ക്രിസ്ത്യൻ പെൺകുട്ടികളെ നിർബന്ധിച്ച് മതം മാറ്റുന്ന പ്രവണതകൾക്കെതിരെ മുന്നറിയിപ്പ് നൽകി പാക്കിസ്ഥാൻ ബിഷപ്പ്

ക്രിസ്ത്യാനികളും ഹിന്ദുമത വിശ്വാസത്തിൽപ്പെട്ടവരുമായ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റുന്ന പ്രവണത വർദ്ധിച്ചു വരികയാണെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി പാക്കിസ്ഥാൻ ബിഷപ്പ് സെബാസ്റ്റ്യൻ ഷാ. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് സംഘടനാ പ്രവർത്തകരോട്, വർദ്ധിച്ചു വരുന്ന അപകടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത കാലത്തായി പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന പ്രവണത വർദ്ധിച്ചിട്ടുണ്ട്. ഇതിനു പിന്നിൽ, അവരെ ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം ചെയ്യിക്കുന്നവരുടെ കരങ്ങളാണ്. 14-ഉം 15-ഉം വയസായ കുട്ടികളെ തട്ടിക്കൊണ്ടു പോയി അവരെ വിവാഹം ചെയ്ത് മതം മാറ്റുന്നു. പുരുഷന്മാർ പലപ്പോഴും നല്ല പ്രായമുള്ളവരാണ്. എന്നാൽ, പെൺകുട്ടികൾ വളരെ ചെറുപ്പവും. പലപ്പോഴും ക്രിസ്ത്യൻ പെൺകുട്ടികളും ഹിന്ദു പെൺകുട്ടികളുമാണ് ഇത്തരക്കാരുടെ ഇരകൾ – ബിഷപ്പ് വെളിപ്പെടുത്തി.

ഒരു വർഷത്തിനിടെ ഏകദേശം 700-ഓളം പെൺകുട്ടികളാണ് തട്ടിക്കൊണ്ടു പോകലിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയായത് എന്ന് സംഘടന ചൂണ്ടിക്കാട്ടി. പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതായി ശ്രദ്ധയിൽപ്പട്ടതു മുതൽ പോലീസിനും സർക്കാരിനും, രൂപതാധികൃതരും വിശ്വാസികളും പരാതിയും മറ്റും നൽകിയിരുന്നു.