സീറോ മലങ്കര മെയ് 05 യോഹ. 16: 16-24 ദുഃഖം സന്തോഷമായി മാറും

വി. യോഹന്നാന്റെ സുവിശേഷം പതിനാറാം അധ്യായത്തിലെ യേശുവിന്റ ‘വിടവാങ്ങൽ പ്രസംഗത്തിന്റെ’ ഭാഗമാണ് ഇന്നത്തെ സുവിശേഷം (ലളിതമായി വിവരിക്കാൻ അല്പം ബുദ്ധിമുട്ടുള്ള ഭാഗമാണിത്). ശിഷ്യന്മാർ എപ്പോൾ തന്നെ കാണുമെന്നും, എപ്പോൾ മുതൽ കാണില്ലെന്നും യേശു പറയുന്നു. ഒന്നാമത്തെ ‘അല്പസമയത്തിനു ശേഷം’ ഉടൻതന്നെ വരാനിരിക്കുന്ന കുരിശുമരണത്തെക്കുറിച്ചാണ്. എന്നാൽ, ‘അല്പസമയത്തിനു ശേഷം’ വീണ്ടും കാണുമെന്നു പറഞ്ഞിരിക്കുന്നത് ഉത്ഥാനത്തിനുശേഷം ശിഷ്യന്മാരുടെ അടുത്ത് വരുന്നതിനെക്കുറിച്ചാണ്. ശിഷ്യന്മാർക്കാകട്ടെ യേശു എന്താണ് പറയുന്നതെന്ന് മനസ്സിലാവുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാവുന്നത് പെന്തക്കുസ്തായ്ക്കുശേഷം ദൈവാത്മാവ് എല്ലാ സത്യങ്ങളും വെളിപ്പെടുത്തിക്കൊടുക്കുമ്പോഴാണ്.

ശിഷ്യന്മാരുടെ മനസ്സ് ആകുലത കൊണ്ടും സങ്കടം കൊണ്ടും അസ്വസ്ഥമാകുന്നു. യേശു അദൃശ്യനാകുന്ന നിമിഷത്തിൽ ശിഷ്യന്മാരിൽ ദുഃഖം ദൃശ്യമാകും. ശിഷ്യന്മാരിൽ ദുഃഖമുണ്ടാവുന്ന സമയങ്ങളിൽ ദൈവത്തിനെതിരായ ശക്തികൾ സന്തോഷിക്കും. യേശുവില്ലാത്ത ലോകത്ത് പാപശക്തികൾ ആധിപത്യം സ്ഥാപിക്കാൻ പരിശ്രമിക്കും. ശിഷ്യന്മാരുടെ ദുഃഖം സന്തോഷമായി മാറുന്നതിനെ കാണിക്കുന്നതിനുവേണ്ടിയാണ് ഒരു സ്ത്രീയുടെ ഈറ്റുനോവിന്റെ ഉദാഹരണം യേശു പറയുന്നത്. കുരിശുമരണസമയത്ത് വേദനിക്കുന്ന ശിഷ്യന്മാർ ഉത്ഥാനത്തിനുശേഷം, ശിശുവിന്റെ ജനനനത്തിൽ മാതാവിനുണ്ടാകുന്ന സന്തോഷംപോലെ വലിയ ആനന്ദത്തിന് അവകാശികളാകും. യേശുവിന്റെ ഉത്ഥാനവും മഹത്വീകരണവും ഒരു പുതുയുഗപ്പിറവിയെ കാണിക്കുന്നു. അപ്പോൾ സന്തോഷം മാത്രമല്ല, മനസ്സിലുള്ള സംശയങ്ങളുടെ ദൂരീകരണവുമുണ്ടാവും. പരിശുദ്ധാത്മാവിലൂടെ പിതാവുമായുള്ള ഐക്യം ശിഷ്യന്മാരുമായി പങ്കുവയ്ക്കാൻ യേശു ആഗ്രഹിക്കുന്നു. തന്റെ നാമത്തിൽ പ്രാർഥിക്കുമ്പോൾ അവർക്ക് ഉത്തരമരുളുമെന്ന് ഇത് മൂന്നാം തവണയാണ് യേശു ശിഷ്യന്മാരോടു പറയുന്നത് (14:13-14; 15:16).

ശിഷ്യന്മാർക്കുണ്ടായതുപോലെ അസ്വസ്ഥതയും മടുപ്പും പ്രാർഥനാജീവിതത്തിൽ നമുക്കും ഉണ്ടാവാം. പ്രാർഥനയിൽ വിരസത അനുഭപ്പെടാനുള്ള മൂന്നു കാരണങ്ങൾ വി. ഇഗ്‌നേഷ്യസ് ലയോള പറയുന്നു. 1. ആത്മീയജീവിതത്തോടുള്ള നമ്മുടെ തന്നെ ഉദാസീനത. 2. ദൈവത്തെ എത്രമാത്രം ആഴത്തിൽ അറിയാൻ നാം പരിശ്രമിക്കുന്നു എന്നറിയാനുള്ള പരീക്ഷണം. 3. ആത്മീയ ഉന്നതി പ്രാപിച്ചവരെ കൂടുതൽ ദൈവാശ്രയത്തിൽ വളർത്തുന്നതിനും എല്ലാം ദൈവകൃപയാൽ നടക്കുന്നുവെന്ന് ബോധ്യപ്പെടുത്തി കൂടുതൽ വിശുദ്ധിയിലേക്കു നയിക്കുന്നതിന് ദൈവം ഉപയോഗിക്കുന്ന മാർഗം (ഉദാ. മദർ തെരേസ). ഇതുകൂടാതെ, നിരന്തരപാപത്തിൽ കഴിയുന്നവർക്കും വലിയ ദുഃശീലങ്ങൾക്ക് അടിപ്പെട്ടവർക്കും നന്നായി പ്രാർഥിക്കാനോ, കൃപയിൽ വളരാനോ സാധിക്കാതെവരും. ഏപ്പോഴും ദൈവത്തിലാശ്രയിച്ചു മുന്നോട്ടുപോകുന്നതിനുള്ള കൃപയ്ക്കായി നമുക്കിന്ന് പ്രാർഥിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.