സെമിനാരിയിൽ മുടിവെട്ടുകാരന് എന്താ കാര്യം?

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

സെമിനാരിയിൽ ചേർന്ന വർഷം. തലമുടി വെട്ടാൻ സമയമായപ്പോൾ റെക്ടറച്ചൻ പറഞ്ഞു: ”ഇവിടെ ആരും മുടി വെട്ടാൻ ബാർബർ ഷോപ്പിൽ പോകുക പതിവില്ല. പകരം പരസ്പരം മുടിവെട്ടുകയാണ് പതിവ്. നിങ്ങൾക്ക് സീനിയേഴ്സ് വെട്ടിത്തരും. സാവകാശം നിങ്ങളിൽ ആരെങ്കിലും മുടിവെട്ടാൻ പഠിക്കുക.” അച്ചൻ്റെ വാക്കുകേട്ട് ഞങ്ങൾ സീനിയേഴ്സിൻ്റെ അടുത്ത് ചെന്നു. അവർ നന്നായ് മുടിവെട്ടി തരികയും ചെയ്തു. ആദ്യ വർഷം തീരാറായപ്പോൾ ഞങ്ങളുടെ ബാച്ചിലെ ഒരു സഹോദരനും നന്നായി മുടിവെട്ടാൻ പഠിച്ചു. പലരും ഹെയർ കട്ടിംഗ് ‘നല്ലതുപോലെ’ പഠിച്ചതിനാൽ അവധിക്കാലത്ത് ബാർബറിൻ്റെ അടുത്ത് ചെന്ന് തലയൊന്ന് ഷേപ്പ് വരുത്തുക പതിവായിരുന്നു.

മുടിവെട്ടാനിരിക്കുമ്പോൾ, നമ്മൾ വിചാരിക്കും കണ്ണാടിയിൽ നോക്കി എങ്ങനെയെല്ലാം വെട്ടണമെന്ന് കൂട്ടുകാരന് പറഞ്ഞു കൊടുക്കാമെന്ന്. എന്നാൽ എത്ര നല്ല കണ്ണാടിയുണ്ടെങ്കിലും മുടിവെട്ടുന്ന കാര്യത്തിൽ കൂട്ടുകാരനെ പൂർണ്ണമായും വിശ്വസിക്കുക എന്നല്ലാതെ മറ്റൊരു മാർഗവുമില്ല. കണ്ണാടിയേക്കാൾ നന്നായി എൻ്റെ ശിരസ് കാണുവാനും ഇഷ്ടമനുസരിച്ച് വെട്ടുവാനും ചങ്ങാതിയ്ക്ക് കഴിയുമെന്ന് വിശ്വസിക്കാനാകണം. അങ്ങനെയുള്ളപ്പോൾ വെട്ടിയത് അത്ര നന്നായില്ലെങ്കിലും അതൊന്നും ആർക്കും ഒരു പ്രശ്നവുമല്ലായിരുന്നു.

“നീ സഹോദരൻ്റെ കണ്ണിലെ കരടു കാണുകയും നിൻ്റെ കണ്ണിലെ തടിക്കഷണം ശ്രദ്‌ധിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്‌?” (മത്തായി 7:3) എന്ന ക്രിസ്തുവിൻ്റെ ചോദ്യം ഓർക്കുന്നു. സത്യത്തിൽ ആർക്കാണ് സ്വന്തം കണ്ണിലെ കരടു കാണാൻ കഴിയുക? സ്വന്തം നയനങ്ങൾക്ക് കാഴ്ച ഉണ്ടായിരിക്കെ നമ്മുടെ കണ്ണുകളോ, കാതുകളോ, മൂക്കോ നേരിട്ട് കാണാൻ നമുക്കാർക്കും കഴിയുകയില്ലല്ലോ!

മുടിവെട്ടുന്ന കാര്യം പറഞ്ഞതുപോലെ, സ്വന്തം കണ്ണിലെ കരടു കാണണമെങ്കിൽ ക്രിസ്തുവെന്ന കണ്ണാടിയോ, ക്രിസ്തുവിനെ പോലൊരു ചങ്ങാതിയോ ആവശ്യമാണ്. ഇവ രണ്ടും ഇല്ലാത്തിടത്തോളം കാലം നമ്മൾ കാഴ്ചയുണ്ടെന്ന് കള്ളം പറയുന്ന അന്ധരായിരിക്കും.

ഫാദർ ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.