വിജയം, അധികാരം, സമ്പത്ത്! മൂന്ന് വിഗ്രഹങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പാപ്പാ

നമ്മെ സന്തോഷത്തിൽ ആറാടിക്കുന്ന, എന്നാൽ നമ്മെ ശൂന്യരാക്കുന്ന മൂന്ന് പ്രലോഭനങ്ങളെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഏഞ്ചലസ് പ്രാർത്ഥനയ്ക്കിടെയാണ് പാപ്പാ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

എല്ലാം സ്വന്തമാക്കാനുള്ള അടങ്ങാത്ത ആഗ്രഹം, സ്വയം മഹത്വപ്പെടാനുള്ള കൊതി, ഇവയെല്ലാം നടത്തിത്തരാനുള്ള യന്ത്രമായി ദൈവത്തെ കണക്കാക്കൽ ഇവയെല്ലാം ഒരാളെ നാശത്തിലേക്ക് തള്ളിവിടുന്ന ഘടകങ്ങളാണ്. അതേസമയം ഈ മൂന്ന് പ്രവണതകൾ പെട്ടെന്ന് കണ്ടെത്താൻ കഴിയുകയുമില്ല. കാരണം, രഹസ്യമായാണ് അത് മനുഷ്യമനസ്സുകളിൽ കഴിയുക. അതുകൊണ്ടാണ് പ്രലോഭനങ്ങളെ, ഈശോ നേരിട്ടതുപോലെ നേരിടാൻ പരിശ്രമിക്കണമെന്ന് പറയുന്നത്. പാപ്പാ പറഞ്ഞു.

പിശാചിനെ നേരിട്ട സമയത്ത് വലിയ സംഭാഷണങ്ങളൊന്നും ഈശോ നടത്തിയില്ല. മൂന്ന് ദൈവ വചനങ്ങൾ മാത്രം ഉപയോഗിച്ചാണ് ഈശോ പിശാചിനെ നേരിട്ടത്. അതായത് ആത്മീയജീവിതം, ദൈവവിശ്വാസം, ദൈവസ്നേഹത്തിലുള്ള ഉറപ്പ് ഇവ മൂന്നും ഉണ്ടെങ്കിൽ തീർച്ചയായും മേൽ സൂചിപ്പിച്ച പ്രലോഭനങ്ങളെ നേരിടാൻ സാധിക്കും. പണത്തിന്റെയും പ്രശസ്തിയുടെയും പിറകെ പോയാൽ സ്വന്തം മഹത്വം തന്നെയാണ് ഒരുവൻ അവയ്ക്ക് മുന്നിൽ അടിയറവ് വയ്ക്കുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.