മാർച്ച് 22 – ലോക ജലദിനം

ഇന്ന് ലോക ജലദിനം. കത്തുന്ന സൂര്യന്റെ കനൽച്ചൂടിനാൽ വറ്റി മൃതിയടഞ്ഞ ഊഴിയുടെ ജീവരസത്തെ പ്രണമിക്കാനും അവശേഷിക്കുന്ന ഉദകബിന്ദുക്കളെ പ്രാണന്റെ കണികയായ് കണ്ട് കാത്തുവയ്ക്കാനും നമ്മെ ഓർമപ്പെടുത്തുന്ന ദിവസം. ഭാരതചിന്തയനുസരിച്ച് സർവ്വ ചരാചരങ്ങളുടെയും അടിസ്ഥാനമായ പഞ്ചഭൂതങ്ങളിൽ ഒന്ന് ജലമാണ്. ഭൂമിയുടെയും ശരീരത്തിന്റെയും ഏറിയപങ്കും ജലമാണെന്നതിനാൽ അവയുടെ നിലനില്‍പ്പിന് ജലം എത്രയോ അനിവാര്യമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

മനുഷ്യജീവിതം തന്നെ രക്തം, കഫം, രേതസ് എന്നീ മൂന്ന് സ്രവങ്ങൾക്കു മേൽ പണിയപ്പെട്ടതാണെന്നാണല്ലോ പറയപ്പെടുന്നത്. ഏകകോശമായി ജീവൻ ഉടലാർന്നതും അത് ബഹുകോശമായി പരിണമിച്ചതും ഇപ്പോഴും പരിണമിച്ചു കൊണ്ടിരിക്കുന്നതും ജലത്തിലും ജലത്താലുമാണ്. വറ്റിയ തൊണ്ട പോലും നമ്മെ എത്രകണ്ട് അസ്വസ്ഥരാക്കാറുണ്ട്. അങ്ങനെയെങ്കിൽ സിരകൾ കൂടി വറ്റിയാലോ, കോശങ്ങളിൽ‍ നിന്ന് ജലം ഊർന്നുപോയാലോ, അത് മനുഷ്യന്റെയും മണ്ണിന്റെയും മരണം തന്നെയാണ്. പ്രകൃതിയുടെ ഈ അമൃതിനെ ഒരു തുള്ളിപോലും ചോരാതെ കാത്തുസൂക്ഷിക്കുക എന്നത് ഗൗരവതരമായ ശ്രദ്ധ അർഹിക്കുന്ന നമ്മുടെ സവിശേഷ കടമ തന്നെയാണ്. പ്രത്യേകിച്ചും ഉപയോഗയോഗ്യമായ ജലത്തിന്റെ തോത് അപകടകരമായി കുറയുന്നു എന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ.

ജീവന്റെ മാത്രമല്ല, ജീവിതത്തിന്റെയും ആധാരം ജലം തന്നെയാണ്. ആദിമ സംസ്‌കൃതികളെല്ലാം രൂപപ്പെട്ടത് ജലാശയങ്ങളോട് ബന്ധപ്പെട്ടായിരുന്നു എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. പുരോഗതിയുടെ എന്ന് മാത്രമല്ല, അടിസ്ഥാനപരമായ അതിജീവനത്തിന്റെ പോലും ആണിക്കല്ല് ജലമാണ്. ജലവും, ജലത്താൽ വിളയുന്നവയുമാണ് നമ്മുടെ ആരോഗ്യത്തെയും ശരീരത്തെയും പോഷിപ്പിക്കുന്നത്. ആർദ്രമായ പ്രകൃതിയുടെ ദാനമാണ് ഈ ജീവിതം.

സിരകളിൽ ശുദ്ധജലമൊഴുകുന്ന കാലത്തോളമേ ഭൂമിക്ക് ജീവനെ നിലനിർത്താനാകൂ. മരിച്ച മണ്ണിൽ‍ നിന്ന് ഒന്നും പിറവികൊള്ളില്ലെന്ന് ആർക്കാണറിയാത്തത്. ശ്രീ.റഫീക്ക് അഹമ്മദിന്റെ ”മഴ കൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസ്സിൽ‍” എന്ന വരികൾ എത്രയോ അർത്ഥപൂർണ്ണമാണ്. അതിൽ ഒരു തിരുത്ത് ആവശ്യമുണ്ടെന്ന് തോന്നുന്നു. ചില വിത്തുകളല്ല, എല്ലാ വിത്തുകളും മഴകൊണ്ടേ മുളയ്ക്കൂ. ജലകണം പുണരാത്തിടത്തോളം ഏതു വിത്താണ് മുളച്ചുപൊന്തുക? ജലം തേടിയലയുന്ന വേരുകളും പറയുന്ന കഥകൾ മറ്റൊന്നല്ലല്ലോ! ജലമില്ലാത്ത ലോകത്തിൽ അതിജീവനം ഒരുതരത്തിലും സാധ്യമല്ലെന്നത് പകൽപോലെ വ്യക്തമാണ്.

ജലവുമായി ബന്ധപ്പെട്ട കണക്കുകളും കണ്ടെത്തലുകളും ഭീതിജനകമാണെന്ന് ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ടിരിക്കുന്ന വിവരങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും. 200 കോടിയോളം ആളുകൾ ശുദ്ധജല ദൗർലഭ്യം അനുഭവിക്കുന്നുണ്ടെന്നും നാലിൽ ഒരു പ്രൈമറി സ്‌കൂൾ കുടിവെള്ള സൗകര്യമില്ലാതെയാണ് പ്രവൃത്തിക്കുന്നതെന്നും മലിനജലത്തിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന ഡയേറിയ ബാധിച്ച് 700-ലേറെ കുട്ടികൾ ഒരു ദിവസം മരിക്കുന്നു എന്നുമൊക്കെയാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.

നമ്മുടെ ജലാശയങ്ങളും കുളങ്ങളും അനുദിനമെന്നോണം മലിനമാക്കപ്പെടുകയും വറ്റുകയും ചെയ്യുന്നു. ക്രമാതീതമായി ഉയരുന്ന ചൂട്, താങ്ങാനാവാത്ത വരൾച്ചയിലേക്കാണ് വിരൽചൂണ്ടുന്നത്. അതുകൊണ്ട് കരുതലോടെയിരിക്കേണ്ടത് ആവശ്യമാണ്. ഭൂമി വരണ്ടുപോകുന്നതിന് പ്രധാനകാരണം മനുഷ്യന്റെ ഇടപെടൽ തന്നെയാണ്. മനുഷ്യൻ നേട്ടങ്ങളുടെ കൊടുമുടി കയറുന്തോറും അവന്റെ ജീവിതസാഹചര്യങ്ങളെ ആനുപാതികമല്ലാത്ത രീതിയിൽ തകർത്തുകളയുക കൂടി ചെയ്യുന്നുണ്ട്. നിലനില്‍പിന്റെ അടിസ്ഥാനങ്ങളെ വിലമതിക്കാതെയും കണക്കിലെടുക്കാതെയുമുള്ള ഈ വളർച്ചയിലൂടെ മനുഷ്യകുലമൊന്നാകെ മരണവക്ത്രത്തിലേക്കാണ് നടന്നടുത്തു കൊണ്ടിരിക്കുന്നത്. ഇത് ഈ കാലത്തിന്റെ മാത്രം ആകുലതയല്ല. പുഴയ്ക്ക് കുറുകെ മനുഷ്യൻ‍ തീർത്ത വിജയമായ കുറ്റിപ്പുറം പാലത്തിനുമേൽ കയറിനിന്നു കൊണ്ട് ഇടശ്ശേരി വിലപിക്കുന്നത് ”കളിയും ചിരിയും കരച്ചിലുമായ്, കഴിയും നരനൊരു യന്ത്രമായാൽ, അംബ പേരാറേ നീ മാറിപ്പോമോ, ആകുലയാമൊരൊഴുക്കുചാലായ്” എന്നാണ്.

ഇന്ന് ആ പാലത്തിനു മീതെ യാത്ര ചെയ്യുമ്പോൾ കാണുന്ന മണലാരണ്യം ഇടശ്ശേരിയുടെ വിലാപം ഒരു പ്രവചനം തന്നെയായിരുന്നു എന്ന വസ്തുതയ്ക്ക് അടിവരയിടുന്നു. അന്നത്തേതിലേറെ മനുഷ്യൻ ഇന്ന് യന്ത്രമായി മാറിയിരിക്കുന്നു. ‘ദുരമൂത്ത് കറുത്ത നമ്മുടെ പുഴകളുടെയും, ചതിമൂത്ത് വെളുത്ത മലകളുടെയും അടങ്ങാത്ത കലിയെക്കുറിച്ച്’ ശ്രീ. മുരുകൻ കാട്ടാക്കട പാടുന്നതും ഇതേ ധ്വനിയുള്ള പ്രവാചകമൊഴികളായി വേണം നമ്മൾ കാണാൻ. പുഴകളിലധികവും നൂലുപോലെ ഒഴുകിത്തുടങ്ങിയിരിക്കുന്നു. ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു കൊണ്ടിരിക്കുന്നു. ഉപരിതലത്തിൽ ശേഷിക്കുന്ന ഇത്തിരി ജലം കനത്ത ചൂട് കവരുന്നു. ജലസമൃദ്ധമായ ഭൂമിയെ പൊതിഞ്ഞുപിടിച്ചിരുന്ന പച്ചിലച്ചാർത്തുകളെ നുള്ളിയെടുത്തപ്പോഴും, തണ്ണീർത്തടങ്ങൾക്കു മേൽ ബഹുനിലമന്ദിരങ്ങൾ കെട്ടിയുയർത്തിയപ്പോഴും വരൾച്ചയിലേക്ക് നമ്മൾ വഴിവെട്ടുകയായിരുന്നു. നമ്മൾ തെളിച്ചിട്ട വഴിയിലൂടെ തന്നെയാണ്, വരൾച്ച നമ്മുടെ ഉമ്മറപ്പടിയോളം നടന്നെത്തിയിരിക്കുന്നത്. വേനലിന്റെ ആരംഭം തന്നെ നമ്മെ പേടിപ്പെടുത്തുന്നു. വേനൽ കനക്കുന്നതോടെ ജീവിതം ഇനിയും ദുസ്സഹമാകാൻ പോകുന്നു. പ്രകൃതിയുടെ സൗജന്യവരദാനം വില കൊടുത്ത് വാങ്ങേണ്ട ഗതികേടിലേക്ക് നാം നമ്മെത്തന്നെ പറിച്ചുനട്ടിരിക്കുന്നു.

ഇനിയെങ്കിലും ജലത്തെ നമ്മൾ അമൃത് പോലെ സംരക്ഷിച്ചേ പറ്റൂ. സുസ്ഥിര വികസനത്തിൽ ഏറ്റവും പ്രാധാന്യം ജലസംരക്ഷണത്തിനു തന്നെയാണ്. നമ്മുടെ അത്യാഗ്രഹം കൊണ്ട് ജലസുരക്ഷയില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിലൂടെ വരുംതലമുറകളോട് നമ്മൾ ചെയ്യുന്നത് അക്ഷന്തവ്യമായ അപരാധമാണ്. സ്വന്തം കുഞ്ഞുങ്ങൾക്കുവേണ്ടി സർവ്വസൗഭാഗ്യങ്ങളും കരുതിവയ്ക്കുന്ന നാം അവരുടെ കുഞ്ഞുങ്ങൾക്കാവശ്യമായ സുരക്ഷയെക്കുറിച്ചു കൂടി ചിന്തിക്കേണ്ടതുണ്ട്. അതിനുതകുന്ന ‘ലീവ് നോ വൺ ബിഹൈൻഡ്’ എന്ന ചിന്തയുമായാണ് ഐക്യരാഷ്ട്ര സഭ ഈ വർഷം ജലദിനം ആചരിക്കുന്നത്. ജലം ഒരു മനുഷ്യാവകാശമാണെന്ന് യു.എന്‍. 2010-ൽ പ്രഖ്യാപിച്ചിരുന്നു. അതാർക്കും നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തുക എന്നതാണ് ആരെയും പിന്നിലുപേക്ഷിക്കരുതെന്ന ആപ്തവാക്യത്തിൽ ഉൾച്ചേർന്നിരിക്കുന്ന ആശയം. 1993-ലാണ് ആദ്യത്തെ ജലദിനം ആചരിക്കപ്പെട്ടത്.

രണ്ടു തരത്തിലുള്ള ഇടപെടലുകളാണ് ജലസംരക്ഷണത്തിനായി നമ്മൾ സ്വീകരിക്കേണ്ടത്. ഒന്ന് – ജലം മലിനമാകാതിരിക്കാനും ശേഷിക്കുന്ന ശുദ്ധജലം വറ്റിപ്പോകാതിരിക്കുന്നതിനും അടിയന്തരമായി നമ്മൾ ചെയ്യേണ്ട കാര്യങ്ങളാണ്. തണ്ണീർതടങ്ങളുടെ സംരക്ഷണവും, മഴവെള്ള സംഭരണവും മുതൽ ജലവിനിയോഗത്തിൽ നാം ശ്രദ്ധിക്കേണ്ട ഏറ്റവും ചെറിയ കാര്യങ്ങൾ വരെ അതിൽ ഉൾപ്പെടും. ഒരു തുള്ളി ജലം പോലും അനാവശ്യമായി പാഴാകാതിരിക്കാൻ അനിതര സാധാരണമായ കരുതലുണ്ടാവുക എന്നത് പ്രധാനമാണ്. അതിന് സർക്കാർ തലത്തിൽ മാത്രം നയങ്ങൾ രൂപപ്പെട്ടാൽ പോരാ, വ്യക്തിപരമായ ചില നിഷ്ഠകൾ കൂടി വളർത്തേണ്ടതുണ്ട്. എല്ലാവരും ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സാക്ഷരരാവുകയാണ് വേണ്ടത്.

രണ്ടാമത്തേതും, തുല്യപ്രാധാന്യവുമുള്ള മറ്റൊരു ഇടപെടൽ ഭാവാത്മകമായി ചിന്തിക്കാൻ പറ്റുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ്. അങ്ങനെയുള്ളവർക്കേ നഷ്ടപ്പെട്ടു പോകുന്ന സൗഭാഗ്യങ്ങളെക്കുറിച്ചുള്ള വേദനയുണ്ടാകൂ. അവർക്കേ ക്രിയാത്മകമായി ഇത്തരം സാഹചര്യങ്ങളിൽ ഇടപെടാനാകൂ. യാന്ത്രികമായി ചിന്തിക്കുന്നവർക്ക് യാന്ത്രികമായ പരിഹാരങ്ങളേ നിർ‍ദ്ദേശിക്കാനുണ്ടാകൂ. അതുപക്ഷേ ശാശ്വതമായ ഒരു പരിഹാരത്തിലേക്ക് നയിക്കണമെന്ന് നിർബന്ധമില്ല. വൈകാരികമായ ചില ഇടപെടലുകൾ കൂടി പ്രകൃതിയെ സംരക്ഷിക്കാൻ അനിവാര്യമാണ്. ജലസമൃദ്ധമായ മഴക്കാലത്ത് അതിൽ ഒരു തുള്ളിപോലും സംഭരിക്കാതെ, കൊടിയ വേനലിൽ തെളിഞ്ഞുതെളിഞ്ഞു വരുന്ന കിണർ റിംഗുകളെ നോക്കി വിലപിക്കുന്നവരാകാതെ ഓരോ തുള്ളിയും കരുതലോടെ സംരക്ഷിക്കുന്നവരാകാൻ ഈ ജലദിനവും അതിന്റെ ചിന്തകളും നമ്മെ പ്രചോദിപ്പിക്കട്ടെ.

ഫാ. ബിവാൽഡിൻ