
2026 ഫിഫ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെയുള്ള ആവേശപ്പോരാട്ടത്തിനൊടുവിൽ മെക്സിക്കോ ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും കളിക്കളത്തിന് പുറത്തെ ഒരു കാഴ്ച ലോകമെമ്പാടുമുള്ള ഫുട്ബോൾ – കത്തോലിക്കാ ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. കളിയിലെ മികവിനേക്കാൾ ഉപരിയായി മെക്സിക്കൻ ടീമും കോച്ച് ഹാവിയർ അഗൈറെയും പ്രകടിപ്പിച്ച ആഴമേറിയ ദൈവവിശ്വാസവും ഗ്വാഡലൂപ്പെ മാതാവിനോടുള്ള ഭക്തിയുമാണ് അത്.
മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ അസ്റ്റെക്ക സ്റ്റേഡിയത്തിനുള്ളിലെ ചെറിയ ചാപ്പലിൽ കയറി കളിക്കാർ പ്രാർത്ഥിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. എല്ലാ മത്സരങ്ങൾക്കും മുൻപ് മെക്സിക്കൻ ടീം ഇവിടെയെത്തി അനുഗ്രഹം വാങ്ങാറുണ്ടായിരുന്നു. 1966 – ൽ സ്റ്റേഡിയം നിർമ്മിച്ച കാലം മുതൽ ഈ ചാപ്പലും മാതാവിന്റെ ചിത്രവും ഇവിടെയുണ്ടെന്നാണ് ജീവനക്കാർ പറയുന്നത്. 1999 – ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അസ്റ്റെക്ക സ്റ്റേഡിയം സന്ദർശിച്ചപ്പോൾ ഈ ചിത്രം പ്രത്യേകം ആശീർവദിച്ചിരുന്നു.
ലോകകപ്പ് മത്സരങ്ങൾക്ക് മുൻപായി അർമാൻഡോ ഗോൺസാലസ്, മാറ്റിയോ ചാവേസ്, അൽവാരോ ഫിദാൽഗോ തുടങ്ങിയ പ്രമുഖ താരങ്ങൾ മാതാവിന്റെ ചിത്രത്തിന് മുന്നിൽ പ്രാർഥിക്കുന്ന വീഡിയോയ്ക്ക് ഇൻസ്റ്റാഗ്രാമിൽ നാല് ദശലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതിൽ ചാവേസും ഫിദാൽഗോയുമാണ് ചെക് റിപ്പബ്ലിക്കിനെതിരെയുള്ള നിർണായക മത്സരത്തിൽ മെക്സിക്കോയ്ക്കായി ഗോളുകൾ നേടിയത്.
’ഇതൊരു യാദൃശ്ചികതയാകാം, എങ്കിലും ഗോളടിച്ച രണ്ട് പേരും മത്സരത്തിന് മുൻപ് മാതാവിന്റെ അടുത്തെത്തി അനുഗ്രഹം തേടിയവരാണ്,’ എന്ന് ആരാധകർ കുറിച്ചു. തോൽവിയിലും തങ്ങളുടെ സംസ്കാരവും വിശ്വാസവും മുറുകെപ്പിടിച്ച മെക്സിക്കൻ ടീമിന് വലിയ പ്രശംസയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്




