ക്രിസ്മസ് പ്രസംഗം ഡിസംബര്‍ 25 : പുല്‍ക്കൂട്ടില്‍ സമ്പന്നത

ഉണ്ണിയേശുവിനായി മനസ്സിലും മുറ്റത്തും പുല്‍ക്കൂടു പണിയുന്ന പരിശ്രമങ്ങളിലാണല്ലോ നാമെല്ലാവരും. വി. ഫ്രാന്‍സീസ് അസ്സീസിയുടെ ആഗ്രഹമനുസരിച്ച് 1223 ല്‍ അദ്ദേഹത്തിന്റെ സുഹൃത്തായ ഗ്രീസിയോയിലെ ജോണ്‍ ആദ്യമായി  നിര്‍മ്മിച്ച പുല്‍ക്കൂടു മുതല്‍ നാളിതുവരെയും പ്രപഞ്ചനാഥന്റെ പിറവിക്കുള്ള ഒരുക്കത്തിന്റെ അഭിവാജ്യഘടകമായി പുല്‍ക്കൂട് മാറിയിരിക്കുന്നു. മൂല്യങ്ങളും പുണ്യങ്ങളും പടിയിറങ്ങുന്ന മനുഷ്യ മനസുകളുടെ ഒത്തുകൂടലാകുന്ന ഇന്നത്തെ കുടുംബ, ഇടവകസമൂഹവേദികളില്‍ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും മനസ്സ് പങ്കിടലിന്റെയുമൊക്കെ ദാരിദ്ര്യാവസ്ഥയ്ക്ക് സഭ സാക്ഷിയാവുന്നുണ്ട്.  അര്‍ത്ഥ ശൂന്യതയുടെ കരിനിഴലാര്‍ന്ന മനുഷ്യചിന്തകള്‍ക്ക് ഓരോ പിറവിതിരുനാളുകളും അവധി ദിനങ്ങളുടെ ആഘോഷങ്ങള്‍ക്കുമപ്പുറം ഒന്നും പ്രധാനം ചെയ്യുന്നില്ല എന്നത് സങ്കടകരമാണ്. ഇതിന്റെ ഈ പിഴവുകള്‍ക്കുള്ള കാരണവും പരിഹാരവും  പഠിപ്പിക്കുന്ന കളരിയായ പുല്‍ക്കൂടുകളിലേക്ക് ധ്യാനലീനരായി കടന്നു ചെല്ലാം.

സാധാരണങ്ങളും നിസ്സാരങ്ങളുമായ വസ്തുക്കള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പുല്‍ക്കൂട് മനുഷ്യന്റെ ഇല്ലായ്മയെ വരിക്കുന്ന ദൈവപുത്രന്റെ എളിമയുടെ പ്രതീകമാണ്. ഒന്നുമല്ലാത്ത പുല്‍ക്കൂടിനെ തന്റെ ദിവ്യസാന്നിധ്യത്താല്‍ എല്ലാമാക്കി തീര്‍ത്തു ദൈവപുത്രന്‍. ആ പുല്‍ക്കൂട്ടില്‍ നാം കാണുന്നത് പ്രകൃതിയും ജീവജാലങ്ങളും നക്ഷത്രങ്ങളും മാലാഖമാരും ആകാശവും ഭൂമിയും ഒന്നുചേര്‍ന്ന മഹാത്ഭുതമാണ്. അനിര്‍വചനീയമായ ദിവ്യാനുഭൂതി അന്തര്‍ലീനയമായിരിക്കുന്ന ആ പുല്‍ക്കൂടിന്റെ സംഗമത്തില്‍ പുണ്യങ്ങളുടെ സമ്പന്നത ദര്‍ശിക്കാനാവും.

മുത്തലാഖും, സ്ത്രീസുരക്ഷയും പോലുള്ള ലിംഗ അസമത്വത്തിന്റെയും വര്‍ണ്ണവര്‍ഗ്ഗ വിവേചനങ്ങളില്‍ പിടഞ്ഞ് വീഴുന്ന ജീവനുകളുടെയും നോട്ടുനിരോധനത്തിന്റെയും കള്ളപണത്തിന്റെയും നിഴലില്‍ കാണുന്ന സാമ്പത്തിക അസമത്വത്തിന്റെയും ഉദാഹരണങ്ങള്‍ പത്രത്താളുകളില്‍ വാര്‍ത്തകളായി നിറയുമ്പോള്‍ സ്ത്രീയും പുരുഷനും രാജാക്കന്മാരും ഇടയന്മാരും സമഭാവനയോടെ നില്‍ക്കുന്ന പുല്‍ക്കൂടിനെക്കാള്‍ സമത്വത്തിന് എന്ത് മാതൃകയാണ് ഉള്ളത്.

സാഹോദര്യം വിസ്മൃതിയില്‍ ആണ്ടുപോയ സമൂഹത്തിന്റെ മുമ്പിലാണ് പുല്‍ക്കൂട്ടിലെ സഹോദര്യത്തിന്റെ മാതൃക മാറ്റത്തിന്റെ  സന്ദേശം നല്‍കുന്നത്. മനുഷ്യന്‍ മൃഗങ്ങളെയും മൃഗങ്ങള്‍ മനുഷ്യരെയും ഉപദ്രവിക്കുന്നതിന്റെയും പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നതിന്റെയും നിരവധി ഉദാഹരണങ്ങള്‍ നമുക്കു ചുറ്റും അനുദിനം നിറയുമ്പോള്‍ മനുഷ്യരും മൃഗങ്ങളും പ്രകൃതിയും സഹോദരങ്ങളെപ്പോലെ ഒരേ കൂരയ്ക്കു കീഴില്‍ നില്‍ക്കുന്ന പുല്‍ക്കൂട് എത്ര ആശയസംപുഷ്ടമാണ്.

ഐ.എസ്., മാവോവാദികള്‍ തുടങ്ങിയ മതരാഷ്ട്രീയ തീവ്രവാദികള്‍ അസമാധാനത്തിന്റെ  പുകചുരുളുകളാല്‍ ഭൂലോകത്തെ നിറ്‌യ്ക്കുമ്പോള്‍ സമാധാന സന്ദേശവുമായി (യോഹ 14:27) പിറന്ന ദൈവപുത്രന്റെ പുല്‍ക്കൂട്ടില്‍ മനുഷ്യമനസാക്ഷികളെ ചിന്തിപ്പിക്കണം. അവിടെ സന്നിഹിതരായിരിക്കുന്ന ഓരോരുത്തരും അനുഭവിക്കുന്ന സമാധാനം എത്ര ഹൃദ്യമാണെന്ന് തിരിച്ചറിയാന്‍ എന്നാണ് നമുക്ക് സന്മനസുണ്ടാവുക.

പുല്‍ക്കൂട്ടില്‍ നിരത്തിയിരിക്കുന്ന മണ്‍പ്രതിമകളെ ഒന്നു ശ്രദ്ധിക്കുക. മൃഗങ്ങളുടെപോലും മുഖത്ത് സന്തോഷത്തിന്റെ നറുപുഞ്ചിരി കാണാനാവുന്നില്ലേ. പുല്‍ക്കൂട്ടിലെ എല്ലാവരും സന്തോഷവാന്മാരാണ്. അധരത്തില്‍ പുഞ്ചിരി വിരിയുന്ന സന്തോഷം. മാര്‍ച്ച് 12 അന്താരാഷ്ച്ര സന്തോഷദിനമായി ആഘോഷിക്കുമ്പോഴും ക്രൈസ്തവ കുടുംബങ്ങളിലും ഇടവകൂട്ടായ്മകളിലും എത്രപണ്ടേ അന്യം നിന്നുപോയി ഈ സന്തോഷം. ഇന്റര്‍നെറ്റും മദ്യമയക്കുമരുന്നുപയോഗങ്ങളും അലൗകികമായ പുല്‍ക്കൂടിന്റെ സന്തോഷം നല്‍കില്ല എന്ന തിരിച്ചറിവ് ഉണ്ടാവട്ടെ.

പുല്‍ക്കൂട്ടിലെ നക്ഷത്രം തന്റെ പ്രകാശവും മാലാഖമാര്‍ ദിവ്യത്വവും രാജാക്കന്മാര്‍ തങ്ങളുടെ സമ്മാനങ്ങളും ഇടയന്മാര്‍ അവരുടെ മനസും മാതാവും യൗസേപ്പിതാവും സ്വന്തം ജീവിതവും പശുക്കള്‍ അവരുടെ സ്ഥലവും ദൈവപുത്രനു മുമ്പില്‍ സമ്പൂര്‍ണ്ണമായി  സമര്‍പ്പിച്ചുനില്‍ക്കുന്നത് ശ്രദ്ധിക്കാതിരിക്കാന്‍ നമുക്ക് കഴിയില്ല. വ്യക്തിജീവിതങ്ങളിലും കുടുംബങ്ങളിലും ഇന്നത്തെ തലമുറയ്ക്ക് മുമ്പില്‍ ഇവര്‍ ചോദ്യചിഹ്നങ്ങളാകുന്നു. ആത്മാര്‍ത്ഥ സമര്‍പ്പണത്തിന്റെ ചൂടേല്‍ക്കാതെ ബന്ധങ്ങള്‍ മുളച്ചു വരികയില്ല. പടര്‍ന്ന് പന്തലിക്കുകയുമില്ല.

ഒന്നിലും തൃപ്തരാകാതെ, സംതൃപ്തിതേടി അലയുന്ന യുവമനസുകള്‍ക്ക് പുല്‍ക്കൂട്ടിലെ സാന്നിധ്യങ്ങള്‍ നല്‍കുന്നത് സംതൃപ്തമായ മനോഭാവത്തിന്റെ വെല്ലുവിളിയാണ്. ജീവിതത്തിന്റെ അസംതൃപ്തി ആയുസിന്റെ അളവ് കുറയ്ക്കുമ്പോള്‍ യഥാര്‍ത്ഥ സംതൃപ്തി അന്വേഷിക്കുന്നവര്‍ക്ക് പുല്‍ക്കൂട് പാഠപുസ്തകമാണ്.

ദാരിദ്ര്യത്തിന്റെ പ്രതീകമായ പുല്‍ക്കൂടിനെ സമത്വം, സഹോദര്യം സമാധാനം, സന്തോഷം സമര്‍പ്പണം, സംതൃപ്തി തുടങ്ങിയ നന്മകളാല്‍ സമ്പന്നമാക്കിത്തീര്‍ത്ത് എന്താണെന്ന് നാം ചിന്തിക്കണം. ഇന്ന് നമ്മുടെ കുടുംബങ്ങളും ഇടവകകളും സമൂഹങ്ങളും ആധുനികതയുടെ സമ്പന്നത കൈവരിക്കുമ്പോള്‍ പുണ്യങ്ങളുടെ ദാരിദ്ര്യാവസ്ഥയിലേക്കും മനുഷ്യ-മനുഷ്യ, ദൈവ-മനുഷ്യ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്കും നീങ്ങുന്നു എന്നതാണ് യഥാര്‍ത്ഥ്യം. ഈ സാഹചര്യത്തലാണ് പുണ്യസമ്പന്നമായ മനസ്സും കുടുംബവും സമൂഹവും കെട്ടിപടുക്കാന്‍ മൂന്ന് കാര്യങ്ങള്‍ പുല്‍ക്കൂട് പറഞ്ഞ് തരുന്നു.

1. ദൈവസാന്നിധ്യം ഉണ്ടാവുക. 2. മനസ്സ് ദൈവത്തിനരികെയായിരിക്കുക. 3. ദൈവീക പ്രകാശത്തില്‍ ചുറ്റുപാടുകളെ വീക്ഷിക്കുക. പുല്‍ക്കൂടിനെ പുണ്യഭൂമിയാക്കിയത് കരങ്ങള്‍ വിടര്‍ത്തി, പാല്‍ പുഞ്ചിരി തൂകി കിടക്കുന്ന പുണ്യങ്ങളുടെ നിറകുടമായ ദൈവസാന്നിധ്യമാണ്. ഇന്ന് മതങ്ങള്‍ മത്സരിച്ച് മനുഷ്യര്‍ക്ക് ആത്മീയ സാഫല്യം പകര്‍ന്നു കൊടുക്കാന്‍ പരിശ്രമിക്കുമ്പോള്‍ സ്വാര്‍ത്ഥതാത്പര്യങ്ങളാണോ ദൈവസാന്നിധ്യമാണോ കേന്ദ്രബിന്ദു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ദൈവം കേന്ദ്രബിന്ദുവായി സാന്നിധ്യം നല്‍കാത്ത മനസ്സുകളും കുടുംബങ്ങളും മതങ്ങളും പ്രസ്ഥാനങ്ങളും പുണ്യശോഷണത്തിന്റെ നരകാനുഭവം നല്‍കുന്നവയായിരിക്കും.

രണ്ടാമതായി നാം തിരിച്ചറിയേണ്ടത് പുല്‍ക്കൂട്ടിലെ എല്ലാരൂപങ്ങളും ദൈവപുത്രനെ നോക്കിയാണ് നില്‍ക്കുക എന്ന സത്യമാണ്. നോട്ടം ആകാംക്ഷയാണെങ്കില്‍ നോക്കിനില്‍ക്കുന്നത് അര്‍പ്പണമാണ്. ദൈവപുത്രന്റെ സാന്നിധ്യത്തില്‍ മനസ്സും ചിന്തകളും ഇന്ദ്രിയങ്ങളും അവന്റെ ചാരത്ത് അര്‍പ്പിച്ചു നില്‍ക്കുന്നവര്‍ക്ക് ചുറ്റുമുള്ളവരെ എങ്ങനെ ഉപദ്രവിക്കാനാവും കുറ്റംവിധിക്കാനാവും തരംതാഴ്ത്താനാവും.

പുല്‍ക്കൂട് പ്രകാശിതമാകുന്നത് ദൈവപുത്രന്റെ ദൈവീക പ്രഭാവത്തിലായതിനാല്‍ ചുറ്റുമുള്ളവരെയും ചുറ്റുപാടുകളെയും അവര്‍ ദര്‍ശിച്ചത് ദൈവീക പ്രകാശത്തിലാണ്. ഇരു കരങ്ങളും വിടര്‍ത്തി എന്നെ സ്വീകരിക്കൂ, ഞാന്‍ സ്വീകരിക്കാം എന്ന പിഞ്ചുമനസിന്റെ പ്രകടനം പ്രകാശിതമാകുന്ന പുല്‍ക്കൂട്ടില്‍ മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായും മൃഗങ്ങളെ ദൈവസൃഷ്ടികളായും പ്രകൃതിയെ ദൈവസാന്നിധ്യ വേദിയായും സ്വീകരിക്കുന്നു. അവിടെ ചൂഷണത്തിന്റെ ചിന്തകളില്ല. ഉപഭോഗസംസ്‌ക്കാരത്തിന്റെ വേരോട്ടമില്ല. മറിച്ച് എല്ലാം സ്വീകരിക്കാനും പങ്കുവയ്ക്കാനുമുള്ള മഹാമനസ്‌കൃതമാത്രം.
എത്ര സമ്പന്നമാണ് പുല്‍ക്കൂട്. പൊഴിഞ്ഞുവീണ ക്രിസ്മസ് ദിനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ആഗതമാകുന്ന ഈ ക്രിസ്മസ് ആഘോഷങ്ങളുടെ ആവര്‍ത്തനമായി മാത്രം മാറ്റത്തിന്റെ മണിമുഴക്കനായി പുല്‍ക്കൂടിന്റെ സമ്പന്നത പുല്‍കാം. ഹൃദയങ്ങളും കുടുംബങ്ങളും ഇടവകയും സമൂഹവും ഈ ഭൂഗോളം മുഴുവനും പുണ്യങ്ങളാല്‍ സമ്പന്നമായ പുല്‍ക്കൂടായി ഈ പുതുവത്സരത്തിലേക്ക്  പ്രവേശിക്കൂ.

ഫാ. ഗ്രേഷ്യസ് പുളിമൂട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.