ലത്തീൻ: മെയ് 05 ഞായർ, യോഹ. 15: 9-17 സ്നേഹത്തിന്റെ കല്പന

സ്നേഹത്തിന്റെ കല്പനയെ ക്രിസ്തു ഇപ്രകാരം സംഗ്രഹിച്ചു: “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ. സ്നേഹിതനായി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല.” ഈ ലോകത്തെ ദൈവം സ്നേഹിച്ചതിനപ്പുറം ആരും സ്നേഹിച്ചിട്ടില്ല. കാരണം സ്വപുത്രനെപ്പോലും ബലിയായി നല്കി ഈ ലോകത്തെ സ്നേഹിച്ചവനാണ് ദൈവം. പൗലോസ് ശ്ലീഹായുടെ വാക്കുകളിൽ “സ്നേഹം അസൂയപ്പെടുന്നില്ല, ദേഷ്യപ്പെടുന്നില്ല, സ്വാർഥമായി മറ്റൊന്നും ആഗ്രഹിക്കുന്നില്ല.” ബെനഡിക്ട് പതിനാറാമൻ പപ്പയുടെ വാക്കുകളിൽ “സ്നേഹം നിങ്ങളുടെ അളവുകോലായിരിക്കട്ടെ; നിങ്ങളുടെ വെല്ലുവിളിയെ സ്നേഹിക്കുക; നിങ്ങളുടെ ദൗത്യത്തെ സ്നേഹിക്കുക” എന്നിങ്ങനെ നാം കാണുന്നു.

സ്നേഹത്തോടെ നമ്മുടെ ജീവിതത്തെ കാണാനായാൽ ജീവിതം എളുപ്പമാകും. ജീവിതത്തെ എന്നും ഒരു ഭാരമായിക്കണ്ടാൽ ജീവിതം നിറയെ അസ്വസ്ഥതകളുടെ കൂമ്പാരമായിരിക്കും. ക്രിസ്തു കുരിശിനെ സ്നേഹിച്ചതുകൊണ്ടാണ് കുരിശ് അവനു കൃപയായി മാറിയത്. എന്റെ ഹിതമല്ല; അങ്ങയുടെ ഹിതം എന്ന മനോഭാവത്തോടെ ക്രിസ്തു കുരിശിനെ സ്വീകരിച്ചപ്പോൾ കുരിശിനെപ്രതി പിന്നീട് അവന് പരാതികളില്ലായിരുന്നു. നമുക്കും പ്രാർഥിക്കാം, നാഥാ ജീവിതത്തെ ഭാരമായി കാണാതെ അവയുടെ സഹനത്തെയും വേദനകളെയും സ്നേഹത്തോടെ കാണാൻ ഞങ്ങളെ അനുഗ്രഹിക്കണമേ എന്ന്.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.