അമ്മ നക്ഷത്രങ്ങള്‍ക്കിടയിലുണ്ട്! ശ്രദ്ധേയമാകുന്ന ഈസ്റ്റര്‍ സന്ദേശം

പ്രത്യാശയുടെ ഉണര്‍വ് പകരുന്ന രീതിയില്‍ ഫാ. സാബു തോമസ് കുമ്പുക്കല്‍ ഒരുക്കിയ ഈസ്റ്റര്‍ദിന സന്ദേശം ശ്രദ്ധേയമാകുന്നു.

ഈശോയുടെ ഉത്ഥാനത്തിനുശേഷം ദൂതന്മാര്‍ പ്രത്യക്ഷപ്പെട്ട് വലിയ സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ലോകത്തെ അറിയിച്ചു. “ജീവിച്ചിരിക്കുന്നവനെ നിങ്ങള്‍ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതെന്തിന്? അവന്‍ ഇവിടെയില്ല ഉയിര്‍പ്പിക്കപ്പെട്ടു” എന്ന്.

മാലാഖമാര്‍ അറിയിച്ച അതേ കാര്യം, രണ്ടു കുഞ്ഞുങ്ങള്‍ വിശ്വാസത്തോടെ ചെയ്യുന്ന ഒരു കാഴ്ച ഈ ദിവസങ്ങളില്‍ സമൂഹമാധ്യങ്ങളില്‍ വൈറലാവുകയുണ്ടായി. കൊറോണ വൈറസ് ബാധിച്ചു മരിച്ച തന്റെ അമ്മയെ മാനത്തേയ്ക്കു നോക്കി ഉറക്കെ വിളിക്കുന്ന നിഷ്‌കളങ്കനായ ഒരു ബാലന്റെ വീഡിയോ ആയിരുന്നു അത്. അമ്മയെ കാണാതെ വിഷമിച്ച കുഞ്ഞനുജനെ ആശ്വസിപ്പിക്കാന്‍ അവന്റെ സഹോദരനായ കുട്ടി പറഞ്ഞുകൊടുത്തതാണത്രേ, അമ്മ ആകാശത്ത് നക്ഷത്രങ്ങള്‍ക്കിടയില്‍ ഉണ്ടെന്ന്.

ചേട്ടന്റെ വാക്കുകള്‍ വിശ്വസിച്ച് വീടിനു വെളിയിലിറങ്ങി നിന്ന് ആകാശത്തില്‍ നക്ഷത്രങ്ങള്‍ക്കിടയിലേയ്ക്കു നോക്കി ‘അമ്മേ.. അമ്മേ..’ എന്ന് ഉറക്കെ വിളിക്കുന്ന ചെറിയ കുട്ടിയും അവനെ ആ ആശ്വാസവാക്കില്‍ ചേര്‍ത്തുനിര്‍ത്തിയ അവന്റെ സഹോദരനും എല്ലാ അര്‍ത്ഥത്തിലും ഈസ്റ്റര്‍ ദിനത്തിനായി കാത്തിരിക്കുന്ന നമുക്ക് നല്‍കുന്ന സന്ദേശം ചെറുതല്ല.

പ്രത്യാശയുടെ പുണ്യദിനമാണ് ഉയിര്‍പ്പ് തിരുനാള്‍ എന്നാണ് ആ കുട്ടികള്‍ നമ്മോട് പറയാതെ പറയുന്നത്. മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്നു കരുതുകയും ആ ചിന്തയില്‍ ജീവിതം നയിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും ഈ കുഞ്ഞുങ്ങളില്‍ നിന്നു പഠിക്കാനുണ്ട്. ഉത്ഥാനമാണ് മനുഷ്യന്റെ എക്കാലത്തെയും വലിയ പ്രതീക്ഷയെന്ന് അവര്‍ കാട്ടിത്തരുന്നു. യേശുവും അതുതന്നെയാണ് കാട്ടിത്തന്നത്. അത് തെളിയിക്കാനാണ് മരണത്തെ പരാജയപ്പെടുത്തി അവന്‍ ഉത്ഥിതനായത്. സഹന -മരണങ്ങളുടെ ദുഃഖവെള്ളിയ്ക്കും‌ ശൂന്യതയുടെ ദുഃഖശനിയ്ക്കുമപ്പുറം ഉത്ഥാനനക്ഷത്രം ഉദിക്കുക തന്നെ ചെയ്യുമെന്ന് ഈ കുഞ്ഞുങ്ങളെപ്പോലെ നാമോരോരുത്തരും വിശ്വസിക്കണം. ജീവിതം നൊമ്പരങ്ങളുടെ ഒരു ദു:ഖവെള്ളിയാണെങ്കില്‍ അറിയണം, എനിക്കായി എന്റെ രക്ഷകന്‍ ഒരു ഉയിര്‍പ്പു ഞായര്‍ ഒരുക്കി കാത്തിരിക്കുന്നുണ്ട് എന്ന്.

ആ കുഞ്ഞുങ്ങളുടെ ദൃശ്യങ്ങള്‍ ചേര്‍ത്തുവച്ച് ഫാ. സാബു തോമസ് ഒരുക്കിയിരിക്കുന്ന വീഡിയോ സന്ദേശം ഈ ഈസ്റ്റര്‍ കാലഘട്ടത്തിലെ ഏറ്റവും മനോഹരമായ സന്ദേശങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. പ്രസ്തുത വീഡിയോയുടെ യൂട്യൂബ് ലിങ്ക് താഴെ ചേര്‍ക്കുന്നു.