യുവജനങ്ങളുടെ കൂട്ടുകാരന്‍: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയും യുവജനങ്ങളും

കത്തോലിക്കാ സഭയുടെ ഭാവി വിശുദ്ധരായ യുവജനങ്ങളുടെ കയ്യിലാണെന്നു വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു ബെനഡിക്ട് പതിനാറാമൻ പാപ്പാ. മനസ്സിൽ എപ്പോഴും യുവത്വം കാത്തുസൂക്ഷിക്കാനും യുവജനങ്ങളെ ഏറെ സ്നേഹിക്കാനും സഭയോട് ചേർത്തുനിർത്താനും അദ്ദേഹത്തിനു കഴിഞ്ഞു.

ഫ്രാൻസ് സന്ദർശനവേളയിൽ ബെനഡിക്ട് മാർപ്പാപ്പ ഒരിക്കൽ പ്രസിഡന്റ് നിക്കോളാസ് സർക്കോസിയോട് ഇപ്രകാരം പറഞ്ഞു. “ചെറുപ്പക്കാരോടാണ് എനിക്ക് ഏറ്റവും താത്പര്യം.” ഈ വാക്കുകളില്‍ നിറഞ്ഞുനിന്നത് യുവതലമുറയോടുള്ള സ്നേഹവും അവരെക്കുറിച്ചുള്ള പ്രതീക്ഷകളുമായിരുന്നു.

അദ്ദേഹം മാർപാപ്പയായിരുന്ന കാലത്ത് ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ തുടങ്ങിയ പുതിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് മാധ്യമങ്ങളിലൂടെ യുവജനങ്ങളിൽ  എത്തിച്ചേരുവാന്‍ പരിശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ പല അന്താരാഷ്ട്ര സന്ദർശനങ്ങളിലും ബ്രസീൽ, കാമറൂൺ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ് എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിലെ ചെറുപ്പക്കാരുമായി പ്രത്യേക മീറ്റിംഗുകൾ നടത്തുകയും  ചെയ്തിട്ടുണ്ട്. ഇവയെല്ലാം അദ്ദേഹം യുവജനങ്ങളോട് കാട്ടിയിരുന്ന പ്രത്യേക പരിഗണനയെ എടുത്ത് കാണിക്കുന്നതാണ്.

ലോക യുവജന ദിനങ്ങളിലെ വലിയ ഇടയന്റെ സാന്നിധ്യം

യുവാക്കളിലേക്ക് എത്തിച്ചേരാനുള്ള ബെനഡിക്ട് പാപ്പായുടെ ശ്രമങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ലോക യുവജന ദിനത്തിലെ അദ്ദേഹത്തിന്റെ സാന്നിധ്യമാണ്. 2005 – ലെ തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ബെനഡിക്ട് മാർപ്പാപ്പ തന്റെ ആദ്യത്തെ ലോക യുവജനദിനത്തിനായി ജർമ്മനിയിലെ കൊളോണിലേക്ക് പോയി. അവിടെ വച്ച് 25 ലക്ഷത്തോളം ചെറുപ്പക്കാരെ അഭിസംബോധന ചെയ്തു.

2008 ജൂലെ 15 മുതൽ 20 വരെ ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന ലോക യുവജന ദിനത്തിന്റെ തീം, “പരിശുദ്ധാത്മാവ് നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾക്ക് ശക്തി പ്രാപിക്കും. നിങ്ങൾ എന്റെ സാക്ഷികളാകും” എന്നതായിരുന്നു. ബെനഡിക്‌ട്‌ പതിനാറാമൻ പാപ്പായുടെ പ്രഥമ ഓസ്‌ട്രേലിയൻ പര്യടനമായിരുന്നു അത്‌. പതിനാലാം തീയതി ഓസ്‌ട്രേലിയയിൽ എത്തിയ അദ്ദേഹം പതിനേഴാം തീയതിയാണ്‌ വേൾഡ്‌ യൂത്ത്‌ ഡേ വേദിയിൽ പ്രത്യക്ഷപ്പെട്ടത്‌. ആ ദിവസത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ‘സൂപ്പർ തേസ്‌ഡേ’ എന്നാണ്. കാരണം അവർക്ക് അത്രമേൽ പ്രധാനപ്പെട്ടതായിരുന്നു ആ ദിവസം. സിഡ്നിയുടെ റേസ്‌ട്രാക്കിൽ ഒത്തുകൂടിയ 300,000-ത്തിലധികം ചെറുപ്പക്കാരെ അഭിസംബോധന ചെയ്തു.

തുടർന്ന്, ബറാംഗാരുവിൽ 170 രാജ്യങ്ങളിൽനിന്നുള്ള യുവതീയുവാക്കൾ അണിനിരന്ന പൊതു ചടങ്ങിൽ അദ്ദേഹം പങ്കെടുത്തു. ജൂലൈ 18 വെള്ളിയാഴ്‌ച്ച നടന്ന കുരിശിൻറെ വഴിയുടെ പുനരാവിഷ്‌കാരത്തിനും അദ്ദേഹം സാക്ഷിയായി. ഇരുപതാം തീയതി‌ ഞായറാഴ്‌ച്ച റാൻഡ്‌വിക്‌ റേസ്‌കോഴ്‌സിൽ മാർപ്പാപ്പയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന സമാപന ദിവ്യബലിയിൽ നാലു ലക്ഷത്തിലേറെ ആളുകൾ പങ്കെടുത്തു. ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ ഏറ്റവുമധികം വിശ്വാസികൾ പങ്കെടുത്ത വിശുദ്ധ കുർബാനയാണിത്.

സ്നേഹത്തിന് സാക്ഷ്യം വഹിക്കുവാൻ യുവജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. ആധുനിക കാലം ഉയർത്തുന്ന വെല്ലുവിളികളേയും വ്യാപകമായിക്കൊണ്ടിരിക്കുന്ന വിശ്വാസത്തിന്റെ കുറവിനേയും അതിജീവിച്ച്‌ വിശ്വാസം നിലനിർത്താൻ ജാഗ്രത പുലർത്തണമെന്ന്‌ അദ്ദേഹം യുവജനങ്ങളോട് അഭ്യർത്ഥിച്ചു.

അന്ന് വാക്കിലൂടെ മാത്രമല്ല, പ്രവർത്തിയിലൂടെയും പാപ്പാ വ്യത്യസ്തനായി. അമേരിക്കയിലും  ഓസ്‌ട്രേലിയയിലും വൈദികരുടെ ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അദ്ദേഹം ക്ഷമാപണം നടത്തി. “പീഡനത്തിന്‌ ഇരകളായവരോട്‌ ഞാൻ മാപ്പു ചോദിക്കുന്നു. അവരുടെ ഇടയനെന്ന നിലയിൽ അവരുടെ വേദനയിൽ ഞാനും പങ്കുചേരുന്നു” – പാപ്പാ വേദനയോടെ പറഞ്ഞു. പീഡനങ്ങൾക്ക് ഇരകളായ രണ്ട് ആൺകുട്ടികളേയും രണ്ടു പെൺകുട്ടികളേയും അദ്ദേഹം വത്തിക്കാനിലേക്ക് മടങ്ങും മുമ്പ്  സിഡ്നി സെൻറ് മേരീസ് കത്തീഡ്രലിൽവെച്ച് നേരിൽ കണ്ടു സംസാരിച്ചു.

യുവജനങ്ങളുടെ ഭാഷയറിയാവുന്ന, അവരുടെ ഹൃദയമിടിപ്പ് മനസിലാക്കുന്ന പാപ്പാ. അതായിരുന്നു ബെനഡിക്ട് പതിനാറാമൻ പാപ്പാ. അവരോട് സംവദിക്കാനും നേരിൽക്കണ്ട് സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി. വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും അദ്ദേഹം യുവജനങ്ങളുടെ ഹൃദയങ്ങൾ കീഴടക്കിയ ദീർഘദർശിയായിരുന്നു അദ്ദേഹം.

മരിയ ജോസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.