ജോസഫ് ചിന്തകൾ 87: യൗസേപ്പിതാവിനോടൊപ്പം കുരിശിന്റെ വഴിയേ…

ദൈവപുത്രന്റെ മനുഷ്യവതാര രഹസ്യത്തിൽ കുരിശ് വഹിക്കാൻ ആദ്യം ഭാഗ്യം ലഭിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. മംഗളവാർത്ത മുതൽ കുരിശുകളുടെ ഒരു പരമ്പര അവനെ തേടിവന്നു. നോമ്പിലെ ഈ വെള്ളിയാഴ്ച വി. യൗസേപ്പിതാവിനോടൊപ്പം കുരിശിന്റെ വഴി ചൊല്ലി നമുക്കു പ്രാർത്ഥിക്കാം…

പ്രാരംഭ പ്രാർത്ഥന

സ്വർഗ്ഗസ്ഥനായ പിതാവേ, നിന്റെ പ്രിയപുത്രൻ ലോകരക്ഷയ്ക്കായി കുരിശ് വഹിച്ചുകൊണ്ടു നടത്തിയ അന്ത്യയാത്രയിൽ വി. യൗസേപ്പിതാവിനൊപ്പം സഞ്ചരിക്കാൻ ഞങ്ങളും ആഗ്രഹിക്കുന്നു. കൃപയും രക്ഷയും സമൃദ്ധമായി വർഷിക്കപ്പെടുന്ന ഈ രക്ഷണീയ യാത്രയിൽ വി. യൗസേപ്പിതാവിന്റെ സാന്നിധ്യം ഞങ്ങൾക്കു ബലം നൽകട്ടെ. കുരിശിന്റെ വഴിയിലൂടെ ഞങ്ങൾ യാത്ര ചെയ്യുമ്പോൾ ഞങ്ങളുടെ കുടുംബങ്ങളെയും സമൂഹങ്ങളെയും നീ വിശുദ്ധീകരിക്കയും നയിക്കുകയും ചെയ്യണമേ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേയ്ക്കും, ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ.

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ഒന്നാം സ്ഥലം: ഈശോമിശിഹാ മരണത്തിനു വിധിക്കപ്പെടുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

ഈശോ ലോകരക്ഷയ്ക്കായി മരിക്കാൻ പിറന്നവനാണ്. രക്ഷിക്കാൻ പിറന്ന ഈശോ രക്ഷയുടെ കുരിശിന്റെ വഴി ആരംഭിക്കുന്നു. വേദനകളും യാതനകളും നിറഞ്ഞ ഈ രക്ഷണീയകൃത്യം എന്നെങ്കിലും സംഭവിക്കുമെന്ന് യൗസേപ്പിന് ഉറപ്പായിരുന്നു. ദൈവാലയത്തിൽ വച്ചുള്ള ശിമയോന്റെ പ്രവചനം – “ഇവന്‍ ഇസ്രായേലില്‍ പലരുടെയും വീഴ്‌ചയ്‌ക്കും ഉയര്‍ച്ചയ്‌ക്കും കാരണമാകും. ഇവന്‍ വിവാദവിഷയമായ അടയാളവുമായിരിക്കും” (ലൂക്കാ 2:34) – അവൻ എന്നും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നു. യൗസേപ്പിതാവും ഈശോയും മരണത്തിന്റെ വഴികളിലൂടെ കടന്നുപോയി. ഞാനും ഒരിക്കൽ മരണത്തിനു കീഴടങ്ങേണ്ടവനാണ്.

പ്രാർത്ഥന

വി. യൗസേപ്പിതാവേ, മരണം എന്ന യാഥാർത്ഥ്യത്തെ മനസ്സിലാക്കി ജീവിക്കാനും ജീവിതം ക്രമീകരിക്കാനും എന്നെ സഹായിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

രണ്ടാം സ്ഥലം: ഈശോമിശിഹാ കുരിശ് ചുമക്കുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

റോമൻ പടയാളികൾ ഈശോയുടെ കരങ്ങളിലേയ്ക്ക് ഒരു മരക്കുരിശ് നൽകുന്നു. കാൽവരിയിലേയ്ക്ക് അവനത് തനിയെ ചുമക്കണം. യൗസേപ്പിതാവിന്റെ മരപ്പണിശാലയിൽ ചെറുപ്രായത്തിൽ ഈശോ കളിക്കുമ്പോൾ ഒരു ചെറിയ മരക്കുരിശ് നിർമ്മിച്ചിരുന്നു. ഇപ്പോൾ അവൻ ചുമക്കുന്ന കുരിശ് തനിയെ നിർമ്മിച്ചതല്ല, നമ്മുടെ പാപങ്ങൾ തീർത്ത വൻകുരിശാണത്. രക്ഷകൻ അത് വഹിച്ചാലേ മനുഷ്യവംശത്തിന് രക്ഷ കൈവരികയുള്ളൂ.

പ്രാർത്ഥന

യൗസേപ്പിതാവേ, എന്റെ ജീവിതകുരിശുകളെ അംഗീകരിക്കാനും അവ വഹിക്കുവാനും എന്നെ സഹായിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

മൂന്നാം സ്ഥലം: ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

കുരിശിന്റെ ഭാരം താങ്ങാനാവാതെ ഈശോ കുരിശുമായി ഒന്നാം പ്രാവശ്യം നിലത്തുവീഴുന്നു. ശിശുവായിരിക്കുമ്പോൾ ഈശോ പലതവണ നിലത്തുവീണിട്ടുണ്ട്. അപ്പോഴെല്ലാം യൗസേപ്പിതാവ് ഏതൊരു പിതാവിനെപ്പോലെയും ഈശോയെ കൈകളിലെടുത്ത് ആശ്വസിപ്പിച്ചട്ടുണ്ട്. മനുഷ്യവതാര രഹസ്യത്തിന്റെ ആദ്യഘട്ടത്തിൽ ഈശോയെ ആശ്വസിപ്പിച്ച യൗസേപ്പിതാവാണങ്കിൽ, വേദന നിറഞ്ഞ രണ്ടാം ഘട്ടത്തിൽ മറിയം നിഴൽ പോലെ പിന്തുടരുന്നു.

പ്രാർത്ഥന

വി. യൗസേപ്പിതാവേ, ജീവിതഭാരത്താൽ ഞാൻ തളർന്നുവീഴുമ്പോൾ എന്റെ സഹായത്തിനു വരണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

നാലാം സ്ഥലം: ഈശോ വഴിയിൽ വച്ച് തന്റെ മാതാവിനെ കാണുന്നു 

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

കുരിശുയാത്രയിൽ ഈശോയും അമ്മയായ മറിയവും കണ്ടുമുട്ടുന്നു. തന്റെ തിരുസുതന്റെ മുഖദർശനം ഒരു നിമിഷനേരത്തേയ്ക്കെങ്കിലും വേദനിക്കുന്ന അവളുടെ ഹൃദയത്തെ ആശ്വസിപ്പിക്കുന്നു. തിരുപ്പിറവിയുടെ ദിനത്തിൽ തന്റെ മകനെ ആദ്യം ദർശിക്കുമ്പോൾ മറിയത്തിനൊപ്പം യൗസേപ്പിതാവുണ്ടായിരുന്നു. ഇപ്പോൾ അവൾ ഏകയാണങ്കിലും ആ ഓർമ്മ മറിയത്തെ ധൈര്യപ്പെടുത്തുന്നു.

പ്രാർത്ഥന

വി. യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബങ്ങളിൽ രോഗവും ദു:ഖങ്ങളും വരിഞ്ഞുമുറുക്കുമ്പോൾ ഞങ്ങളെ സഹായിക്കാൻ വരണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

അഞ്ചാം സ്ഥലം: ശിമയോൻ ഈശോയെ സഹായിക്കുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

റോമൻ പടയാളികൾ കുറച്ചു നേരത്തേയ്ക്ക് ഈശോയുടെ കുരിശ് കിറേനാക്കാരന്‍ ശിമയോനെ ഏല്പിക്കുന്നു. സ്വപ്നത്തിൽ ദൈവദൂതന്റെ വാക്കുകൾ ശ്രവിച്ച് ഈജിപ്തിലേയ്ക്കു പലായനം ചെയ്ത യൗസേപ്പിതാവിന്റെ സുരക്ഷിതത്വം ഒരു നിമിഷം ഈശോ ഓർമ്മിക്കുന്നു. മരണത്തിന്റെ നിഴൽവീണ ആ യാത്രയിൽ എത്ര സൂക്ഷ്മതയോടാണ് അവൻ ഉണ്ണിയേശുവിനെ കാത്തുസംരക്ഷിച്ചത്.

പ്രാർത്ഥന

വി. യൗസേേപ്പിതാവേ, ഏറ്റവും അത്യാവശ്യമുള്ള സമയങ്ങളിൽ എന്നെ സഹായിക്കാനായി വ്യക്തികളെ അയയ്ക്കുവാൻ നിന്റെ തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ആറാം സ്ഥലം: വെറോനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

ജനക്കൂട്ടത്തിനു നടുവിൽ നിന്ന് രക്തം ഒഴുകുന്ന ഈശോയുടെ തിരുമുഖം വെറോനിക്ക കാണുന്നു. ആൾകൂട്ട ബഹളത്തിനിടയിലും ധൈര്യപൂർവ്വം അവൾ മുന്നോട്ടുവന്ന് ഈശോയുടെ മുഖം തുടയ്ക്കുന്നു. ഉണ്ണിയേശുവിനെ ചെറുപ്രായത്തിൽ പരിചരിച്ച യൗസേപ്പിതാവിന്റെ ആർദ്രത നമുക്കു സ്വന്തമാക്കാം. ഒരു പിതാവിന്റെ സ്നേഹത്തോടെ മുറിവുകൾ വൃത്തിയാക്കിയതും കണ്ണീരു തുടച്ചതുമെല്ലാം ഈശോ ഓർത്തെടുക്കുന്നു.

പ്രാർത്ഥന

വി. യൗസേേപ്പിതാവേ, സഹായം ആവശ്യമുള്ളവരെ ഏത് പ്രതികൂലസാഹചര്യത്തിലും സഹായിക്കാനുള്ള വിശുദ്ധമായ മനോഭാവം എനിക്കു നൽകണമേ.

കർത്താവേ അനുഗ്രഹിക്കണമേ 

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ഏഴാം സ്ഥലം: ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

കുരിശിന്റെ കനത്ത ഭാരത്താൽ ഈശോ വീണ്ടും നിലത്തുവീഴുന്നു. പതുക്കെ ശക്തി സംഭരിച്ച് കുരിശുമായി വീണ്ടും യാത്ര തുടരുന്നു. കർത്താവിന്റെ ദൂതൻ മൂന്നാം തവണ യൗസേപ്പിനെ സന്ദർശിക്കുമ്പോൾ ഈജിപ്തിൽ നിന്നു മടങ്ങിവരാനായിരുന്നു നിർദ്ദേശം. സ്വന്തം നഗരമായ നസറത്തിലേയ്ക്കു തിരിച്ചുവന്നപ്പോൾ യൗസേപ്പ് അത്യധികം സന്തോഷിക്കുന്നു. സാധാരണ ജീവിതക്രമത്തിലേയ്ക്കുള്ള അവന്റെ മടങ്ങിവരവ് അവൻ ദൈവത്തിലർപ്പിച്ച പ്രത്യാശയുടെ പ്രതിഫലനമായിരുന്നു. ജീവിതത്തിൽ ഞാൻ വീഴുമ്പോൾ ദൈവികപദ്ധതികളിൽ ആഴമായി ശരണപ്പെട്ടാലേ എഴുന്നേൽക്കുവാനും മുന്നോട്ടു നീങ്ങാനും സാധിക്കൂവെന്ന് ഈശോയും യൗസേപ്പിതാവും നമ്മെ പഠിപ്പിക്കുന്നു.

പ്രാർത്ഥന

വി. യൗസേപ്പിതാവേ, നീ ദൈവത്തിൽ ആശ്രയിച്ചതുപോലെ ആശ്രയിക്കാൻ എന്നെയും പഠിപ്പിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

എട്ടാം സ്ഥലം: ഈശോമിശിഹാ ജറുസലേം നഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

കുരിശുയാത്രയിൽ വഴിയരുകിൽ തന്നെ ആശ്വസിപ്പിക്കാനായി കാത്തുനിന്ന ജറുസലേം നഗരിയിലെ ഭക്തസ്ത്രീകളെ ഈശോ ആശ്വസിപ്പിക്കുന്നു. അവരോട് ‘സീയോൻ പുത്രിമാരേ, നിങ്ങൾ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ’ എന്നു ഈശോ പറയുന്നു. സ്വന്തം വേദന മറന്നു മറ്റുള്ളവരെ സമാശ്വസിപ്പിക്കാൻ ഈശോ പഠിച്ചത് നസറത്തിലെ തന്റെ വളർത്തുപിതാവായ യൗസേപ്പിൽ നിന്നാണ്.

പ്രാർത്ഥന

വി. യൗസേപ്പിതാവേ, സ്വവേദന മറന്ന് മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ കഴിയുന്ന വിശാലമായ ഹൃദയം ഈശോയിൽ നിന്നു എനിക്ക് വാങ്ങിത്തരേണമേ.

കർത്താവേ അനുഗ്രഹിക്കണമേ

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

ഒൻപതാം സ്ഥലം: ഈശോമിശിഹാ മൂന്നാം പ്രാവശ്യം വീഴുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

കുരിശിന്റെ ഭാരത്താൽ ഈശോ മൂന്നാം വട്ടവും നിലത്തുവീഴുന്നു. യൗസേപ്പിതാവിനും പലപ്പോഴും ജീവിതം ഭാരമുള്ളതായി തോന്നിയതാണ്. ദൈവികപദ്ധതികൾ പലപ്പോഴും അതിന്റെ പൂർണ്ണതയിൽ ഗ്രഹിക്കാൻ സാധിക്കാത്തപ്പോൾ ആ പിതൃഹൃദയം വേദനിച്ചിട്ടുണ്ടാവാം. മൂന്നു ദിവസം യേശുവിനെ കാണാതെ അന്വേഷിച്ച് ദൈവാലയത്തിൽ കണ്ടെത്തുമ്പോൾ “ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്ന്‌ നിങ്ങള്‍ അറിയുന്നില്ലേ?” (ലൂക്കാ 2:49) എന്ന് ഈശോ ചോദിക്കുന്നു. ദൈവികപദ്ധതികൾ പൂർണ്ണമായി മനസ്സിലാകാത്തപ്പോഴും ദൈവത്തിൽ ശരണപ്പെട്ട് യൗസേപ്പ് മുന്നോട്ടു നീങ്ങുന്നു.

പ്രാർത്ഥന

വി. യൗസേപ്പിതാവേ, ദൈവികരഹസ്യങ്ങൾ മനസ്സിലാക്കാനുള്ള ജ്ഞാനം നേടുന്നതിനായി എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പത്താം സ്ഥലം: ദിവ്യരക്ഷകന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

ജനിക്കുമ്പോൾ എല്ലാ ശിശുക്കളും നഗ്നരാണ്. മാതാപിതാക്കളാണ് അവരെ വസ്ത്രം ധരിപ്പിക്കുന്നത്. ഇപ്പോൾ ഈശോയുടെ മരണത്തിൽ പടയാളികൾ അവന്റെ വസ്ത്രം ഉരിഞ്ഞെടുക്കുന്നു. കുട്ടിക്കാലത്ത് ഈശോയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി യൗസേപ്പിതാവ് മറിയത്തോടൊപ്പം സദാ സന്നദ്ധനായിരുന്നു. ദൈവസുതൻ നഗ്നനായി കുരിശിൽ മരിക്കുമ്പോൾ സ്വർഗ്ഗീയപിതാവിനൊപ്പം വളർത്തുപിതാവും കണ്ണീർ തൂകിയിട്ടുണ്ടാവാം.

പ്രാർത്ഥന

വി. യൗസേപ്പിതാവേ, ദൈവസ്നേഹത്തിന്റെ വസ്ത്രത്താൽ എന്റെയും മറ്റുള്ളവരുടെയും മുറിവുകൾ വച്ചുകെട്ടുവാൻ എന്നെ സഹായിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പതിനൊന്നാം സ്ഥലം: ഈശോമിശിഹാ കുരിശിൽ തറയ്ക്കപ്പെടുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

ഈശോയുടെ കൈകളിലും കാലുകളിലും പടയാളികൾ ആണി തറയ്ക്കുന്നു. നസറത്തിലെ മരപ്പണിശാലയിൽ ഈശോയുടെ കൈ ഒന്നു മുറിഞ്ഞാൽ ഓടിയെത്തിയിരുന്ന യൗസേപ്പിന്റെ മുഖം ഈശോയുടെ മുമ്പിൽ തെളിഞ്ഞുവന്നിരിക്കണം. ഒരു കുറ്റവാളിയേപ്പോൽ ഈശോയെ കുരിശിൽ തറയ്ക്കുമ്പോൾ തങ്ങളുടെ രക്ഷകനെയാണ് ആണികളിൽ തറയ്ക്കുന്നതെന്ന് അവർ അറിയുന്നില്ല. രക്ഷകനെ ബന്ധിക്കാൻ ആർക്കുമാവുകയില്ലെന്നും എല്ലാ ബന്ധനങ്ങളെയും അവൻ പൊട്ടിച്ചെറിയും എന്ന സത്യവും യൗസേപ്പിതാവിൽ നിന്നു നമുക്ക് പഠിക്കാം.

പ്രാർത്ഥന

വി. യൗസേപ്പിതാവേ, എന്റെ വാക്കുകളാൽ ആരെയും ക്രൂശിക്കാതിരിക്കാനും അതിനായി നിശബ്ദനാകാനും എന്നെ പഠിപ്പിക്കണമേ.

കർത്താവേ അനുഗ്രഹിക്കണമേ

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പന്ത്രണ്ടാം സ്ഥലം: ഈശോമിശിഹാ കുരിശിന്മേൽ തൂങ്ങിമരിക്കുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

യോഹന്നാന്റെ സുവിശേഷമനുസരിച്ച്, ഈശോയുടെ കുരിശിൻചുവട്ടിൽ പരിശുദ്ധ കന്യകാമറിയം ഉണ്ട്. തനിക്കു പ്രിയപ്പെട്ട ഒരാളുടെ കൂടി മരണത്തിന് മറിയം സാക്ഷ്യം വഹിക്കുന്നു. ആദ്യം അവളുടെ മാതാപിതാക്കൾ, പിന്നെ ബന്ധുക്കളായ എലിസബത്ത്, സക്കറിയ ഏറെ വേദന സമ്മാനിച്ച യൗസേപ്പിന്റെ മരണം, ഇപ്പോൾ പ്രിയപുത്രന്റെയും. മരണത്തിനു നടുവിൽ അവൾ ഏകയായി നിലകൊള്ളുന്നു. ഈശോ കുരിശിൽ മരിക്കുന്ന സ്ഥലം ധ്യാനിക്കുമ്പോൾ ഈശോയുടെയും മറിയത്തിന്റെയും സാമിപ്യത്തിൽ മരിച്ച യൗസേപ്പിന്റെ ഭാഗ്യപ്പെട്ട മരണം ഓർമ്മയിൽ തെളിഞ്ഞുവരുന്നു.

പ്രാർത്ഥന

വി. യൗസേപ്പിതാവേ, പ്രിയപ്പെട്ടവരുടെ വേർപാടിൽ ദു:ഖിക്കുന്ന കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും അവരോടു കൂടെയായിരിക്കുകയും ചെയ്യണമേ.

കർത്താവേ അനുഗ്രഹിക്കണമേ

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പതിമൂന്നാം സ്ഥലം: ഈശോമിശിഹായുടെ മൃതദേഹം മാതാവിന്റെ മടിയിൽ കിടത്തുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

ഈശോയുടെ മൃതദേഹം കുരിശിൽ നിന്നിറക്കി മാതാവിന്റെ മടിയിൽ കിടത്തുന്നു. അരുമസുതന്റെ മേനി മടിയിൽ കിടത്തി അന്ത്യചുംബനം നൽകുമ്പോൾ തന്റെ പ്രിയതമനായ യൗസേപ്പിന്റെ ഹൃദയവികാരങ്ങളും അവളുടെ വിമലഹൃദയത്തെ കൂടുതൽ ദു:ഖസാന്ദ്രമാക്കി. മരണശേഷം പാതാളത്തിലേയ്ക്കിറങ്ങിയ ഈശോ മരണത്തിന്റെ ബന്ധനങ്ങളെ തകർക്കുകയും പുതുജീവൻ പകരുകയും ചെയ്തു. നിത്യപറുദീസായുടെ വാതിൽ തുറക്കുകയും ചെയ്തു.

പ്രാർത്ഥന

വി. യൗസേപ്പിതാവേ, ശുദ്ധീകരണസ്ഥലത്തിൽ കഴിയുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കണമേ. നിന്റെയും നിന്റെ പ്രിയപ്പെട്ട പരിശുദ്ധ ഭാര്യയുടെയും മാമദ്ധ്യസ്ഥം അവർക്ക് സ്വർഗ്ഗദർശനം സാധ്യമാക്കട്ടെ.

കർത്താവേ അനുഗ്രഹിക്കണമേ

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

പതിനാലാം സ്ഥലം: ഈശോമിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു

ഈശോമിശിഹായേ, ഞങ്ങൾ അങ്ങയെ കുമ്പിട്ടാരാധിക്കുന്നു. എന്തുകൊണ്ടെന്നാൽ വിശുദ്ധ കുരിശിനാൽ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

വിചിന്തനം

ഈശോയുടെ ജനനവും മരണവും പ്രവചനങ്ങളുടെ പൂർത്തീകരണമായിരുന്നു. പൂജരാജക്കന്മാർ കാഴ്ച വച്ച മീറാ ഈശോയുടെ ശവസംസ്കാരത്തിന്റെ പ്രതീകമായിരുന്നു. ശിശുവായ ഈശോയ്ക്കുവേണ്ടി അന്ന് അവ സ്വീകരിച്ചവ യൗസേപ്പായിരുന്നു. യൗസേപ്പിനെ സംസ്കരിച്ച കല്ലറ ഈശോ നിരവധി തവണ സന്ദർശിച്ചിരിക്കണം. ലോകരക്ഷയ്ക്കായുള്ള മരണത്തിനു ഈശോയെ ഭൂമിയിൽ ഒരുക്കിയത് വളർത്തുപിതാവായ യൗസേപ്പായിരുന്നു.

പ്രാർത്ഥന

വി. യൗസേപ്പിതാവേ, എന്റെ മരണവിനാഴിക അടുക്കുമ്പോൾ നീ എന്റെ സഹായത്തിനു എത്തണമേ.

കർത്താവേ അനുഗ്രഹിക്കണമേ.

വി. യൗസേപ്പിതാവേ, ക്രൂശിതനായ ഈശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

സമാപന പ്രാർത്ഥന

ഈശോയെ, നിന്റെ കുരിശിന്റെ വഴിയിലൂടെ ഒരു തീർത്ഥയാത്രയായി ഞങ്ങൾ നിന്നെ അനുഗമിക്കുകയായിരുന്നു. ഈ യാത്രയിൽ നിന്റെ വത്സലപിതാവിന്റെ സാന്നിധ്യം ഞങ്ങളെ ധൈര്യപ്പെടുത്തി. കുരിശിന്റെ താഴ്വരകളിലൂടെ ജീവിതം മുന്നോട്ടു നീങ്ങുമ്പോൾ വി. യൗസേപ്പിതാവിന്റെ മഹനീയമാതൃക ഞങ്ങൾക്ക് ശക്തി നൽകട്ടെ.

വി. യൗസേപ്പിതാവിന്റെ മാതൃക പിൻചെന്ന് രക്ഷയുടെ പാതയായ കുരിശിന്റെ മാർഗ്ഗത്തിൽ നിന്ന് ഞങ്ങളുടെ കുടുംബങ്ങൾ ഒരിക്കലും ദൃഷ്ടി മാറ്റാതിരിക്കട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും, ആമ്മേൻ.

കർത്താവേ അനുഗ്രഹിക്കണമേ

വി. യൗസേപ്പിതാവേ, ക്രൂശിതനായ യേശുവിന്റെ തിരുമുറിവുകൾ എന്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…

നന്മ നിറഞ്ഞ മറിയമേ…

മനസ്താപ പ്രകരണം

ഫാ. ജയ്സൺ കുന്നേൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.