ഈസ്റ്റർ ദിനത്തിൽ ഒൻപത് കോപ്റ്റിക് ക്രൈസ്തവരെ ജയിൽ മോചിതരാക്കി ഈജിപ്ഷ്യൻ സർക്കാർ

ഈസ്റ്റർ ദിനമായ ഏപ്രിൽ 24- ന് ഒൻപത് കോപ്റ്റിക് ക്രൈസ്തവരെ ജയിൽ മോചിതരാക്കി ഈജിപ്ഷ്യൻ സർക്കാർ. ദേവാലയത്തിന്റെ പുനർനിർമ്മാണത്തിനുള്ള അനുവാദം വൈകിപ്പിച്ചതിൽ പ്രതിഷേധിച്ചതിന് മൂന്ന് മാസമായി ഇവർ ജയിലിലായിരുന്നു.

എസ്ബെറ്റ് ഫറഗല്ല ഗ്രാമത്തിലെ ഒരേയൊരു ദേവാലയം 2016- ൽ തീപിടുത്തത്തിൽ നശിച്ചിരുന്നു. 2021 ജൂലൈയിൽ ദേവാലയകെട്ടിടം പൊളിക്കുന്നതിന് ഈജിപ്ഷ്യൻ അധികാരികളിൽ നിന്ന് സഭാ അധികാരികൾക്ക് അനുമതി ലഭിക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്തു. എന്നാൽ, പുനർനിർമാണത്തിന് അധികൃതർ ഇതുവരെ അനുമതി നൽകിയില്ല. തുടർന്ന് 2022 ജനുവരിയിൽ, സെന്റ് ജോസഫ് ആൻഡ് അബു സെഫീൻ ദേവാലയത്തിന്റെ അധീകൃതർ ദേവാലയം പുനർനിർമിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ചു. തത്‌ഫലമായി ഒമ്പത് കോപ്റ്റിക് ക്രൈസ്തവർ ഫെബ്രുവരിയിൽ അറസ്റ്റിലാവുകയായിരുന്നു.

ഈജിപ്തിലെ ഇസ്ലാം മതം ഒഴികെയുള്ള മറ്റ് മതങ്ങളുടെ ആരാധനാ മാർഗ്ഗനിർദ്ദേശങ്ങളും 2016- ലെ 60-ാം നമ്പർ ചർച്ച് ബിൽഡിംഗ് നിയമവും അനുസരിച്ച്, എല്ലാ ദേവാലയങ്ങളും നിർമ്മാണ, പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഈജിപ്ഷ്യൻ സർക്കാരിൽ നിന്ന് പ്രത്യേക അനുമതി എടുക്കണം. അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ നാല് മാസമാണ് സർക്കാരിന് തീരുമാനമെടുക്കാനുള്ള കാലയളവ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.