മധുരം വചനം – നവംബർ 12: അഞ്ചാം കുരുവി

ഫാ. അജോ രാമച്ചനാട്ട്

“അഞ്ചു കുരുവികള്‍ രണ്ടു നാണയത്തുട്ടിനു വില്‍ക്കപ്പെടുന്നില്ലേ? അവയില്‍ ഒന്നുപോലും ദൈവസന്നിധിയില്‍ വിസ്‌മരിക്കപ്പെടുന്നില്ല. നിങ്ങളുടെ തലമുടിയിഴപോലും എണ്ണപ്പെട്ടിരിക്കുന്നു. ഭയപ്പെടേണ്ടാ, നിങ്ങള്‍ അനേകം കുരുവികളെക്കാള്‍ വിലയുള്ളവരാണ്‌.” (ലൂക്കാ 12:6- 7)

അഞ്ചാം കുരുവി

രണ്ടു നാണയത്തിന് അഞ്ച് കുരുവി. അപ്പോൾ ഒരു കുരുവിയുടെ വില എന്താണ് ? കണക്ക് ശരിയാകുന്നില്ലല്ലോ !

സുഹൃത്തേ, അഞ്ചാമത്തെ കുരുവി ഫ്രീ കിട്ടുന്നതാണ്. നാല് എണ്ണത്തിന് ഒരെണ്ണം ഫ്രീ. അങ്ങനെ വന്നാലേ കണക്ക് ശരിയാകൂ. വഴിവക്കത്ത്‌ ഇരുന്ന കുരുവിക്കച്ചവടക്കാരനെ ചൂണ്ടി ക്രിസ്തു ഓർമ്മപ്പെടുത്തുന്നത്, ഒരുപക്ഷേ ആരോഗ്യക്കുറവ് കൊണ്ടോ അംഗവൈകല്യം കൊണ്ടോ വെറുതെ വിൽക്കപ്പെടുന്ന അഞ്ചാം കുരുവിയെ കൂടി ഒരു കുറവുമില്ലാതെ പരിപാലിക്കുന്ന ദൈവകരുണയെക്കുറിച്ചാണ്.. !

ഓർത്താൽ, ഞാനും നീയും അഞ്ചാം കുരുവികൾ തന്നെ. ജീവിതത്തിന്റെ യുദ്ധക്കളത്തിൽ മുറിവേറ്റവൾ നമ്മൾ. അംഗവിഹീനർ നമ്മൾ. ആരും കണക്കിൽപെടുത്താത്തവർ നമ്മൾ. ഒരിടത്തും ജയിക്കാത്തവർ നമ്മൾ !

വചനം അഞ്ചാം കുരുവിയോടാണ്. കുഞ്ഞേ, നീയും തമ്പുരാന്റെ ഹൃദയത്തിൽ വില ഉള്ളവനാണെന്ന്..

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്‌