എന്തുകൊണ്ടാണ് ചിലർ ഫ്രാൻസിസ് പാപ്പായെ എതിർക്കുന്നത്? 

സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ

2013 മാർച്ച് മാസം പതിമൂന്നാം തീയതി സൂര്യൻ മറിഞ്ഞിട്ടും ആയിരക്കണക്കിന് വിശ്വാസികൾ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയിരുന്നു. എന്റെ പ്രിയ സഹോദരി സഹോദരങ്ങളെ, “ബോന സേര” (good evening) എന്ന വളരെ ലാളിത്യം നിറഞ്ഞ ഒരു അഭിസംബോധനയാൽ ലോകത്തിന്റെ പല ഭാഗത്തുമുള്ള ലക്ഷക്കണക്കിന് ആൾക്കാരുടെ ഹൃദയം കവർന്ന ‘ജോർജ് മാരിയോ ബെർഗോളിയോ’ എന്ന അർജന്റീനിയൻ കർദ്ദിനാൾ. ദാരിദ്ര്യത്തെ ഉടയാടയാക്കിയ അസീസിയിലെ ഫ്രാൻസിസിനോട് മനോഭാവത്തിലും ജീവിതത്തിലും ഏറെ സാമ്യം ഉള്ളതുകൊണ്ട് തന്നെ ആ വലിയ വിശുദ്ധന്റെ നാമം തന്റെ ഈ പുതിയ ജീവിതത്തോട് കൂട്ടിച്ചേർത്തു.

പരമ്പരാഗതമായ ആർഭാടങ്ങൾ ഉപേക്ഷിച്ച് വളരെ ലളിതമായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ തടിച്ചുകൂടിയ വിശ്വാസികളുടെ മുമ്പിലേക്ക് ഫ്രാൻസിസ് പാപ്പാ കടന്നുവന്നത് അത്യാവശ്യം നന്നായിത്തന്നെ ഇറ്റാലിയനിൽ ചെറിയ ഒരു തമാശ പറഞ്ഞു കൊണ്ടാണ്. “റോമിന് ഒരു മെത്രാനെ കണ്ടെത്തുവാൻ എന്റെ സഹോദരന്മാരായ കർദ്ദിനാൾമാർ ലോകത്തിൻറെ അങ്ങേയറ്റം വരെ പോകേണ്ടി വന്നു.” ലോകത്തിന് ഒരു മാർപാപ്പയെ കണ്ടെത്തുവാൻ എന്നല്ല  മറിച്ച് റോമിന് ഒരു മെത്രാനെ കണ്ടെത്തുവാൻ എന്ന അദ്ദേഹത്തിന്റെ യാതൊരു അധികാരമോഹവും ഇല്ലാത്ത വാക്കുകൾ എല്ലാവരെയും ഒന്ന് അത്ഭുതപ്പെടുത്തി. പുതിയ മാർപാപ്പ ജനങ്ങൾക്കു നൽകാറുള്ള ആശീർവാദത്തിന് മുമ്പായി തനിക്കുവേണ്ടി ഒരോ വിശ്വാസിയും ദൈവത്തോട് പ്രാർത്ഥിച്ച് എന്നെ അനുഗ്രഹിക്കണം എന്ന് പറഞ്ഞ് ജനസാഗരത്തിന്റെ മുമ്പിൽ തലകുമ്പിട്ടു നിൽക്കുന്ന പാപ്പയെ കണ്ടപ്പോൾ അവിടെയുണ്ടായിരുന്നവരും ലോകത്തിലെ ഓരോ കോണിലും ഇരുന്ന് ഈ പ്രോഗ്രാം ലൈവിൽ കണ്ടിരുന്നവരും ഒരു നിമിഷം സ്തംഭിച്ചു പോയി. തൊട്ടടുത്ത നിമിഷം ഫ്രാൻസിസ് പാപ്പായ്ക്ക് വേണ്ടി ലോകത്തിന്റെ ഓരോ കോണിലുമുള്ള ലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് ഉയർന്നു.

എന്തോ, ആദ്യദിനം തുടങ്ങി ഒത്തിരി വ്യത്യസ്തതകൾ തോന്നിക്കുന്ന എന്നാൽ വളരെ ലാളിത്യം നിറഞ്ഞ ഫ്രാൻസിസ് പാപ്പയുടെ വാക്കുകളും പ്രവർത്തികളും     ലോകത്തിന്റെ ഓരോ കോണും ആകാംഷയോടെ ഉറ്റുനോക്കികൊണ്ടിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരനായി, അധികാരത്തിന്റെ യാതൊരു ഗർവ്വും ഇല്ലാതെ, ആബാലവൃദ്ധം ജനങ്ങളെ അനുഗ്രഹിച്ചും തലോടിയും കടന്നുപോയപ്പോൾ അദ്ദേഹത്തെ ഒന്നു കാണുവാനായ് ആയിരങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിലേയ്ക്ക് ഒഴുകിയെത്താൻ തുടങ്ങി. താൻ പറയുന്നത് എല്ലാം സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയിരുന്നതും അല്ലെങ്കിൽ പ്രാവർത്തികമാക്കി കാണിക്കുകയും ചെയ്തപ്പോൾ നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും അധാർമികതയുടെയും സാത്താൻ ആരാധനയുടേയും പിടിയിലമർന്ന യൂറോപ്യൻ രാജ്യങ്ങളിലെ ക്രൈസ്തവർ പതിയെ ഉണർന്നെഴുന്നേൽക്കുവാൻ തുടങ്ങി. ഫ്രാൻസിസ് പാപ്പായുടെ സ്വന്തം ജീവിതം തന്നെ അവർക്ക് മുന്നിൽ ഒരു മാതൃകയായി തീർന്നപ്പോൾ വിഡ്ഢിത്ത്വങ്ങൾക്ക് പിന്നാലെ എന്തിനു പോകണം എന്ന ഒരു ചോദ്യം ഉദിയ്ക്കുകയുണ്ടായി.

ചിലർ ഒന്ന് തൊടാൻ പോലും മടിക്കുന്ന രോഗികളെ ഫ്രാൻസിസ് പാപ്പാ വാരിപ്പുണർന്നു. സുപരിചിതനെപോലെ ചില വീടുകളിലേക്ക് ചെല്ലുകയും അവരോടു കുശലം ചോദിക്കും ചെയ്തപ്പോൾ പലർക്കും ‘വീണ്ടും ക്രിസ്തു ഈ ഭൂമിയെ സന്ദർശിക്കുന്നത് പോലെ തോന്നി.’ തങ്ങളുടെ ദുഃഖം പങ്കുവയ്ക്കാനായ് ആരെങ്കിലും മാർപാപ്പയ്ക്ക് ഒരു കത്ത് അയച്ചാൽ അതിനു മറുപടിയായി ഒരു ഫോൺകോൾ അവരെ തേടിയെത്തും. “ഹലോ ഞാൻ ഫ്രാൻസിസ് പാപ്പായാണ്.” അനേകായിരം വിശ്വാസികളും അവിശ്വാസികളും ഫ്രാൻസിസ് പാപ്പായെ തങ്ങളുടെ ഹൃദയത്തിലേറ്റിയപ്പോൾ അവിടെയും ഇവിടെയും ചില പൊട്ടലും ചീറ്റലും കേൾക്കാൻ തുടങ്ങി. ഫ്രാൻസിസ് പാപ്പ പറയുന്നതും ചെയ്യുന്നതും എല്ലാം ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണെന്ന് ചിലർ അടക്കം പറഞ്ഞു. എന്നാൽ വളരെ ലാളിത്യത്തോടെ എന്നും ജീവിച്ചിരുന്ന പാപ്പാ അർജൻറീനയുടെ തലസ്ഥാന നഗരിയായ ബോനോ സൈറസിൽ മെത്രാനയും കർദിനാളായും ജീവിച്ചപ്പോഴും ഇങ്ങനെയായിരുന്നു എന്നത് അവർ അറിഞ്ഞില്ല എന്ന് നടിച്ചു. ഈ വിമർശകരുടെ സങ്കല്പത്തിൽ പാപ്പ അധികാരത്തിന്റെ ഗർവ്വ് കാട്ടി വത്തിക്കാന്റെ ഉള്ളിൽ തന്നെ കഴിഞ്ഞുകൂടണം എന്നതായിരുന്നു.

നൂറ്റാണ്ടുകളായി സമ്പത്തിന്റെയും അധികാരത്തിന്റെയും മാസ്മരികലോകത്ത് ജീവിച്ച ജനങ്ങൾക്കിടയിൽ ചിലർക്കെങ്കിലും ദാരിദ്ര്യത്തെ വധുവായി സ്വീകരിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ആശയങ്ങൾ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഫ്രാൻസിസ് പാപ്പാ തന്റെ ജീവിതത്തിലേക്ക് പകർത്തിയപ്പോൾ അത്രയ്ക്കങ്ങ് സുഖിച്ചില്ല. ദൈവരാജ്യത്തിനു വേണ്ടി വേലചെയ്യുന്നവർ തന്റെ അജഗണങ്ങളുടെ മധ്യത്തിലേക്ക് കടന്ന് ചെല്ലണമെന്നും, ആട്ടിടയന്മാർക്ക് ആടുകളുടെ മണം ഉണ്ടായിരിക്കണമെന്നുമുള്ള ഫ്രാൻസിസ് പാപ്പയുടെ വാക്കുകൾ തങ്ങളുടെ ജീവിതത്തിലെ ചില വീഴ്ചകൾ കാരണം അധികാരത്തിൽനിന്നോ സ്ഥാനമാനങ്ങളിൽനിന്നോ മാറ്റിനിർത്തപ്പെട്ട ചില ആട്ടിടയന്മാർക്ക് അത്രയ്ക്കങ്ങ് രസിച്ചില്ല. തെറ്റ് ചെയ്തവർ നിയമത്തിന്റെ മുമ്പിൽ വരണമെന്ന ഫ്രാൻസിസ് പാപ്പയുടെ നിർബന്ധവും അദ്ദേഹത്തെ മറ്റുചിലരുടെ കഠിന ശത്രുവാക്കി. ഒപ്പം പ്രവചനങ്ങളുടെയും അത്ഭുതങ്ങളുടെയും പേരുപറഞ്ഞ് അനേകം വിശ്വാസികളെ മോഷ്ടിച്ചുകൊണ്ടിരുന്ന ‘ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളെയും’ ഫ്രാൻസിസ് പാപ്പായുടെ വരവ് അല്പം പ്രകോപിപ്പിച്ചു. എന്തുവിധേനയും ഫ്രാൻസിസ് പാപ്പയെ ലോകത്തിനുമുമ്പിൽ മോശമായി ചിത്രീകരിക്കണം എന്നതായി ഈ ചെന്നായ്ക്കളുടെ പുതിയ അജണ്ട.

കത്തോലിക്കാസഭയിൽ തന്നെ നിന്നുകൊണ്ട് അതിഭക്തരായ് അഭിനയിച്ച് വിശുദ്ധ ഗ്രന്ഥത്തിലെ ചില വചനങ്ങൾ അവരുടേതായ രീതിയിൽ വളച്ചൊടിച്ച് ദുർവ്യാഖ്യാനം നടത്തുകയും ഒപ്പം കത്തോലിക്കാസഭ അംഗീകരിക്കാത്ത ചില സ്വകാര്യ വെളിപാടുകൾ (അതും  യഥാർത്ഥ പേര് പോലും വെളിപ്പെടുത്താത്ത) ദൈവവചനത്തെക്കാൾ കൂടുതൽ പ്രാധാന്യം നൽകി പ്രചരിപ്പിക്കുകയും ചെയ്ത് നിഷ്കളങ്കരായ അനേകം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ഇവർ പറയുന്ന ഈ പാരമ്പര്യം എന്താണ്? വി. ഗ്രന്ഥത്തിൽ തന്നെയുള്ള ക്രിസ്തുവിന്റെ വാക്കുകൾ കാണുക: “ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും.” (മത്തായി 16 : 18 – 19) എന്ന ക്രിസ്തുവിന്റെ വാക്കുകൾക്ക് ഏകദേശം രണ്ടായിരം വർഷങ്ങളുടെ പഴക്കവും പാരമ്പര്യവും ഉണ്ടെന്ന സത്യം ആരും മറന്നു പോകരുത്.

13 -ാം നൂറ്റണ്ടു മുതൽ കത്തോലിക്കാസഭയിൽ അനേകം കർദിനാളന്മാർ മാർപാപ്പാമാരായ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവരിലാരും എന്തുകൊണ്ട് ഫ്രാൻസിസ് എന്ന പേര് തിരഞ്ഞെടുത്തില്ല എന്ന് ചിന്തിക്കുമ്പോൾ മനസ്സിലാക്കേണ്ട ഒരു വലിയ വസ്തുതയുണ്ട്. ജീവിതത്തിൽ സ്വന്തമായിരുന്നവയെല്ലാം വലിച്ചെറിഞ്ഞ് അസീസിയുടെ തെരുവിലൂടെ ഫ്രാൻസിസ് നടന്നപ്പോൾ അവനെ ലോകം വിളിച്ചത് ‘ഭ്രാന്തൻ’ എന്നാണ്. അവന് ലോകം നൽകിയത് കല്ലേറുകൾ ആയിരുന്നു. പക്ഷേ പിന്നീട് ആ ഭ്രാന്തിന് ലോകം നൽകിയ പേരാണ് ‘രണ്ടാം ക്രിസ്തു’. എറിഞ്ഞ കല്ലുകൾ എല്ലാം പുഷ്പങ്ങളായി മാറിയത് അപ്പോഴാണ്. വീണ്ടുമിതാ, ഈ ഇരുപത്തിയൊന്നാം  നൂറ്റാണ്ടിൽ മറ്റൊരാൾകൂടി ഫ്രാൻസിസിന്റെ അതേ പേരിൽ ലോകത്തിന് മുമ്പിലേക്കു വന്നിരിക്കുന്നു. ഫ്രാൻസിസിന്റെ ആത്മീയചൈതന്യം സ്വന്തമാക്കിയതുകൊണ്ട്, ദാരിദ്ര്യം എന്ന വധുവിനെ മണവാട്ടി ആക്കിയതുകൊണ്ട് ലോകം ഇതാ അവനുനേരെയും കല്ലുകൾ എറിയുന്നു. കാരണം ഇവിടെയും ചരിത്രം ആവർത്തിക്കുകയാണ്. നന്മയെ തിന്മയാക്കുന്ന ‘ഒരു ചെറുസമൂഹം’ എന്നും സമൂഹത്തിൽ ഉണ്ട്. അങ്ങനെയുള്ളവർ ഇല്ലായിരുന്നു എങ്കിൽ ക്രിസ്തു കുരിശിൽ മരിക്കുകയില്ലായിരുന്നു. ക്രിസ്തുവിനെ യഥാർത്ഥത്തിൽ അനുകരിക്കുന്നവരെ അവർ എന്നും കല്ലെറിഞ്ഞു കൊണ്ടേയിരിക്കും. ചങ്കൂറ്റത്തോടെ ഏത് കല്ലുകളെയും ഏറ്റെടുക്കുവാനുള്ള മനസ്സാണ് ഫ്രാൻസിസ് മാർപാപ്പയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

ക്രിസ്തുവാകുന്ന മൂലകല്ലിൽ സ്ഥാപിതമായ സഭയാണ് കത്തോലിക്കാസഭ. അവിടെയുമിവിടെയും കൂണുപോലെ മുളച്ചുവന്ന അവശിഷ്ട സഭയല്ല യഥാർത്ഥ ‘കത്തോലിക്കാസഭ’. ആദ്യം നിങ്ങൾ മാർപാപ്പായെ എതിർത്തു. ഇന്നലെ നിങ്ങൾ മെത്രാന്മാരെ എതിർത്തു. (മെത്രാൻമാരുടെ തലയിൽ ഇരിക്കുന്ന തൊപ്പി വെളിപാട് പുസ്തകത്തിലെ ദുഷ്ടമൃഗത്തിന്റെ തലയുടെ പ്രതീകമാണുപോലും). ഇന്ന് നിങ്ങൾ വൈദികരെ എതിർക്കുന്നു. അതും സത്യവിശ്വാസം പഠിപ്പിക്കുന്നവരെ തന്നെ. അവസാനം നിങ്ങൾ നിങ്ങളുടെ ലക്ഷ്യമായ അല്മായർ മാത്രമുള്ള സഭ സ്ഥാപിക്കും. അതും ഗുഹകളിലും രഹസ്യ സങ്കേതങ്ങളിലും സമ്മേളിക്കുന്ന ഒരു അവശിഷ്ട സഭ… കത്തോലിക്കാസഭയെ രണ്ടായി വിഭജിക്കുക എന്ന നിങ്ങളുടെ ലക്ഷ്യം നിങ്ങൾ പറയാതെ തന്നെ പറഞ്ഞു. കഴിഞ്ഞ രണ്ടായിരം വർഷമായിട്ട് അനേകം ചക്രവർത്തിമാരും രാജാക്കന്മാരും നേതാക്കന്മാരും നോക്കിയിട്ട് സാധിക്കാത്തത് ആണോ നിങ്ങൾക്ക് സാധിക്കുന്നത്?

മാർപാപ്പയെയോ മെത്രാനെയോ  തള്ളിപ്പറയുന്നവർ വിശ്വസനീയം എന്ന് ഏവർക്കും തോന്നുന്ന ഏതെല്ലാം പ്രവചനങ്ങളും അത്ഭുതങ്ങളും നടത്തിയാലും അതെല്ലാം ഇരുട്ടിന്റെ ആത്മാവിന്റ പ്രവർത്തികൾ മാത്രമായിരിക്കും. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അനേകം വ്യക്തിഗത വെളിപാടുകൾ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലത് സഭ അംഗീകരിക്കുകയും ചിലവയെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാസഭ ഏതെങ്കിലും വ്യക്തിഗത വെളിപാട് അംഗീകരിച്ചാൽ അതിന്റെ അർത്ഥം വിശ്വാസത്തിനു വിരുദ്ധമായ ഒന്നും അതിൽ ഇല്ലെന്നും അത് പ്രചരിപ്പിക്കുന്നതിൽ കുഴപ്പമില്ലെന്നും വിശ്വാസികൾ അത് വിവേകത്തോടെ സ്വീകരിക്കുന്നതിന് തടസ്സമില്ലെന്നുമാണ്. എന്നാൽ സ്വകാര്യ വെളിപാടുകൾ വിശ്വസിക്കുവാനും അനുഷ്ഠിക്കുവാനും  ക്രൈസ്തവ വിശ്വാസികളായ ആർക്കും കടപ്പാടില്ല. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞ വാക്കുകൾ ഞാൻ ഇവിടെ കുറിയ്ക്കുന്നു:  “കര്‍ത്താവിന്റെ ദിവസം വന്നുകഴിഞ്ഞുവെന്നു സൂചിപ്പിക്കുന്ന പ്രവചനത്താലോ പ്രസംഗത്താലോ ഞങ്ങളുടേതെന്ന്‌ അവകാശപ്പെടുന്ന ലേഖനത്താലോ നിങ്ങള്‍ പെട്ടെന്നു ചഞ്ചലചിത്തരും അസ്വസ്‌ഥരുമാകരുത്‌. ആരും നിങ്ങളെ ഒരുവിധത്തിലും വഞ്ചിക്കാതിരിക്കട്ടെ.
(2 തെസ: 2 : 2 – 3)

സി. സോണിയ തെരേസ് ഡി. എസ്സ്. ജെ.