ജിംഗിൽ ബെൽസ് 4 നിലാവ്

ഫാ. അജോ രാമച്ചനാട്ട്

നിലാവ് എല്ലാം അറിയുന്നുണ്ടായിരുന്നു !
എല്ലാം കാണുന്നുണ്ടായിരുന്നു ..
എല്ലാത്തിനും സാക്ഷിയായിരുന്നു ..

നിലാവറിഞ്ഞു…

അരിപ്രാവിനേക്കാൾ വെണ്മയുള്ള ഒരു പെൺകുട്ടിയുടെ അടുത്തേക്ക് ഗബ്രിയേൽ ദൂതൻ ചിറകടിച്ച് ഇറങ്ങിയതും… പുരുഷസ്പർശനം ഇല്ലാതെ ആ പെണ്ണിൻറെ ഉദരം ജീവൻറെ തുടിപ്പറിഞ്ഞതും… തുടർന്ന് അവൾ അനുഭവിച്ച ആന്തരിക സംഘർഷങ്ങളും… ദൈവത്തോട് മൽസരിക്കാൻ കഴിയാത്ത ജോസഫിന്റെ ഉറക്കമില്ലാത്ത രാവുകളും… അവരുടെ പരിണയവും പ്രണയവും ജീവിതവും… അടക്കം പറച്ചിലുകളും ആശ്വസിപ്പിക്കലുകളും… എല്ലാം !

നിലാവ് അറിയുന്നുണ്ടായിരുന്നു…

കണക്ക് കൊടുക്കാൻ പോയതും സത്രത്തിൽ നിന്ന് നൊമ്പരപ്പെട്ട് തിരികെ ഇറങ്ങിയതും മരണവേദനയേക്കാൾ കഠിനമായ ഈറ്റുനോവിന്റെ തീവ്രതയിൽ അവളേക്കാൾ ഉച്ചത്തിൽ അവൻ കരഞ്ഞതും അലഞ്ഞലഞ്ഞ് തളർന്നതും ചാണകം മണക്കുന്ന കാലിക്കൂട്ടിൽ ചങ്കു പൊട്ടിക്കൊണ്ട് പേറെടുത്തതും ഇടയന്മാരും കാലികളും സ്നേഹമൂട്ടിയതും മരണ ഭയത്താൽ വീണ്ടും ഇരുളിൽ ഈജിപ്തിലേയ്ക്ക് ഇറങ്ങി ഓടിയതും !

ആ നിലാവ് എന്തായിരുന്നു എന്നറിയാമോ?

അദൃശ്യനായ ദൈവത്തിൻറെ ഹൃദയത്തിലെ വാത്സല്യവും കരുതലും ആയിരുന്നു ആ നിലാവ്. എല്ലാം കണ്ടും കേട്ടും അറിഞ്ഞും ആശ്വസിപ്പിച്ചും ശക്തിപ്പെടുത്തിയും കൂടെയുണ്ടായിരുന്ന ദൈവത്തിൻറെ കരുതൽ. അല്ലെങ്കിൽ, മാലാഖയുടെ സ്വപ്ന വിവരണങ്ങളിൽ നിന്ന് തുടങ്ങിയ മറിയവും ജോസഫും നസ്രത്തിൽ ഒരു കുടുംബം രൂപപ്പെടുത്തുന്നത് വരെ നിലനിൽക്കുമായിരുന്നില്ല !

സുഹൃത്തേ, ഒന്നോർത്തു നോക്കിയാൽ ഇന്നോളമുള്ള എൻറെയും നിന്റെയും ജീവിതവഴികളിൽ എപ്പോഴാണ് ദൈവം കൂടെ നിന്ന് മാറി നിന്നിട്ടുള്ളത്?

അതിവൈകാരികതയുടെ ഉന്മാദം പൂണ്ട് ചിലപ്പോഴൊക്കെ നമ്മളും ചില ദശാസന്ധികളിൽ “ദൈവത്തിന്റെ ക്രൂരമായ മൗനത്തേക്കുറിച്ച്” വാചകകസർത്തുകൾ നടത്തിയിട്ടുണ്ട്, എന്നല്ലാതെ… Mea culpa, Mea culpa, Mea Maxima culpa.

ഫിലോസഫി പഠനശേഷം ആദ്യമായി കുട്ടികളുടെ ധ്യാനത്തിന് പാടാൻ കിട്ടിയ പാട്ട് ഇതായിരുന്നു – “നീ അറിയാതെ നിൻ നിഴലായി അരികിൽ വരും ദൈവം .. ”
അതാണ് സത്യം. അതു മാത്രമാണ് സത്യം.

ഏദൻതോട്ടത്തിന്റെ പുറത്തിരുന്ന് മുഖം പൊത്തിക്കരഞ്ഞ ആദാമിനെ പൊതിഞ്ഞ് ദൈവസ്നേഹത്തിന്റെ നിലാവ് ഉണ്ടായിരുന്നു ! രാജകോപത്തെ ഭയന്ന് തൻറെ കുഞ്ഞിനെ വെള്ളത്തിൽ ഒഴുക്കിവിട്ട യഹൂദ സ്ത്രീയുടെ കണ്ണീരിനും ഈജിപ്തിലെ കഠിനമായ അടിമത്തത്തിൽ നിന്നും ഉയർന്ന യഹൂദരുടെ നിലവിളികൾക്കും മീതെ തേങ്ങിക്കരഞ്ഞ് വെൺനിലാവു് ഉണ്ടായിരുന്നു ! അങ്ങ് മണൽക്കാട്ടിലെ അവരുടെ അലച്ചിലുകളും ഉലച്ചിലുകളും മുതൽ ഇങ്ങ് എമ്മാവൂസിലേക്കു നടന്നുപോയ ശിഷ്യരുടെ നെടുവീർപ്പുകൾ വരെ ഹൃദയഭരണിയിൽ പെറുക്കിസൂക്ഷിച്ച നിലാവിന്റെ കരുണ !

പറയാൻ ഏറെയുണ്ട്… നിർത്തുകയാണ്. എല്ലാറ്റിനും മൂകസാക്‌ഷിയായ നിലാവിന്റെ സാറ്റുകളി തുടരുന്നിടത്തോളം ഇനിയും ഈ മണ്ണിൽ തിരുക്കുടുംബങ്ങൾ ഉയിർകൊണ്ടേയിരിക്കും !

പ്രാർത്ഥനകൾ !

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.