കേരളകത്തോലിക്കാസഭ പ്രളയകാലത്ത് എന്തുചെയ്തു?

നോബിൾ തോമസ് പാറക്കൽ

കേരളത്തിലെ എല്ലാ ജില്ലകളെയും ബാധിച്ച പ്രകൃതിദുരന്തമാണ് ഈ വര്‍ഷം ജൂലൈ ഓഗസ്റ്റ് മാസങ്ങളിലുണ്ടായത്. സാധാരണഗതിയില്‍ 3000 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കാറുള്ളത്. എന്നാല്‍ ഈ വര്‍ഷം 88 ദിവസങ്ങള്‍ക്കുള്ളില്‍ ആകെ ലഭിച്ച മഴ 2378 മില്ലിമീറ്റര്‍ മാത്രമാണ്, അതായത് സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ 22 ശതമാനം കുറവ്. 1924-ലെ വെള്ളപ്പൊക്കസമയത്ത് ലഭിച്ച മഴ 3368 മില്ലിമീറ്ററായിരുന്നു. എന്നാല്‍ ഇത്രമാത്രം വലിയ നാശനഷ്ടങ്ങള്‍ അന്നത്തെ വെള്ളപ്പൊക്കത്തില്‍ കേരളത്തിലുണ്ടായില്ല എന്നതാണ് സത്യം. നിയമവിരുദ്ധമായ മണല്‍, പാറമടഖനനങ്ങളിലൂടെയും കാടും മേടും നശിപ്പിച്ചതിലൂടെയും അശാസ്ത്രീയമായ കെട്ടിടനിര്‍മ്മാണത്തിലൂടെയും പാടശേഖരങ്ങള്‍ ഇല്ലാതാക്കിയതിലൂടെയും വലിയ പ്രളയങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നു എന്ന് നമ്മള്‍ തിരിച്ചറിയുകയാണ്.

കേരളത്തിന്‍റെ എല്ലാ ജില്ലകളിലും പ്രളയദുരന്തം നാശം വിതച്ചെങ്കിലും വയനാട്, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, തൃശ്ശൂര്‍ എറണാകുളം ജില്ലകളാണ് ദുരന്തത്തിന്‍റെ ഏറിയപങ്കും ഏറ്റുവാങ്ങിയത്. ജീവനും സ്വത്തും നഷ്ടപ്പെട്ട ഏറെപ്പേരും ഈ ജില്ലകളിലുള്ളവരാണ്. 300-ലധികം ചെറുതും വലുതുമായ ഉരുള്‍പ്പൊട്ടലുകളാണ് ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുണ്ടായിട്ടുള്ളത്. 44 നദികളും 39 ഡാമുകളും കരകവിഞ്ഞൊഴുകുകയും പ്രളയജലം ജനവാസകേന്ദ്രങ്ങളിലേക്ക് പ്രതീക്ഷകള്‍ മറികടന്നുകൊണ്ട് കടന്നുവരികയുമാണുണ്ടായത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സ്ഥിതി ചെയ്യുന്ന കുട്ടനാട് പ്രദേശം മുഴുവനായി 8 മുതല്‍ 15 അടി വരെ ജലത്തിനടിയിലായി.

നാശനഷ്ടങ്ങള്‍ ഒറ്റനോട്ടത്തില്‍

  • 2018 മെയ് 29 മുതല്‍ 474 പേരാണ് മരിച്ചിരിക്കുന്നത് അതില്‍ 322 പേര്‍ ഓഗസ്റ്റ് 16-നും 24-നും ഇടക്കാണ് മരിച്ചത്.
  • പ്രാഥമിക റിപ്പോര്‍ട്ടുകളനുസരിച്ച് നാശനഷ്ടം സംഭവിച്ചിരിക്കുന്ന വീടുകളുടെ എണ്ണം -75,000
  • കന്നുകാലികളുടെ നഷ്ടം – 46,000
  • മറ്റു വളര്‍ത്തുമൃഗങ്ങള്‍ – രണ്ടു ലക്ഷം
  • വിളനഷ്ടം – 45,000 ഹെക്ടര്‍ കൃഷിഭൂമിയിലെ വിളകള്‍
  • കനത്ത മഴ മൂലം ഭൂമിശാസ്ത്രപരമായ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുള്ള പല പ്രദേശങ്ങളും വാസയോഗ്യമല്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം
  • തകരാറുകള്‍ സംഭവിച്ച PWD റോഡുകള്‍ – 16,000 കി.മീ.
  • പ്രാദേശികറോഡുകള്‍ – 82,000 കി.മീ.
  • പാലങ്ങള്‍ – 134
  • വെള്ളം കയറിയ പാലക്കാട്, ത്രിശ്ശൂര്‍, അങ്കമാലി, ആലുവ, കൊച്ചി, പാല, മുവാറ്റുപുഴ, ചെങ്ങന്നൂര്‍, റാന്നി മുതലായ ടൗണുകളിലെ കച്ചവടക്കാരുടെ നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല.
  • ഗവണ്‍മെന്‍റ് കണക്കനുസരിച്ച് ഇപ്പോഴത്തെ നിലയില്‍ 20,000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം ഉണ്ടായിരിക്കുന്നത്.

ദുരിതാശ്വാസം

  • ഗവ. കണക്കനുസരിച്ച് പതിനാലര ലക്ഷം പേരാണ് ദുരിതാശ്വാസക്യാന്പുകളില്‍ ഉണ്ടായിരുന്നത്.
  • 5 ലക്ഷത്തോളം പേര്‍ തങ്ങളുടെ ബന്ധുവീടുകളിലും മറ്റുമായിട്ടാണ് താമസിച്ചിരുന്നത്.

കേരളകത്തോലിക്കാസഭ പ്രളയകാലത്ത് എന്തുചെയ്തു?

വളരെ പ്രസക്തമായ ചോദ്യമാണിത്. ഒരു മാധ്യമങ്ങളും കവര്‍ ചെയ്തിട്ടില്ലാത്ത സഭയുടെ ചില സേവനരംഗങ്ങളെക്കുറിച്ച് ഒരോര്‍മ്മപ്പെടുത്തല്‍ മാത്രമാണിത്. കത്തോലിക്കാ രൂപതകളിലെ സാമൂഹികസേവനത്തിനു വേണ്ടിയുള്ള പ്രത്യേക സൊസൈറ്റികളുടെ ഫോറം (കെ.എസ്.എസ്.എഫ്) പുറത്തുവിട്ട കണക്കുകളിലേക്ക് മാത്രം ഒന്നു നോക്കുക.

32 കത്തോലിക്കാ രൂപതകളിലായി നടന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വളരെ ചെറിയ ഒരു റിപ്പോര്‍ട്ടാണിത്. കണക്കില്‍പ്പെടാത്തതും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതും പുതിയ പ്രോജക്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നതുമൊന്നും ഉള്‍പ്പെടുത്താതെ 40 കോടി രൂപയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളാണ് കേരളകത്തോലിക്കാസഭ ഏകദേശം 15 ദിവസങ്ങള്‍ കൊണ്ട് കേരളത്തില്‍ നടപ്പിലാക്കിയത്. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും, സന്നദ്ധസംഘടനക്കും അവകാശപ്പെടാനില്ലാത്ത സമാനതകളില്ലാത്ത സന്നദ്ധപ്രവര്‍ത്തനത്തിലാണ് കത്തോലിക്കാസഭ ഏര്‍പ്പെട്ടത് എന്ന് അഭിമാനപൂര്‍വ്വം പറയട്ടെ. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ഈ സത്യം അനുഭവസ്ഥര്‍ അവരുടെ ഹൃദയങ്ങളില്‍ എഴുതി സൂക്ഷിച്ചിട്ടുണ്ട്. കത്തോലിക്കാ രൂപതകള്‍ ദുരിതബാധിതരുടെ ആശ്വാസഭവനങ്ങളായി മാറി. ബിഷപ്സ് ഹൗസുകള്‍ ഊട്ടുപുരകളായി, ദൈവജനം മുഴുവന്‍ – വിശ്വാസികളും മെത്രാന്മാരും വൈദികരും സമര്‍പ്പിതരും മുഴുവന്‍ സമയ സന്നദ്ധപ്രവര്‍ത്തകരായി.

  • 3000 മത്സ്യത്തൊഴിലാളികള്‍ ചേര്‍ന്ന് രക്ഷിച്ചത് 60,000 ആള്‍ക്കാരെയാണ്. അതില്‍ 440 ബോട്ടുകളിലായി 900 മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിച്ചത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ രൂപതകളാണ്.
  • ഗവണ്‍മെന്‍റിനോട് സഹകരിച്ച് സഭ തുറന്ന ക്യാന്പുകളുടെ എണ്ണം 4094
  • ഈ ക്യാന്പുകളില്‍ 11 ലക്ഷത്തോളം പേര്‍ താമസിച്ചു
  • രൂപതകളുടെ സാമൂഹ്യസേവനവിഭാഗങ്ങള്‍ 192 ഹെല്‍പ്പ് ഡസ്കുകള്‍ തുറന്നു
  • 195 സ്കൂള്‍ വാനുകളും, 437 ടോറസ്, ടിപ്പര്‍, ലോറികളും, 40 മോട്ടോര്‍ ബോട്ടുകളും 329 തോണികളും 440 മത്സ്യബന്ധനബോട്ടുകളും 1365 മറ്റ് വാഹനങ്ങളും ഉപയോഗിച്ചു.
  • മൂവായിരത്തോളം പുരോഹിതരും ഏഴായിരത്തോളം സന്ന്യസ്തരും എഴുപതിനായിരത്തോളം യുവജനങ്ങളും ഒരു ലക്ഷത്തിനടുത്ത് അല്മായവിശ്വാസികളും സഭയുടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
  • ക്യാന്പുകള്‍ക്കുള്ളില്‍ അവശ്യസാധനങ്ങളും ക്യാന്പുകളിലെത്താത്തവര്‍ക്ക് ഭക്ഷണക്കിറ്റുകളും ക്യാന്പുകളില്‍ നിന്ന് പോകുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങളും വിതരണം ചെയ്തു.

ഇനിയും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ദൈവജനത്തിന്‍റെ സഹായസഹകരണങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നു.

സമീപകാലത്തായി ക്രൈസ്തവസഭകളെ വിമര്‍ശിക്കാനും ചെളിവാരിയെറിയാനും മുന്നില്‍ നിന്ന മാദ്ധ്യമങ്ങളൊന്നും സഭയിലൂടെ സംഭവിച്ച മേല്‍പ്പറഞ്ഞ നന്മകളൊന്നും തന്നെ കണ്ടിട്ടില്ല എന്നത് അവയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്കോ പ്രഖ്യാപിത ശക്തികള്‍ക്കോ അധികാരങ്ങള്‍ക്കോ ഇല്ലാതാക്കാനാവുന്നതല്ല തിരുസ്സഭയുടെ വലിയ നന്മകള്‍ എന്നതിന്‍റെ ഒരോര്‍മ്മപ്പെടുത്തലായിരുന്നു ഈ പ്രളയകാലം കേരളജനതക്ക് നല്കിയത്. തിരിച്ചറിവുകളും ബോദ്ധ്യങ്ങളും ഹൃദയത്തോട് ചേര്‍ത്തുവച്ച് സഭയോടും സര്‍ക്കാരിനോടും സഹകരിച്ച് നവകേരളത്തിന്‍റെ നിര്‍മ്മിതിക്കായി നമുക്ക് കരങ്ങള്‍ കോര്‍ക്കാം
(Credit for the information: Fr. Michael Vettikkatt, Director of Kerala Social Service Forum)

നോബിൾ തോമസ് പാറക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.