ദുരന്തമുഖത്തെ വ്യത്യസ്തനായ ആ വില്ലേജ് ഓഫീസര്‍

‘മുറിഞ്ഞ കാലില്‍ ഒരു തുണി വലിച്ചു കെട്ടി അവിടെ തന്നെ നിന്ന ആ മനുഷ്യനെ കണ്ടപ്പോള്‍ അഭിമാനം തോന്നി’ ആ വാക്കുകള്‍ ചെന്ന് നില്‍ക്കുക വില്ലേജ് ഓഫീസര്‍  ശ്രീ. ലാലു ജോസഫ് എന്ന വ്യക്തിയിലാണ്. ദുരിതമുഖത്ത് താന്‍ കണ്ടെത്തിയ ആ വ്യത്യസ്ത മുഖത്തെ കുറിച്ച് ലൈഫ് ഡേയുമായി  പങ്കു വയ്ക്കുകയാണ് ഫാ. റ്റിജോ ദേവസ്യ.

മഴ കനത്തു പ്രളയം താണ്ഡവമാടിയ ദിനങ്ങള്‍. കുട്ടനാട്ടിലെ ജനസംഖ്യയുടെ ഭൂരിഭാഗം ജനങ്ങളെയും പ്രളയം ബാധിച്ചപ്പോള്‍ അവര്‍ക്കായി ഇരു കൈകളും തുറന്നു കൊണ്ട് അവരെ സ്വീകരിച്ചത് ചങ്ങനാശേരി നിവാസികളാണ്. ചങ്ങനാശേരിയിലെ രക്ഷാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച വ്യക്തികളില്‍ ഭൂരിഭാഗവും വൈദികരും അവരുടെ നേതൃത്വത്തില്‍ ഉള്ള ആളുകളും ആയിരുന്നു. രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ ധാരാളം ആളുകള്‍ വന്നതുകൊണ്ട് തന്നെ ആദ്യം ആ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളെ അത്രകണ്ട് ആരും ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ ആരൊക്കെ ഉണ്ട് കൂടെ എന്ന് ചിന്തിക്കുവാന്‍ സമയം കിട്ടിയില്ല എന്ന് പറയുന്നതാവും ശരി.

സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള ഒരു പ്രതിനിധി മാത്രമായിരുന്നു ആദ്യം ലാലു സാര്‍ എങ്കില്‍ പിന്നെ ആ സ്ഥിതി മാറി. രാപകലില്ലാതെ ക്യാമ്പുകളില്‍ ആളുകളെ എത്തിക്കുന്നതിനും ക്യാമ്പുകളിലെ ആളുകളുടെ എണ്ണം തിരക്കി വ്യക്തമായും കൃത്യമായും അവിടേയ്ക്ക് ആളുകളെ എത്തിക്കുന്നതിനും ലാലു സാര്‍ കാണിച്ച ആത്മാര്‍ഥത കൂടെയുണ്ടായിരുന്ന വൈദികരെ പോലും അത്ഭുതപ്പെടുത്തി എന്ന് ടിജോ അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ‘രാപ്പകലില്ലാതെ, ഒരുപക്ഷെ അദ്ദേഹത്തിന്റെ മറ്റു സഹപ്രവര്‍ത്തകരെക്കാള്‍ അധികം ഓടിനടന്ന മനുഷ്യനായിരുന്നു ലാലു സര്‍. ക്യാമ്പുകളുടെ വിവരങ്ങള്‍ കൃത്യമായി നല്‍കുവാനും ബോട്ടുകളില്‍ എത്തുന്നവരെ കൃത്യമായി എത്തിക്കേണ്ടിടത്ത് എത്തിക്കുവാനും സദാ തയാറായി നിന്നിരുന്ന ആ വ്യക്തിത്വം അത് എന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ആ ശുശ്രൂഷ വളരെ വലുതായിരുന്നു’ ടിജോ അച്ചന്‍ പറയുന്നു.

സര്‍ അവിടെ കുറച്ചാളുകള്‍ ഉണ്ട് അവരെ എത്രയും വേഗം രക്ഷിക്കണം, അവിടേയ്ക്ക് വള്ളം ആവശ്യമാണ് തുടങ്ങിയ നിരവധി കോളുകള്‍ക്ക് മുന്നില്‍  ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള പ്രതിനിധി എന്നതിനേക്കാള്‍ ഉപരി തന്റെ സ്വന്തക്കാരെ രക്ഷിക്കാന്‍ ഇറങ്ങിയ ഒരു  ബന്ധുവിന്റെയോ ചങ്ങാതിയുടെയോ ഒകെ മനോഭാവത്തോടെ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു ലാലു സര്‍. രാപ്പകല്‍ ഇല്ലാതെയുള്ള പ്രവര്‍ത്തനത്തിനിടയില്‍ കാല് മുഴുവന്‍ മുറിഞ്ഞു. എന്നാല്‍ അതിനു പിന്നാലെ ഓടാതെ ഒരു തുണിയെടുത്തു കെട്ടി അവിടെ തന്നെ നിന്നു. അനേകം ജീവനുകള്‍ക്കു കാവലായി. സുരക്ഷിത കവചം ഒരുക്കി.

ഇനി ഒരു വില്ലേജ് ഓഫീസര്‍ മാത്രമായി അദ്ദേഹത്തിനെ കാണരുത്. തിരക്കൊഴിഞ്ഞാല്‍ വ്യക്തമായി പറഞ്ഞാല്‍ ഞായറാഴ്ചകളില്‍ അദ്ദേഹം മറ്റൊരു വേഷം കൂടി അണിയും. ഒരു മതാധ്യാപകന്റെ വേഷം. അത്ഭുതപ്പെടേണ്ട, മനക്കച്ചിറ സെന്റ് ജോസഫ് ഇടവകയിലെ സണ്‍ഡേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൂടിയാണ് ഈ പറഞ്ഞ വില്ലേജ് ഓഫീസര്‍.

ദൈവസ്‌നേഹം പൂര്‍ണ്ണമായും പങ്കുവയ്ക്കാന്‍ കഴിയുക  മറ്റുള്ളവരുടെ വേദനകളില്‍ അവര്‍ക്കൊപ്പം ആയിരിക്കുമ്പോഴാണ് എന്ന് തന്റെ പ്രവര്‍ത്തികളിലൂടെ തെളിച്ചു കൊണ്ട് ലാലു ജോസഫ് എന്ന മതാധ്യാപകന്‍, വിലേജ് ഓഫീസര്‍ തന്റെ യാത്ര തുടരുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.