സീറോ മലങ്കര ആഗസ്റ്റ് 29 മർക്കോ. 6: 21-29 വി. എവുപ്രാസിയ

ഇന്ന് ഭാരതസഭയുടെ വീരപുത്രിമാരിലൊരാളായ വി. എവുപ്രാസ്യാമ്മയുടെ തിരുനാളാണ്. താൻ അംഗമായ കർമ്മലീത്താ സന്ന്യാസ സഭ (സിഎംസി) സ്ഥാപിച്ച വി. ചാവറയച്ചനോടൊപ്പം 2014 നവംബർ 23 ന് വിശുദ്ധപദവിലേക്ക് ഉയർത്തപ്പെടാനുള്ള അപൂർവഭാഗ്യം ലഭിച്ചവൾ കൂടിയാണ് എവുപ്രാസ്യാമ്മ.

തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കാട്ടൂര്‍ ഗ്രാമത്തില്‍ 1877 ഒക്ടോബര്‍ 17 ന് എലുവത്തിങ്കല്‍ ചേര്‍പ്പുക്കാരന്‍ തറവാട്ടില്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും മൂത്തമകളായി റോസ ജനിക്കുന്നു. വീട്ടിലെ സമ്പന്നത ദൈവത്തെ സമ്പാദിക്കുന്നതിൽ തടസ്സമല്ലെന്ന് ചെറുപ്രായത്തിലേ അവൾ തിരിച്ചറിഞ്ഞു. മാരകമായ അസുഖം ബാധിച്ച കൊച്ചുറോസിന്, മാതാവിന്റെയും പിന്നീട് തിരുക്കുടുംബത്തിന്റെ ദർശനമുണ്ടായതായും അതുവഴി അവൾക്ക് പരിപൂർണ്ണ രോഗസൗഖ്യം ലഭിച്ചതായും പറയപ്പെടുന്നു. വീട്ടുകാരുടെ ആദ്യകാല എതിർപ്പുകളെ മറികടന്ന റോസ, അവരുടെ അനുവാദത്തോടെ കര്‍മ്മലീത്ത മഠത്തിൽ ചേർന്നു. അനാരോഗ്യം കാരണം പലപ്രാവശ്യം വീട്ടിൽ വിടാൻ പരിശ്രമിച്ചെങ്കിലും അപ്പോഴൊക്കെ അദ്ഭുതകരമായി സുഖം പ്രാപിച്ചിരുന്നു. പിന്നീട് പരിശീലനം പൂർത്തിയാക്കി 1900 മെയ് 24 ന് സന്ന്യാസിനിയായി വ്രതം സ്വീകരിക്കുന്നു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും വലിയ ലാളിത്യം പാലിക്കുന്നതിന് അമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഏതു ജോലിയും സന്തോഷത്തോടെയും പരാതി കൂടാതെയും ബഹളം വയ്ക്കാതെയും അതിന്റെ പൂർണ്ണതയിൽ ചെയ്യുന്നതിന് അവൾക്കു കഴിഞ്ഞിരുന്നു. ജീവിച്ചിരിക്കുമ്പോള്‍തന്നെ അനേകർക്ക് പ്രാര്‍ഥനയിലൂടെ ആശ്വാസവും സൗഖ്യവും സമാധാനവും വാങ്ങിനൽകാൻ പ്രാപ്‌തയായ എവുപ്രാസ്യാമ്മയെ ‘പ്രാർഥിക്കുന്ന അമ്മ’ എന്നാണ് ജനങ്ങൾ വിളിച്ചിരുന്നത്. മഠത്തിലെ ചാപ്പലിൽ അൾത്താരയിൽ എഴുന്നള്ളിച്ച വിശുദ്ധ കുർബാനയുടെ മുമ്പിൽ ആരാധനയ്ക്കായി മണിക്കൂറുകൾ അമ്മ ചിലവഴിച്ചിരുന്നു. തന്റെ ജീവിതം മുഴുവന്‍ കര്‍ത്താവിന്റെ മുമ്പില്‍ പ്രാർഥനയായി സമർപ്പിച്ച് അതിലൂടെ ദൈവത്തിന്റെ പുഞ്ചിരിക്കുന്ന മുഖവും സ്നേഹവും സഹോദരനു മുമ്പില്‍ പ്രകാശിപ്പിക്കുകയും ചെയ്ത ഈ വിശുദ്ധയെ ‘ഈശോയുടെ തിരുഹൃദയത്തിന്റെ എവുപ്രാസ്യ’ എന്നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്.

സമർപ്പിതജീവിതത്തിന്റെ ഉദാത്ത മാതൃകയാണ് എവുപ്രാസ്യാമ്മ. തന്റെ നീണ്ട സന്ന്യാസജീവിതം മുഴുവൻ മിക്കവാറും ഒരു മഠത്തിൽ തന്നെ ആയിരുന്നു. അവിടെയുള്ള ചെറിയ കാര്യങ്ങൾ വലിയ വിശ്വസ്തതയോടെ നിറവേറ്റി ലോകം മുഴുവൻ അറിയപ്പെടുന്ന വിശുദ്ധയായി അവൾ മാറി. അധികാരികളുടെ ചെറിയ നിർദേശങ്ങൾ പോലും അതിന്റെ പൂർണ്ണതയിൽ ഉൾക്കൊണ്ട് ഓരോ കാര്യവും ചെയ്യുന്നതിന് അമ്മ പരിശ്രമിച്ചിരുന്നു. സമർപ്പിതജീവിതം വലിയ വെല്ലുവിളികൾ നേരിടുന്ന സമയങ്ങളിലൊക്കെ നമുക്ക് മാതൃകയാക്കാവുന്ന വിശുദ്ധയും ആശ്രയിക്കാവുന്ന മധ്യസ്ഥയുമാണ് എവുപ്രാസ്യാമ്മ.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.