ആഗസ്റ്റ് 29: വിശുദ്ധ എവുപ്രസ്യാമ്മ

തികച്ചും സാധാരണവും ലളിതവുമായ ജീവിതം നയിച്ച്‌ വിശുദ്ധിയുടെ പടവുകള്‍ കീഴടക്കിയ സുകൃതിനിയാണ് എവുപ്രസ്യാമ്മ. കേരളത്തില്‍ തൃശൂർ ജില്ലയിലെ എടത്തുരുത്തിയില്‍ എലുവത്തിങ്കല്‍ അന്തോണിയുടെയും കുഞ്ഞേത്തിയുടെയും ഒൻപതു മക്കളില്‍ മൂത്തപുത്രിയായി 1877 ഒക്ടോബര്‍ 17-ാം തീയതി എവുപ്രാസ്യാ ജനിച്ചു.

എട്ടാം ദിവസം ശിശുവിന് ജ്ഞാനസ്‌നാനം നൽകപ്പെട്ടു. റോസ എന്നായിരുന്നു ജ്ഞാനസ്‌നാന നാമം. കുട്ടി, വീട്ടില്‍വച്ചു തന്നെ എഴുത്തും വായനയും അഭ്യസിച്ചു. പിന്നീട് സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി മാതാപിതാക്കള്‍ അവളെ കൂനമ്മാവ് മഠത്തിലേക്ക് അയച്ചു. ബോര്‍ഡിംഗിലായിരിക്കെ 1889 ല്‍ റോസയ്ക്ക് കഠിനമായ വാതരോഗം പിടിപ്പെട്ടു. ചികിത്സകള്‍ കൊണ്ട് പ്രയോജനമൊന്നും ഉണ്ടായില്ല. അതിനാല്‍ അവള്‍ക്ക് രോഗീലേപനം നൽകി. പെട്ടെന്ന് അപ്രതീക്ഷിതമായി അവളുടെ മുഖം പ്രസന്നമാവുകയും കിടക്കയില്‍ എഴുന്നേറ്റിരിക്കുകയും ചെയ്തു. എന്താണ് സംഭവിച്ചതെന്നറിയാന്‍ കന്യാസ്ത്രീകള്‍ ചുറ്റും കൂടി. അവള്‍ പുഞ്ചിരി തൂകുക മാത്രം ചെയ്തു. എന്നാല്‍, തിരുക്കുടുംബം തനിക്ക് ദര്‍ശനം നൽകിയതായും താന്‍ കന്യാസ്ത്രീയായി ദീര്‍ഘകാലം ജീവിച്ചിരിക്കുമെന്ന് പറഞ്ഞതായും മഠാധിപയ്ക്കു വെളിപ്പെടുത്തി.

1897 മെയ് പത്താം തീയതി, തൃശൂര്‍ മെത്രാന്‍ മാര്‍ ജോണ്‍ മേനാച്ചേരി, റോസ ഉള്‍പ്പെടെ ഒന്‍പത് അർഥിനികള്‍ക്ക് ശിരോവസ്ത്രം നൽകി. റോസ, എവുപ്രാസ്യാ എന്ന നാമധേയം സ്വീകരിച്ചു. 1898 ജനുവരി പത്താം തീയതി മേനാച്ചേരി മെത്രാനില്‍ നിന്നും മറ്റു 11 അര്‍ഥിനികളോടൊപ്പം എവുപ്രാസ്യാ സഭാവസ്ത്രം ഏറ്റുവാങ്ങി. ഭക്തിചൈതന്യവും സേവനതൽപരതയും കൊണ്ട് എവുപ്രാസ്യയെ അധികാരികള്‍ നവസന്യാസിനികളുടെ ഗുരുനാഥയെ സഹായിക്കാനും രോഗിണികളായ സഹോദരിമാരെ ശുശ്രൂഷിക്കാനും നിയോഗിച്ചു. അധികാരികള്‍ തനിക്കു നൽകിയ നിര്‍ദേശങ്ങളിലൂടെ എവുപ്രാസ്യാ, സദാ ദൈവനിയോഗം അറിഞ്ഞ് അനുവര്‍ത്തിക്കുകയാണ് ചെയ്തിരുന്നത്. 1904 ല്‍ നവസന്യാസിനികളുടെ മുഖ്യഗുരുനാഥയായി നിയമിക്കപ്പെട്ടു.

1913 ല്‍ മെത്രാന്‍ എവുപ്രാസ്യായെ ഒല്ലൂര്‍ മഠത്തിന്റെ അധിപയായി നിയമിച്ചു. ഭാരമേറിയ ആ ജോലിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് എവുപ്രാസ്യാ വിനയപൂര്‍വം അപേക്ഷിച്ചെങ്കിലും മെത്രാന്‍ സമ്മതിച്ചില്ല. അതിനാല്‍ ഈശ്വരഹിതത്തിനു വഴങ്ങി ചുമതല ഏറ്റെടുത്തു. ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഏറെ ഉണ്ടായിരുന്നിട്ടും എല്ലാ കാര്യങ്ങളിലും എവുപ്രാസ്യാ സകലര്‍ക്കും മാതൃകയായി വിളങ്ങിയിരുന്നു. ഏറെനാള്‍ കഴിയുന്നതിനു മുമ്പ് വാതരോഗവും അതിനോടു ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകളും വീണ്ടും എവുപ്രാസ്യായെ പിടികൂടി. അതിനാല്‍ 1916 ല്‍ അമ്മ മഠാധിപ പദത്തില്‍ നിന്നും വിമുക്തയായി. അതിനുശേഷം സദാ പ്രാര്‍ഥിനാനിരതയായി കഴിഞ്ഞു.

രോഗിയായിരുന്നിട്ടും മഠത്തിലെ മുറികള്‍ വൃത്തിയാക്കാനും മറ്റും ഉത്സുകയായിരുന്നു. രോഗികളെ ശുശ്രൂഷിക്കുന്നതില്‍ യാതൊരു അലംഭാവവും പ്രദര്‍ശിപ്പിച്ചിരുന്നില്ല. 1928 ല്‍ അമ്മ അമ്പഴക്കാട് മഠത്തിലേക്ക് സ്ഥലം മാറി. ഏകദേശം രണ്ടര വര്‍ഷം അവിടെ ജീവിച്ചു. ആ മഠത്തില്‍ രോഗിണികളായ സഹോദരിമാരെ ശുശ്രൂഷിക്കുന്നതില്‍ അമ്മ ശ്രദ്ധ പുലര്‍ത്തി.

1950 ല്‍ ഒല്ലൂര്‍ മഠത്തിന്റെയും എവുപ്രാസ്യായുടെ വ്രതാനുഷ്ഠാനത്തിന്റെയും സുവര്‍ണ്ണജൂബിലി ആഘോഷപൂര്‍വം നടത്തപ്പെട്ടു. 1952 ആഗസ്റ്റ് 29-ാം തീയതി അമ്മ നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്കു യാത്രയായി. 2015 നവംബര്‍ 23 ന് ഫ്രാന്‍സിസ് മാര്‍പാപ്പ എവുപ്രാസ്യായെ വിശുദ്ധയായി പ്രഖ്യാപിച്ചു.

വിചിന്തനം: ”ദൈവത്തിനു സ്വയം സമര്‍പ്പിച്ചിരിക്കുന്നവനെപ്പോലെ നമ്മുടെ എല്ലാ പ്രവൃത്തികളും ചെയ്യുക.”

ഫാ. ജെ. കൊച്ചുവീട്ടില്‍