ഒക്ടോബർ മാസം സ്തനാർബുദ ബോധവൽക്കരണ മാസവും പിങ്ക് മാസവും ആയതിന്റെ ചരിത്രം

ഡോ. ജോജോ ജോസഫ്

അമേരിക്കയിലും യൂറോപ്പിലും പിങ്ക് കളർ, പെൺകുട്ടികളുടെ കളർ ആയാണ് കണക്കാക്കപ്പെടുന്നത്. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സ്ത്രീത്വത്തിന്റെയും മുദ്രയാണ് പിങ്ക് കളർ. ഈ കളർ ഇഷ്ടപ്പെടുന്നവർ മറ്റുള്ളവരിലേയ്ക്ക് സ്നേഹം പകരാൻ ഇഷ്ടപ്പെടുന്നവരായാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യരിൽ ശാന്തത വരുത്താൻ പിങ്ക് കളറിന് കഴിയുമെന്നും വിശ്വസിക്കുന്നു.

ഈ കാരണങ്ങള്‍ കൊണ്ടാണ്, സ്ത്രീകളിൽ കൂടുതൽ കാണപ്പെടുന്ന സ്തനാർബുദ ബോധവൽക്കരണത്തിനുള്ള കളർ ആയി പിങ്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ മാസം സ്തനാർബുദ ബോധവത്ക്കരണ മാസവും അങ്ങനെ പിങ്ക് മാസവും ആയത് തീർത്തും യാദൃശ്ചികമാണ്.

1991 മുതലാണ് ഇത് ആരംഭിച്ചത്. സൂസന്‍ ജി. കോമെന്‍ (Susan G. Komen) എന്ന അമേരിക്കൻ വനിത സ്തനാർബുദത്തെ കീഴടക്കിയ ഒരാളായിരുന്നു. അവര്‍ 1991 ഒക്ടോബർ മാസത്തിൽ സ്തനാർബുദത്തിന് കീഴടങ്ങുന്നവരെ സഹായിക്കാനും ബോധവത്ക്കരണത്തിനുമായി പിങ്ക് വിസര്‍ (Visor – സൂര്യപ്രകാശം തടയുന്ന തൊപ്പിയുടെ/ ഹെല്‍മെറ്റിന്റെ മറഭാഗം) മറ്റുള്ളവർക്ക് അയച്ചുകൊടുത്തു. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ ഇതിന്റെ തുടക്കം.

പിന്നീട് ‘സെല്‍ഫ്’ (Self) എന്നറിയപ്പെടുന്ന അമേരിക്കൻ മാസിക, പിങ്ക് കളറിന്റെ മേൽപറഞ്ഞ സവിശേഷതകളാൽ, സ്തനാർബുദ ബോധവത്ക്കരണത്തിനായി പിങ്ക് റിബൺ തെരഞ്ഞെടുത്തു. അതേ തുടര്‍ന്നാണ് ലോകം മുഴുവൻ ഇത് പിന്തുടരാന്‍ ആരംഭിച്ചത്. ക്രമേണ, ഒക്ടോബർ മാസം പിങ്ക് മാസം ആയി അറിയപ്പെട്ടു തുടങ്ങി.

എന്താണ് പിങ്ക് മാസത്തിന്റെ ലക്ഷ്യങ്ങൾ?

പ്രധാനമായും നാലു ലക്ഷ്യങ്ങളാണ് ഉള്ളത്.

1. സ്തനാർബുദ ബോധവത്ക്കരണം: സ്വയം സ്തനപരിശോധന, മാമ്മോഗ്രാഫി എന്നിവ വഴി സ്തനാർബുദം നേരത്തെ കണ്ടുപിടിക്കാം എന്ന സന്ദേശം സമൂഹത്തിന് നൽകുക എന്നതാണ് ഈ ബോധവൽക്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

2. സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിനുവേണ്ടി ധനസമാഹരണം നടത്തുക.

3. സ്തനാർബുദ ചികിത്സയിലുള്ളവർക്ക് ധൈര്യം പകരുക.

4. സ്തനാർബുദത്തെ അതിജീവിച്ചവർക്ക് ഒരുമിച്ചുകൂടാനും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുമുള്ള പ്രവർത്തനങ്ങൾ നടത്തുക.

നമുക്ക് ഒരുമിച്ച് ഈ പിങ്ക് മാസത്തിൽ ഒരാൾക്കെങ്കിലും ഈ സന്ദേശം എത്തിച്ചുകൊണ്ട് ഈ പോരാട്ടത്തിൽ പങ്കാളികളാകാം!

ഡോ. ജോജോ വി. ജോസഫ്‌ MS,MCh.
സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഓങ്കോ സര്‍ജന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.