പ്രാര്‍ത്ഥനാ ജീവിതം സുദൃഢമാക്കാന്‍ അഞ്ച് വഴികള്‍

പ്രാര്‍ത്ഥനക്ക് അനവധി അര്‍ത്ഥതലങ്ങളുണ്ട്. ചിലര്‍ക്ക് പ്രാര്‍ത്ഥന ദൈവവുമായി സംസാരിക്കാനുള്ള അവസരമാണ്. ചിലര്‍ക്ക് ദൈവത്തോട് ആവശ്യങ്ങള്‍ പറയാനുള്ള ഇടമാണ് പ്രാര്‍ത്ഥന. മറ്റ് ചിലര്‍ക്ക് ദൈവത്തെ അറിയാനുള്ള അവസരമാണ്; പ്രാര്‍ത്ഥന ഇതെല്ലാമാണ്.

പ്രാര്‍ത്ഥനയെക്കുറിച്ച് ഇതാ അഞ്ച് പ്രധാനപ്പെട്ട കാര്യങ്ങള്‍

1. പ്രാര്‍ത്ഥിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ എങ്ങനെയാണ് പ്രാര്‍ത്ഥന ആരംഭിക്കേണ്ടത്?

പ്രാര്‍ത്ഥനയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും ഇത്തരമൊരു ആശയക്കുഴപ്പമുണ്ട്. ദൈവത്തിന്റെ സ്‌നേഹത്തിലേക്ക് വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും. ആ ബോധ്യത്തോടെ പ്രാര്‍ത്ഥിക്കാന്‍ ആരംഭിക്കുക. കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥങ്ങളില്‍ ഭൗതിക ജീവിതത്തെ മനോഹരമാക്കുന്നതിനുള്ള പ്രാര്‍ത്ഥനകളെക്കുറിച്ച് പറയുന്നുണ്ട്. ഇത് ആരംഭിക്കുന്നത് കിണറിനരികില്‍ വെള്ളം കോരുന്ന സമറിയാക്കാരി സ്ത്രീയില്‍ നിന്നാണ് (യോഹ :4 1-12).

1

ക്രിസ്തു അവളോട് ദാഹജലം ചോദിക്കുന്നു. സമറിയാക്കാരിയായ സ്ത്രീയെ ക്രിസ്തു കണ്ടുമുട്ടുന്നതിലൂടെ അവളുടെ വിശ്വാസത്തിന് വേണ്ടിയുള്ള തന്റെ ദാഹമാണ് ക്രിസ്തു പ്രകടിപ്പിക്കുന്നത്. അതുപോലെ നിത്യജീവന്റെ ജലം അന്വേഷിക്കാന്‍ അവളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രാര്‍ത്ഥിക്കണമെന്ന് നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ തന്നെ ദൈവം നമ്മുടെ ഉള്ളില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ഇത് നമുക്ക് വളരെ വലിയ ആശ്വാസവും പ്രോത്സാഹനവുമായി മാറും. നമ്മുടെ ആശങ്കകളെ ദൂരെയകറ്റി ഏകാഗ്രതയും ശാന്തതയും നല്‍കുന്നു. ദൈവം നമ്മില്‍ പ്രവര്‍ത്തിച്ച് പ്രാര്‍ത്ഥനയിലേക്ക് നമ്മെ നയിക്കും. അതിനാല്‍ പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹമുള്ളവരാകുക. ഇതാണ് ലൈഫ് ഡേ നിര്‍ദേശിക്കുന്ന ഒന്നാമത്തെ കാര്യം.

2. പ്രാര്‍ത്ഥന ആരംഭിക്കാനുള്ള ഏറ്റവും മികച്ച വഴി ഏതാണ്?

ദൈവം നമ്മെ പ്രാര്‍ത്ഥനയിലേക്ക് വിളിച്ചിരിക്കുന്നു എന്ന തിരിച്ചറിവിന് ശേഷമുള്ള അടുത്ത പടി പ്രാര്‍ത്ഥനയുടെ സ്വഭാവം നിശ്ചയിക്കുക എന്നതാണ്. ലൈഫ് ഡേ നിര്‍ദേശിക്കുന്ന രണ്ടാമത്തെ കാര്യം ഇതാണ്. ഏറ്റവും എളിമയുള്ളതും അത്യാവശ്യമുള്ളതുമായ ഘട്ടമാണിത്. പ്രാര്‍ത്ഥന ഒരു ശീലമാക്കാന്‍ രണ്ട് വഴികളുണ്ട്. ഒന്ന്, പ്രായോഗികമായി നേടിയെടുക്കാന്‍ സാധിക്കുന്നതാകണം. രണ്ട്, നിലവിലുളള ശീലങ്ങളുമായി ചേര്‍ന്നു പോകുന്നതായിരിക്കണം.

2

പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഒന്ന്, ഒരു ദിവസം അഞ്ച് മിനിറ്റ് നേരമെങ്കിലും പ്രാര്‍ത്ഥിക്കുമെന്ന് ദൃഢനിശ്ചയം ചെയ്യുക. ഈ തീരുമാനം  വലിയ തുടക്കമായിരിക്കും. രണ്ടാമത്തെ കാര്യം, ചെറിയ കാര്യങ്ങളും തീരുമാനങ്ങളും നമ്മള്‍ മറന്നു പോകാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ മടികൊണ്ടോ അലസത കൊണ്ടോ നമ്മള്‍ അക്കാര്യം മാറ്റിവച്ചേക്കാം. അതുകൊണ്ട് നമ്മുടെ ദിനചര്യകളോട് ചേര്‍ത്ത് വയ്‌ക്കേണ്ട ശീലമായി പ്രാര്‍ത്ഥന മാറണം. ഓര്‍മ്മിച്ച് ചെയ്യുമെന്ന് ഉറപ്പിക്കുകയും ചെയ്യേണ്ടതാവശ്യമാണ്.

3. പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ എന്താണ് പറയേണ്ടത്?

പ്രാര്‍ത്ഥന ദൈവവുമായുളള സംഭാഷണമാണ്. ലൈഫ് ഡേ നിര്‍ദേശിക്കുന്ന മൂന്നമത്തെ കാര്യം ഇതുമായി ബന്ധപ്പെട്ടതാണ്. നമ്മുടെ എന്താവശ്യങ്ങള്‍ വേണമെങ്കിലും അവിടുത്തോട് പറയാന്‍ സാധിക്കും. ചീത്ത പ്രാര്‍ത്ഥന എന്നൊന്നില്ല. പ്രാര്‍ത്ഥിക്കുകയാണെന്ന കാര്യം ഓര്‍മ്മയുണ്ടായിരിക്കുക എന്നതാണ് പ്രധാനം. നമ്മുടെ കഴിവുകളെയും കുറവുകളെയും ബലഹീനതകളെയും അറിയുന്നവനാണ് ദൈവം. ആ തിരിച്ചറിവോടെ ദൈവസന്നിധിയില്‍ ഹൃദയം തുറക്കുക. നമ്മുടെ സങ്കടങ്ങള്‍ പറയുന്നതിനൊപ്പം നന്ദി  പറയാന്‍ മറക്കാതിരിക്കുക. അവിടുന്ന് നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയുക. ഇങ്ങനെ പ്രാര്‍ത്ഥിക്കുമ്പോള്‍ അഞ്ച് മിനിറ്റെന്ന് നമ്മള്‍ നീക്കി വച്ചിരിക്കുന്ന സമയം പത്ത് മിനിറ്റായി മാറും. ദൈവം നമ്മോട് സംസാരിക്കാന്‍ നാം അനുവദിക്കുക.

3

പ്രാര്‍ത്ഥിക്കാന്‍ തീരുമാനിക്കുമ്പോള്‍ തന്നെ ഒരു കാര്യം മനസ്സിലാക്കുക. ദൈവത്തോടുള്ള നമ്മുടെ ബന്ധം ദൃഢമാക്കുന്ന ആശയവിനിമയോപാധിയാണ് പ്രാര്‍ത്ഥന. അല്ലാതെ നമുക്ക് നേടിയെടുക്കാനുളള ആവശ്യങ്ങളുടെ ലിസ്റ്റ് ദൈവത്തിന് നല്‍കാനുള്ള ഒരു അവസരമായി പ്രാര്‍ത്ഥനയെ കാണരുത്. നമ്മില്‍ ദൈവം ആവശ്യപ്പടുന്നത് എന്താണെന്ന് അറിയാനും അത് നല്‍കാനുമുള്ള അവസരമാണ്  പ്രാര്‍ത്ഥന. അല്ലാതെ ദൈവത്തില്‍ നിന്ന് നേടാനുളള കാര്യങ്ങള്‍ എന്തൊക്കെയാണെന്ന അന്വേഷണമാകരുത്.  പ്രാര്‍ത്ഥനയുടെ സമയ ദൈര്‍ഘ്യം കൂടുന്നതായി കാണാന്‍ സാധിക്കും. ദൈവം നിങ്ങളോട് സംസാരിക്കുന്ന സമയം കൂടുകയും ചെയ്യും. പ്രാര്‍ത്ഥനയില്‍ ആഴപ്പെടാനും നിങ്ങള്‍ക്ക് സാധിക്കും.

4. പ്രാര്‍ത്ഥനയിലെ പ്രതിസന്ധികളെ എങ്ങനെ നേരിടാന്‍ സാധിക്കും?

പ്രാര്‍ത്ഥനയില്‍ തടസ്സം നേരിടുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് നാം തിരിച്ചറിയേണ്ടതാവശ്യമാണ്. ചില സമയങ്ങളില്‍ പ്രാര്‍ത്ഥനയില്‍ നിന്ന് ലഭിക്കുന്ന ആനന്ദവും മനസമാധാനവും ലഭിക്കാതെ വരുന്ന സാഹചര്യമുണ്ടാകാറുണ്ട്. എന്തായിരിക്കും ഈ സമയങ്ങളില്‍ സംഭവിക്കുന്നത്? ദൈവം എന്താണ് ഈ സമയങ്ങളില്‍  നമുക്കായി നല്‍കുന്നത്?

4

ആത്മീയ ജീവിതത്തിന്റെ ഭാഗമായ ശുദ്ധീകരണ സമയം എന്ന് വേണമെങ്കില്‍ ഈ അവസ്ഥയെ  വിശേഷിപ്പിക്കാം. പ്രാര്‍ത്ഥനയുടെ ഈ ഇരുണ്ട നിമിഷങ്ങളില്‍ നാം ശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. പ്രാര്‍ത്ഥനയുടെ യാഥാര്‍ത്ഥ്യത്തെ ഈ അവസ്ഥ വെളിപ്പെടുത്തുന്നു. ദൈവം അവിടുത്തെ ആശ്വാസം നമ്മില്‍ നിന്ന് എടുത്തുമാറ്റുന്നു. ഈ സമയം നാം ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുന്നു.  ദൈവത്തില്‍ നിന്നുള്ള അനുഗ്രഹത്തിന് മാത്രമല്ല നാം നന്ദി പറയേണ്ടതെന്ന് അവിടുന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ക്രിസ്ത്യന്‍ മിസ്റ്റിക് ആയ ആവിലായിലെ വിശുദ്ധ തെരേസ പറയുന്നു, ” സമാശ്വസിപ്പിക്കുന്ന ദൈവത്തയാണ് നാം ആരാധിക്കുന്നത്; ദൈവം  നല്‍കുന്ന ആശ്വാസത്തയല്ല.” പ്രാര്‍ത്ഥനയുടെ ശുദ്ധീകരണ വേളയില്‍ ദൈവം മനുഷ്യനില്‍ ‘ആത്മീയ സര്‍ജറി’ നടത്തുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയയിലൂടെ വിശ്വാസത്തെയും ആശ്രയമനോഭാവത്തെയും കുറിച്ച് കൂടുതല്‍ ആഴത്തില്‍ അവിടുന്ന് നമ്മെ പഠിപ്പിക്കുന്നു.

അതിനാല്‍ പ്രാര്‍ത്ഥനയുടെ ഇരുണ്ട നിമിഷങ്ങളെയും പ്രതിസന്ധി ഘട്ടങ്ങളെയും കൂടുതല്‍ വിശ്വാസത്തോടെയും ദൈവാശ്രയത്തോടെയും നേരിടുക. ഇതാണ് ലൈഫ് ഡേ നിര്‍ദേശിക്കുന്ന നാലാമത്തെ കാര്യം. ഈ സമയങ്ങളില്‍ ദൈവം നമുക്ക് തൊട്ടടുത്തുണ്ട് എന്ന് ഉറച്ചുവിശ്വസിക്കുക.

5. എനിക്ക് വേണ്ടി മാത്രമാണോ ഞാന്‍ പ്രാര്‍ത്ഥിക്കേണ്ടത്?

ക്രൈസ്തവന്‍ ഒരിക്കലും ഒറ്റയ്ക്കല്ല പ്രാര്‍ത്ഥിക്കുന്നത്. മാമ്മോദീസ സ്വീകരിക്കുന്ന വേളയില്‍ അവനിലേക്ക് കടന്നുവരുന്ന ത്രിതൈ്വകസാന്നിദ്ധ്യം ക്രൈസ്തവനൊപ്പം എപ്പോഴുമുണ്ട്. ‘ദൈവത്തില്‍, ദൈവത്തോട് കൂടെ, ദൈവത്തിലൂടെ’ ആണ് നാം എല്ലാ പ്രവര്‍ത്തികളും ചെയ്യുന്നത്. പ്രാര്‍ത്ഥിക്കുന്നതും അങ്ങനെ തന്നെ. വിശുദ്ധരാല്‍ ചുറ്റപ്പെട്ടവനാണ് ഓരോ ക്രൈസ്തവനും. ദൈവത്തിന്റെ മധ്യസ്ഥരും സുഹൃത്തുക്കളും നമ്മുടെ മുതിര്‍ന്ന സഹോദരങ്ങളുമാണ് ഇവര്‍. അവര്‍ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരാണ്. ഇതാണ് ലൈഫ് ഡേ നിര്‍ദേശിക്കുന്ന അഞ്ചാമത്തെ കാര്യം.

5

ഒരു പ്രാര്‍ത്ഥനാ സുഹൃത്തിനെ കണ്ടെത്തുക എന്നതും പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ പങ്കാളിയാകുക എന്നതും വളരെ പ്രധാനമാണ്. ജീവിത പങ്കാളികള്‍ ഒന്നിച്ച് പ്രാര്‍ത്ഥിക്കേണ്ടതാവശ്യമാണ്. കുടുംബങ്ങളിലെ ഒന്നിച്ചുള്ള പ്രാര്‍ത്ഥനയില്‍ പങ്ക് ചേര്‍ന്നാണ് കുട്ടികള്‍ വളരേണ്ടത്. അതിനാല്‍ പ്രാര്‍ത്ഥനയില്‍ ഒന്നിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.