മംഗളവാര്‍ത്താ തിരുനാള്‍ മതസൗഹാര്‍ദ്ദത്തിന്റെ വേദിയാക്കി മാറ്റാന്‍ ലബനോന്‍

പരിശുദ്ധ അമ്മയുടെ മംഗള വാര്‍ത്താ തിരുനാള്‍ മതസൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകരുന്നതിനുള്ള അവസരമാക്കി മാറ്റുകയാണ് ലബനോനിലെ യുവജനങ്ങള്‍. മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതി ബെയ്‌റൂട്ടില്‍ നടക്കുന്ന മംഗള വാര്‍ത്തയുടെ തിരുനാള്‍ ആഘോഷത്തില്‍ ക്രൈസ്തവ യുവജനങ്ങള്‍ക്ക് ഒപ്പം മുസ്ലിം യുവജനങ്ങളും പങ്കുചേരും.

മാര്‍ച്ച് മാസം 22 മുതല്‍ 26 വരെ നടക്കുന്ന സമ്മേളനത്തില്‍ നാല്‍പ്പത് രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളായിരിക്കും പങ്കെടുക്കുക. ആയിരത്തി അറുന്നൂറോളം യുവതീയുവാക്കള്‍ ഒത്തുചേരുന്ന ഈ അവസരത്തില്‍ തന്നെ മംഗളവാര്‍ത്ത തിരുന്നാള്‍ ആഘോഷിക്കുവാനും അതിനെ മതസൗഹാര്‍ദ്ദത്തിനുള്ള അവസരമാക്കി മാറ്റുവാനും സംഘാടകര്‍ തീരുമാനിക്കുകയായിരുന്നു.

ലബനോനില്‍ പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ദിവസമാണ് മംഗളവാര്‍ത്താ തിരുനാള്‍ ദിവസം. അതിനാല്‍ തന്നെ എല്ലാവര്‍ഷവും മംഗളവാര്‍ത്ത തിരുന്നാള്‍ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. രാജ്യത്തെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളാണിലാണ് ഏറ്റവും കൂടുതല്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.