കുരിശിന്റെ വഴി

ജി. കടൂപ്പാറയില്‍

യേശുവിന്‍റെ സഹനത്തെ നോമ്പുകാലത്ത് നമ്മള്‍ ഏറ്റവും അടുത്ത് അനുഗമിക്കുന്നത് ‘കുരിശിന്റെ വഴി’യിലൂടെയാണ്. യേശുവിന്റെ സഹനത്തെയും മരണത്തേയും പതിനാല് സ്ഥലങ്ങളിലൂടെ നമ്മളും ‘കുരിശിന്റെ വഴി’യിലൂടെ അനുഗമിക്കുന്നു. നമ്മുടെ നോമ്പുകാല പ്രാര്‍ത്ഥനാ ധ്യാനജീവിതത്തെ കൂടുതല്‍ സഹായിക്കാനായി ‘കുരിശിന്റെ വഴി’ക്ക് പുതിയ പതിനാല് വിചിന്തനങ്ങള്‍ നല്‍കുകയാണ്. നമ്മള്‍ ഇപ്പോള്‍ പിന്‍ചെല്ലുന്ന രീതി തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തിലും ഓരോ നിയോഗവും ചേര്‍ത്തിട്ടുണ്ട്. നമ്മുടെ ഇടവകയുടെ, വീടിന്റെ, സന്യാസസമൂഹത്തിന്റെ ആവശ്യങ്ങളനുസരിച്ച് നിയോഗങ്ങള്‍ മാറ്റാവുന്നതും പുതിയവ ചേര്‍ക്കാവുന്നതുമാണ്. ഓരോ സ്ഥലത്തിന്റെയും വിവരണത്തിന് പ്രധാനമായും ബൈബിള്‍ ഭാഗങ്ങള്‍ അതേപടി ഉപയോഗിച്ചിരിക്കുന്നു. അതിനുശേഷം വിചിന്തനം നല്‍കിയിരിക്കുന്നു. പരിചിതമായ കുരിശിന്റെ വഴി ഗാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

പ്രാരംഭ പ്രാര്‍ത്ഥന
നേതാവ്: പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍
സമൂ: ആമ്മേന്‍.

പിതാവായ ദൈവമേ ഞങ്ങളങ്ങയെ ആരാധിക്കുകയും സ്തുതിക്കുകയും നന്ദിപറയുകയും ചെയ്യുന്നു. അങ്ങേ പ്രിയപുത്രന്‍ നടന്ന കുരിശിന്റെ വഴിയിലൂടെ നടക്കാനും കുരിശിന്‍റെ സന്ദേശം മനസിലാക്കാനും ആഗ്രഹിച്ച് ഞങ്ങളിതാ അങ്ങയുടെ മുമ്പില്‍ നില്‍ക്കുന്നു. കുരിശിന്റെ വഴിയിലൂടെ നിത്യതയുടെ മഹത്വത്തിലേയ്ക്കുള്ള പാത അങ്ങേ പുത്രന്‍ ഞങ്ങള്‍ക്ക് കാണിച്ചു തന്നല്ലോ. കുരിശെടുത്തു നടന്ന യേശുവിനെ ആത്മാര്‍ത്ഥമായി അനുഗമിക്കാനും ഞങ്ങളുടെ ജീവിത കുരിശുകളും ക്ലേശങ്ങളും അതിനോട് ചേര്‍ത്ത് വയ്ക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ. സകലത്തിന്‍റേയും നാഥാ എന്നേയ്ക്കും.
സമൂ: ആമേന്‍. 1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

ഒന്നാം സ്ഥലം: ഈശോമിശിഹാ മരണത്തിന് വിധിക്കപ്പെടുന്നു.
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍ അങ്ങ് ലോകത്തെ വീണ്ടുരക്ഷിച്ചു.

നിയോഗം: സഭാധികാരികള്‍ക്കും രാഷ്ട്രീയാധികാരികള്‍ക്കും വേണ്ടി.

അവനെ ക്രൂശിക്കുക. ബഹളം വര്‍ധിക്കുന്നതല്ലാതെ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലെന്നു മനസ്സിലാക്കിയ പീലോത്തോസ് വെള്ളമെടുത്ത് ജനങ്ങളുടെ മുമ്പില്‍ വച്ചു കൈ കഴുകിക്കൊണ്ടു പറഞ്ഞു: ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു പങ്കില്ല. അതു നിങ്ങളുടെ കാര്യമാണ്. അപ്പോള്‍ ജനം മുഴുവന്‍ മറുപടി പറഞ്ഞു. അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ സന്തതികളുടെമേലും ആയിക്കൊള്ളട്ടെ. അപ്പോള്‍ അവന്‍ ബറാബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുക്കുകയും യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ച് ക്രൂശിക്കാന്‍ ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തു (മത്താ. 27:24-26). യാതൊരു കുറ്റവും കാണാതിരുന്നിട്ടും പീലാത്തോസ് യേശുവിനെ കുറ്റം വിധിക്കുന്നു. അവനെ ക്രൂശിക്കുക എന്ന് വിളിച്ചു പറയുന്ന ജനക്കൂട്ടം. നിശബ്ദനായി എല്ലാം സഹിക്കുന്ന ഈശോ. ക്രൂരമായ അനീതിക്കാണ് ഞാന്‍ ഇരയാകുന്നത് എന്നറിഞ്ഞിട്ടും നീതിപീഠം അന്യായമായാണ് പെരുമാറുന്നതെന്ന് ബോധ്യപ്പെട്ടിട്ടും മാനവകുലത്തിന്‍റെ രക്ഷയ്ക്കുവേണ്ടി എല്ലാ അവഗണനയും അവിടുന്ന് സഹിക്കുകയാണ്.

യേശുവേ, ആക്രോശിക്കുന്ന ജനക്കൂട്ടത്തിന്‍റെ ഒപ്പം നിന്ന് ഞാനും നിരപരാധികളെ കുറ്റംവിധിച്ചിട്ടുണ്ട്. പലപ്പോഴും അപരന്‍റെ വേദനയ്ക്കും അന്യായവിധിക്കും കാരണമായിട്ടുണ്ട്. “വിധിക്കരുത്. എന്നാല്‍ നീയും വിധിക്കപ്പെ ടില്ല” (മത്താ.7:1) എന്ന അങ്ങേ വചനം ഞാനിപ്പോള്‍ ഓര്‍മ്മിക്കുന്നു. കൂടെയുള്ളവരെ അന്യായമായി വിധിക്കുന്ന എന്‍റെ സ്വഭാവം ഞാന്‍ ഏറ്റുപറയുന്നു. മേലില്‍ അപരരെപറ്റി വിധി പറയാതെ അവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും ഞാന്‍ ശ്രമിക്കും എന്ന് വാഗ്ദാനം ചെയ്യുന്നു.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

2-ാം സ്ഥലം: ഈശോമിശിഹാ കുരിശ് വഹിക്കുന്നു.
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: ഇടവകയ്ക്കുവേണ്ടി

അപരന്‍റെ ഭാരം താങ്ങാന്‍ വന്നവന്‍ ഇതാ കുരിശെടുക്കുന്നു. ഭാരമുള്ള കുരിശുമരം ശത്രുക്കള്‍ അവിടുത്തെ തോളിലേറ്റുന്നു. ഗാഗുല്‍ത്തായിലേയ്ക്കുള്ള യാത്രയുടെ തുടക്കം. മാനവകുലത്തിലെ രക്ഷയ്ക്കു വേണ്ടിയുള്ള സഹനയാത്രയാണിത്. മനുഷ്യന്‍റെ പാപത്തിന്‍റെ ഭാരം കുറയ്ക്കാന്‍ അവന്‍ കുരിശിന്‍റെ ഭാരം ചുമക്കുന്നു.

യേശുവേ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കാതെ ചിലപ്പോഴൊക്കെ ഞാന്‍ പിന്തിരിഞ്ഞ് ഓടിയിട്ടുണ്ട്. എനിക്കുണ്ടാകുന്ന കുരിശുകളെ ഭയന്ന് മറ്റു പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടിയിട്ടും ഉണ്ട്. ജീവിതത്തിലുണ്ടാകുന്ന സങ്കടങ്ങളും അപ്രതീക്ഷിത ദുരന്തങ്ങളും സന്തോഷത്തോടെ സ്വീകരിക്കാനും അതില്‍ വിജയിക്കാനും ഉള്ള കൃപ അങ്ങ് എനിക്ക് നല്‍കേണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

3-ാം സ്ഥലം: ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു.
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: ദാരിദ്ര്യത്തിലും കടത്തിലും ജീവിക്കുന്നവര്‍ക്കു വേണ്ടി.

കാല്‍വരിയിലേയ്ക്കുള്ള യാത്രയില്‍ അവിടുന്ന് കുരിശിന്‍റെ ഭാരം വഹിക്കാനാവാതെ വീഴുന്നു. മര്‍ദ്ദിക്കുകയും നിന്ദാവാക്യങ്ങള്‍ ഉരുവിടുകയും ചെയ്യുന്ന പട്ടാളക്കാര്‍. യൂദന്മാരുടെ പരിഹാസവിളികള്‍. മാനസികമായി തളര്‍ത്തുന്ന പശ്ചാത്തലം. അതിനിടയില്‍ അവിടുന്ന് ശാരീരികമായി തളര്‍ന്ന് താഴെ വീഴുകയാണ്.

യേശുവേ, എന്‍റെ കുടുംബവും ജോലിയും ബന്ധങ്ങളും എല്ലാം താങ്ങാന്‍ പറ്റാത്ത ഭാരമായി ചിലപ്പോഴൊക്കെ എനിക്കു തോന്നിയിട്ടുണ്ട്. നിസ്സാര ഭാരംപോലും വഹിക്കാനാവാതെ തളര്‍ന്ന് താഴെ വീണിട്ടുണ്ട്. “അങ്ങയുടെ നാമമറിയുന്നവര്‍ അങ്ങില്‍ വിശ്വാസമര്‍പ്പിക്കുന്നു. കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ് ഉപേക്ഷിച്ചിട്ടില്ല” (സങ്കീ. 9:10). അങ്ങയില്‍ വിശ്വസിച്ച് അങ്ങേ നാമം വിളിച്ച് എന്‍റെ വീഴ്ചകളില്‍ നിന്നും കരേറുവാന്‍ വേണ്ട കൃപ അങ്ങ് എനിക്ക് നല്‍കണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

4-ാം സ്ഥലം: യേശു തന്‍റെ അമ്മയെ കാണുന്നു.
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: കുടുംബങ്ങള്‍ക്കുവേണ്ടി

വീഴ്ചയുടെ വേദനയ്ക്കുശേഷം ഇതാ കണ്ണീരില്‍ മുങ്ങിയ ഒരു സമാഗമം. നൊന്ത് പ്രസവിച്ച് വളര്‍ത്തി വലുതാക്കിയ മകനെ കൊല്ലാന്‍ കൊണ്ടുപോകുന്നതു കാണുന്ന അമ്മയുടെ ഹൃദയവേദന. ഊഷ്മളമായ രക്തബന്ധങ്ങളുടെ അപ്രതീക്ഷിതമായ വേര്‍പിരിയലിനുമുമ്പിലത്തെ വിടപറയല്‍. മകന്‍റെ വേദന കണ്ട് ആ അമ്മ നിശബ്ദമായി നിലവിളിച്ചിട്ടുണ്ടാവണം. സഹായിക്കാനും ആശ്വസിപ്പിക്കാനും ആരുമില്ലാതെ എല്ലാം അമ്മ സഹിക്കുകയാണ്.

യേശുവേ, അപരന്‍റെ കണ്ണിലെ വേദനയും സങ്കടവും മുറിവുകളും കാണാന്‍ പലപ്പോഴും എനിക്ക് സാധിക്കുന്നില്ല. അങ്ങയുടെ വേദന അതിന്‍റെ പൂര്‍ണ്ണതയില്‍ പരിശുദ്ധ അമ്മ മനസിലാക്കിയതുപോലെ, എന്‍റെ കുടുംബാംഗങ്ങളുടെയും മാതാപിതാക്കളുടെയും മക്കളുടെയും സുഹൃത്തുക്കളുടെയും വേദനകള്‍ മനസിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും വേണ്ട അനുഗ്രഹം നല്‍കണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

5-ാം സ്ഥലം: ശിമയോന്‍ യേശുവിനെ സഹായിക്കുന്നു.
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: ജോലി ലഭിക്കാതെ വിഷമിച്ച് കഴിയുന്നവര്‍ക്ക് വേണ്ടി.

അവര്‍ പോകുന്നവഴി ശിമയോന്‍ എന്ന ഒരു കിറേനേക്കാരനെ കണ്ടുമുട്ടി. യേശുവിന്‍റെ കുരിശു ചുമക്കാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു (മത്താ. 27:32). സഹതാപം കൊണ്ടുള്ള സഹായമായിരുന്നില്ല അത്, മറിച്ച് കാല്‍വരി വരെ യേശുവിനെ എത്തിച്ച് കുരിശില്‍ തറച്ചുതന്നെ കൊല്ലണമെന്നുള്ള നിര്‍ബ്ബന്ധബുദ്ധിയായിരുന്നു അതിന്‍റെ പിന്നില്‍. നിര്‍ബ്ബന്ധിതനായിട്ടാണെങ്കിലും ശിമയോന്‍ യേശുവിനെ സഹായിക്കുകയാണ്. ശിമയോന്‍റെ ഹൃദയവും അനുകമ്പയാല്‍ നിറഞ്ഞിട്ടുണ്ടാവാം. കുരിശുവഹിക്കാന്‍ സഹായിച്ചതിന്‍റെ പുണ്യം അയാളുടെ ജീവിതത്തിലും നിറഞ്ഞിട്ടുണ്ടാവും.

യേശുവേ, ചിലപ്പോഴൊക്കെ ഞാനും മറ്റുള്ളവരെ അവരുടെ ആവശ്യങ്ങളില്‍ സഹായിക്കാറുണ്ട്. പക്ഷേ അതൊന്നും പൂര്‍ണ്ണമനസോടെ ആയിരുന്നില്ല. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ചിട്ടുണ്ട്, ആവശ്യങ്ങളില്‍ അവരെ ഉപേക്ഷിച്ചിട്ടുണ്ട്, ഓടി ഒളിച്ചിട്ടുണ്ട്. സ്വന്തം സുഖം മാത്രമായിരുന്നു എന്‍റെ ലക്ഷ്യം. ഞാന്‍ ഒന്ന് സഹായിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന അനേകരുടെ മുഖങ്ങള്‍ വേദനിപ്പിക്കുന്ന ഓര്‍മ്മയായി എന്‍റെ മനസില്‍ തെളിയുന്നു. ശിമയോനെപ്പോലെ ആവശ്യങ്ങളില്‍ സഹായിക്കുന്ന ഒരുവനായി ഇനിയെങ്കിലും മാറാനുള്ള എന്‍റെ ആഗ്രഹത്തെ അങ്ങ് തൃക്കണ്‍പാര്‍ക്കണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

6-ാം സ്ഥലം: വേറോനിക്ക യേശുവിന്‍റെ മുഖം തുടയ്ക്കുന്നു.
നേതാ: ഈശോമിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: ഭവനമില്ലാത്തവര്‍ക്കും, കുടിയിറക്കപ്പെടുന്നവര്‍ക്കും വേണ്ടി.

സഹനത്തിന്‍റെ യാത്ര തുടരുകയാണ്. രക്തവും വിയര്‍പ്പും കൂടിക്കലര്‍ന്ന് യേശുവിന്‍റെ മുഖം വിരൂപമായിരിക്കുന്നു. ഒരിക്കല്‍ സുന്ദരമായിരുന്നു ആ മുഖം. അനേകര്‍ ആ ദര്‍ശനം കൊതിച്ചിട്ടുണ്ട്. ദര്‍ശനത്തിലൂടെ സൗഖ്യം ലഭിച്ചവരും ഏറെ. എതിര്‍ക്കുന്നവരുടെയും വെറുക്കുന്നവരുടെയും മദ്ധ്യത്തിലൂടെ വേറോനിക്ക ധൈര്യസമേതം കടന്നുവന്ന് തൂവാലകൊണ്ട് ആ മുഖം തുടയ്ക്കുന്നു. അവളുടെ ഭക്തിക്കും ധൈര്യത്തിനും ആശ്വസിപ്പിക്കലിനും പകരമായി അവിടുത്തെ മുഖം അവളുടെ തൂവാലയില്‍ പതിയുന്നു.

യേശുവേ, എതിര്‍ക്കുന്നവരുടെ നടുവിലൂടെ കടന്നുവന്ന് അങ്ങയുടെ മുഖം തുടച്ച വേറോനിക്കായുടെ ധൈര്യം എനിക്ക് മാതൃകയാണ്. എന്നാല്‍ എന്‍റെ വചനജീവിതവും സാക്ഷ്യവും പ്രഘോഷണവും എല്ലാം അനുകൂല സാഹചര്യങ്ങളില്‍ മാത്രമാണ്. “എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ ഉപേക്ഷിക്കും” (മത്താ. 24:9). എല്ലാവരും ഉപേക്ഷിക്കുമ്പോഴും നിന്‍റെ കൂടെ നടക്കാന്‍ എന്നെ അനുഗ്രഹിക്കണമേ. അതുപോലെ, എല്ലാവരാലും ഉപേക്ഷിക്കപ്പെടുന്നവരുടെയും ഒറ്റപ്പെടുത്തുന്നവരുടെയും അടുത്തേയ്ക്ക് വേറോനിക്കായെപ്പോലെ കടന്നുചെല്ലാനുള്ള ധൈര്യവും എനിക്ക് നല്‍കണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

7-ാം സ്ഥലം: ഈശോ രണ്ടാം പ്രാവശ്യം വീഴുന്നു.
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: എല്ലാ രോഗികള്‍ക്കും വേണ്ടി.

ഓരോ ചുവടിലും മരണം പതിയിരിക്കുകയാണ്. അവിടുത്തെ മുറിവുകളിലെ വേദനയും മുറിവുകളില്‍ നിന്ന് ഒഴുകുന്ന രക്തത്തിന്‍റെ അളവും വര്‍ദ്ധിക്കുന്നു. ചുട്ടുപൊള്ളുന്ന വെയിലും അപാരമായ വേദനയും. അവിടുന്നതാ രണ്ടാംപ്രാവശ്യം വീഴുന്നു.

യേശുവേ, എല്ലാ ശക്തിയും ചോര്‍ന്നുപോകുന്ന വേളകള്‍ എനിക്കും ഉണ്ടാകാറുണ്ട്. തുടര്‍ച്ചയായി ഞാനും വീഴാറുണ്ട്, ആത്മീയമായും മാനസികമായും. “ഞാന്‍ ഏകാകിയും പീഡിതനുമാണ്. എന്‍റെ ഹൃദയവ്യഥകള്‍ ശമിപ്പി ക്കണമേ. മനോക്ലേശത്തില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ” (സങ്കീ. 25:16-17) എന്‍റെ ശക്തി വീണ്ടെടുക്കാനും ഉത്സാഹം പുനര്‍ജ്ജീവിപ്പിക്കാനും, എന്നെ എല്ലാ വീഴ്ചകളില്‍ നിന്നും കരേറ്റാനും അങ്ങ് കടന്നുവരേണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

8-ാം സ്ഥലം: യേശു ജറുസലേം സ്ത്രീകളെ ആശ്വസിപ്പിക്കുന്നു.
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: അവഗണിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന സ്ത്രീകള്‍ക്ക് വേണ്ടി.

ഒരു വലിയ ജനക്കൂട്ടവും, കരയുകയും മുറവിളി കൂട്ടുകയും ചെയ്തിരുന്ന സ്ത്രീകളുടെ സമൂഹവും യേശുവിന്‍റെ പിന്നാലെ പോയിരുന്നു. അവരുടെ നേരെ തിരിഞ്ഞ് യേശുപറഞ്ഞു. ജറുസലേം പുത്രിമാരെ, എന്നെപ്രതി നിങ്ങള്‍ കരയേണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിന്‍. എന്തെന്നാല്‍ വന്ധ്യകള്‍ക്കും പ്രസവിക്കാത്ത ഉദരങ്ങള്‍ക്കും പാലൂട്ടാത്ത മുലകള്‍ക്കും ഭാഗ്യം എന്നുപറയപ്പെടുന്ന ദിവസങ്ങള്‍ വരും അന്ന് അവര്‍ പര്‍വതങ്ങളോട്. ഞങ്ങളുടെമേല്‍ വീഴുക എന്നും കുന്നുകളോടു ഞങ്ങളെ മൂടിക്കളയുക എന്നു പറയാന്‍ തുടങ്ങും (ലൂക്കാ 23:27-30). ജറുസലേമിന്‍റെ പതനവും അവരെ കാത്തിരിക്കുന്ന ദുരിതവും അവിടുത്തെ മനസിലേയ്ക്ക് ഓടി എത്തിയിട്ടുണ്ടാവണം. സ്വന്തം വേദനയേക്കാള്‍ അവര്‍ക്കുണ്ടാകാന്‍ പോകുന്ന കഷ്ടതകള്‍ ഓര്‍ത്ത് അവിടുന്ന് ജറുസലേം സ്ത്രീകളെ ആശ്വസിപ്പിക്കുന്നു.

യേശുവേ, സ്വന്തം വേദനയെ മറന്ന് മറ്റുള്ളവര്‍ക്കുണ്ടാകാന്‍ പോകുന്ന വേദനയെ ഓര്‍ത്ത് അങ്ങ് അവരെ ആശ്വസിപ്പിക്കുന്നല്ലോ. സ്വന്തം തിരക്കുകളും വേദനയും കാരണം മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാന്‍പോലും ഞങ്ങള്‍ക്ക് സമയമില്ല. അനുഭാവപൂര്‍വ്വം മറ്റുള്ളവരുടെ ദുരിതങ്ങള്‍ കാണാനും അവരുടെ വേദനകളില്‍ ആശ്വസിപ്പിക്കാനും ഞങ്ങളെയും അനുഗ്രഹിക്കണമേ. “ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കാനും മനസിലാക്കപ്പെടുന്നതിനെക്കാള്‍ മനസിലാക്കാനും” ഞങ്ങള്‍ക്ക് കൃപ നല്‍കണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

9-ാം സ്ഥലം: ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു.
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: ജീവിതാന്തസ് തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും, വിവാഹം മുടങ്ങി നില്‍ക്കുന്നവര്‍ക്കും.

സങ്കടയാത്ര കാല്‍വരിയുടെ സമീപത്ത് എത്തുന്നു. ശരീരത്തിന്‍റെ ശക്തിയൊക്കെ ഇല്ലാതാകുന്നു. ഊര്‍ജ്ജമെല്ലാം ചോര്‍ന്നുപോയിരിക്കുന്നു. ഒരടിപോലും മുമ്പോട്ട് വയ്ക്കാനാവാതെ അവിടുന്ന് മൂന്നാം പ്രാവശ്യം വീഴുന്നു.

യേശുവേ, തുടര്‍ച്ചയായ പരാജയങ്ങളും വീഴ്ചകളും എന്നെ നിരാശയിലാഴ്ത്താറുണ്ട്. രോഗങ്ങളില്‍ നിന്ന് ഒരിക്കലും സൗഖ്യം ലഭിക്കില്ലെന്നും കടങ്ങള്‍ ഇളച്ചു കിട്ടുകയില്ലെന്നും ജീവിതത്തിലെ ഇരുണ്ട രാത്രികള്‍ക്ക് ഒരിക്കലും അവസാനമുണ്ടാകില്ലെന്നും ഞാന്‍ വിചാരിച്ചുപോയിട്ടുണ്ട്. എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ആത്മഹത്യയെക്കുറിച്ചുവരെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. “ദൈവമാണ് എന്‍റെ രക്ഷ. ഞാന്‍ അങ്ങയില്‍ ആശ്രയിക്കും. ഞാന്‍ ഭയപ്പെടുകയില്ല.” (ഏശ.12:2). അങ്ങയെപ്പോലെ എല്ലാ വീഴ്ചകളില്‍ നിന്നും പ്രതീക്ഷയോടെ എഴുന്നേറ്റ് മുമ്പോട്ട് പോകുവാന്‍ വേണ്ട കൃപ എനിക്ക് നല്‍കേണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

10-ാം സ്ഥലം: യേശുവിന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു.
നേതാ : ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: എല്ലാ മക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി.

തലയോടിടം എന്നര്‍ത്ഥമുള്ള ഗാഗുല്‍ത്താമലയില്‍ അവര്‍ അവനെ കൊണ്ടുവന്നു (മര്‍ക്കോ. 15:22) . “അവന്‍റെ വസ്ത്രങ്ങള്‍ ഭാഗിച്ച് ഓരോരുത്തനും എടുക്കേണ്ട വീതത്തിന് കുറിയിട്ടു (മര്‍ക്കോ. 15:24) രക്തത്താല്‍ മുറിവുകളോട് ഒട്ടിച്ചേര്‍ന്നിരുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്തപ്പോള്‍ എത്ര ഭയാനകമായ വേദനയായിരിക്കണം അവിടുന്ന് അനുഭവിച്ചത്. വസ്ത്രത്തോടൊപ്പം ശരീരഭാഗങ്ങളും അടര്‍ന്ന് വന്നിട്ടുണ്ടാവണം. നഗ്നനായി ഭൂമിയിലേയ്ക്ക് പിറന്ന് വീണവന്‍ ഇതാ വീണ്ടും മനുഷ്യരാല്‍ നഗ്നനാക്കപ്പെടുന്നു.

യേശുവേ, അങ്ങയെപ്പോലെ ഞാനും നഗ്നനാക്കപ്പെട്ടിട്ടുണ്ട്. പൊതുജന മദ്ധ്യേ, പരസ്യമായി എന്നെ എതിര്‍ക്കുന്നവര്‍ എന്‍റെ മാന്യതയുടെയും സല്‍പ്പേരിന്‍റെയും വസ്ത്രങ്ങള്‍ ഉരിഞ്ഞുമാറ്റിയിട്ടുണ്ട്. എന്‍റെ കുടുംബത്തിലും സമൂഹത്തിലും ഞാനും പരിഹാസ്യനായിട്ടുണ്ട്. പക്ഷേ ഞാന്‍ അങ്ങയെപ്പോലെ അവയെല്ലാം നിശബ്ദനായി സഹിച്ചില്ല. പ്രതികാരചിന്തയായിരുന്നു എന്‍റെ മനസ്സുനിറയെ. എന്നെ എതിര്‍ക്കുന്നവരെ ഞാനും എതിര്‍ത്താല്‍ വിജാതീയരില്‍ നിന്നും ഞാന്‍ വ്യത്യസ്തനല്ലെന്നും അങ്ങയുടെ യഥാര്‍ത്ഥ ശിഷ്യനല്ലെന്നും മനസിലാക്കുന്നു. “ശത്രുക്കളെ സ്നേഹിക്കുവിന്‍. നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍. അങ്ങനെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മക്കളായിത്തീരാന്‍” (മത്താ 5:44) ഞങ്ങളെ അനുഗ്രഹിക്കണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

11-ാം സ്ഥലം: യേശുവിനെ കുരിശില്‍ തറയ്ക്കുന്നു.
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: മദ്യം, മയക്കുമരുന്ന് എന്നിവ വഴി സ്വയം മരിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു വേണ്ടി.

മീറ കലര്‍ത്തിയ വീഞ്ഞ് അവര്‍ അവന് കൊടുത്തു. അവന്‍ അത് കുടിച്ചില്ല. പിന്നീട് അവര്‍ അവനെ കുരിശില്‍ തറച്ചു (മര്‍ക്കോ. 15:23-24). ക്രൂരതയുടെ അപാരമായ അരങ്ങേറ്റം. തങ്ങള്‍ വലിച്ചിഴച്ചു കൊണ്ടുവന്നവനെ അവര്‍ കുരിശിലേയ്ക്ക് വലിച്ചെറിയുന്നു. കൈകാലുകള്‍ മരക്കുരിശിലേയ്ക്ക് വലിച്ചു നീട്ടുന്നു. കാരിരുമ്പാണികള്‍ പച്ച മാംസത്തിലേയ്ക്ക് അടിച്ചു കയറ്റുന്നു. ആ ബലഹീന ശരീരത്തെ അവര്‍ മൂന്നാണികളാല്‍ കുരിശില്‍ തറയ്ക്കുന്നു. അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂറായിരുന്നു. യഹൂദന്മാരുടെ രാജാവ് എന്ന് അവന്‍റെ പേരില്‍ ഒര കുറ്റപത്രവും എഴുതിവച്ചിരുന്നു. അവനോടുകൂടെ രണ്ട് കവര്‍ച്ചക്കാരെയും അവര്‍ കുരിശില്‍ തറച്ചു. ഒരുവനെ അവന്‍റെ വലതുവശത്തും അപരനെ ഇടത്തുവശത്തും (മര്‍ക്കോ. 15:25-28). യേശു പറഞ്ഞു പിതാവേ അവരോട് ക്ഷമിക്കണമേ. അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല (ലൂക്കാ 23:34).

യേശുവേ, നന്മചെയ്യാന്‍ ചുറ്റിനടന്ന നിന്‍റെ പാദങ്ങളിലും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച കരങ്ങളിലും അവര്‍ ആണികള്‍ തറച്ചല്ലോ. നീ നല്‍കിയ സ്വാതന്ത്ര്യത്തിനു പകരം അവര്‍ നിന്നെ ബന്ധനസ്ഥനാക്കി കുരിശില്‍ തറച്ചു. എല്ലാ വേദനകളും ഉപേക്ഷിക്കലുകളും എന്‍റെ രക്ഷയ്ക്കായ് നീ സഹിക്കുന്നുവല്ലോ. എന്‍റെ ചെയ്തികളേയും നല്ല ഉദ്ദേശ്യങ്ങളേയും മറ്റുള്ളവരും തെറ്റി ദ്ധരിക്കാറുണ്ട്. എന്നെയും കുരിശില്‍ തറയ്ക്കാറുണ്ട്. കൈകാലുകള്‍ തറയ്ക്കപ്പെടുമ്പോഴും ശരീരം തളയ്ക്കപ്പെടുമ്പോഴും ഹൃദയത്തില്‍ സ്നേഹം മാത്രം നിറച്ചുവച്ച് എല്ലാം സഹിച്ച് നിന്നെപ്പോലെ ആയിത്തീരുവാന്‍ എന്നേയും അനുഗ്രഹിക്കണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

12-ാം സ്ഥലം: യേശു കുരിശില്‍ മരിക്കുന്നു
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: എല്ലാ രോഗികള്‍ക്കും മരണാസന്നര്‍ക്കും വേണ്ടി.

“അപ്പോള്‍ ഏകദേശം ആറാം മണിക്കൂര്‍ ആയിരുന്നു. ഒന്‍പതാം മണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു. സൂര്യന്‍ ഇരുണ്ടു. ദേവാലയത്തിലെ തിരശീല നടുവേ കീറി. യേശു ഉച്ചത്തില്‍ നിലവിളിച്ചു പറഞ്ഞു. പിതാവേ അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. ഇതു പറഞ്ഞ് അവന്‍ ജീവന്‍ വെടിഞ്ഞു” (ലൂക്കാ 23,44-16). എല്ലാ വേദനകളും അതിന്‍റെ പൂര്‍ണ്ണതയില്‍ സഹിച്ച് പിതാവിന്‍റെ കരങ്ങളില്‍ ആത്മാവിനെ സമര്‍പ്പിച്ച് അവന്‍ കുരിശില്‍ പിടഞ്ഞ് മരിക്കുന്നു.

യേശുവേ, അങ്ങയുടെ കുരിശുമരണം എനിക്ക് വെളിപാടുകളുടെ തീരാ പ്രവാഹമാണ്. അടുത്ത കുരിശില്‍ കിടക്കുന്നവന്‍ ദൈവപുത്രനാണ് എന്ന് നല്ല കള്ളന്‍ മനസിലാക്കുന്നു. സത്യം അംഗീകരിച്ച് ഏറ്റുപറഞ്ഞ അയാള്‍ അവസാന നിമിഷം പറുദീസ സ്വന്തമാക്കുന്നു. എന്‍റെ അടുത്തു നില്‍ക്കുന്നവനും ദൈവപുത്രനാണെന്ന സത്യം ഞാന്‍ ഇനി എന്നാണ് അംഗീകരിക്കുക? “ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല. ഇവരോട് ക്ഷമിക്കേണമേ” എന്ന് അങ്ങ് ശത്രുക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്നെ കുരിശില്‍ തറയ്ക്കുന്നവരും തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയാത്തവരാണല്ലോ. അവരുടെ അറിവില്ലായ്മ പൊറുക്കാന്‍ ഞാന്‍ ഇനി എന്നാണ് പ്രാര്‍ത്ഥിക്കുക? എല്ലാത്തിന്‍റെയും ഒടുവില്‍ “അങ്ങയുടെ കരങ്ങളില്‍ എന്‍റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു” എന്ന് പറഞ്ഞ് അങ്ങ് മരിക്കുന്നല്ലോ. എന്‍റെ എല്ലാ സഹനങ്ങളും ഞാനിനി എന്നാണ് അങ്ങയെ ഭരമേല്‍പ്പിക്കുന്നത്? യേശുവേ, ഞാനും ഒരു ദിവസം മരിക്കും. അതിനുമുമ്പ് അടുത്തുനില്‍ക്കുന്നവനില്‍ അങ്ങയെ കാണാനും ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും എല്ലാം അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കാനും എന്നെ അനുഗ്രഹിക്കണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

13-ാം സ്ഥലം: യേശുവിന്‍റെ ശരീരം കുരിശില്‍ നിന്ന് ഇറക്കുന്നു.
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: എല്ലാ മാതാപിതാക്കള്‍ക്കും വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെടുന്നവര്‍ക്കുംവേണ്ടി.

യേശുവിന്‍റെ ശരീരം കുരിശില്‍ നിന്നിറങ്ങി മാതാവിന്‍റെ മടിയില്‍ കിടത്തുന്നു. താരാട്ടുപാടുകയും തലോടുകയും ചെയ്ത കരങ്ങള്‍ ഇപ്പോള്‍ മകന്‍റെ മൃതശരീരത്തെ മുറുകെപ്പിടിക്കുന്നു. ജീവന്‍ പിരിഞ്ഞ ശരീരമാണെങ്കിലും അമ്മയ്ക്കത് പ്രിയപ്പെട്ട മകന്‍ തന്നെയാണ്. മകന്‍ ശാരീരികമായി അനുഭവിച്ച വേദന മുഴുവന്‍ അമ്മയിപ്പോള്‍ മാനസികമായി അനുഭവിക്കുന്നു.

പരിശുദ്ധ മാതാവേ, അങ്ങയോട് ചേര്‍ന്ന് ഞാനും നില്‍ക്കുന്നു. എന്‍റെ ജീവിതത്തില്‍ ഞാന്‍ കടന്നുപോന്നിട്ടുള്ള എല്ലാ സഹനങ്ങളെയുംകാള്‍ വലുതാണ് അങ്ങയുടെ സഹനം എന്ന് ഞാന്‍ മനസിലാക്കുന്നു. എന്‍റെ സഹനങ്ങളുടെ അര്‍ത്ഥവും കാരണവും കണ്ടുപിടിക്കാനാവാതെ കുഴങ്ങുമ്പോള്‍ കുരിശിന്‍ചുവട്ടിലെ അങ്ങയുടെ മുഖം എനിക്ക് ആശ്വാസമാവട്ടെ. അത് എന്‍റെ എല്ലാ സഹനങ്ങളിലും ബലവും കോട്ടയും ആയി മാറട്ടെ. എന്‍റെ പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത മരണത്തിലും അപകടങ്ങളിലും രോഗങ്ങളിലും അങ്ങേ ജീവിതം എനിക്ക് മാതൃകയാകട്ടെ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

14-ാം സ്ഥലം: യേശുവിന്‍റെ ശരീരം സംസ്ക്കരിക്കുന്നു.
നേതാ: ഈശോ മിശിഹായെ ഞങ്ങളങ്ങയെ കുമ്പിട്ടാരാധിക്കുന്നു.
സമൂ: എന്തുകൊണ്ടെന്നാല്‍ വിശുദ്ധ കുരിശിനാല്‍….

നിയോഗം: നിരാശയില്‍ കഴിയുന്ന എല്ലാവര്‍ക്കും വേണ്ടി.

നിക്കദേമോസ് പീലാത്തോസിന്‍റെ അടുത്തെത്തി യേശുവിന്‍റെ ശരീരം ചോദിച്ചു. അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍ പൊതിഞ്ഞ്, പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്ക്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു (ലൂക്കാ 23:52-53)

യേശുവേ, അങ്ങിപ്പോള്‍ നിശബ്ദനാണ്. പ്രതീക്ഷയോടെ മൂന്നാംനാള്‍ കാത്തിരിക്കുന്നവനാണ്. മരണവും ശവകുടീരവും ഒന്നിന്‍റേയും അവസാനമല്ല എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു. മരണമെന്നത് വെളിച്ചത്തിന്‍റെ അണയലല്ല, മറിച്ച് പ്രഭാതം വന്നെത്തിയതുകൊണ്ട് തിരി കെടുത്തുന്ന അനുഭവമാണന്ന് ഞാന്‍ അറിയുന്നു. എന്‍റെ ജീവിതത്തിലും പ്രതീക്ഷയുടെ മൂന്നാം ദിവസത്തെ ഉത്സാഹത്തോടെ കാത്തിരിക്കുന്നവനായി എന്നേയും മാറ്റേണമേ.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

സമാപന പ്രാര്‍ത്ഥന

പിതാവായ ദൈവമേ, അങ്ങയുടെ ഏകപുത്രനെ ഞങ്ങളുടെ രക്ഷയ്ക്കായി ഭൂമിയിലേയ്ക്ക് അയച്ചതിന് നന്ദിപറയുന്നു. കുരിശിന്‍റെ വഴിയിലൂടെ അങ്ങയുടെ പ്രിയപുത്രനെ അനുഗമിക്കാന്‍ ഞങ്ങളെ അനുവദിച്ചതിന് ഞങ്ങളങ്ങയെ സ്തുതിക്കുന്നു. കുരിശിന്‍റെ വഴിയുടെ അവസാനം കുരിശും കല്ലറയുമല്ല പ്രതീക്ഷയുടെ ഉത്ഥാനമാണെന്ന് അങ്ങ് ഞങ്ങളെ പഠിപ്പിക്കുന്നല്ലോ. ഞങ്ങളും അനുദിനം കുരിശിന്‍റെ വഴിയിലൂടെത്തന്നെയാണ് യാത്ര ചെയ്യുന്നത്. കണ്ണീരും ദുരിതവും നിറഞ്ഞ ഈ യാത്രയില്‍ അങ്ങയുടെ അനു ഗ്രഹവും പുത്രന്‍റെ മാര്‍ഗ്ഗദര്‍ശനവും പരിശുദ്ധാത്മാവിന്‍റെ സംരക്ഷണവും ഞങ്ങള്‍ക്ക് ഉണ്ടാകുമാറാകട്ടെ. അങ്ങയെപ്പോലെ ഞങ്ങളും പ്രത്യാശയുടെയും സന്തോഷത്തിന്‍റെയും ഉയിര്‍പ്പില്‍ എത്തിച്ചേരട്ടെ. നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും.

സമൂ: ആമേന്‍.
1 സ്വര്‍ഗ്ഗ., 1 നന്മ., 1 ത്രിത്വ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.