കരുണയില്ലാതെ വിധി! വിന്‍സെന്റ് ലാംബര്‍ട്ടിന്റെ ജീവന്‍ സംരക്ഷിക്കുന്നത് നിര്‍ത്തി വയ്ക്കണമെന്ന് കോടതി ഉത്തരവ്; നീതിക്കുവേണ്ടി ഇനിയും പോരാടുമെന്ന് മാതാപിതാക്കള്‍

വാഹനാപകടത്തെ തുടര്‍ന്ന് 10 വര്‍ഷത്തില്‍ അധികമായി ‘കോമാ സ്റ്റേജില്‍’ കഴിയുന്ന ഫ്രഞ്ചുപൗരന്‍ വിന്‍സെന്റ് ലാംബര്‍ട്ടിന്റെ ജീവന്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ഫ്രാന്‍സിലെ അത്യുന്നത കോടതിയുടെ വിധി. ലാംബര്‍ട്ടിന് നല്‍കിവരുന്ന ഭക്ഷണവും ജലവും എത്തിക്കുന്ന ജീവന്‍രക്ഷാ സംവിധാനങ്ങള്‍ നീക്കം ചെയ്യണമെന്ന ഉത്തരവാണ് കോടതി നടത്തിയിരിക്കുന്നത്.

ലാംബര്‍ട്ടിനെ ദയാവധത്തിന് വിധേയനാക്കാനുള്ള അധികൃതരുടെ നീക്കത്തിനെതിരെ ഫ്രാന്‍സിസ് പാപ്പ ഉള്‍പ്പെടെ നിരവധിപേര്‍ രംഗത്തെത്തിയതിലൂടെ അന്താരാഷ്ട്രശ്രദ്ധ പിടിച്ചുപറ്റിയിരുന്നു ഈ വിഷയം. വലിയ ആഘാതമാണ് വിന്‍സെന്റിന്റെ മാതാപിതാക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഈ വിധി നല്‍കിയിരിക്കുന്നത്.

കൃത്രിമ ശ്വസനോപകരണങ്ങളുടെയും മറ്റും സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിപ്പോരുന്ന വിന്‍സെന്റിന് ഭക്ഷണവും വെള്ളവും നിഷേധിച്ച് അയാളെ മരണത്തിലേക്ക് തള്ളിയിടുകയാണെങ്കില്‍ കൊലക്കുറ്റത്തിന് കേസ് കൊടുക്കുമെന്ന് വിന്‍സെന്റിന്റെ മാതാപിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രഞ്ച് കോടതി കഴിഞ്ഞ മാസം വിന്‍സെന്റിന് ദയാവധം നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച് ആശുപത്രി അധികൃതര്‍ മെയ് 20-ന് ഫീഡിങ് ട്യൂബുകള്‍ നീക്കം ചെയ്തിരുന്നു.

എന്നാല്‍, പാരീസ് കോടതിയുടെ പ്രത്യേക ഉത്തരവ് പ്രകാരം വീണ്ടും ലൈഫ് സപ്പോര്‍ട്ട് നല്കിയിരുന്നു. ഏതു സാഹചര്യത്തിലാണെങ്കിലും ഒരാള്‍ക്ക് ഭക്ഷണവും വെള്ളവും കൊടുക്കാത്തത് മനുഷ്യത്വത്തോട് ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണെന്ന് ലൈഫ് ലീഗലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലക്‌സാണ്ട്ര നൈഡര്‍ പറഞ്ഞു. ശാരീരിക വൈകല്യവും രോഗവും മരണശിക്ഷ വിധിക്കേണ്ട കുറ്റകൃത്യമല്ല. വൈകല്യങ്ങളുടെ പേരില്‍ രോഗികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിച്ചേ തീരൂ -അദ്ദേഹം പറഞ്ഞു.

2008 – വാഹനാപകടത്തെ തുടര്‍ന്നാണ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ് വിന്‍സെന്റ് ലാംബെര്‍ട്ട് ശയ്യാവലംബിയായത്. ഭാര്യയും എട്ട് സഹോദരങ്ങളും ലൈഫ് സപ്പോര്‍ട്ട് പിന്‍വലിക്കുന്നതിന് അനുകൂലമാണ്. പക്ഷേ മാതാപിതാക്കള്‍ അതിന് തടസം നില്ക്കുന്നു. ലാംബെര്‍ട്ടിന്റെ ലൈഫ് സപ്പോര്‍ട്ട് നീക്കം ചെയ്തതിനെ വത്തിക്കാന്‍ അപലപിച്ചിരുന്നു. വിന്‍സെന്റിനെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പ രണ്ട് കാലയളവുകളിലായി മൂന്നു തവണ രംഗത്തെത്തിയിരുന്നു.