ടോം അച്ചനായി രാമപുരം കാത്തിരിക്കുന്നു

കോട്ടയം: രാമപുരം കാത്തിരിക്കുകയാണ്, ടോം അച്ചന്‍ സ്വന്തം മണ്ണില്‍ തിരികെയെത്തുന്ന നിമിഷത്തിനു വേണ്ടി. രാമപുരം ഗ്രാമവും സെന്റ് അഗസ്റ്റിന്‍സ് ഇടവകയും അച്ചനെ വരവേല്‍ക്കാന്‍ കൊടിതോരണങ്ങള്‍, പേപ്പല്‍ പതാക, മുത്തുക്കുട, വാദ്യമേളം തുടങ്ങിയവ ഒരുക്കുന്നതിന്റെ തിരക്കിലാണ്.

മാതൃദീപ്തി, മിഷന്‍ലീഗ് അംഗങ്ങള്‍ വിപുലമായ തയ്യാറെടുപ്പാണ് നടത്തുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഉഴുന്നാലിലച്ചന്‍ രാമപുരം ജംഗ്ഷനിലെത്തും. ജനിച്ചതു മുതല്‍ സ്‌കൂള്‍ പഠനവും ആത്മീയ പരിശീലനവും നല്‍കിയ രാമപുരം ജാതിമത ഭേദമന്യെ ഒന്നായി സ്വീകരണത്തില്‍ പങ്കുചേരും.

ആറിന് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ മാര്‍ ജേക്കബ് മുരിക്കന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് പാരീഷ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മാര്‍ ജേക്കബ് മുരിക്കന്‍, വികാരി റവ.ഡോ.ജോര്‍ജ് ഞാറക്കുന്നേല്‍, റവ.ഡോ.അഗസ്റ്റിന്‍ കൂട്ടിയാനി, വിന്‍സെന്റ് കുരിശുംമൂട്ടില്‍, ജോണ്‍ കച്ചിറമറ്റം എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഫാ. ടോം മറുപടി പ്രസംഗം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.