ക്രിസ്മസ് ധ്യാനം: 9 സാന്താക്ലോസ്

ചുവന്ന ഉടുപ്പും നരച്ച താടിയും മന്ദസ്മിതം പൊഴിക്കുന്ന മുഖവും കൂടിചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു അന്തരീക്ഷമുണ്ട് ക്രിസ്തുമസ്സ് കാലത്ത്. ലോകം മുഴുവനും അനുഗ്രഹവും ആനന്ദവും മാത്രമാണ് ആ സാന്നിദ്ധ്യത്തിന്റെ പ്രത്യേകത.

ക്രിസ്തുമസ്സിനെ കുറിച്ചുള്ള ബാല്യസ്മരണകളില്‍ പച്ചയായി നല്ക്കുന്നത് ചുവന്ന നെടുനീളന്‍ പട്ടുടുപ്പും തലയില്‍ തൊപ്പിയും കയ്യില്‍ ബലൂണുകള്‍ തൂക്കിയ വടിയും നരച്ചു നീണ്ട താടിയും തോളത്തെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി കരോള്‍ ഗാനത്തിന്റെ താളത്തിനൊത്ത് തുള്ളുന്ന സുന്ദരന്‍ അപ്പൂപ്പനാണ്. ക്രിസ്മസ് പപ്പയെ ആദ്യം ഭയത്തോടും പിന്നെ കൗതുകത്തോടെയും നോക്കി നിന്നിട്ടുണ്ട്. ക്രിസ്മസ് ദിനത്തില്‍ സാന്താക്ലോസ് സമ്മാനങ്ങളുമായി വരും. കയ്യില്‍ ഒരു നീളന്‍ ലിസ്റ്റും. കുരുത്തക്കേട് കാണിക്കാത്ത നല്ല കുട്ടികളുടെ ലിസ്റ്റാണ് അത്. സമ്മാനം കുറുമ്പന്മാര്‍ക്കില്ല.

പിന്നീട് വായിച്ചു, നാലാം നൂറ്റാണ്ടിലെ ഏഷ്യ മൈനറിലെ മീറയില്‍ ജീവിച്ചിരുന്ന വിശുദ്ധനായ ബിഷപ്പ് നിക്കോളാസിന്റെ ഓര്‍മ്മയാണ് ‘ക്രിസ്മസ് ഫാദര്‍’, ‘സാന്താക്ലോസ്’ എന്നൊക്കെ വിളിക്കപ്പെടുന്ന ഈ അപ്പൂപ്പനായി രൂപം കൊണ്ടതെന്ന്. പാവപ്പെട്ടവര്‍ക്ക് രഹസ്യത്തില്‍ സമ്മാനങ്ങള്‍ എത്തിച്ചു കൊടുത്തിരുന്ന ദയാശീലനായ നിക്കോളാസ് ഡയോക്ലീഫന്റെ മതപീഢനകാലത്ത് നാടുകടത്തപ്പെട്ടു. ഡിസംബര്‍ 6 നിക്കോളാസിന്റെ തിരുനാളാണ്. സാന്താക്ലോസിനെ അറിയുന്നവര്‍ക്ക് വിശുദ്ധ നിക്കോളാസ്സിനെ അറിയില്ല. അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കട്ടെ.

ജന്മദിനാഘോഷത്തെക്കുറിച്ചുള്ള കുഞ്ഞിന്റെ പ്രധാന ആകാംക്ഷ ഡാഡിയും മമ്മിയും എന്ത് ഗിഫ്റ്റ് നല്കും എന്നുള്ളതാണ്. വിവാഹ വാര്‍ഷികത്തില്‍ പങ്കാളി നല്കുന്ന കുഞ്ഞുസമ്മാനം പോലും ദമ്പതികളുടെ മനസ്സില് സ്‌നേഹത്തിന്റെ തിരയിളക്കം സൃഷ്ടിക്കും. മത്സരത്തില്‍ ജയിച്ചു ആരവങ്ങളുടെ മധ്യേ സമ്മാനമുയര്‍ത്തിപ്പിടിച്ചു നില്ക്കുമ്പോള്‍ സാഫല്യമായി. ഓരോ സമ്മാനച്ചെപ്പിലും നിറഞ്ഞുനില്ക്കുന്നത് നല്കുന്ന ആളിന്റെ സ്‌നേഹവും വികാരങ്ങളും ഓര്‍മ്മകളും അംഗീകാരവും പ്രോത്സാഹനവുമൊക്കെയാണ്.

ക്രിസ്മസ്സും സാന്താക്ലോസ്സും ഒരു ഓര്‍മ്മയാണ്. ഒരു ഓര്‍മ്മപ്പെടുത്തലാണ്. നിനക്ക് കിട്ടിയ ഒരു സമ്മാനത്തെക്കുറിച്ച് – നീ ആരുടെയോ സമ്മാനമാണെന്ന്, നീ നല്‌കേണ്ട സമ്മാനത്തെക്കുറിച്ചും. സ്‌നേഹത്താല്‍ വീര്‍പ്പുമുട്ടിയ ഒരു പിതാവിന്റെ സമ്മാനദാനമാണ് ബെത്‌ലഹേലമില് കണ്ടത്. ആകര്‍ഷകമായ സമ്മാന ചെപ്പിലല്ല, കാലിത്തൊഴുത്തില്‍.

ക്രിസ്തുഗാഥയില്‍ ഉലകംതറ എഴുതി: അന്നമായ് മന്നിനു തന്നുടല്‍ നല്കിയോന്‍ – വന്നു പിറന്നു മൃഗത്തിന്മേല്‍

സമ്മാനം നല്കുന്നവനും സമ്മാനവും ഒന്നുതന്നെയാവുന്ന അത്യപൂര്‍വ്വത. സമ്മാനം സ്വീകരിക്കുന്നവരുടെ ആകാംക്ഷയും ആനന്ദവും സാഫല്യവും ഇടയന്മാരുടെ ഹൃദയത്തില്‍. ”ഈ മഹത്തായ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു” (ലൂക്കാ 2:10).

ഇറ്റലിയിലെ ഒരു പള്ളിയില്‍ കുര്‍ബാനയ്ക്കു ശേഷം അന്നുപയോഗിച്ച കാസ വികാരിയച്ചന്‍ ഭംഗിയുള്ള ചെപ്പിലാക്കി മറ്റു കാസാകളുടെ കൂട്ടത്തില്‍നിന്ന് മാറ്റി കരുതലോടെ വയ്ക്കുന്നത് കണ്ട കൂടെയുണ്ടായിരുന്ന മലയാളി വൈദികന്‍, പ്രത്യേക ആകര്‍ഷണീയതയൊന്നും ആ കാസക്ക് കാണാത്തതു കൊണ്ട് ആകാംക്ഷയോടെ കാരണം ചോദിച്ചു. ഉത്തരം ഇതായിരുന്നു: ”ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ ഇവിടുത്തെ കത്ത്രീഡലില്‍ കുര്‍ബാന അര്‍പ്പിച്ചപ്പോള്‍ ഉപയോഗിച്ച കാസായാണിത്. ” സമ്മാനത്തിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് നല്കുന്ന ആളിന്റെ മഹത്ത്വമാണ്, സ്പര്‍ശനമാണ്, സ്‌നേഹമാണ്.

അന്ധനായും വികലാംഗനായും ഒക്കെ പിറക്കുന്ന കുഞ്ഞിനേയും വാരിപ്പുണരുന്ന അമ്മയും, കല്‍ക്കട്ടയിലെ തെരുവോരങ്ങളില്‍ മനുഷ്യക്കോലങ്ങളെ പെറുക്കി നടന്ന മദര്‍ തെരേസയും, ദാമ്പത്യത്തിന്റെ ആനന്ദം ആവോളും നുകരുന്നതിനു മുന്‍പ് അപകടത്തില്‍പ്പെട്ടു തളര്‍ന്നുപോയ ഭര്‍ത്താവിന്റെ കിടക്കക്കരുകില്‍ നിന്ന് വിട്ടുമാറാതെ വര്‍ഷങ്ങളായി ശുശ്രൂഷിക്കുന്ന ഭാര്യയും നല്കുന്ന സന്ദേശമെന്താണ്? രാഷ്ട്രീയത്തിന്റെ പേരില്‍ നാടിനെ ചോരക്കളമാക്കി രക്തസാക്ഷികളെ സൃഷ്ടിക്കുന്നവരും, കശാപ്പുകാരന്റെ പോലും മനസ്സാക്ഷി ഇല്ലാത്ത ക്വൊട്ടേഷന്‍ സംഘങ്ങളും ഉദരത്തിലുരുവായ ജീവനെ വെയിസ്റ്റു ബക്കറ്റില്‍ തള്ളുന്നവരും, മകളെ പെണ്‍വാണിഭക്കാര്‍ക്ക് വില്ക്കുന്ന അപ്പനും അഞ്ചുവയസ്സുകാരിയുടെ മേല് കാമഭ്രാന്ത് തീര്‍ക്കുന്ന അറുപതുകാരനും മറന്നു പോകുന്നതെന്താണ്? ഞാനും നീയും സമ്മാനങ്ങളാണെന്ന്. ഭൂമിയില്‍ പിറന്നു വീഴുന്ന ഓരോ ശിശുവും ജീവിത പങ്കാളിയും, മാതാപിതാക്കളും അയല്ക്കാരനും സമ്മാനങ്ങളാണെന്ന്. നല്കിയവന്റെ ഛായ പതിഞ്ഞ സമ്മാനങ്ങള്‍.

സമ്മാനം സ്വീകരിച്ചിട്ടു തന്നവനെ മറക്കുന്നത് നന്ദിയില്ലായ്മയാണ്. സമ്മാനം നശിപ്പിക്കുന്നത് അഹങ്കാരമാണ്. ഒരിക്കലും ആര്‍ക്കും ഒന്നും സമ്മാനിക്കാത്തത് സ്വാര്‍ത്ഥതയാണ്. സമ്മാനം സ്വീകരിക്കുന്നവര്‍ അത് നല്കുന്നതിന്റെ ആനന്ദവും അറിയണം.

കൂടയിലെ സമ്മാനങ്ങള്‍ തീരുന്നതുവരെ കൊടുക്കാന്‍… എല്ലാം കൊടുത്തു കഴിയുമ്പോള്‍ ഒരാത്മസംതൃപ്തി, സ്വീകരിച്ചവരുടെ ആനന്ദം, പുഞ്ചിരിക്കുന്ന മുഖങ്ങള്‍… ആഘോഷമാണ്. സാന്താക്ലോസിന്റെ നൃത്തം.. ആനന്ദത്തിന്റെ പാരമ്യത്തിലല്ലേ നൃത്തം ഉണ്ടാകുന്നത്! മക്കള്‍ക്കു വേണ്ടി ആരോഗ്യവും ജീവിതവും എരിഞ്ഞു തീരുന്നതിന്റെ, ജീവിത പങ്കാളിക്കുവേണ്ടി, കുടുംബത്തിനുവേണ്ടി ഇല്ലാതാകുന്നതിന്റെ ആനന്ദനൃത്തം സ്വാര്‍ത്ഥത ഇല്ലാത്ത ഹൃദയങ്ങളിലുണ്ടാവും.

ബേത്‌ലഹേമിലെ ശിശു പിതാവിന്റെ സമ്മാനമാണ്. അവന്‍ വളര്‍ന്നു, സമ്മാനങ്ങള്‍ വാരിവിതറി. വചനമായും കരുണയായും സൗഖ്യമായും. പിന്നെ ശരീരവും രക്തവും. തിരികെ പോരുമ്പോള്‍ പറഞ്ഞു, ചെന്നു കഴിയുമ്പോള്‍ മറ്റൊരു സമ്മാനം അയയ്ക്കാമെന്നും. ക്രിസ്മസ് അവന്റെ ദിവസമാണ്.

സാന്തക്ലോസ് ഒരു സാങ്കല്പിക കഥാപാത്രമാണ്. ക്രിസ്തുവാകട്ടെ, ചരിത്രത്തില്‍ ജനിച്ചവന്‍. ഒരാള്‍ വര്‍ഷത്തില്‍ ഒരിക്കലേ വരൂ. ക്രിസ്തുവാകട്ടെ, എപ്പോഴും കൂടെയുണ്ട്. ഒരാള്‍ ലിസ്റ്റുമായി വരുന്നു, നല്ലവരുടെ മാത്രം പേരുള്ള ലിസ്റ്റ്. ക്രിസ്തുവിന്റെ കയ്യില്‍ ലിസ്റ്റില്ല. അവന്‍ എല്ലാവര്‍ക്കും വേണ്ടിയാണ്, എല്ലാവരുടേതുമാണ്. മറക്കാതിരിക്കാം, നിനക്കു ലഭിച്ചതില്‍ വിലകൂടിയ സമ്മാനം അവന്‍ തന്നെ. നീ നല്‌കേണ്ട സമ്മാനവും അവന്‍ തന്നെ.

ഫാ. പ്രിന്‍സ് പുത്തന്‍പുരയ്ക്കല്‍ വി.സി.

പ്രാര്‍ത്ഥന:
ദൈവമേ, ക്രിസ്തുമസ് ദിനം കൂടുതല്‍ സന്തോഷകരമാക്കാനാണല്ലോ സാന്താക്ലോസിന്റെ വരവ്. ആ രൂപവും ഭാവവും കാണുമ്പോള്‍ ഞങ്ങള്‍ ആനന്ദിക്കുന്നു. സങ്കടകരമായ ഒരു ചിന്ത പോലും സാന്താക്ലോസ് നല്‍കുന്നില്ല. സാന്താക്ലോസിന്റെ സാന്നിദ്ധ്യം ഏവര്‍ക്കും സന്തോഷം നല്‍കുന്നതുപോലെ എന്റെ സാന്നിദ്ധ്യം മറ്റുള്ളവര്‍ക്ക് സന്തോഷം നല്‍കുന്നതിനായി എന്റെ ജീവിതം ക്രമീകരിക്കാന്‍ എന്നെ ബലപ്പെടുത്തേണമേ…

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.