സത്നയിൽ യഥാർത്ഥത്തിൽ നടന്നത്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

സത്നയിൽ ക്രിസ്തുമസ് പരിപാടി അവതരിപ്പിക്കാൻ പോയ വൈദികരെയും വൈദിക വിദ്യാർത്ഥികളെയും പോലീസിനെ വിളിച്ചു വരുത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും സ്റ്റേഷനില്‍ കയറും മുന്‍പ് പോലീസിന്റെ മുന്‍പില്‍ വച്ച് ആക്രമിക്കുകയും നിങ്ങളെ ഇവിടെ നിന്ന് നാട് കടത്തും എന്ന് വെല്ലുവിളിക്കുകയും ചെയ്ത ബജ്‌രംഗ്ദളിന്റെ മത ഭീകരത ഭാരതത്തിന്റെ ഭരണഘടനക്ക് നേരെ ഉള്ള ആക്രമണമാണ്.

പലരുടെയും ശരീരത്തിൽ ചെറുതല്ലാത്ത മുറിവുകൾ ഏൽപ്പിച്ച ആക്രമണം കണ്ടു പോലീസുകാർ പോലും മാറി നിന്നു. മതപരിവർത്തനത്തിന് ശ്രമിച്ചു എന്ന കുറ്റം ചുമത്തി. ഒരു രാത്രി മുഴുവൻ സ്റ്റേഷന്റെ തണുത്തുറഞ്ഞ നിലത്തിരുത്തി. അവരെ സന്ദർശിക്കുവാൻ എത്തിയ വൈദികന്റെ കാർ കത്തിക്കുകയും അദ്ദേഹത്തെയും സന്ദർശിക്കുവാൻ എത്തിയ മറ്റ് വൈദികരെയും  ലോക്കപ്പിലിടുകയും ചെയ്തു.  കഴിഞ്ഞ ദിവസം രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് സത്നയിൽ നടന്ന സംഭവങ്ങളുടെ ചുരക്കമാണിത്. ഒരു ദിവസത്തിനിപ്പുറം രഹസ്യങ്ങളുടെ ചുരുളഴിയുമ്പോൾ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ…

വ്യാജആരോപണത്തിനു പിന്നിലെ ഗൂഢാലോചന 

സത്നയിൽ ഗ്രാമവാസികൾക്കൊപ്പം ക്രിസ്തുമസ് ആഘോഷങ്ങൾക്കു നേതൃത്വം നൽകിയ വൈദികന്റെ പേരിൽ പോലീസുകാർ ചുമത്തിയത് മതപരിവർത്തന കേസ്. അതിനു പിന്നിൽ ബജ്‌രംഗ്ദളിന്റെ ഗൂഡാലോചനയാണെന്നു തെളിയുവാൻ അധികം സമയം വേണ്ടി വന്നില്ല. സംഭവം ഇങ്ങനെ: കസ്റ്റഡിയിൽ എടുത്ത അച്ചന്റെ മേൽ മതപരിവർത്തനം നടത്തിയെന്ന ആരോപണം നടത്തുന്നത് ബുംകാർ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്. സ്റ്റേഷനിൽ വന്ന അയാൾ അടുത്തു നിന്ന വൈദികനെ ചൂണ്ടിക്കാട്ടി പറഞ്ഞു: “ഈ അച്ചൻ ആണ് എന്നെ ക്രിസ്ത്യാനിയാക്കിയത്. 5000 രൂപ നൽകി മാമ്മോദീസ മുക്കി, തോമസ് എന്ന പേര് നൽകുകയും ചെയ്തു”. മുമ്പ് കണ്ടു പരിചയമില്ലാതിരുന്നതിനാൽ അച്ചൻ അയാളോട് എങ്കിൽ തന്റെ പേര് പറയുവാൻ ആവശ്യപ്പെട്ടു. അതിനു ‘അറിയില്ല’ എന്ന മറുപടിയാണ് അയാളിൽ നിന്നും ലഭിച്ചത്. തുടർന്ന് മാധ്യമങ്ങൾക്കു മുന്നിൽ അയാൾ തന്നെ സത്യം തുറന്നു പറഞ്ഞു. എന്നോടൊന്നും ചോദിക്കരുതെന്നു പറഞ്ഞ പരാതിക്കാരൻ താൻ ബജ്‌രംഗ്ദൾ പ്രവർത്തകർ ഭീക്ഷണിപ്പെടുത്തിയതിനാലാണ് അച്ചനെതിരെ പരാതി നൽകിയതെന്നും അല്ലെങ്കിൽ കൊല്ലുമെന്ന് അവർ പറഞ്ഞിരുന്നു എന്നും പറഞ്ഞു. മാത്രമല്ല കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ബജ്‌രംഗ്ദളിന്റെ പ്രവര്‍ത്തകന്‍ ആണെന്നും അയാള്‍ സമ്മതിച്ചു.

വ്യാജപരാതിയിൽ വൈദികർക്ക് നേരെ കേസെടുക്കാനും മറ്റും പോലീസുകാർ കാണിച്ച തിടുക്കം അവർക്കെതിരെ ആക്രമണം നടത്തിയ ആളുകളെ പിടിക്കുന്നതിൽ കണ്ടില്ല. നിർബന്ധിത മതപരിവർത്തനം തടഞ്ഞുകൊണ്ടുള്ള  സർക്കാരിന്റെ ‘ആന്റി കൺവേർഷൻ ബിൽ’ നിലനിൽക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്‌. അവിടെ മതപരിവർത്തനം നടത്തിയതായി തെളിഞ്ഞാൽ  പരമാവധി ശിക്ഷ നൽകും. അങ്ങനെ വ്യാജ തെളിവുകൾ ഉണ്ടാക്കി വൈദികരെ നിയമത്തിൽന്റെ കീഴിൽ കൊണ്ടുവരുന്നതിനുള്ള ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ഗൂഢാലോചനയുടെ ഫലമായിരുന്നു ഈ വ്യാജ ആരോപണം.

പള്ളിയില്‍ ഹനുമാന്‍ പൂജ നടത്തും എന്ന ഭീഷണി

ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ഭീഷണികൾ അടുത്തിടെയായി കൂടി  വരുന്നുണ്ടെങ്കിലും കാര്യമായി കരുതിയിരുന്നില്ല ഇവിടുത്തെ വൈദികര്‍. വൈദികർ നടത്തുന്ന സാമൂഹ്യ പ്രവർത്തനങ്ങളെ മതപരിവർത്തനങ്ങളായി കാണുവാനും അങ്ങനെ ചിത്രീകരിക്കുവാനും ഉള്ള ശ്രമങ്ങളായിരുന്നു ബജ്‌രംഗ്ദൾ പ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്. അതിനായി തെളിവുകൾ ഉണ്ടാക്കുന്നതിനുള്ള ഒരു ശ്രമമായി വേണം കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ കാണുവാൻ. ഇനിയും മതപരിവർത്തനങ്ങൾ നടത്തിയാൽ പള്ളിയിൽ കയറി ഹനുമാന്‍ പൂജ നടത്തും എന്നതാണ് അവരുടെ പുതിയ ഭീഷണി. ഒരു മതപരിവർത്തനവും ഇവിടെ നടക്കുന്നില്ല എന്നതാണ് സത്യം. എങ്കിലും ഭീഷണിക്ക് കുറവില്ല.

വൈദികരെ അറസ്റ്റ് ചെയ്തു കൊണ്ട് വരുമ്പോൾ അവരെ ആക്രമിക്കുവാൻ മുൻപന്തിയിൽ നിന്നതും ബജ്‌രംഗ്ദൾ പ്രവർത്തകരാണ്. വൈദികരെ ആക്രമിച്ചത് പോലീസുകാരാണെന്ന വാർത്തയാണ് വന്നതെങ്കിലും പിന്നീട്   സത്യം അതല്ല എന്ന് തെളിയുകയായിരുന്നു. വൈദികരെ സ്റ്റേഷനിൽ എത്തിക്കുമ്പോൾ അവിടെ കൂടിയിരുന്ന ബജ്‌രംഗ്ദൾ പ്രവർത്തകരാണ് അവർക്കുനേരെ അതിക്രമം അഴിച്ചു വിട്ടത്. ഈ ആക്രമണത്തിൽ അച്ചന്മാർക്കും വിദ്യാർത്ഥികൾക്കും നിസാരമല്ലാത്ത മുറിവുകളാണ് ഉണ്ടായത്.

സത്ന സെമിനാരിക്ക് എതിരെ

സഭയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും സഭയെയും വൈദികരെയും ആക്രമിക്കുന്നതിനു കിട്ടുന്ന അവസരങ്ങളൊക്കെ പരമാവധി ഉപയോഗിച്ചും ബജ്‌രംഗ്ദൾ പ്രവർത്തകർ ലക്ഷ്യം വയ്ക്കുന്ന ഒന്നുണ്ട്- സത്ന സെമിനാരി!  നാളേയ്ക്കുള്ള വൈദികരെ വാർത്തെടുക്കുന്ന സെമിനാരിയുടെ സാന്നിധ്യം പ്രവർത്തകർക്ക് അസഹനീയമാണ്. ബജ്‌രംഗ്ദൾ പാർട്ടിയുടെ ഒരു കേന്ദ്രമാണ് സത്ന. അവിടെ തങ്ങളുടെ കേന്ദ്രത്തിൽ ഒരു ക്രൈസ്തവ വൈദിക പരിശീലനം കേന്ദ്രം സ്ഥിതി ചെയ്യുക എന്നത് അവർ ഒരു ഭീഷണിയായി ആണ് കരുതുന്നത്, അല്ലെങ്കിൽ ഒരു കുറച്ചിൽ. പക്ഷേ, അവിടുത്തെ ജനങ്ങള്‍ക്ക്‌ സെമിനാരി ഒരു അനുഗ്രഹമാണ്. അവര്‍ക്ക് സെമിനാരിയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. യഥാര്‍ത്ഥത്തില്‍ വളരെ കുറച്ചു പേരുടെ മനസിലെ രഹസ്യ- ഭീകര- അജണ്ടയാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണം. സത്ന മേഖലയിൽ തങ്ങൾക്കുള്ള സ്വാധീനം വർദ്ധിപ്പിക്കുവാനും അവിടുള്ള ക്രിസ്തീയതയെ ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് മത പരിവർത്തനം, ആക്രമണം തുടങ്ങിയ ആരോപണങ്ങളുമായി വൈദികരെയും സിസ്റ്റര്‍മാരെയും ഇല്ലാതാക്കുവാൻ ഈ കൂട്ടർ ശ്രമിക്കുന്നത്.

ബജ്റംഗ്‌ദൾ

വിക്കിപീഡിയ ബജ്റംഗ്‌ദളിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: തീവ്ര ഹിന്ദു സ്വഭാവമുള്ള ഒരു ഹൈന്ദവ സായുധസേനാ സംഘമാണ് ബജ്റംഗ്‌ദൾ. ഹിന്ദുത്വം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന സംഘടനയാണിത്. വിശ്വ ഹിന്ദുപരിഷത്ത് 1984 ഒക്ടോബർ 1 നു നടത്തിയ രാം-ജനകി രഥയാത്രയിലാണ് ഇന്ത്യയിലെ ഒരു യുവജന സംഘടനയായ ബജ്റംഗ് ദൾ രൂപം കൊണ്ടത്. രാമജന്മ ഭൂമിയായ അയോധ്യയിലേക്ക് മാർച്ച് നടത്തുകയും സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ദേശീയ ശ്രദ്ധ ആകർഷിക്കുകയും 1992-ൽ തർക്ക മന്ദിരമായ അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിൽ ഏർപ്പെട്ട കർസേവകരിൽ ഭൂരിഭാഗം പേരും ഈ യുവജന പ്രസ്ഥാനത്തിലെ അംഗങ്ങളായിരുന്നു (https://ml.wikipedia.org/wiki/ബജ്റംഗ്_ദൾ).

നന്മയുടെ ഉറവിടമായി സത്ന രൂപത

കഴിഞ്ഞ 50  വർഷമായി സത്നായിലെ ഗ്രാമവാസികൾക്കിടയിൽ സഭ നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണ്. ഒരു പ്രതിഫലമോ  ലാഭേച്ഛയോ ഇല്ലാതെയാണ് സത്ന രൂപത ഗ്രാമവാസികളുടെ പുനരുദ്ധാരണത്തിനായി ശ്രമിക്കുന്നത്. അതിനിടയിൽ ഒരിക്കൽ പോലും മതപരിവർത്തനത്തിനായി ശ്രമിച്ചിട്ടില്ല എന്ന് ഗ്രാമവാസികൾ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം  ഉറപ്പുവരുത്തുന്നതിനും ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനും സത്ന രൂപത എന്നും മുൻഗണന കൊടുത്തിരുന്നു.

സത്ന സെമിനാരിയുടെ നേതൃത്വത്തില്‍ മാത്രം പത്തോളം ഗ്രാമങ്ങളിൽ ബാലവാടികൾ സ്ഥാപിക്കുകയും അവിടെ അധ്യാപകരെ നിയമിച്ചു കൊണ്ട് കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം പകർന്നു കൊടുക്കുകയും ചെയ്യുന്നുണ്ട്. രൂപതയുടെ ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള  മറ്റു പ്രവര്‍ത്തനങ്ങള്‍ ഒട്ടനവധിയാണ്.

കാര്യങ്ങള്‍ ഇങ്ങനെയാണ് എങ്കിലും ഇവിടുത്തെ വൈദികരുടേയും സന്യസ്തരുടെയും തീഷ്ണതയ്ക്ക് ഒരു കുറവും വന്നിട്ടില്ല. ഭയവും അവര്‍ക്കില്ല. ക്രിസ്തുമസിനു മുന്‍പ് രൂപതയുടെ നേതൃത്വത്തില്‍ കളക്ടറെ കണ്ട് തങ്ങളുടെ മേല്‍ ഉള്ള വ്യാജ ആരോപണങ്ങളുടെ സത്യാവസ്ഥ വെളിപ്പെടുത്തും. മാത്രമല്ല, പ്രതിഷേധ സൂചകമായി, ഈ വര്‍ഷത്തെ ക്രിസ്തുമസിന്റെ ആഘോഷങ്ങള്‍ ഒഴിവാക്കാനും ആലോചനയുണ്ട്.

പക്ഷേ, ബജ്‌രംഗ്ദൾ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എങ്കിലും ഗ്രാമവാസികള്‍ക്ക്‌ വൈദികരോട്/ സന്യസ്തരോട് എന്നും സ്നേഹമാണ്, ആദരവാണ്. അത് ദിനം തോറും കൂടുന്നതേ ഉള്ളു.

(സത്ന രൂപതയിലെ വൈദികരുമായും സന്യസ്തരുമായും  സംസാരിച്ചതിന്റെ  വെളിച്ചത്തില്‍ തയ്യാറാക്കിയ ലേഖനം)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.