പ്രാർത്ഥനയുടെ സമയത്ത് പലവിചാരം അലട്ടാറുണ്ടോ? എങ്കില്‍ ഇതാ പരിഹാരം!

പലവിധ വ്യഗ്രതകൾ നിറഞ്ഞ ലോകത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിക്കുന്ന സമയത്ത് മനസ്സ് പലവിചാരം കൊണ്ട് നിറയുകയോ കാടുകയറി ചിന്തിക്കുകയോ ചെയ്താൽ അത്ഭുതപ്പെടാനൊന്നുമില്ല. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കർമ്മലീത്താ സന്യാസിയായ ബ്രദർ ലോറൻസ്  ഇക്കാര്യത്തിൽ  ഒരു പരിഹാരമാര്‍ഗ്ഗം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഏകാന്തപ്രാർത്ഥനയുടെ സമയത്ത് മനസ് വഴിമാറി സഞ്ചരിക്കുന്നത് പതിവാണ്. പക്ഷേ, വിവേകത്തോടെ അതിനെ തിരിച്ചെത്തിക്കാൻ നമുക്ക് കഴിയണം. മനസിനെ അധികം ചിന്തിച്ച് കാടുകയറാൻ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. കർശനമായും മനസിനെ ദൈവസന്നിധിയിൽ പിടിച്ചുനിർത്താൻ ശ്രമിക്കുക.

പ്രാർത്ഥനയിൽ ഇടയ്ക്കിടെ ദൈവത്തെക്കുറിച്ച് ചിന്തിക്കുന്നത് ശ്രദ്ധ മാറിപ്പോവാതിരിക്കാൻ സഹായിക്കും. ഇനി അങ്ങനെ സംഭവിച്ചെന്ന് മനസിലാക്കായാൽ മനസിനെ തിരിച്ചുവിളിച്ച് ദൈവസന്നിധിയിൽ ശാന്തമായി ഇരിക്കുക.

അനുദിനജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും ദൈവസന്നിധിയിൽ ആയിരിക്കാൻ സാധിക്കുമെന്നാണ് ബ്രദർ ലോറൻസ് പറയുന്നത്. ഭക്ഷണം പാകം ചെയ്യുമ്പോഴും വസ്ത്രം കഴുകുമ്പോഴും മറ്റു ജോലികൾ ചെയ്യുമ്പോഴുമെല്ലാം ദൈവത്തെ ഓർത്ത്, സ്തുതിക്കുകയും നന്ദി പറയുകയുമൊക്കെ ചെയ്യാമല്ലോ. അങ്ങനെ ദൈവസാന്നിധ്യം ഓരോ നിമിഷവും അനുഭവവേദ്യമാക്കുകയും ചെയ്യാം. മാത്രവുമല്ല, പ്രാർത്ഥനയുടെ സമയത്ത് മനസിനെ ഏകാഗ്രമാക്കാനുള്ള പരിശീലനവുമാകുമിത്. വെല്ലുവിളി ഉയര്‍ത്തുന്ന പ്രവര്‍ത്തിയെങ്കിലും വലിയ പ്രതിഫലം ഇതിലൂടെ ലഭിക്കുമെന്നും ബ്രദർ ലോറൻസ് പറഞ്ഞുവയ്ക്കുന്നു.