും സിസ്റ്റേഴ്സും മാതാപിതാക്കളും നമ്മളോടു ഇങ്ങനെ പറയുന്നത്.

യഥാർത്ഥത്തിൽ പ്രാർത്ഥിക്കാനായി നമ്മൾ കരങ്ങൾ കൂപ്പുമ്പോൾ അതിൽ ഒരുപാടു അർത്ഥ തലങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്.

യഹൂദ പാരമ്പര്യത്തിൽ, വിപ്രവാസ കാലത്തിനു ശേഷം കൈകൾ കൂപ്പി പ്രാർത്ഥിച്ചിരുന്നതായി താൽമൂദിൽ തെളിവുകളുണ്ട്. ക്രിസ്തുമതത്തിന്റെ ഉത്ഭവത്തിനു ശേഷം ഇതേ പാരമ്പര്യം തുടർന്നു. യഹൂദ പാരമ്പര്യത്തിൽ നിന്നാണ് കൈകൾ കൂപ്പി പ്രാർത്ഥിക്കുന്ന രീതി ക്രിസ്ത്യാനികളുടെ ഇടയിൽ ആവിർഭവിച്ചതെന്നു ചില ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.

റോമൻ പാരമ്പര്യത്തിൽ സമർപ്പണത്തെ അല്ലങ്കിൽ അടിയറവിനെയാണ് കൈകൾ കൂപ്പുന്ന രീതി സൂചിപ്പിക്കുന്നത് ഇതിൽ നിന്നാണു പ്രാർത്ഥനാ സമയത്തു കൈകൾ കൂപ്പുന്ന പാരമ്പര്യം ഉത്ഭവിച്ചതെന്നു മറ്റൊരു വിശ്വാസവുമുണ്ട്.

മത ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ റോമൻ തടവുകാരുടെ കൈകൾ കയറു കൊണ്ടു ബന്ധിക്കുമായിരുന്നു. അപ്പോൾ കൈകൾ കൂപ്പുന്നതു അടിയറവിനെയാണു സൂചിപ്പിച്ചിരുന്നത്. പിടിക്കപ്പെടുന്ന പടയാളികൾ പെട്ടന്നുള്ള മരണത്തിൽ നിന്നു രക്ഷപ്പെടാനായി കൈകൾ കൂപ്പുമായിരുന്നു. കീഴടങ്ങലിനെ സൂചിപ്പിക്കാനായി ഇന്നു വെള്ള പതാക വീശുന്നതു പോലെ പ്രാചീന റോമിൽ കൈകൾ കൂപ്പുന്നതു കീഴടങ്ങലിനെയാണു സൂചിപ്പിച്ചിരുന്നത്.

നൂറ്റാണ്ടുകൾക്കു ശേഷം ഭരണ കർത്താക്കളോടുള്ള ബഹുമാനവും ആദരവും പ്രകടിപ്പിക്കാനായി പ്രജകൾ കരങ്ങൾ കൂപ്പാൻ തുടങ്ങി. കരങ്ങൾ പരസ്പരം കൂട്ടിപിടിക്കുന്നതു അധികാരിയോടുള്ള അംഗീകാരവും വിധേയത്വവുമാണു വെളിവാക്കുക

കൂപ്പുകരങ്ങൾ ദൈവത്തോടുള്ള വിധേയത്വത്തിന്റെയും പ്രാർത്ഥനകൾ സ്വർഗ്ഗത്തിലേക്കു ഉയരുന്നതിന്റെയും ക്രിസ്തുവിന്റെ കുരിശിനെ ഓർക്കുന്നതിന്റെയും സൂചനയാണ്

കൈകൾ കൂപ്പി പ്രാർത്ഥിക്കാൻ ഒരു നിയമവും ക്രൈസ്തവരെ അനുശാസിക്കുന്നില്ല, എന്നാലും മനോഹരവും പാരമ്പര്യത്തിൽ വേരൂന്നിയതുമായ കൈകൂപ്പിയുള്ള പ്രാർത്ഥനാ രീതി നമുക്കു തുടരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.