പ്രേഷിതാഭിമുഖ്യം മലങ്കര സുറിയാനി കത്തോലിക്കാസഭയില്‍ – 2

സുവിശേഷ വെളിച്ചം തലമുറകളിലേയ്ക്ക്,  മലങ്കര സുറിയാനി കത്തോലിക്കാസഭ കൈമാറ്റം ചെയ്യുന്നരീതിയെക്കുറിച്ചുള്ള തുടര്‍ ലേഖനം. ഡോ. മാത്യു ചാര്‍ത്താക്കുഴിയില്‍ എഴുതുന്നു; രണ്ടാം ഭാഗം.

1. സംസ്‌ക്കാരത്തില്‍ ഭാരതീയം

അതിസമ്പന്നവും വൈവിധ്യം നിറഞ്ഞതുമായ ഭാരതീയ സംസ്‌ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന സഭയാണ് മലങ്കര സുറിയാനി കത്തോലിക്കാ സഭ. ഹിന്ദുമതവും, ബുദ്ധമതവും, ജൈനമതവും, സിക്കുമതവും ലോകത്തിനു ഭാരതത്തിന്റെ സംഭാവനയാണ്. ക്രിസ്തുമതവും ഇസ്ലാം മതവും അതിന്റെ ഉത്ഭവകാലത്തു തന്നെ ഭാരതത്തില്‍ വേരുറപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഭാരതത്തില്‍ ദീര്‍ഘനാളത്തെ ചരിത്രത്തിന്റെ വേരുകളുള്ള മതമാണ് ജൂതമതം. ഭാരതീയ സംസ്‌ക്കാരത്തെ ഏതെങ്കിലും മതത്തിന്റെ മാത്രമായോ, ഏതെങ്കിലും മതത്തെ ഇതില്‍ നിന്നൊഴിവാക്കിയോ മനസിലാക്കാന്‍ സാധിക്കില്ല. വിവിധ മതങ്ങളും, ഭാഷയും, വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയും എല്ലാം ചേര്‍ന്നതാണ് ഭാരതസംസ്‌ക്കാരം രൂപപ്പെട്ടിരിക്കുന്നത്. ”നാനാത്വത്തിലെ ഏകത്വ”മെന്ന ഭാരതസംസ്‌ക്കാരത്തിന്റെ സമ്പന്നത തിരിച്ചറിയാതെയുള്ള സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കു ഇവിടെ നിലനില്‍ക്കാനും സാധിക്കില്ല.

മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പ്രേഷിത പ്രവര്‍ത്തന ശൈലി, ഭാരതസംസ്‌ക്കാരത്തിനനുരൂപമായ രീതിയിലാണ്. സംസ്‌ക്കാരിക അനുരൂപണത്തിലൂടെ മാത്രമേ ഭാരതജനതയ്ക്ക് യേശുവിനെ തിരിച്ചറിയാനും ഉള്‍ക്കൊള്ളാനും സാധിക്കൂ എന്ന് ദൈവദാസന്‍ മാര്‍ ഈവാനിയോസ് തിരിച്ചറിഞ്ഞിരുന്നു. പാശ്ചാത്യസംസ്‌ക്കാരത്തില്‍ നിന്നും ”വൈദേശികനായ” ഒരു യേശുവിനെ ഇവിടെ പറിച്ചു നടുന്നതിനു പകരം ഭാരതസംസ്‌ക്കാരത്തിലുള്ള ക്രിസ്തീയ അംശങ്ങളെ കണ്ടെത്തി അവിടെ യേശുവിനെ സന്നിവേശിപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. താന്‍ സ്ഥാപിച്ച ബഥനി സന്യാസ-സന്യാസിനീ സമൂഹങ്ങളുടെ ഔദ്യോഗിക വസ്ത്രമായി പിതാവു സ്വീകരിച്ചത് ഭാരതീയ സന്യാസത്തിന്റെ പ്രതീകമായ കാവിവസ്ത്രമായിരുന്നു. വസ്ത്രധാരണത്തില്‍ തിരഞ്ഞെടുത്ത ലാളിത്യവും സേവന സന്നദ്ധതയും ജീവിതരീതിയിലും കാട്ടിയിരുന്നു. അഹിംസാ തത്വങ്ങളിലധിഷ്ഠിതമായ സസ്യാഹാരരീതി ബഥനിയുടെ നിയമസംഹിതയുടെ ഭാഗമായിരുന്നു.

ബഥനി മെത്രാപ്പോലീത്തയായി അഭിഷിക്തനായ അവസരത്തില്‍ സംസ്‌ക്കാരികാനുരൂപണത്തെക്കുറിച്ചു അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു. ”ഈ ഭാരതഭൂമിയില്‍ ഏകദേശം പത്തൊന്‍പതു ശതവര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്തുമതം സ്ഥാപിച്ചതായി നാം അഭിമാനിക്കുന്നുണ്ടല്ലോ. ഇതു ദീര്‍ഘകാലമായിട്ടും നമ്മുടെ ക്രിസ്ത്യാനിത്വം പല വിഷയങ്ങളില്‍ കേവലം പാരദേശീകമായിട്ടാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. സ്വദേശീയമായ അവസ്ഥ ക്രിസ്തുമതത്തിനു വരാത്ത കാലത്തോളം ഭാരതഭൂഖണ്ഡത്തിലുള്ള ജനങ്ങളെ യേശു ക്രിസ്തുവിലേയ്ക്കു കൊണ്ടുവരിക പ്രയാസമാണ്. പുരാതനമായ ക്രിസ്തീയ സഭയുടെ അപ്പസ്‌തോലികവും, കാതോലികവുമായ അടിസ്ഥാന തത്വങ്ങള്‍ക്കു ലവലേശം പോലും ഭേദം വരുത്താതെ ക്രിസ്തുമതത്തെ ഭാരതത്തില്‍ സ്വദേശീയമാക്കി ചെയ്‌വാന്‍ സാധിക്കും. അങ്ങനെ സാധിക്കേണ്ടതുമാണ്.”

ബല്‍ജിയന്‍ സന്യാസി ആയിരുന്ന ഫ്രാന്‍സിസ് ആചാര്യ (1912-2002) ഭാരതം തന്റെ പ്രവര്‍ത്തനമണ്ഡലമായി തിരഞ്ഞെടുത്തപ്പോള്‍ മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ ആരാധനാരീതികളനുസരിച്ച് സന്യാസം ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. കേരളത്തിലെ വാഗമണ്‍-കുരിശുമലയിലുള്ള ഭാരതസന്യാസത്തിലധിഷ്ഠിതമായ ആശ്രമജീവിതത്തില്‍ ആകൃഷ്ടരായി അനേകായിരങ്ങളാണ് ആശ്വാസത്തിനായി എത്തുന്നത്. വസ്ത്രധാരണത്തിലും, ഭക്ഷണരീതികളിലും, ഭാഷയിലും, ജീവിതശൈലിയിലും, സാസ്‌കാരികാനുരൂപണം വിജയകരമായി നടപ്പാക്കിയ മലങ്കരയുടെ ഭാരതത്തിനുള്ള മാതൃകയാണ് കുരിശുമല ആശ്രമം.

(തുടരും)

ഡോ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.