സിംപിൾ ആണ്; ഒപ്പം പവർഫുള്ളും: എഴുത്തുകളും വിശേഷങ്ങളുമായി ഫാ. ജെൻസൺ ലാസലെറ്റ്

മരിയ ജോസ്

ലളിതമായ ഭാഷയുടെ ബലത്തിൽ ജീവിതാനുഭവങ്ങളുടെ ഏടുകൾ ചേർത്തുള്ള എഴുത്ത്. ആ എഴുത്തുകൾ ഒക്കെയും ദൈവവചനത്തിന്റെ വ്യാഖ്യാനങ്ങളിലേക്കുള്ള വാതിലുകളായിരുന്നു. അനുദിന ജീവിതത്തിൽ കണ്ടുമുട്ടിയ ജീവിതങ്ങളെ വചനത്തോട് ചേർത്തുവച്ച് ധ്യാനിച്ച് എഴുതിയവയൊക്കയും കേരളത്തിലെ ക്രിസ്തീയ വായനക്കാരുടെ ഹൃദയങ്ങളെ തൊട്ടു. അവർ ഒരേ സ്വരത്തിൽ മൊഴിഞ്ഞു: “അച്ചാ, എന്റെ ജീവിതമാണ് അച്ചൻ എഴുതിയത്.” എഴുത്തുകൾ ഒക്കെയും അനേകരുടെ ജീവിതാനുഭവങ്ങളാക്കി, ധ്യാനാത്മകമാക്കി മാറ്റിയ ആ വൈദികനാണ് ഫാ. ജെൻസൺ ലാസലെറ്റ്.

ജെൻസൺ അച്ചൻ തന്റെ തൂലിക ചലിപ്പിച്ചു തുടങ്ങിയിട്ട് ഏതാണ്ട് ഇരുപതു വർഷങ്ങൾ പിന്നിടുകയാണ്. ഒരു വർഷത്തിലേറെയായുള്ള തുടർച്ചയായ എഴുത്തുകൾ, അതിനു പ്രേരകമായ കാരണങ്ങളെക്കുറിച്ചും ജീവിതത്തിലെ ദൈവാനുഭവങ്ങളെക്കുറിച്ചും സംസാരിച്ചുകൊണ്ട് ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് ജെൻസൺ അച്ചൻ…

ലളിതം സുന്ദരം ഈ എഴുത്തുകൾ

ഡീക്കനായിരുന്ന സമയത്ത് ഒരിക്കൽ ഒരു വൈദികൻ ജെൻസൺ അച്ചനോട് പറഞ്ഞു: “ജെൻസാ, നീ എഴുതുമ്പോൾ ഒരു വൈദികനാണ് നീ എന്ന കാര്യം മറക്കരുത്. നിന്റെ എഴുത്തുകൾ ഒരു വൈദികന്റെ മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുത്തുള്ളതാകണം.” ജീവിതത്തിൽ ഇന്നോളമുള്ള തന്റെ എഴുത്തുകളെ സ്വാധീനിക്കുവാൻ ആ വാക്കുകൾക്ക് കെൽപ്പുണ്ടായിരുന്നു എന്ന് ജെൻസൺ അച്ചൻ ഓർക്കുന്നു. പിന്നീട് ഇങ്ങോട്ട് തുടർച്ചയായി സാമൂഹ്യമാധ്യമങ്ങളിൽ എഴുതിത്തുടങ്ങുമ്പോൾ പറയാതെ പറഞ്ഞതും ദൈവവചനം തന്നെയായിരുന്നു.

ഫാ. ജെൻസൺ ലാസലെറ്റ് എന്ന ആ പേര് ആളുകളിലേക്ക്‌ കൂടുതൽ എത്തിത്തുടങ്ങിയത്, ഒരു വർഷത്തിലേറെയായി അച്ചൻ സോഷ്യൽ മീഡിയയിൽ എഴുതിയ ലഘു വിചിന്തനങ്ങളിലൂടെയാണ്. സുവിശേഷവ്യാഖ്യാനങ്ങളിലെ പതിവുകളെല്ലാം തെറ്റിച്ചുകൊണ്ട് കടുകട്ടിയുള്ള പദപ്രയോഗങ്ങൾ ഏതുമില്ലാതെ എത്തിയ ആ ചെറുലേഖനങ്ങൾ സാധാരണക്കാരന്റെ ഇടനെഞ്ചിൽ തറച്ചു, ചിന്തിപ്പിച്ചു, മാറ്റങ്ങൾ വരുത്തി, ‘അച്ചാ ഇതെന്റെ ജീവിതമാണ്’ എന്ന് പറയിപ്പിച്ചു. ഒപ്പം സാമൂഹ്യമാധ്യമങ്ങളിലൂടെ സുവിശേഷവൽക്കരണത്തിന് ഇങ്ങനെയും ഒരു സാധ്യതയുണ്ടെന്ന് അച്ചൻ തെളിയിച്ചു. അഭിനന്ദനങ്ങളും അറിയപ്പെടലുകളും അച്ചനെ തേടിയെത്തുമ്പോൾ എല്ലാം ദൈവാനുഗ്രഹത്തിന്റെ തണലിലേക്ക് വയ്ക്കുകയാണ് ഈ വൈദികൻ.

വാക്കുകൾക്ക് വലിയ ശക്തിയാണുള്ളത്. ഒരാൾക്ക് കടന്നുചെല്ലാൻ കഴിയാത്തിടത്തേയ്ക്കു പോലും വാക്കുകൾക്ക് കടന്നുചെല്ലാൻ കഴിയും. അത്  വലിയൊരു സാധ്യതയാണ്. ആ സാധ്യതയാണ് എഴുതുവാൻ പ്രേരിപ്പിച്ച ഏറ്റവും വലിയ ഘടകമെന്ന് അച്ചൻ പറയുന്നു. അതോടൊപ്പം ദൈവത്തിന്റെ അനുഗ്രഹവും പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണവും മുന്നോട്ട് നയിക്കുകയാണ് ഈ വൈദികനെ.

പ്രാർത്ഥനയെ നെഞ്ചോട് ചേർത്തുപിടിച്ച കുടുംബത്തിൽ നിന്നും ഒരു വൈദികൻ

ചെന്ദ്രാപ്പിന്നി കുടുംബത്തിൽ യാക്കോബ് – മറിയംകുട്ടി ദമ്പതികളുടെ മകനായിട്ടാണ് ജെൻസൺ അച്ചൻ ജനിക്കുന്നത്. ‘പ്രാർത്ഥന കഴിയാതെ ഭക്ഷണമില്ല’ എന്ന നിഷ്ഠ പുലർത്തിയ കുടുംബത്തിലെ മാതാപിതാക്കളുടെ വിശ്വാസത്തിന്റെ തണലിൽ വളർന്ന ബാല്യം. സാധാരണക്കാരായ മാതാപിതാക്കളിൽ നിന്നും വിശ്വാസത്തിന്റെ വിത്തുകൾ മനസ്സിൽ ആഴത്തിൽ വേരുറപ്പിക്കുമ്പോഴും ഒരു വൈദികൻ ആകുക എന്നത് ചിന്തയിലുള്ളതായി ജെൻസൺ അച്ചൻ ഓർക്കുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞു. പരാജയം പ്രതീക്ഷിച്ചിരുന്നവന്റെ മുന്നിലേയ്ക്ക് വിജയം നൽകി ഒരുപക്ഷേ, ദൈവം അതിന് ഒരുക്കുകയായിരിക്കാം – ജെൻസൺ അച്ചൻ തന്റെ ജീവിതം പറഞ്ഞുതുടങ്ങി.

“പത്താം ക്ലാസിൽ പരീക്ഷ കഴിഞ്ഞിരിക്കുന്ന സമയം. ജയ-തോൽവികളെക്കുറിച്ച് ചിന്തയില്ലാതെ വർക്ഷോപ്പിൽ പോയി; സ്പ്രേ പെയിന്റിങ് പഠിക്കാൻ. അതിനു ശേഷമാണ് റിസൾട്ട് വന്നത്. റിസൾട്ട് വന്നപ്പോൾ ഞാൻ ജയിച്ചു. സെക്കന്റ് ക്ലാസിനു നാല് മാർക്ക് മാത്രം കുറവിൽ. അങ്ങനെ വന്നപ്പോഴാണ് വർക്ഷോപ്പ് തന്നെ വേണോ അതോ വേറെ എന്തെങ്കിലും ഒക്കെ വേണോ എന്ന ചിന്ത വരുന്നത്. ഏതാണ്ട് ഈ ഒരു സമയത്ത് തന്നെയാണ് സെമിനാരിയിൽ പോയാലോ എന്ന് ചിന്തിക്കുന്നതും. അതിനു മുൻപ് അങ്ങനെ ഒരു ചിന്ത വന്നതായി ഓർമ്മയുമില്ല” – ജെൻസൺ അച്ചൻ സ്വതസിദ്ധമായ ശൈലിയിൽ ചിരിച്ചുകൊണ്ട് തന്റെ ദൈവവിളിയുടെ ആദ്യാനുഭവങ്ങൾ വിവരിച്ചു.

സെമിനാരിയിൽ പോയാൽ കൊള്ളാം എന്ന ആഗ്രഹം ഉണ്ടെങ്കിലും എവിടെ പോകണമെന്നോ എങ്ങനെ പോകണമെന്നോ ഉള്ള ഗ്രാഹ്യം അക്കാര്യത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ അയൽവാസിയും സുഹൃത്തും മതബോധന അധ്യാപകനുമായ ഷാജു പി.ടി എന്ന ഷാജിയേട്ടനെ സമീപിച്ചു. ആഗ്രഹം അറിയിച്ചപ്പോൾ അദ്ദേഹം അവിടെ ഉണ്ടായിരുന്ന ഒന്ന് രണ്ട് അഡ്രസുകൾ പറഞ്ഞുകൊടുത്തു. അതിൽ ലാസലെറ്റ് സഭാസമൂഹവും ഉൾപ്പെട്ടിരുന്നു. ജെൻസൺ അച്ചനുവേണ്ടി ഷാജിയേട്ടൻ തന്നെ കത്തുകൾ അയച്ചു. അതിൽ ആദ്യം മറുപടി എത്തിയത് ലാസലെറ്റ് സഭയിൽ നിന്നുമായിരുന്നു.

അങ്ങനെ ആൻഡ്രൂസ് കൊള്ളന്നൂരച്ചൻ വീട്ടിൽ എത്തി. ഒരുപക്ഷേ, തന്റെ ജീവിതത്തിൽ ആദ്യമായി നടന്ന ഒരു ഇന്റർവ്യൂ ആൻഡ്രൂസ് അച്ചൻ നടത്തിയതായിരിക്കും എന്ന് അച്ചൻ ഓർക്കുന്നു. അച്ചൻ കുറച്ച് ജപങ്ങൾ ചോദിച്ച് താല്പര്യം ആരാഞ്ഞു. അപ്പോഴാണ് അമ്മയും അപ്പച്ചനും ഒക്കെ സംഭവം സീരിയസ് ആണെന്ന് മനസിലാക്കുന്നത്. സെമിനാരിയിലേയ്ക്ക് കത്തെഴുതുന്നതിനു മുൻപ് വീട്ടിൽ കാര്യം സൂചിപ്പിച്ചിരുന്നു. എങ്കിലും മുൻപൊന്നും വൈദികനാകണം എന്ന ആഗ്രഹം പറഞ്ഞുകേട്ടിട്ടില്ലാത്തതിനാൽ അച്ചൻ വീട്ടിലെത്തുന്ന നിമിഷം വരെയും ആരും അത്  ഗൗരവത്തിലെടുത്തിരുന്നില്ല. ഒടുവിൽ ‘നിനക്ക് ഇഷ്ടമാണെങ്കിൽ പൊയ്ക്കോ’ എന്ന് പറഞ്ഞു അനുഗ്രഹിച്ച് അപ്പച്ചൻ ജെൻസൺ അച്ചനെ ലാസലെറ്റ് സഭയിലേക്ക്, മാതാവിന്റെ മടിത്തട്ടിലേക്ക് അയയ്ക്കുകയായിരുന്നു.

മാതാവിന്റെ കരത്തണലിൽ ലാസലെറ്റ് സഭയിലേക്ക് 

മിഷനറീസ് ഓഫ് ഔർ ലേഡി ഓഫ് ലാസലെറ്റ് സന്യാസ സമൂഹത്തിലേക്ക് അച്ചൻ എത്തുമ്പോൾ അത് മാതാവിന്റെ സംരക്ഷണ തണലിലേക്കുള്ള ഒരു കടന്നുവരവായിരുന്നു എന്ന് അച്ചൻ തിരിച്ചറിയുന്നത് പല അനുഭവങ്ങളിലൂടെയാണ്. 1993-ലായിരുന്നു ജെൻസൺ അച്ചൻ സെമിനാരിയിലേയ്ക്ക് എത്തുന്നത്. പാറക്കടവ് എന്ന സ്ഥലത്തായിരുന്നു മൈനർ സെമിനാരി. മൈനർ സെമിനാരി കാലഘട്ടം മുന്നോട്ട് പോവുകയാണ്.

ഒരു തവണ ലാസലെറ്റ് മാതാവിന്റെ തിരുനാൾ ദിനത്തിനുശേഷം പെട്ടന്ന് ഒരു അവധി ലഭിച്ചു. സാധാരണഗതിയിൽ ആ സമയം അവധി ലഭിക്കുന്നതായിരുന്നില്ല. എങ്കിലും അവധി ആഘോഷിക്കുന്നതിനായി വീട്ടിലെത്തി. വീട്ടിൽ എല്ലാവർക്കും സന്തോഷമായി. മകനായി ഇഷ്ടപ്പെട്ട വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരുന്നു അമ്മ. അപ്പോഴാണ് തേങ്ങ തീരുന്നത്. മരം കയറ്റം നല്ല ശീലമായതിനാൽ ഞാൻ തന്നെ മരം കയറാം എന്നുപറഞ്ഞു ആ സെമിനാരിക്കാരൻ തെങ്ങിൽ കയറി. ഒരു 25 അടി ഉയരം ഉണ്ടാകും തെങ്ങിന്. മുകളിൽ കയറി മടലിൽ പിടിച്ചോണ്ടിരിക്കുന്ന സമയത്താണ് അവിടെ നിന്ന് താഴേയ്ക്ക് വീഴുന്നത്. വീണ ഉടനെ അപ്പച്ചൻ ഓടിവന്നു പൊക്കിയെടുത്തു. പിന്നെ ആശുപത്രിയിലേയ്ക്ക് ഒരു ഓട്ടമായിരുന്നു. സർക്കാർ ആശുപത്രിയിൽ എത്തിച്ചു. കാലുപൊക്ക്, കൈ പൊക്ക്, കുനിയൂ, വളയൂ… ഡോക്ടർ പരിശോധനകൾ തുടർന്നു. ശേഷം ഒരു ഓയിന്മെന്റ് തന്ന് തിരികെ അയച്ചു. വീട്ടിലെത്തിയപ്പോൾ തന്റെ റെക്ടർ ആയ ആൻഡ്രൂസ് അച്ചനെ വിളിച്ച് കാര്യം പറഞ്ഞു.

അടുത്ത ദിവസം തന്നെ അച്ചൻ വീട്ടിലെത്തി. “തെങ്ങിൽ നിന്ന് വീണിട്ട് ആദ്യായിട്ട് ആണ് ഒരാളെ ജീവനോടെ കാണുന്നത്. നിന്നെ മാതാവ് വിളിക്കുന്നുണ്ട്” – അച്ചൻ പറഞ്ഞു. കുറച്ചു ദിവസത്തെ അവധി കൂടെ നൽകി. ദിവസങ്ങൾ കടന്നുപോയി. തിരികെ സെമിനാരിയിൽ എത്തി. ഡോർമെട്രിയിൽ എത്തിയപ്പോഴാണ് സംഭവങ്ങളുടെ ഗുരുതരാവസ്ഥ കെട്ടഴിയുന്നത്. ഡോർമെട്രിയിലേയ്ക്കുള്ള പടികൾ കയറുവാൻ വയ്യ. നടുവേദനയും കാലുവേദനയും. തെങ്ങിൽ നിന്ന് വീണ സംഭവം അറിയാവുന്നതിനാൽ ഉടൻ തന്നെ റെക്ടർ അച്ചൻ മറ്റൊരു ബ്രദറിനെ കൂട്ടി ആശുപത്രിയിലേക്ക് അയച്ചു. പരിശോധനകൾക്കു ശേഷം നടുവിന് ചെറിയ ഒരു പൊട്ടലുണ്ടെന്നു ഡോക്ടർ പറഞ്ഞു. ഒപ്പം മറ്റൊരു കാര്യം കൂടെ അദ്ദേഹം പറഞ്ഞു: “കുറച്ചു ദിവസം കൂടി കഴിഞ്ഞാണ് നീ ഇവിടെ വന്നിരുന്നതെങ്കിൽ അരയ്ക്കു കീഴോട്ട് തളർന്നുപോകുമായിരുന്നു.” പിന്നെ ഒരു മൂന്നു മാസം റസ്റ്റ് ആയിരുന്നു ഡോക്ടർ നിർദ്ദേശിച്ചത്. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ കിടക്കയിൽ നിന്നും എഴുന്നേൽക്കേണ്ട എന്ന കർശന നിർദ്ദേശവും.

അങ്ങനെ സെമിനാരിയിൽ നിന്നും മൂന്നു മാസം വീട്ടിലേയ്ക്ക്  അയച്ചു. ഒരുപക്ഷേ, അച്ചന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമായിരുന്നു അത്. കാണാൻ വരുന്നവർ പ്രാർത്ഥിക്കുന്നുണ്ട് എന്ന് അച്ചനോടും, ഇനി സെമിനാരിയിൽ എടുക്കില്ലാല്ലേ എന്ന് അമ്മയോടും ചോദിക്കുമ്പോൾ വിങ്ങിപ്പൊട്ടിയ മനസ്. ഈ സമയത്തും ആ സെമിനാരിക്കാരൻ ജപമാലയെ മുറുകെപ്പിടിച്ചു.

വീട്ടിലെ അവസ്ഥ ഇതായിരുന്നു എങ്കിലും എല്ലാ ആഴ്ചയും റെക്ടർ അച്ചൻ സെമിനാരി വിദ്യാർത്ഥികളുടെ കയ്യിൽ ആ ആഴ്ചയിലെ പഠനഭാഗങ്ങളുടെ നോട്ടുകൾ കൊടുത്തുവിടുമായിരുന്നു. കിടന്നുകൊണ്ട് പഠിച്ചു. മൂന്നു മാസം കഴിഞ്ഞു എഴുന്നേറ്റ് നടക്കാറായപ്പോൾ തിരിച്ച് സെമിനാരിയിലേയ്ക്ക് വരുവാനുഉള്ള അനുവാദവും ലഭിച്ചു. നിസാരമെന്ന് തോന്നാമെങ്കിലും പരിശുദ്ധ അമ്മയുടെ പ്രത്യേകമായ കരുതൽ കൊണ്ടു മാത്രമാണ് താൻ തിരികെ സെമിനാരിയിൽ എത്തിയതെന്ന് അച്ചൻ സാക്ഷ്യപ്പെടുത്തുന്നു. ഇതുപോലെ പരിശുദ്ധ അമ്മയുടെ പ്രത്യേക മദ്ധ്യസ്ഥത്താൽ കടന്നുപോയ കടമ്പകൾ ഏറെയുണ്ട് ജെൻസൺ അച്ചന്റെ സെമിനാരി ജീവിതത്തിൽ. അങ്ങനെ സെമിനാരി പരിശീലനം പൂർത്തിയാക്കി പൗരോഹിത്യം സ്വീകരിച്ചു.

എഴുത്തിന്റെ മേഖലയിലേയ്ക്ക്

പ്രീഡിഗ്രി പഠന കാലഘട്ടം മുതൽ ജെൻസൺ അച്ചന് കവിതകൾ എഴുതുന്ന ശീലമുണ്ടായിരുന്നു. എഴുതിത്തുടങ്ങിയപ്പോൾ മുതൽ അച്ചന്റെ ഒരു വലിയ ആഗ്രഹമായിരുന്നു ശാലോം ടൈംസ് മാസികയിൽ ഒരു ലേഖനം പ്രസിദ്ധീകരിച്ചു വരണം എന്നത്. പഠനത്തിനിടയിൽ എഴുത്തിലേക്ക് അധികം ശ്രദ്ധ ചെലുത്തുവാൻ കഴിഞ്ഞിരുന്നില്ലായെങ്കിലും എഴുതുവാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ആദ്യം പ്രസിദ്ധീകരിച്ചു വന്നതും ഒരു കവിതയായിരുന്നു. ‘ഓറ’ എന്ന മാസികയിലായിരുന്നു ആദ്യമായി കവിത പ്രസിദ്ധീകരിച്ചു വന്നത്. ജെൻസൺ ലാസലെറ്റ് എന്ന പേരിൽ ഔദ്യോഗികമായി എഴുത്തുകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത് 2001 മുതലാണ്. പിന്നീട് അസീസി, അമ്മ, അമലോത്ഭവ മാസിക, ശാലോം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും അച്ചൻ എഴുതിയ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു തുടങ്ങി. ശരിക്കും പറഞ്ഞാൽ അമലോത്ഭവ മാസികയാണ് ഒരു കോളം ചെയ്യുവാൻ ജെൻസൺ അച്ചന് അവസരം കൊടുത്തുകൊണ്ട് എഴുത്തിന്റെ മേഖലയിലേയ്ക്ക് അച്ചനെ നിലയുറപ്പിച്ചത്.

എഴുത്തുകൾ തുടർന്നു. നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു വന്നു. ചിലതൊക്കെ പ്രസിദ്ധീകരണയോഗ്യമല്ല എന്ന കാരണത്താൽ തിരികെ കിട്ടി. എഴുത്തുകളും കത്തയയ്ക്കലുകളും തുടരുന്ന സമയത്തിനിടയിലാണ് 2005 -ൽ അച്ചന്റെ വലിയ ആഗ്രഹം സാധിക്കുന്നത്. ശാലോമിൽ എഴുതിയ കുറിപ്പ് കണ്ടിട്ട് ടൈംസ് മാസികയിൽ നിന്നും വിളി വരുന്നത്. എഴുത്തിന്റെ മേഖലയിൽ എന്നും അച്ചനെ കോൾമയിർ കൊള്ളിക്കുന്ന ഓർമ്മകളാണ് അവയൊക്കെ.

അനേകരിലൂടെ ദൈവം വെട്ടിയൊരുക്കിയ എഴുത്തുകാരൻ

എഴുത്തിന്റെ മേഖലയിലേക്കുള്ള കടന്നുവരവിന്റെ നിമിഷങ്ങളിൽ അച്ചന്റെ ശൈലിയും എഴുത്തും ഇത്ര ലളിതമായിരുന്നില്ല. അനേകം ആളുകളിലൂടെ വെട്ടിയൊരുക്കപ്പെട്ടാണ് ഇന്ന് നാം കാണുന്ന ശൈലിയിലേക്ക് അവയൊക്കെയും എത്തിയത്. “ഞാൻ വലിയ ആളാണെന്നു അറിയണം. അതിനായി കട്ടികൂടിയ ഭാഷയിലുള്ള എഴുത്തുകൾ” – തന്റെ ആദ്യ സമയങ്ങളിലെ എഴുത്തിനെ അച്ചൻ വിശേഷിപ്പിച്ചത് അങ്ങനെയാണ്. പലപ്പോഴും ബാച്ചുകാർ പോലും ചോദിച്ചിട്ടുണ്ട് “നീ ആർക്കുവേണ്ടിയാ ജെൻസാ എഴുതുന്നത്” എന്ന്. അവരിൽ നിന്നും ഗുരുതുല്യരായ അനേകരിൽ നിന്നും തിരുത്തലുകൾ സ്വീകരിച്ചും കാര്യങ്ങളെ കുറച്ചുകൂടെ ലളിതമായി നോക്കിക്കണ്ടു കൊണ്ട് എഴുതിത്തുടങ്ങി. അങ്ങനെയാണ് ജെൻസൺ ലാസലെറ്റ് എന്ന എഴുത്തുകാരൻ വളർന്നുവരുന്നത്.

എഴുത്തിൻ്റെ മേഖലയിൽ വളരുവാൻ പ്രോത്സാഹനം തന്നവരുടെയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കാൻ ഉത്സാഹം കാണിച്ചവരുമായി ധാരാളം ആളുകളുണ്ട് അച്ചന്റെ ജീവിതത്തിൽ. പലരുടെയും പേരുകൾ സൂചിപ്പിക്കണമെന്നുണ്ടെങ്കിലും ആരുടെയെങ്കിലും പേരുകൾ മറന്നുപോയാലോ എന്ന ആശങ്കയുള്ളതിനാൽ അച്ചൻ അതിന് മുതിർന്നില്ല.

ദൈവത്തോടൊപ്പം, ഓർക്കാതെ പോകുന്നവ, ക്രിസ്തുവിന്റെ പാദങ്ങൾ, ഗുരുത്വം, ആണിപ്പഴുതുകൾ തുടങ്ങി അഞ്ചു പുസ്തകങ്ങളാണ് അച്ചന്റേതായി ഇതുവരെ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കൂടാതെ, ഇംഗ്ലീഷിൽ ‘ഡാഡ് വെൻ ആർ യൂ കമിങ് ഹോം’ എന്ന പുസ്തകവും അച്ചൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു വർഷമായി തുടരുന്ന എഴുത്തും പ്രതിസന്ധികളും 

2020 -ലെ നോമ്പിന്റെ ആദ്യ ഞായറാഴ്ച മുതലാണ് ‘ക്രിസ്തുവിന്റെ കൂടെ’ എന്ന പേരിൽ ഒരു പരമ്പര പോലെ സോഷ്യൽ മീഡിയയിൽ അച്ചൻ എഴുതിത്തുടങ്ങുന്നത്. ഏതാണ്ട് ആ സമയത്തു തന്നെയാണ് കോവിഡ് രൂക്ഷമാകുന്നതും ലോക്ക്ക ഡൗൺ കടന്നുവരുന്നതും. വീടുകളിൽ അടക്കപ്പെട്ട ആളുകൾ. അവരുടെ ഉള്ളുകളിലേയ്ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ ചെറുകുറിപ്പുകളും എത്തി. തുടർച്ചയായുള്ള ചെറുലേഖനങ്ങൾ കൂടുതൽ ആളുകളിലേക്ക്‌ എത്തിയതും ജെൻസൺ അച്ചനെ ആളുകൾ അറിഞ്ഞുതുടങ്ങിയതും ഏതാണ്ട് ഈ ഒരു കാലയളവിൽ തന്നെയാണ്.

തുടർച്ചയായ എഴുത്തുകൾ. കാണുമ്പോൾ വളരെ നിസാരമെന്നു തോന്നാമെങ്കിലും അത്ര എളുപ്പമല്ല എന്ന് ജെൻസൺ അച്ചൻ പറയുന്നു. ഈസ്റ്റർ കഴിഞ്ഞു ഈ എഴുത്ത് നിർത്തുന്നതിനെക്കുറിച്ചുപോലും അച്ചൻ ആലോചിച്ചിരുന്നു. ഈ തീരുമാനം കേട്ട പലരും അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. എങ്കിലും തുടർച്ചയായ എഴുത്തുകൾക്ക് അച്ചൻ ചെറിയ ഒരു ബ്രേക്ക് ഇട്ടു. ചെറിയ ബ്രേക്ക് എന്നാൽ വെറും മൂന്ന് ദിവസം. ശേഷം അച്ചൻ വീണ്ടും എഴുതിത്തുടങ്ങി. “എഴുത്തു നിർത്തിയ സമയത്ത് എന്തോ ഒരു വലിയ ശൂന്യത ജീവിതത്തിൽ അനുഭവപ്പെട്ടു. കാരണം കൂടുതൽ വചനം ധ്യാനിച്ച ദിവസങ്ങളായിരുന്നു എഴുതിയിരുന്ന ഓരോ ദിവസങ്ങളും. തുടർച്ചയായി ഇത്രത്തോളം വചനം ധ്യാനിച്ച ദിവസങ്ങൾ വേറെ ഉണ്ടായിരുന്നില്ല എന്റെ ജീവിതത്തിൽ” – അച്ചൻ വെളിപ്പെടുത്തി.

സാധാരണ ഗതിയിൽ സീറോ മലബാർ ആരാധനാക്രമത്തിലെ ഓരോ ദിവസത്തെയും വചനഭാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജെൻസൺ അച്ചൻ ഓരോ ദിവസവും എഴുതുന്നത്. ഒരു ദിവസം മുന്നേ തയാറാക്കി വയ്‌ക്കേണ്ട ചെറുകുറിപ്പുകൾ. അത് തയ്യാറാക്കി തന്റെ ഗുരുസ്ഥാനീയരായവരെ കാണിച്ചു തിരുത്തലുകൾ വരുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്. സോഷ്യൽ മീഡിയയിലെ എഴുത്തുകളിൽ നിന്ന് അനേകരെ സ്വാധീനിച്ച ആ എഴുത്തുകാരനെ തേടി അനേകർ എത്തി. പല ക്രിസ്തീയ സൈറ്റുകളിലും അച്ചന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

ഓരോ ലേഖനങ്ങൾക്കു പിന്നിലും ഒരുപാട് ധ്യാനത്തിന്റെയും ചിന്തയുടെയും പിൻബലം ഉണ്ടായിരുന്നു. അതിനാൽ തന്നെ കൃത്യമായ ആശയങ്ങൾ യഥാസമയം തയ്യാറാക്കുക എന്നത് തന്നെയായിരുന്നു അച്ചന് മുന്നിലെ ആദ്യത്തെ വെല്ലുവിളി. ആവർത്തിച്ചു വരുന്ന വചനഭാഗങ്ങൾക്ക് ധ്യാനചിന്തകൾ തയ്യാറാക്കുമ്പോഴും ഈ പ്രതിസന്ധി തുടർന്നു. ചിലസമയങ്ങളിൽ എന്ത് എഴുതണം എന്നറിയാതെ ദിവ്യകാരുണ്യ ഈശോയ്ക്ക് മുന്നിൽ പോയിരുന്നു കരഞ്ഞ നിമിഷങ്ങളും ജെൻസൺ അച്ചന്റെ ഈ ഒരു വർഷത്തെ തുടർച്ചയായ എഴുത്തുകൾക്കിടയിലുണ്ട്.

എഴുത്തിലെ ചെറുസന്തോഷം

എല്ലാ ദിവസവും എഴുതുന്ന ചെറുകുറിപ്പുകൾ. അൽപം ശ്രമകരമെങ്കിലും ഇവ അച്ചന് നൽകുന്ന സന്തോഷം വളരെ വലുതാണ്. അച്ചന്മാരേക്കാളും സമർപ്പിതരേക്കാളും ഈ ലേഖനങ്ങൾ കടന്നുചെന്നത് സാധാരണക്കാരിലേക്കാണ്. അവരാണ് കൂടുതലും ഷെയർ ചെയ്യുന്നതും വായിക്കുന്നതും, അൽപനേരം താമസിച്ചാൽ,‌ ‘എന്താ അച്ചാ താമസിക്കുന്നത്’ എന്ന് പരിഭവം പറയുന്നതും. അതിൽ സന്തോഷം. ഒരുപക്ഷേ, സാധാരണക്കാരുടെ ഭാഷയിൽ വചനം പങ്കുവയ്ക്കപ്പെടുന്നതുകൊണ്ടാവാം സാധാരണക്കാരും ഒപ്പം മറ്റുള്ളവരും ഇത് ഏറ്റെടുക്കുന്നത്. അതല്ലായിരുന്നെങ്കിൽ അവരിലേക്ക്‌ വചനം എത്തിക്കുവാൻ തനിക്കു കഴിയില്ലായിരുന്നു എന്ന് അച്ചൻ ഓർക്കുന്നു.

സാധാരണക്കാരുടെ ഭാഷയ്‌ക്കൊപ്പം അച്ചന്റെ എഴുത്തുകൾ സജീവമാക്കുന്നതാണ് അതിലെ ജീവിതാനുഭവങ്ങൾ. വയനാട്ടിലെ ലാസലെറ്റ് ആശ്രമത്തിൽ വചനശുശ്രൂഷയും കൗൺസിലിംഗും നടത്തുകയാണ് ജെൻസൺ അച്ചൻ. കൗൺസിലിംഗിലൂടെ അനേകം ജീവിതങ്ങളെ അടുത്തറിഞ്ഞ അച്ചൻ ആ അനുഭവങ്ങളൊക്കെയും തന്റെ എഴുത്തിലേക്ക് കൊണ്ടുവരികയായിരുന്നു.

വചനമാകുന്ന പിടിവള്ളി

‘അച്ചന് എങ്ങനെ തുടർച്ചയായി എഴുതുവാൻ കഴിയുന്നു’ എന്ന് ചോദിച്ചവരുണ്ട്. അതിനൊക്കെ അച്ചൻ പറയുന്നത് ഈ എഴുത്തുകളൊക്കെ വചനമായതുകൊണ്ടാണ് എന്ന ഒരു മറുപടിയാണ്. എഴുത്തിന് ആധാരമാകുന്ന വചനം. അതാണ് അച്ചന്റെ പിടിവള്ളി. ഒരു വർഷമായി എഴുതിയ ലേഖനങ്ങളിൽ ഒരെണ്ണം പോലും വചനത്തെ കൂടാതെ തയ്യാറാക്കിയിട്ടില്ല. വചനമില്ലായിരുന്നു എങ്കിൽ അവയൊന്നും എത്രയധികം ആളുകളിലേക്ക്‌ എത്തില്ലായിരുന്നു. ആളുകളുടെ ഹൃദയങ്ങളെ ഈ ലേഖനങ്ങൾ സ്വാധീനിച്ചിട്ടുണ്ടെങ്കിൽ അതിന്റെ കാരണവും അതിൽ വ്യാഖ്യാനിച്ചിരിക്കുന്ന വചനവും അതിന്റെ ശക്തിയും തന്നെയാണ് എന്ന് അച്ചൻ ഉറച്ചു വിശ്വസിക്കുന്നു.

ദിവ്യകാരുണ്യ നാഥനോടൊപ്പം ചലിപ്പിച്ച തൂലിക

വചനത്തോടൊപ്പം ആ വചനം ധ്യാനിച്ചതും എഴുതിയതും ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ ആയിരുന്നുകൊണ്ടാണ് എന്ന പ്രത്യേകതയും അച്ചന്റെ എഴുത്തുകൾക്കുണ്ട്. ഏതാണ്ട് 90 % എഴുത്തുകളും അങ്ങനെ തന്നെയായിരുന്നു. ആശ്രമത്തിന്റെ നിത്യാരാധന ചാപ്പലിലോ യാത്രയ്ക്കിടയിൽ ദൈവാലയത്തിൽ ആയിരിക്കുവാൻ കിട്ടുന്ന അവസരങ്ങളൊക്കെ എഴുത്തിനായി അച്ചൻ വിനിയോഗിക്കും. ആശയദാരിദ്ര്യം മറ്റെല്ലാ എഴുത്തുകാരെയും പോലെ തന്നെ അച്ചനെയും വലച്ച സമയങ്ങളുണ്ട്. ഈ സമയങ്ങളിലൊക്കെയും ഈശോയുടെ പക്കലേയ്ക്ക് ഓടിച്ചെല്ലുകയാണ് ജെൻസൺ അച്ചൻ ചെയ്യുന്നത്. ആ ദിവ്യകാരുണ്യത്തിനു മുന്നിൽ ആയിരുന്നുകൊണ്ട് കരഞ്ഞുപ്രാർത്ഥിക്കും. അപ്പോൾ ദൈവം കാണിച്ചുതരും. അത് ഞാൻ എഴുതും. അങ്ങനെ അങ്ങനെ തുടരുകയാണ് ഈ എഴുത്തുകൾ. അച്ചൻ ചിരിച്ചുകൊണ്ട് തുടർന്നു.

എതിർത്തവയെ ഉപകരണമാക്കിയ കർത്താവ്

ഈ എഴുത്തുകൾക്കിടയിലും അച്ചൻ ഓർക്കുന്ന ഒരു കാര്യമുണ്ട്. ഇന്ന് വചനം പങ്കുവയ്ക്കുന്നതിനായി താൻ ഉപയോഗപ്പെടുത്തുന്ന സാമൂഹ്യമാധ്യമങ്ങളെയും സ്മാർട്ട് ഫോണുകളെയും എതിർത്തിരുന്ന തന്റെ തന്നെ കാഴ്ചപ്പാടുകൾ. ഒരു കാലത്ത് ലാസലെറ്റ് സഭയിൽ സ്മാർട്ട് ഫോൺ ഉപയോഗിക്കാത്ത ഒരേയൊരു  വൈദികൻ എന്ന പദവി ജെൻസൺ അച്ചന് സ്വന്തമായിരുന്നു. പിന്നീട് 2019 -ൽ അമേരിക്കയിൽ പോകേണ്ട ആവശ്യം വന്നപ്പോഴാണ് അച്ചൻ ആദ്യമായി സ്മാർട്ട് ഫോൺ വാങ്ങിക്കുന്നത്. ഈ സമയങ്ങളിൽ ഒക്കെയും സോഷ്യൽ മീഡിയയിൽ പ്രത്യേകിച്ച്, ഫേസ്ബുക്കിൽ അച്ചന് ഒരു അക്കൗണ്ട് ഉണ്ടെന്നതല്ലാതെ അതുകൊണ്ട് അച്ചനോ മറ്റുള്ളവർക്കോ ഒരു ഉപകാരവും ഉണ്ടായിരുന്നില്ല. അച്ചൻ എതിർത്തിരുന്ന ഈ രണ്ടു സാധ്യതകളെയുമാണ് ദൈവം ഇന്ന് അച്ചനിലൂടെ ദൈവവവചന പ്രഘോഷണത്തിന്റെ വേദികളാക്കി മാറ്റിയത്. ദൈവം അങ്ങനെയാണ്. നാം എതിർക്കുന്ന പലതിനെയും അവിടുന്ന് നന്മയ്ക്കായി ഉപയോഗപ്പെടുത്തും. എന്താല്ലേ? വാക്കുകൾക്കൊപ്പം അച്ചന്റെ ആ പതിവ് ചിരിയും മുഴങ്ങി…

ലോക്ക് ഡൗണിൽ ആശ്വാസമായ വചനങ്ങൾ

കൊറോണയും ലോക്ക് ഡൗണും വന്നില്ലായിരുന്നു എന്നിൽ ഒരുപക്ഷേ, ഈ ലേഖനങ്ങൾ എത്രയധികം ആളുകളിലേയ്ക്ക് എത്തുകയില്ലായിരുന്നു. ലോക്ക് ഡൗൺ നാളുകളിൽ പ്രീച്ചിങ് മിനിസ്ട്രി തന്നെ നിലച്ചുപോയി. അപ്പോഴും വചനം ധ്യാനിക്കുവാനായി ദൈവം നൽകിയ ഒരു അവസരമായിരുന്നു അച്ചനെ സംബന്ധിച്ചിടത്തോളം ഈ എഴുത്തുകൾ. ‘ലോക്ക് ഡൗൺ നൽകിയ ഒരു സമ്മാനം’ എന്നാണ് അച്ചൻ ഈ  ലേഖനങ്ങളെ വിശേഷിപ്പിക്കുന്നത്. ആ ഒരു സമയം ഇല്ലായിരുന്നു എങ്കിൽ ഒരുപക്ഷേ, താൻ എഴുതുകയില്ലായിരുന്നു അന്ന് അച്ചൻ ഓർക്കുന്നു.

പുതിയ പുസ്തകം

പുതിയ ഒരു പുസ്തകത്തിന്റെ പിന്നണിയിലാണ് ജെൻസൺ അച്ചൻ ഇപ്പോൾ. കഴിഞ്ഞ ഒരു വർഷമായി തുടരുന്ന എഴുത്തുകൾ ഒക്കെയും ചേർത്ത ഒരു പുസ്തകം. അത് ഒരു വലിയ പുസ്തകമായിരിക്കും. ദൈവം അനുവദിക്കുന്നുവെങ്കിൽ ഈ വർഷം തന്നെ അത് പുറത്തിറക്കണം എന്നതാണ് അച്ചന്റെ ആഗ്രഹം.

“ഞാൻ എഴുതി എന്നതിനപ്പുറം ദൈവം എന്നിലൂടെ വിയർത്തതിന്റെ തെളിവാണ് ഈ പുസ്തകം. ഈ പുസ്തകത്തിൽ ഞാൻ പേരു വയ്ക്കും. അത് നാഥനില്ലാതായി പോകരുത് എന്നതുകൊണ്ട് മാത്രമാണ്. ഞാൻ എന്ന വ്യക്തിക്കഅപ്പുറം അത് ദൈവമാണ് എഴുതിയതെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്” – അച്ചൻ വ്യക്തമാക്കി.

ഇന്ന് അനേകം ആളുകൾ അച്ചനെ വിളിക്കുന്നുണ്ട്, അഭിനന്ദിക്കുന്നുണ്ട്. അപ്പോഴൊക്കൊയും അച്ചൻ പറയുന്നത് എല്ലാം ദൈവകൃപയാൽ എന്ന് മാത്രമാണ്. ഇനിയും തുടരുന്ന എഴുത്തുകൾ അത് എന്നുവരെ പോകുമെന്ന കാര്യത്തിൽ അച്ചന് ഒരു ഉറപ്പുമില്ല. അവസാനമെന്ന് എന്നറിയാത്ത മനുഷ്യജീവിതം പോലെ അത് തുടരുകയാണ്. ദൈവം അനുവദിക്കുന്ന കാലം വരെ അങ്ങനെ അങ്ങു പോട്ടെ. – അച്ചൻ പറഞ്ഞുനിർത്തി.

മുക്കാൽ മണിക്കൂറിലേറെ നീളുന്ന സംഭാഷണം. ആദ്യമായി ആണ് സംസാരിക്കുന്നതെങ്കിലും അപരിചിതത്വത്തിന്റെ പിടിച്ചുകെട്ടലുകൾ ഏതുമില്ലാതെ ജെൻസൺ അച്ചൻ സംസാരിച്ചു. അച്ചന്റെ എഴുത്തുകൾ പോലെ തന്നെ ലളിതമായിരുന്നു ആ സംസാരവും. അതെ, ജെൻസൺ അച്ചൻ സിംപിൾ ആണ്. എഴുത്തിലും ഒപ്പം ജീവിതത്തിലും. അദ്ദേഹത്തിന്റെ  വചനവ്യാഖ്യാനങ്ങളിൽ നമുക്കും പ്രാർത്ഥനയുടെ കരുത്തുപകരാം.

മരിയ ജോസ്

 

3 COMMENTS

  1. എല്ലാ പോസ്റ്റുകളും ഞാൻ വായിക്കാറുണ്ട്.. ചിലത് വായിക്കുമ്പോൾ എനിക്ക് തോന്നാറുണ്ട് ഇതിൽ ഞാനും ഉണ്ടല്ലോ ചിലതിൽ എനിക്ക് ചുറ്റുമുള്ളവർ ഉണ്ടല്ലോ എന്ന്. എല്ലാം അനുഭവങ്ങളിൽ നിന്നുള്ളത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. വളരെ നല്ല വാക്കുകൾ ആണ്.ഇനിയും വളരെ നന്നായി എഴുതാൻ ദൈവം സഹായിക്കട്ടെ 🙏🙏🙏🙏

  2. വളരെ നല്ല സന്ദേശങ്ങൾ ആണ് ജെൻസൻ അച്ഛന്റെ. 🙏🙏നമ്മൾ ദിവസേന ഉള്ള ജീവിതതിൽ കാണുന്ന കാര്യങ്ങളിൽ ഒക്കെ ആത്മീയതലങ്ങൾ കാണിച്ചു തരുന്ന വാക്കുകളും കുഞ്ഞു കഥകളും ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. ഇനിയും ഈശോ ഒത്തിരി അനുഗ്രഹിക്കട്ടെ 🙏

Leave a Reply to Reni thomasCancel reply