നമ്മുടെ മരണശേഷം കാവല്‍മാലാഖ എന്താണ് ചെയ്യുന്നത്?

ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ കാവല്‍മാലാഖയുടെ സംരക്ഷണവും ഇടപെടലും അയാളുടെ ജീവിതത്തില്‍ ഉണ്ടാവുന്നുണ്ട് എന്നാണ് കാവല്‍മാലാഖമാരെക്കുറിച്ച് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നത്. അതായത് മരണനേരത്തും കാവല്‍മാലാഖയുടെ സംരക്ഷണവും കാവലും നമുക്ക് ലഭിക്കുന്നുണ്ട് എന്ന്.

അതായത്, ഈ ലോകജീവിതത്തില്‍ മാത്രമല്ല, മരണശേഷമുള്ള ജീവിതത്തിലും കാവല്‍മാലാഖയുടെ ശക്തമായ കൂട്ട് ഓരോ ആത്മാവിനും ലഭിക്കുന്നുണ്ട്. തിരുവചനം തന്നെ അതിന് തെളിവ് നല്‍കുന്നുണ്ട്. ‘നിന്റെ ശത്രുക്കളെ ഞാന്‍ നിനക്ക് പാദപീഠമാക്കുവോളം എന്റെ വലതുഭാഗത്തിരിക്കുക എന്ന് ഏതു ദൂതനോടാണ് എപ്പോഴെങ്കിലും അവിടുന്ന് പറഞ്ഞിട്ടുള്ളത്. രക്ഷയുടെ അവകാശികളാകാന്‍ ഇരിക്കുന്നവര്‍ക്ക് ശുശ്രൂഷ ചെയ്യാന്‍ അയയ്ക്കപ്പെട്ട സേവകാത്മാക്കളല്ലേ അവരെല്ലാം’ (ഹെബ്രാ. 1:14).

ഓരോ വിശ്വാസിയുടെയും അരികിലൂടെ ഒരു സംരക്ഷകനായും ഇടയനായും എപ്പോഴും ഒരു മാലാഖ സഞ്ചരിക്കുന്നുണ്ട് എന്ന് വി. ബേസിലും പലപ്പോഴും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരുടെ വിമോചനമാണ് യഥാര്‍ത്ഥത്തില്‍ കാവല്‍മാലാഖമാരുടെ ദൗത്യം. ദൈവവുമായി അവരെ ഐക്യത്തില്‍ എത്തിക്കുക എന്നത്. ദൈവതിരുമുമ്പില്‍ ആയിരിക്കുന്ന സമയത്തുപോലും ആത്മാക്കള്‍ക്ക് കാവല്‍മാലാഖമാരുടെ സഹായവും പിന്തുണയും ലഭിക്കുന്നുണ്ടെന്നാണ് വയ്പ്.

വി. അലോഷ്യസ് ഗോണ്‍സാഗ പറയുന്നതനുസരിച്ച്, മരണശേഷം ശരീരത്തില്‍ നിന്ന് വേര്‍പെടുന്ന ആത്മാവോടു കൂടെ കാവല്‍മാലാഖയും സഞ്ചരിക്കും. അന്ത്യവിധിക്കായി ദൈവതിരുമുമ്പില്‍ മാലാഖ നമുക്ക് കൂട്ടായി നില്‍ക്കും. ദൈവസ്‌നേഹത്തെക്കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ട് അത് നമ്മെ ആശ്വസിപ്പിച്ചു കൊണ്ടിരിക്കും. ശുദ്ധീകരണസ്ഥലത്തിലേയ്ക്കാണ് ആത്മാവ് നയിക്കപ്പെടുന്നതെങ്കില്‍ അടിക്കടി ആശ്വാസവുമായി കാവല്‍മാലാഖ നമ്മുടെ അരികിലെത്തും. നമ്മെ ആശ്വസിപ്പിക്കും, സ്വാന്തനപ്പെടുത്തും. സ്വര്‍ഗത്തെക്കുറിച്ചുള്ള പ്രത്യാശ കൊണ്ട് ആത്മാവിനെ നിറയ്ക്കും.

അന്ത്യവിധിയുടെ സമയത്ത് നമ്മുടെ സഹായത്തിനായി നിലകൊള്ളുന്ന കാവല്‍മാലാഖയെക്കുറിച്ച് വി. ജോണ്‍പോള്‍ രണ്ടാന്‍ പാപ്പായും പലപ്പോഴും ആവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് നമുക്ക് മറക്കാതിരിക്കാം, നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ എത്തിക്കുന്ന, നമുക്കായി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന, മരണാനന്തര ജീവിതത്തിലും നമുക്ക് കൂട്ടാവുന്ന കാവല്‍മാലാഖമാരെ…