ശരിക്കും ആരായിരുന്നു മഗ്ദലേന മറിയം?

ജൂലൈ 22 വി. മഗ്ദലേന മറിയത്തിന്റെ തിരുനാളായി സഭ ആഘോഷിക്കുന്നു. യേശു ഒരുപാട് സ്‌നേഹിച്ചിരുന്ന സ്ത്രീയാണ് മഗ്ദലേന. അവള്‍ തിരിച്ച് അവിടുത്തെ അതിലേറെ സ്‌നേഹിച്ചു. സത്യത്തില്‍ മഗ്ദലേന മറിയം ആരായിരുന്നു? വി. തോമസ്  അക്വീനാസ് മഗ്ദലേന മറിയത്തെ വിശേഷിപ്പിക്കുന്നത് ‘അപ്പസ്‌തോലന്മാരുടെ അപ്പസ്‌തോല’ എന്നാണ്.

മഗ്ദല

സുവിശേഷത്തില്‍ രേഖപ്പെടുത്തിയതുപ്രകാരം തിബേരിയസ് കടല്‍ത്തീരത്തെ മഗ്ദല എന്ന തീരദേശഗ്രാമമാണ് മറിയത്തിന്റെ ജന്മദേശം. 1970-ല്‍ തീരദേശത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നിരവധി ഖനനങ്ങള്‍ പ്രദേശത്ത് നടത്തി.

പേരിലെ ദുരൂഹത

ലൂക്കായുടെ സുവിശേഷത്തില്‍ എട്ടാം അധ്യായത്തിലാണ് മഗ്ദലേന മറിയത്തിന്റെ ആദ്യ ‘എന്‍ട്രി.’ ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് യേശു ഗ്രാമങ്ങളും പട്ടണങ്ങളും ചുറ്റിസഞ്ചരിച്ചു. യേശുവിന്റെ കൂടെ 12 ശിഷ്യന്മാരും അശുദ്ധാത്മാക്കളില്‍ നിന്നും മറ്റു വ്യാധികളില്‍ നിന്നും യേശു മോചിപ്പിച്ച ചില സ്ത്രീകളും ഏഴു ദുഷ്ടാത്മാക്കള്‍ വിട്ടുപോയവളുമായ മഗ്ദലേന എന്നു വിളിക്കപ്പെടുന്ന മറിയവും അവനോടുകൂടെയുണ്ടായിരുന്നുവെന്ന് ലൂക്കായുടെ സുവിശേഷത്തില്‍ വ്യക്തമാക്കുന്നു.

കര്‍ദിനാള്‍ ജിയാന്‍ഫ്രാന്‍ഗോ റവാസിയുടെ വാക്കുകള്‍പ്രകാരം ചരിത്രം മഗ്ദലേന മറിയത്തെ വ്യഭിചാരിണിയായാണ് ചിത്രീകരിക്കുന്നത്. ലൂക്കായുടെ സുവിശേഷം ഏഴാം അധ്യായത്തില്‍ പട്ടണത്തിലെ പാപിനിയായ സ്ത്രീ കണ്ണീരുകൊണ്ട് യേശുവിന്റെ കാലുകള്‍ കഴുകയും സുഗന്ധതൈലങ്ങള്‍ പൂശുകയും ചെയ്യുന്ന രംഗം വിവരിക്കുന്നു. മതിയായ രേഖകളില്ലാതെ തന്നെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന പാപിനിക്ക് പിന്നീട് മഗ്ദലേന മറിയമെന്ന പേരാണ് ലഭിച്ചത്.

കുരിശിന്‍ചുവട്ടിലെ മറിയം

യേശുവിന്റെ ജീവിതത്തിലെ ഏറ്റവും പീഡനങ്ങള്‍ നിറഞ്ഞ രംഗത്തും മറിയം പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ ഗുരുവിനോടുള്ള അതിയായ അടുപ്പം അവളെ കാല്‍വരിയിലെ യേശുവിന്റെ കുരിശിന്‍ചുവടുവരെ എത്തിക്കുന്നു. അരിമത്തിയാക്കാരന്‍ ജോസഫിന്റെ കൂടെ യേശുവിന്റെ മൃതദേഹം ഏറ്റെടുത്ത് കല്ലറയില്‍ സംസ്‌കരിക്കുമ്പോഴും മറിയത്തിന്റെ സാന്നിധ്യമുണ്ട്. യേശുവിന്റെ കല്ലറ ശൂന്യമാണെന്നു കണ്ടെത്തുന്നതും അത് പത്രോസിനോടും യോഹന്നാനോടും പങ്കുവയ്ക്കുന്നതും മറിയമാണ്.

ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ ദര്‍ശിക്കുന്ന മറിയം

യേശുവിനെ സംസ്‌കരിച്ച കല്ലറ ശൂന്യമായതുകണ്ട് കല്ലറയ്ക്കു വെളിയില്‍ കരഞ്ഞുകൊണ്ടു നിന്ന മറിയം കല്ലറയിലുണ്ടായിരുന്ന ദൂതന്മാരോട് തന്റെ സങ്കടം വിവരിക്കുന്നു. യോഹന്നാന്റെ സുവിശേഷം 20-ാം അധ്യായത്തില്‍ ഇത് വ്യക്തമാണ്. തന്റെ സങ്കടം ദൂതന്മാരോടു പറഞ്ഞ്, തിരിഞ്ഞ മറിയത്തിനു മുമ്പില്‍ യേശു പ്രത്യക്ഷപ്പെട്ടു. അവള്‍ക്ക് യേശുവിനെ തിരിച്ചറിയാന്‍ സാധിച്ചില്ല. തോട്ടക്കാരക്കാരനാണെന്ന വ്യാജേന അവള്‍ യേശുവിനോട് സംസാരിച്ചു.

കര്‍ദിനാള്‍ കാര്‍ലോ മരിയ മാര്‍ട്ടിനിയുടെ വാക്കുകള്‍പ്രകാരം, യേശുവിന്റെ ഒരൊറ്റ വാക്കില്‍ മറിയം തന്റെ ഗുരുനാഥനെ തിരിച്ചറിയുന്നുണ്ട്. തന്നെ സ്‌നേഹിക്കുന്നവരുടെ മുമ്പില്‍ യേശു ഏറ്റവും ലളിതമായാണ് തന്നെ മനസ്സിലാക്കിക്കൊടുക്കുന്നത്. ‘മറിയം’ എന്ന് യേശു അവളെ പേരുചൊല്ലി വിളിക്കുന്നു. ആ വിളിയില്‍ എല്ലാം അടങ്ങിയിട്ടുണ്ട്.

ചിത്രങ്ങളിലെ മറിയം

സാന്റ് ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ആര്‍ട്ട് ഹിസ്റ്ററി പ്രൊഫസറും മ്യൂസിയോ ഡെല്‍ഒപ്പേര ഡെല്‍ ഡ്യൂമോ ഡയറക്ടറുമായ മോണ്‍. തിമോത്തി വെര്‍ഡന്റെ വാക്കുകള്‍പ്രകാരം നാലുവിധത്തിലാണ് ചിത്രകാരന്മാര്‍ മറിയത്തെ ചിത്രീകരിച്ചിരിക്കുന്നത്.

ഒന്ന് ഉയിര്‍പ്പുദിനത്തില്‍ സുഗന്ധക്കൂട്ടങ്ങളുമായി യേശുവിന്റെ കല്ലറയിലേക്ക് അതിരാവിലെ പുറപ്പെടുന്ന മറിയം. രണ്ട്, പശ്ചാത്തപിക്കുന്ന മറിയം. ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിച്ചതുപ്രകാരം മറിയം പാപിനിയാണ്. പിന്നീട് യേശുവിന്റെ പക്കലേക്ക് തിരിഞ്ഞവളാണ്. അതിനാല്‍ സ്‌നാപകയോഹന്നാന്റെ വസ്ത്രങ്ങളോട് സാമ്യം തോന്നിപ്പിക്കുന്നവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ജാഗരണവും ഉപവാസവും നിഴലിക്കുന്ന മുഖത്തോടുകൂടിയ മറിയത്തെയാണ് ചിത്രകാരന്മാര്‍ വരച്ചുകാണിക്കുക.

യേശുവിന്റെ കുരിശിലേക്ക് നീട്ടിപ്പിടിച്ചിരിക്കുന്ന കരങ്ങളുള്ള, കുരിശിന്‍ചുവട്ടിലെ മറിയമാണ് ചിത്രകാരന്മാരുടെ മൂന്നാമത്തെ മറിയം. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു മറിയത്തെ പേരുചൊല്ലി വിളിക്കുന്നതാണ് ചിത്രകാരന്മാരുടെ ഭാവനയിലെ നാലാമത്തെ മറിയം.

ജോ ജോസഫ് ആന്റണി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.