ഞായറാഴ്ച പ്രസംഗം- 1 / ജൂലൈ 2 – ആശ്രയം ദൈവപരിപാലനയില്‍

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

ശ്ലീഹാക്കാലം അഞ്ചാം ഞായര്‍ ലൂക്കാ 12:22-34

വിശുദ്ധ മത്തായി അറിയിച്ച സുവിശേഷത്തില്‍ ഗിരിപ്രഭാഷണത്തിന്റെ കേന്ദ്രഭാഗത്തു കാണപ്പെടുന്ന പ്രമേയമാണ് ദൈവപരിപലനയെക്കുറിച്ചുള്ളത് (മത്താ 6,25-33). ഈശോയുടെ ഈ പ്രബോധനം വിശുദ്ധ ലൂക്കാ തന്റെ സുവിശേഷ വിവരണത്തിന്റെ തന്നെ കേന്ദ്രഭാഗത്ത് പ്രതിഷ്ഠിക്കുന്നു (ലൂക്കാ 12,22-34). ഇതു പ്രത്യേക ലക്ഷ്യത്തോടെയാണ്. കാരണം, സുവിശേഷത്തിന്റെ മദ്ധ്യഭാഗത്തു വിവരിക്കപ്പെടുന്ന, ജറുസലേമിലേക്കുള്ള ഈശോയുടെ യാത്ര, കൂടെയുള്ള തന്റെ ശിഷ്യര്‍ക്ക് ഒരു പരിശീലനക്കളരിയായാണ് വിഭാവനം ചെയ്തിട്ടുള്ളത്. സഹന-മരണോത്ഥാനങ്ങള്‍ക്കായി ജറുസേലമിലേക്കു യാത്ര ചെയ്യുന്ന മിശിഹായായ ഈശോയെ അനുഗമിക്കുന്ന ശിഷ്യര്‍ക്കുണ്ടാകേണ്ട അടിസ്ഥാന മനോഭാവമാണ് ദൈവപരിപാലനയിലുള്ള ആശ്രയം. ഈ സുവിശേഷഭാഗമാണ് ശ്ലീഹാക്കാലത്തെ അഞ്ചാം ഞായറാഴ്ച പരിചിന്തനത്തിനായി തിരുസഭാമാതാവ് സമര്‍പ്പിക്കുന്നത്.

എതൊരു മനുഷ്യവ്യക്തിയുടെയും പ്രാഥമിക ആവശ്യങ്ങളില്‍പ്പെടുന്നവയാണ് ഭക്ഷണവും വസ്ത്രവും. മനുഷ്യന്‍ അദ്ധ്വാനിക്കുന്നതും കഷ്ടപ്പെടുന്നതുമെല്ലാം ഇവ സമ്പാദിക്കാനായാണ്. അവന്റെ അനുദിന ജീവിതത്തിലെ ആകുലതയും ഉത്കണ്ഠയുമെല്ലാം ഇവയെക്കുറിച്ചാണ്. മനുഷ്യനായ ഈശോമിശിഹായ്ക്ക് മനുഷ്യന്റെ സകലവിധ അനുഭവങ്ങളും ആവശ്യങ്ങളും പൂര്‍ണമായി മനസ്സിലാകുമായിരുന്നു. ഈ അടിസ്ഥാനാവാശ്യങ്ങള്‍ മനസ്സിലാക്കിയ അവിടുന്ന് അവ മൂലമുണ്ടായേക്കാവുന്ന ഉത്കണ്ഠ ഒഴിവാക്കാനുള്ള മാര്‍ഗം അവിടുത്തെ അനുയായികള്‍ക്കു നിര്‍ദ്ദേശിക്കുന്നതാണ് ഇന്നത്തെ സുവിശേഷഭാഗത്തു നമ്മള്‍ കാണുന്നത്.

അന്ന് തന്റെ ശിഷ്യരോടും ഇന്നു നമ്മള്‍ ഓരോരുത്തരോടും ഈശോ അരുളിച്ചെയ്യുന്നു: ‘എന്തു ഭക്ഷിക്കും എന്നു ജീവനെക്കുറിച്ചോ, എന്തു ധരിക്കും എന്നു ശരീരത്തെക്കുറിച്ചോ നിങ്ങള്‍ക്ക് ഉത്കണ്ഠ വേണ്ട. കാരണം, ജീവന്‍ ഭക്ഷണത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും ഉത്കൃഷ്ടമാകുന്നു’ (ലൂക്കാ 12,22-23). ജീവന്‍ നിലനിര്‍ത്താനായി മനുഷ്യന്‍ ഭക്ഷിക്കണം; ശരീരം സംരക്ഷിക്കാനും നാണം മറയ്ക്കാനുമായി മനുഷ്യന്‍ വസ്ത്രം ധരിക്കുകയും വേണം. പക്ഷേ, ഭക്ഷണത്തെക്കുറിച്ചുള്ള ചിന്ത ജീവനെ (നിത്യജീവനെ) അപകടപ്പെടുത്ത രീതിയിലോ, വസ്ത്രത്തെക്കുറിച്ചുള്ള പരിഗണന ശരീരത്തെ മറന്നുകൊണ്ടുള്ള തരത്തിലോ ആകരുത് എന്നാണ് ഈശോ ഓര്‍മ്മിപ്പിക്കുന്നത്. കാരണം, ഭക്ഷണത്തെക്കുറിച്ചുള്ള അതിരുകടന്ന ചിന്ത പലരുടെയും ജീവന്‍ അപകടത്തിലാക്കിയിട്ടുണ്ട്.

ഉദാഹരണത്തിന്, ആദിമാതാപിതാക്കന്മാര്‍ക്ക് ദൈവിക ജീവനിലുണ്ടായിരുന്ന പങ്ക് നഷ്ടമായതും അവര്‍ പറുദീസായില്‍നിന്നു പുറത്തായതും അരുതെന്നു ദൈവം കല്പ്പിച്ചിരുന്നതു ഭക്ഷിക്കാനുള്ള സാത്താന്റെ പ്രലോഭനത്തിനു വഴങ്ങിയതു മൂലമാണ് (ഉല്പ 3). ഏസാവിന് തന്റെ കടിഞ്ഞൂല്‍ പുത്രാവകാശം നഷ്ടമായതും ഭക്ഷണത്തിന്റെ പേരിലായിരുന്നല്ലോ. മരുഭൂമി യാത്രയ്ക്കിടയില്‍ ഇസ്രാലേല്‍ക്കാരില്‍ പലര്‍ക്കും ജീവന്‍ നഷ്ടമായത്, ദൈവം അവര്‍ക്ക് അത്ഭുതകരമായി നല്കിയ മന്നാ ഭക്ഷണത്തെക്കുറിച്ചു പിറുപിറുത്തതുകൊണ്ടാണ് (സംഖ്യ 21,5). പുതിയനിയമ ദൈവജനമായ അവിടുത്തെ ശിഷ്യസമൂഹം ഇതുപോലുള്ള സാത്താന്റെ കെണിയില്‍ വീഴാതിരിക്കാനുള്ള മുന്നറിയിപ്പാണ് ഈശോ നല്കുന്നത്. അമിതാഹാരപ്രിയം എത്രയോ വ്യക്തികളെയും സമൂഹങ്ങളെയുമാണ് ഇന്നും നാശത്തിലെത്തിക്കുന്നത്!

‘അന്നന്നു വേണ്ട അപ്പം ഞങ്ങള്‍ക്കു നല്കണമേ’ എന്നു സ്വര്‍ഗീയ പിതാവിനോടു പ്രാര്‍ത്ഥിക്കാന്‍ ഈശോ പഠിപ്പിക്കുമ്പോഴും ഇതേ സത്യം തന്നെയാണ് അവിടുന്നു നമ്മെ അനുസ്മരിപ്പിക്കുന്നത്. നാളത്തെ അപ്പത്തെക്കുറിച്ച്, ഭാവിയില്‍ എന്തു ഭക്ഷിക്കും എന്നോര്‍ത്ത് ആകുലപ്പെടേണ്ട എന്നു സാരം. നിത്യം ജീവിക്കാനായി മനുഷ്യന് ആവശ്യമായിരിക്കുന്നത് സ്വര്‍ഗീയ അപ്പവും മിശിഹായുടെ ശരീരവുമായ പരിശുദ്ധ കുര്‍ബാനയാണ് എന്നു സഭാപിതാക്കന്മാര്‍ നമ്മെ പഠിപ്പിക്കുന്നുമുണ്ടല്ലോ. മരുഭൂമിയില്‍ മന്ന ഭക്ഷിച്ച പിതാക്കന്മാര്‍ മരിച്ചു; എന്നാല്‍ ഈ അപ്പം ഭക്ഷിക്കുന്നവര്‍ മരിക്കുകയില്ല. ആദ്ധ്യാത്മിക ജീവന്‍ അഥവാ നിത്യജീവന്‍ നഷ്ടമാക്കുന്ന രീതിയില്‍ ഭൗതിക ഭക്ഷണത്തെക്കുറിച്ച് ആകകുലപ്പെടരുത് എന്നാണ് ഈശോ ഉദ്‌ബോധിപ്പിക്കുന്നത്. അവിടുന്നു കൂട്ടിച്ചേര്‍ക്കുന്നു: നിങ്ങള്‍ക്ക് ഇവയെല്ലാം ആവശ്യമെന്നു നിങ്ങളുടെ പിതാവിനറിയാം. നിങ്ങള്‍ ദൈവരാജ്യം അന്വേഷിക്കുവിന്‍. അപ്പോള്‍ ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും (ലൂക്കാ 12,30-31).

സാധാരണക്കാരായ തന്റെ ശ്രോതാക്കള്‍ക്കു എളുപ്പം മനസ്സിലാകാന്‍ വേണ്ടി ഈശോ തന്റെ പ്രബോധനങ്ങള്‍ പ്രകൃതിയില്‍നിന്നെടുത്ത ഉദാഹരണങ്ങള്‍കൊണ്ടു വ്യക്തമാക്കാറാണ്ട്. ഇവിടെയും ആ രീതി തന്നെയാണ് അവിടുന്ന പിന്തുടരുന്നത്. ഭക്ഷണത്തെക്കുറിച്ചു നമ്മള്‍ ആകുലപ്പെടേണ്ട എന്നു പഠിപ്പിക്കാന്‍ ആകാശത്തിലെ കാക്കകളെ അവിടുന്നു ചൂണ്ടിക്കാണിക്കുന്നു. അവ വിതയ്ക്കുന്നില്ല; കൊയ്യുന്നില്ല; അവയ്ക്കു പത്തായങ്ങളോ ധാന്യപ്പുരകളോ ഇല്ല. എങ്കിലും ദൈവം അവയെ തീറ്റിപ്പോറ്റുന്നു. ‘പക്ഷികളേക്കാള്‍ എത്രയോ ശ്രേഷ്ഠരാണു നിങ്ങള്‍’ എന്നു ചോദിച്ചുകൊണ്ട് അവിടുന്നു നമ്മെ ലജ്ജിപ്പിക്കുന്നുമുണ്ട്. അദ്ധ്വാനിക്കേണ്ട എന്നല്ല അവിടുന്നു പഠിപ്പിക്കുന്നത്. പക്ഷികള്‍ അദ്ധ്വാനിക്കുന്നതു പോലെ ഒരു മനുഷ്യനും അദ്ധ്വാനിക്കുന്നില്ല. നമ്മള്‍ ഉണരുന്നതിനുമുമ്പേ ഉണര്‍ന്ന് അവര്‍ ജോലി ആരംഭിക്കുന്നു. അന്തിയോളം പണിയെടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കുംപോലും ആഹാരം പ്രദാനം ചെയ്യുന്ന സ്രഷ്ടാവായ ദൈവം, തന്റെതന്നെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമുക്ക് എത്രയോ അധികമായി നല്കുകയില്ല എന്നാണ് അവിടുന്നു ചോദിക്കുന്നത്. അവിടുന്നു വലിയ കാര്യങ്ങളില്‍ സത്യവാനാണെന്ന് ചെറിയ കാര്യങ്ങളിലൂടെ നമുക്ക് ഉറപ്പു തരുന്നു എന്നാണ് അലക്‌സാണ്ട്രിയായിലെ സിറിള്‍ അഭിപ്രായപ്പെടുന്നത്.

വസ്ത്രത്തെക്കുറിച്ച് ആകുലതയരുത് എന്നു കാണിക്കാന്‍ ഈശോ വയലിലെ ലില്ലിപ്പൂക്കളുടെ മനോഹാര്യതയിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ഇസ്രായേല്‍ക്കാരുടെ മഹാനായ രാജാവായിരുന്ന സോളമന്‍പോലും അവന്റെ സര്‍വ പ്രതാപത്തിലും ഒരു ലില്ലിപ്പൂവിനെപ്പോലെ അലംകൃതനായിരുന്നില്ല എന്നവിടുന്നു പറയുന്നു. ഇത്ര നിസ്സാര ചെടിയുടെ കാര്യത്തില്‍ തല്‍പ്പരനായ ദൈവം തന്റെ തന്നെ മക്കളായ മനുഷ്യരുടെ കാര്യത്തില്‍ എത്രയോ അധികം പരിഗണനയുള്ളവനായിരിക്കും എന്നാണവിടുന്നു ചോദിക്കുന്നത്. ഇതെക്കുറിച്ച് അംബ്രോസ് ഇപ്രകാരം എഴുതുന്നു: ഒരുവന്‍ തന്റെ കഴിവു മുഴുവനും ദൈവത്തില്‍ അര്‍പ്പിക്കുകയും വിശ്വാസത്തെ സമാദരിക്കുകയും ചെയ്യുന്നുവെങ്കില്‍, ദൈവസഹായത്തില്‍ അവന്‍ കൃത്യമായി പ്രത്യാശയര്‍പ്പിച്ചിരിക്കുന്നതിനാല്‍, അവന് ഒരു കുറവും ഉണ്ടാകില്ല. ഈ ബോദ്ധ്യമില്ലാത്ത അവസ്ഥയെ വിശ്വാസക്കുറവായാണ് ഈശോ കാണുന്നത്. അതുകൊണ്ടാണ് അവിടുന്നു ശിഷ്യരെ ‘അല്പവിശ്വാസികളേ’ എന്നു വിളിക്കുന്നതുതന്നെ. ഈശോയില്‍ വിശ്വാസമില്ലാത്തവരായിരുന്നില്ല ശിഷ്യര്‍. വിശ്വാസമുണ്ടായിരുന്നതുകൊണ്ടാണല്ലോ അവര്‍ അവിടുത്തെ അനുഗമിച്ചിരുന്നത്. എങ്കിലും, അവര്‍ ആ വിശ്വാസത്തില്‍ വളരേണ്ടതുണ്ടായിരുന്നു. ആ വളര്‍ച്ചയ്ക്കു വഴിയാണ് അവിടുന്നു കാണിച്ചുതരുന്നത്.

നമുക്കു മുമ്പേതന്നെ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്നവനാണു നമ്മുടെ സ്വര്‍ഗീയ പിതാവ് എന്ന് ഈശോ ഉറപ്പുതരുന്നു. അവിടുന്നു കൂട്ടിച്ചേര്‍ക്കുന്നു: ‘നിങ്ങള്‍ ദൈവരാജ്യം അന്വേഷിക്കുവിന്‍. അപ്പോള്‍ ഇവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. ചെറിയ ആട്ടിന്‍കൂട്ടമേ, ഭയപ്പെടേണ്ട. നിങ്ങള്‍ക്കു രാജ്യം നല്കാന്‍ നിങ്ങളുടെ പിതാവു മനസ്സായിരിക്കുന്നു.’ ദൈവത്തിന്റെ ഹിതം നറവേറ്റപ്പെടുന്ന വ്യക്തിയെയും സ്ഥലത്തെയും സംവിധാനത്തെയുമൊക്കെയാണ് ദൈവരാജ്യം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൈവരാജ്യം അന്വേഷിക്കാന്‍ അവിടുന്ന് ആവശ്യപ്പെടുമ്പോള്‍ അവിടുത്ത ഹിതം സ്വര്‍ഗത്തിലേതുപോലെ ഭൂമിയിലും നടപ്പാക്കാന്‍ ശ്രമിക്കണമെന്നാണ് അവിടുന്നു വിവക്ഷിച്ചത്. ഇപ്രകാരം ദൈവഹിതം നിവര്‍ത്തിച്ച് ജീവിച്ചാല്‍ നമ്മള്‍ ദൈവരാജ്യത്തിലാകും; രാജാവ് നമ്മുടെ കാര്യങ്ങള്‍ നോക്കിക്കൊള്ളുകയും ചെയ്യും. ഇതെക്കുറിച്ച് അംബ്രോസ് ഇപ്രകാരം എഴുതുന്നു: സ്വര്‍ഗം ആഗ്രഹിക്കുകയും ഭൗമികമായത് അന്വേഷിക്കാതിരിക്കുകയും ചെയ്യുന്നെങ്കില്‍, ഇപ്പോഴത്തെയും വരാനിരിക്കുന്ന കാലത്തിലെയും വിശ്വാസികള്‍ക്ക് കൃപയുടെ ഒരു കുറവും ഉണ്ടാകില്ല എന്ന് ഈശോ പഠിപ്പിച്ചു. ദൈവരാജ്യത്തിന്റെ പടയാളികള്‍ (2 കോറി 10,3) ഭക്ഷണത്തെക്കുറിച്ച് ആകുലപ്പെടുന്നത് ഭംഗികേടാണ്. തന്റെ പ്രജകളെ എപ്രകാരമാണു സംരക്ഷിക്കേണ്ടത്, പരിപോഷിപ്പിക്കേണ്ടത്, അണിയിക്കേണ്ടത് എന്നെല്ലാം രാജാവിനറിയാം.

‘ചെറിയ ആട്ടിന്‍കൂട്ടമേ’, എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ‘ഭയപ്പെടേണ്ട’ എന്നവിടുന്ന് ആശ്വസിപ്പിക്കുന്നത്. അവിടുത്തെ അജഗണമാണല്ലോ നമ്മള്‍; അവിടുന്നു മഹാ ഇടയനും. നമുക്കു രാജ്യം നല്കാന്‍ പിതാവു തിരുമനസ്സായിരിക്കുന്നു എന്ന് ഈ ഇടയന്‍ നമുക്ക് ഉറപ്പുനല്കുന്നു. നമുക്കു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സ്വര്‍ഗരാജ്യം ലക്ഷ്യംവച്ചു ജീവിക്കുവാന്‍, ലൗകിക വ്യഗ്രതകള്‍ നമ്മെ കീഴടക്കാതിരിക്കാന്‍ നാളെ നമ്മള്‍ തിരുനാള്‍ ആഘോഷിക്കുന്ന മാര്‍തോമാശ്ലീഹാ നമ്മെ സഹായിക്കട്ടെ. ദൈവം നമ്മെ അനുഗ്രഹിക്കയുടം ചെയ്യട്ടെ.

ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.