കുമ്പസാരത്തിന് വൈദികനെ ലഭ്യമല്ലാത്ത അവസരത്തില്‍ ചെയ്യേണ്ടതിങ്ങനെയെന്ന് മാര്‍പാപ്പ

വെള്ളിയാഴ്ച സാന്താ മാര്‍ത്തായില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കിടെ പിതാവിലേയ്ക്ക് മടങ്ങിച്ചെല്ലേണ്ടതിനെക്കുറിച്ചാണ് മാര്‍പാപ്പ സംസാരിച്ചത്. കൂടാതെ, കൊറോണ ബാധിച്ചുള്ള മരണനിരക്ക് കൂടുതലായിട്ടുള്ള ഇറ്റലിയിലെ ബെര്‍ഗാമോ പ്രദേശത്തെ വിവിധ ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കായി പാപ്പാ പ്രാര്‍ത്ഥിക്കുകയും ചെയ്തു.

നോമ്പിന്റെ നാളുകളില്‍ അനുരഞ്ജന കൂദാശയിലൂടെ പിതാവായ ദൈവത്തിലേയ്ക്ക് മടങ്ങിച്ചെല്ലണമെന്ന് ആഹ്വാനം ചെയ്ത പാപ്പാ, നിലവിലെ ആളുകളുടെ അവസ്ഥയെയും അനുസ്മരിച്ചു. “പലരും പറയും.. പിതാവേ, കൊറോണയെ ചെറുക്കാന്‍ വീടുകളില്‍ കഴിയുന്ന ഞങ്ങള്‍ക്ക് ഇതെങ്ങനെ സാധിക്കും” എന്ന്. “ഒരു വൈദികനെ ലഭിക്കാതെ എങ്ങനെ കുമ്പസാരം സാധ്യമാകും” എന്ന്.

“അങ്ങനെയുള്ള അവസ്ഥയിലാണ് നിങ്ങളെങ്കില്‍ ദൈവത്തോട് നേരിട്ട് സംസാരിക്കൂ. അവിടുത്തോട് സത്യം പറയുക. ചെയ്ത പാപങ്ങള്‍ ദൈവത്തോട് നേരിട്ട് ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കുക. ആയിരിക്കുന്ന അവസ്ഥയില്‍ ഇരുന്നുകൊണ്ട് കഴിയുന്നത്ര പരിഹാരപ്രവര്‍ത്തികള്‍ ചെയ്യുക. ഇതാണ് വൈദികനെ ലഭ്യമല്ലാത്ത അവസരത്തില്‍ നടത്തേണ്ട കുമ്പസാരം” – പാപ്പാ പറഞ്ഞു.