
ടിം കാംപ്സ് സംവിധാനം ചെയ്ത് 2026 ൽ പുറത്തിറങ്ങിയ ഡച്ച് ചലച്ചിത്രമായ ‘ഷാംപെയ്ൻ’ (Champagne), ഒരു അച്ഛനും മകനും തമ്മിലുള്ള ഹൃദ്യമായ ബന്ധത്തിന്റെ നേർക്കാഴ്ചയാണ്. രോഗബാധിതനായ പിതാവിനൊപ്പം ഫ്രാൻസിലെ ഷാംപെയ്ൻ മേഖലയിലേക്ക് മകൻ നടത്തുന്ന യാത്രയാണ് ഈ സിനിമയുടെ ഇതിവൃത്തം. സാധാരണ ഒരു റോഡ് മൂവി എന്നതിലുപരി, ഒട്ടേറെ വൈകാരികതലങ്ങളുള്ള ഒരു ആത്മീയ യാത്രയാണിത്.
കാന്‍സര്‍ ബാധിച്ച ഹാൻസ് എന്ന് പേരുള്ള പിതാവിനെ അദ്ദേഹത്തിന്റെ മകൻ മാർട്ടൻ (ലിയോ അൽക്കെമാഡെ) ഫ്രാൻസിലെ ഷാംപെയ്ൻ മേഖലയിലേക്ക് യാത്ര കൂട്ടിക്കൊണ്ടുപോകുന്നു. മികച്ച വീഞ്ഞ് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഹാൻസിന്, എപെർനെയിലെ പ്രശസ്തമായ വൈൻ സെല്ലറുകളിലൂടെ യാത്ര ചെയ്യണമെന്നുണ്ട്. എന്നാൽ, യാത്ര തുടങ്ങിയ നിമിഷം മുതൽ ഇരുവരും തമ്മിലുള്ള ചെറിയ പൊരുത്തക്കേടുകൾ പുറത്തുവരുന്നു. തുടക്കം അസ്വസ്ഥതകൾ നിറഞ്ഞതാണെങ്കിലും, പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കുന്നതിലൂടെയും സംഭാഷണങ്ങളിലൂടെയും അവർ തമ്മിലുള്ള അകലം കുറയുന്നു. പഴയ ശീലങ്ങൾക്കും തർക്കങ്ങൾക്കുമപ്പുറം, ഈ യാത്ര ഒടുവിൽ അവരുടെ ഏറ്റവും മനോഹരമായ ഒത്തുചേരലായി മാറുന്നു.
ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത, ഇതിന്റെ പിന്നിലെ വ്യക്തിപരമായ അനുഭവങ്ങളാണ്. റിക് വാൻ ഡെൻ ബോസിന്റെ സഹകരണത്തോടെ ലിയോ അൽക്കെമാഡെയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. തന്റെ പിതാവിനുള്ള ആദരാഞ്ജലിയായാണ് അൽക്കെമാഡെ ഇത് എഴുതിയത്; അവർ ഒരുമിച്ച് ഒരു അന്തിമയാത്ര നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും, പിതാവിന്റെ രോഗാവസ്ഥ മൂലം ആ യാത്ര നടന്നില്ല. പിതാവിന്റെ വിയോഗത്തിനു ശേഷം അൽക്കെമാഡെ ആ യാത്ര ഒറ്റയ്ക്ക് പൂർത്തിയാക്കി, ഈ അനുഭവം തന്നെയാണ് ചിത്രത്തിന് പ്രചോദനമായത്.
ജീവിതത്തിന്റെ അന്ത്യനിമിഷങ്ങളിലേക്ക് അടുക്കുമ്പോൾ മനുഷ്യർ പലപ്പോഴും തങ്ങളുടെ സ്വാർഥതകൾ മാറ്റിവച്ച് സ്നേഹത്തിലേക്ക് തിരിയാറുണ്ട്. മാർട്ടനും ഹാൻസും തമ്മിൽ ചെറിയ തർക്കങ്ങളും യോജിപ്പില്ലായ്മയും ഉണ്ടെങ്കിലും ക്രമേണ അവർക്കിടയിലെ അസ്വസ്ഥതയുടെ മഞ്ഞുരുകുന്നതാണ് നമ്മൾ കാണുന്നത്. ഒരു പിതാവിന്റെ അവസാന ആഗ്രഹം നിറവേറ്റാൻ ശ്രമിക്കുന്ന മകന്റെ ശ്രമങ്ങളും മകന്റെ സ്നേഹം മനസ്സിലാക്കുന്ന പിതാവിന്റെ മൗനവും വളരെ ഹൃദയസ്പർശിയാണ്.
‘ഷാംപെയ്ൻ’ നമ്മെ ഓർമ്മിപ്പിക്കുന്നത്, വലിയ ലക്ഷ്യങ്ങളേക്കാൾ പ്രധാനം ആ ലക്ഷ്യങ്ങളിലേക്ക് എത്തുന്നതിനിടയിലുള്ള ചെറിയ നിമിഷങ്ങളാണെന്നാണ്. നമ്മൾ പലപ്പോഴും നമ്മുടെ കുടുംബാംഗങ്ങളോട് സംസാരിക്കാൻ പോലും സമയം കണ്ടെത്താറില്ല. തിരക്കുകൾ കാരണമായി നമ്മൾ മാറ്റിവയ്ക്കുന്ന ഇത്തരം നിമിഷങ്ങൾ പിന്നീട് നഷ്ടബോധമായി മാറാറുണ്ട്. ജീവിതം അവസാനിക്കാനായി എന്ന് തോന്നുമ്പോൾ മാത്രമാണ് നമ്മൾ ആ ബന്ധങ്ങളുടെ വില തിരിച്ചറിയുന്നത്. അപ്പോഴാകട്ടെ ആവശ്യത്തിന് സമയം ലഭിക്കുകയുമില്ല.
ഈ സിനിമ നമ്മെ പഠിപ്പിക്കുന്നത്, അപൂർണ്ണതകൾ ഒന്നിന്റെയും അവസാനമല്ല എന്നാണ്. യാത്രയിൽ അവർ അസ്വസ്ഥരാകുന്നുണ്ട്, തർക്കിക്കുന്നുണ്ട്. പക്ഷേ, ആ അപൂർണ്ണതയിലാണ് യഥാർഥ സ്നേഹം പൂത്തുലയുന്നത്. ജീവിതത്തിലെ വൈകല്യങ്ങളെയും പരിമിതികളെയും അംഗീകരിക്കാനും പരസ്പരം സ്നേഹിക്കാനും ഈ ചിത്രം നമ്മെ പഠിപ്പിക്കുന്നു.
അവസാനരംഗത്ത്, അവർ തമ്മിലുള്ള അകലം കുറയുകയും മനോഹരമായ നിമിഷങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുമ്പോൾ, ‘ഷാംപെയ്ൻ’ എന്ന പേരിന് കൂടുതൽ അർഥം കൈവരുന്നു. ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളെപ്പോലും സ്നേഹം എന്ന ലഹരി കൊണ്ട് എങ്ങനെ മധുരതരമാക്കാമെന്ന് ഈ സിനിമ കാണിച്ചുതരുന്നു. മരണത്തോട് അടുത്തുനിൽക്കുമ്പോഴും, പ്രിയപ്പെട്ടവരോടൊപ്പം സമയം ചിലവഴിച്ച്, പഴയ ഓർമ്മകൾ പങ്കുവയ്ക്കാൻ കഴിയുന്നത് തന്നെ വലിയൊരു സൗഭാഗ്യമാണ്.
ജീവിതം ഒരു യാത്രയാണ്; ആ യാത്രയിൽ നമ്മൾ കൂടെ നടക്കാൻ ആരെയാണ് കൂടെക്കൂട്ടുന്നത് എന്നത് വളരെ പ്രധാനമാണ്. നമ്മുടെ പ്രിയപ്പെട്ടവരെ പൂർണ്ണമായി അറിഞ്ഞ് സ്നേഹിക്കാൻ ഒരിക്കലും വൈകിപ്പോകരുത് എന്ന ശക്തമായ സന്ദേശവും ഈ ചിത്രം നൽകുന്നു.

ഫാ. ജി. കടൂപ്പാറയിൽ MCBS




