നാച്ചുറൽ എന്നത് തട്ടിപ്പിന്റെ പര്യായമോ?

ഡോ. ജോജോ വി. ജോസഫ്

ചെടികളുടെ ജ്യൂസും ഭസ്മങ്ങളും കഴിച്ച് ക്യാൻസർ ഭേദമാക്കാം എന്ന വ്യാജപ്രചാരണത്തിൽ വിശ്വസിച്ച്, രോഗം നാലാം ഘട്ടത്തിലെത്തുമ്പോള്‍ മാത്രം എന്റെ മുന്നിലെത്തുന്ന രോഗികളുടെ മുഖം എനിക്കെപ്പോഴും നോവേകുന്ന ഓർമ്മയാണ്. ‘പ്രകൃതിദത്തമാണ്, പാർശ്വഫലങ്ങളില്ല’ എന്ന കള്ളം വിശ്വസിച്ച് ശാസ്ത്രീയ ചികിത്സ വൈകിപ്പിച്ച ആ പാവപ്പെട്ടവരുടെ അവസ്ഥ കണ്ട് അനുഭവിച്ച നിസ്സഹായാവസ്ഥയും ദുഃഖവുമാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. പ്രകൃതിദത്തമെന്ന ലേബലുകൾക്ക് പിന്നിലെ ഈ യാഥാർഥ്യങ്ങളിലേക്കും ശാസ്ത്രീയമായ വശങ്ങളിലേക്കും വെളിച്ചം വീശുന്ന ലേഖനം പൂർണ്ണമായി വായിക്കുക. ഡോ. ജോജോ ജോസഫ് എഴുതുന്നു.

ഏതെങ്കിലും ഒരു മരുന്ന്, ചികിത്സാരീതി അല്ലെങ്കിൽ ഒരു പദാർഥം ‘നാച്ചുറൽ’ (Natural), ‘പ്രകൃതിദത്തം’, ‘കെമിക്കൽ ഫ്രീ’, ‘ഓർഗാനിക്’ അല്ലെങ്കിൽ ‘ഹെർബൽ’ ആണെന്ന് കേട്ടാൽ അത് വളരെ നല്ലതാണെന്നും അതിന് യാതൊരുവിധ പാർശ്വഫലങ്ങളും (Side effects) ഇല്ലെന്നും വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. ഇത്തരം പ്രകൃതിദത്ത പദാർഥങ്ങൾ ഗർഭിണികൾക്കും കുട്ടികൾക്കും യാതൊരു അപകടവുമില്ലാതെ നൽകാമെന്നും പലരും ധരിച്ചുവെച്ചിരിക്കുന്നു. ഒരേ സാധനം രണ്ട് കുപ്പികളിൽ നിറച്ചുവെച്ച്, ഒന്നിന് പുറത്ത് ‘നാച്ചുറൽ’ എന്നും മറ്റേതിന് പുറത്ത് ‘സിന്തറ്റിക്’ എന്നും എഴുതിയാൽ, അതിനകത്തെ ഘടകങ്ങളെക്കുറിച്ചോ അതിന്റെ സുരക്ഷിതത്വത്തെക്കുറിച്ചോ അന്വേഷിക്കാതെ നമ്മൾ മലയാളികൾ എപ്പോഴും ‘നാച്ചുറൽ’ എന്നതായിരിക്കും തിരഞ്ഞെടുക്കുക. എന്നാൽ ഈ പ്രകൃതിദത്തം എന്ന വാക്ക് എത്രമാത്രം ശാസ്ത്രീയമാണ്? ഇതിന്റെ പിന്നിലെ സത്യാവസ്ഥയും മാർക്കറ്റിംഗ് തന്ത്രങ്ങളും എന്തൊക്കെയാണെന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ട്.

എന്താണ് കെമിക്കൽ? നാം അതിനെ ഭയപ്പെടേണ്ടതുണ്ടോ?

‘നാച്ചുറൽ’ എന്ന് അവകാശപ്പെടുന്ന ഉൽപ്പന്നങ്ങൾ വഴി കമ്പനികൾ പറയാതെ പറയുന്നത് അത് ‘കെമിക്കൽ ഫ്രീ’ ആണെന്നാണ്. മലയാളികൾക്ക് ബേസിക്കലായുള്ള ഒരു പ്രശ്നമാണ് ‘കെമിക്കൽ’ എന്ന വാക്കിനോടുള്ള പേടി. കെമിക്കൽ എന്ന് കേൾക്കുമ്പോൾ വിഷം അല്ലെങ്കിൽ കീടനാശിനി എന്ന ചിന്തയാണ് നമ്മുടെ മനസ്സിലേക്ക് വരുന്നത്. എന്നാൽ യഥാർത്ഥത്തിൽ പ്രകൃതിയിൽ ‘കെമിക്കൽ ഫ്രീ’ ആയ ഒരു വസ്തുപോലും നിലനിൽക്കുന്നില്ല എന്നതാണ് വാസ്തവം. നമ്മൾ കാണുന്ന ജീവനുള്ള ചെടികളും മൃഗങ്ങളും ജീവനില്ലാത്ത കല്ലും മണ്ണും ഉൾപ്പെടെ എല്ലാം തന്നെ വിവിധതരം കെമിക്കലുകളാൽ നിർമ്മിതമാണ്.

നമ്മുടെ സ്വന്തം മനുഷ്യശരീരത്തിന്റെ ഘടന പരിശോധിച്ചാൽ തന്നെ ഇതൊരു കെമിക്കൽ ഫാക്ടറിയാണെന്ന് മനസ്സിലാക്കാം. ശരീരത്തിന്റെ ഏതാണ്ട് 65% ഓക്സിജൻ (O_2) ആണ്. ബാക്കി കാർബൺ (18%), ഹൈഡ്രജൻ (10%), നൈട്രജൻ (3%), കാൽസ്യം (1.5%), ഫോസ്ഫറസ് (1%) എന്നിവയ്ക്ക് പുറമെ പൊട്ടാസ്യം, സൾഫർ, സോഡിയം, ക്ലോറിൻ, മഗ്നീഷ്യം തുടങ്ങിയ മൂലകങ്ങളുമാണ് ശരീരത്തിലുള്ളത്. പദാർത്ഥ രൂപത്തിൽ നോക്കിയാൽ ശരീരത്തിന്റെ 65 ശതമാനവും വെള്ളമാണ് (H_2O). ബാക്കിയുള്ളത് പ്രോട്ടീൻ (അമിനോ ആസിഡുകൾ), ഫാറ്റ് (ഫാറ്റി ആസിഡുകൾ), കാർബോഹൈഡ്രേറ്റ് (ഗ്ലൂക്കോസ്) എന്നിവയാണ്. ഗ്ലൂക്കോസ് പോലും ഒരു കെമിക്കൽ ഏജന്റ് തന്നെയാണ്. അതായത് മനുഷ്യശരീരം എന്നത് പൂർണ്ണമായും കെമിക്കലുകളാൽ നിർമ്മിതമാണ്.
ഇത് കൂടാതെ മനുഷ്യശരീരത്തിലെ ഓരോ കോശങ്ങളിലും ഓരോ മിനിറ്റിലും കോടിക്കണക്കിന് കെമിക്കൽ റിയാക്ഷനുകൾ നടക്കുന്നുണ്ട്. ഈ കെമിക്കൽ റിയാക്ഷനുകളുടെ ആകെ തുകയാണ് നമ്മുടെ ജീവൻ നിലനിർത്തുന്നത്. നമ്മുടെ ബ്രെയിനിന് ചിന്തിക്കാൻ പറ്റുന്നതിലും വലിയ സംഖ്യയിലുള്ള കെമിക്കൽ പ്രവർത്തനങ്ങൾ നടക്കുന്ന ഒരു വിപുലമായ കെമിക്കൽ ഫാക്ടറിയാണ് നാം ഓരോരുത്തരും. നമ്മുടെ ശരീരത്തിൽ ഓരോ മിനിറ്റിലും 10^{29} (അതായത് പത്തിനെ 29 തവണ പരസ്പരം ഗുണിച്ചാൽ കിട്ടുന്ന അത്രയും വലിയ സംഖ്യ= 10,000,000,000,000,000,000,000,000,000,000) കെമിക്കൽ റിയാക്ഷനുകളാണ് നടന്നു കൊണ്ടിരിക്കുന്നത്. മനുഷ്യ മസ്തിഷ്കത്തിന് ചിന്തിച്ചു കൂട്ടാൻ കഴിയുന്നതിലും അപ്പുറമാണ് ഈ സംഖ്യ! ഇത്രയധികം രാസപ്രവർത്തനങ്ങൾ ഓരോ നിമിഷവും ശരീരത്തിൽ നടക്കുന്നതുകൊണ്ട് മാത്രമാണ് നമ്മുടെ ശരീരം പ്രവർത്തനക്ഷമമായിരിക്കുന്നതും നമ്മൾ ജീവനോടെയിരിക്കുന്നതും.

ഒരു വസ്തു എപ്പോഴാണ് വിഷമായി മാറുന്നത്?

കെമിക്കൽ എന്നാൽ വിഷം എന്നൊരു തെറ്റിദ്ധാരണ ആളുകൾക്കുണ്ട്. ശാസ്ത്രീയമായി നോക്കിയാൽ എല്ലാ വസ്തുക്കളും വിഷം തന്നെയാണ്. ഒരു വസ്തു വിഷമായി മാറുന്നത് അത് എത്ര ക്വാണ്ടിറ്റിയിലും (Quantity) എത്ര ഫ്രീക്വൻസിയിലും (Frequency) നമ്മുടെ ശരീരത്തിനുള്ളിലേക്ക് ചെല്ലുന്നു എന്നതിനെ ആശ്രയിച്ചാണ്. ഉദാഹരണത്തിന്, പൊട്ടാസ്യം സയനൈഡ് ഒരു വിഷമാണെന്ന് നമ്മൾ പറയുന്നത് അത് വളരെ ചെറിയ അളവിൽ തന്നെ മനുഷ്യനെ കൊല്ലാൻ കെൽപ്പുള്ളതുകൊണ്ടാണ്. അതേസമയം നമ്മുടെ ജീവവായു കൂടിയായ ഓക്സിജൻ നമ്മൾ ശ്വസിക്കുന്നത് അന്തരീക്ഷത്തിലുള്ള 21-23% അളവിലാണ്. എന്നാൽ ഒരു വ്യക്തിക്ക് 100% ഓക്സിജൻ മാത്രമുള്ള അവസ്ഥ നൽകിയാൽ, ഉടൻ തന്നെ അയാളുടെ ശരീരത്തിലെ മെറ്റബോളിസവും പ്രവർത്തനങ്ങളും തകർന്ന് മരണം സംഭവിക്കും. അതായത് ഏത് സാധനവും അതിന്റെ അളവ് കൂടുമ്പോഴാണ് വിഷമായി മാറുന്നത്. അല്ലാതെ ‘സിന്തറ്റിക് കെമിക്കൽ’ എന്നതിനെ ഭയപ്പെടേണ്ട കാര്യമില്ല.

പ്രകൃതിയിലെ രാസയുദ്ധം (Chemical Warfare)

പ്രകൃതിയിൽ കെമിക്കലുകൾ ഇല്ലെന്നാണ് പലരുടെയും ധാരണ. എന്നാൽ യഥാർഥ ത്തിൽ വർഷങ്ങളായി പ്രകൃതിയിൽ ജീവജാലങ്ങൾ തമ്മിൽ നിലനിൽപ്പിനായുള്ള ഒരു വലിയ രാസയുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ചെടികൾക്ക് സ്വയം നടക്കാനോ ശത്രുക്കളിൽ നിന്ന് ഓടി രക്ഷപ്പെടാനോ കഴിയില്ല. അതിനാൽ തങ്ങളെ ആക്രമിക്കാൻ വരുന്ന കീടങ്ങളിൽ നിന്നും മൃഗങ്ങളിൽ നിന്നും രക്ഷനേടാൻ ചെടികൾ വിവിധതരം രാസായുധങ്ങളും ടോക്സിനുകളും പ്രൊഡ്യൂസ് ചെയ്യുന്നു. ഇതിനെയാണ് മനുഷ്യർ പലപ്പോഴും ആന്റിബയോട്ടിക്കുകളായും ജൈവകീടനാശിനികളായും ഉപയോഗിക്കുന്നത്.

ചില ഉദാഹരണങ്ങൾ പരിശോധിക്കാം:

1. ആവണക്ക് (Castor): പ്രകൃതിദത്തമായ ആവണക്കിന്റെ വിത്തിലുള്ള ‘റൈസിൻ’ (Ricin) എന്ന കെമിക്കൽ ലോകത്തിലെ ഏറ്റവും മാരകമായ ടോക്സിനുകളിൽ ഒന്നാണ്. ഒരു മില്ലിഗ്രാം റൈസിൻ മതി ഒരു മനുഷ്യന്റെ ജീവനെടുക്കാൻ.

2. കഫീൻ (Caffeine): കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീൻ ചെടികൾ ഉൽപ്പാദിപ്പിക്കുന്നത് മനുഷ്യർക്ക് ഉന്മേഷം നൽകാനല്ല, മറിച്ച് അവയെ തിന്നാൻ വരുന്ന കീടാണുക്കളെ കൊല്ലാൻ വേണ്ടിയാണ്.

3. അരളി (Oleander): പൂജയ്ക്കും അലങ്കാരത്തിനുമായി വീടുകളിൽ വളർത്തുന്ന അരളിയുടെ പൂവിലും കായിലും ‘ഒലിയാൻഡിൻ’ പോലുള്ള ഘടകങ്ങളുണ്ട്. ഇത് ഉള്ളിൽച്ചെന്നാൽ മനുഷ്യർക്ക് ഹൃദയാഘാതം (Cardiac arrest) വരെ ഉണ്ടാകാം.

4. മുളക് (Chili): മുളകിന് എരിവ് നൽകുന്ന ‘ക്യാപ്സൈസിൻ’ (Capsaicin) ചെറിയ ജീവികൾക്ക് മാരകമായ വിഷമാണ്. മൃഗങ്ങൾ മുളക് തിന്നു നശിപ്പിക്കാതിരിക്കാനുള്ള ചെടിയുടെ പ്രതിരോധമാണിത്.

മേല്‍പ്പറഞ്ഞ നാലും ചെടികളുമായി ബന്ധപ്പെട്ടതാണ്. ഇതല്ലാതെ മറ്റനേകം ഉദാഹരണങ്ങളുണ്ട്. അതിലൊന്നാണ് പാമ്പിൻ വിഷം: ഇതും പൂർണ്ണമായും പ്രകൃതിദത്തമായ ഒരു പ്രോട്ടീൻ തന്നെയാണ്. വയറ്റിൽ മുറിവുകളൊന്നുമില്ലെങ്കിൽ ഇത് കുടിച്ചാൽ ദഹിച്ചുപോയേക്കാം, എന്നാൽ രക്തത്തിൽ നേരിട്ട് കലർന്നാൽ അത് മാരകമായ വിഷമായി മാറുന്നു.

ചുരുക്കത്തിൽ, അറിവില്ലായ്മ കൊണ്ടാണ് പ്രകൃതിയിലുള്ളതെല്ലാം സുരക്ഷിതമാണെന്ന് നമ്മൾ വിശ്വസിക്കുന്നത്.

സിന്തറ്റിക്കും നാച്ചുറലും തമ്മിലുള്ള തട്ടിപ്പ്

ലാബിലോ ഫാക്ടറിയിലോ വെച്ച് ഹൈഡ്രജനും ഓക്സിജനും ചേർത്തുണ്ടാക്കുന്ന വെള്ളവും, കിണറ്റിൽ നിന്നോ മഴവെള്ളത്തിൽ നിന്നോ കിട്ടുന്ന വെള്ളവും ഗുണനിലവാരത്തിൽ ഒന്നുതന്നെയാണ്. അതുപോലെ ഓറഞ്ചിൽ നിന്ന് ലഭിക്കുന്ന വൈറ്റമിൻ സിയുടെയും ലാബിൽ നിർമ്മിക്കുന്ന വൈറ്റമിൻ സി ടാബ്‌ലെറ്റിന്റെയും കെമിക്കൽ സ്ട്രക്ച്ചർ (C_6H_8O_6) ഒന്നുതന്നെയാണ്. അതുകൊണ്ട് സിന്തറ്റിക് മോശമാണെന്നും നാച്ചുറൽ സുരക്ഷിതമാണെന്നും പറയുന്നത് വെറും മാർക്കറ്റിംഗ് തന്ത്രം മാത്രമാണ്. ഏതൊരു വസ്തുവിന്റെയും പ്യൂരിറ്റിയും അതിന്റെ ആക്ഷനും സൈഡ് എഫക്റ്റും എന്താണെന്ന് അറിയുന്നതിലാണ് കാര്യം.

ക്യാൻസർ ചികിത്സയിലെ വ്യാജപ്രചാരണങ്ങൾ

ആസ്പിരിൻ മുതൽ ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പാക്ലിടാക്സൽ (Paclitaxel), വിൻക ആൽക്കലോയിഡ്സ് (Vinca Alkaloids) തുടങ്ങിയ മരുന്നുകൾ വരെ ചെടികളിൽ നിന്നും മരങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്നവയാണ്. ശാസ്ത്രം ചെയ്യുന്നത് ആ ചെടിയിലുള്ള നിർദ്ദിഷ്ട മോളിക്യൂൾ ഏതാണെന്ന് കണ്ടെത്തുകയും, അതിന്റെ കൃത്യമായ ഡോസും പാർശ്വഫലങ്ങളും പഠിച്ച് മരുന്നായി ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ ഒരു ചെടി മുഴുവനായി അരച്ചു കുടിക്കുമ്പോൾ അതിൽ എന്തൊക്കെ കെമിക്കലുകൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് അറിയില്ല.

ക്യാൻസറിന് അർബുദനാശിനി എന്ന് പറഞ്ഞ് ചെടിയുടെ ജ്യൂസുകളും ഭസ്മങ്ങളും കഴിച്ച്, രോഗം മാറി എന്ന് പറഞ്ഞു വ്യാജചികിത്സകർ വഴിതെറ്റിക്കുന്ന പല രോഗികളും ഒടുവിൽ രോഗത്തിന്റെ നാലാം സ്റ്റേജിൽ (Stage 4) എത്തിയാണ് ഡോക്ടർമാരുടെ അടുത്ത് വരുന്നത്. “പ്രകൃതിദത്തമാണ്, സൈഡ് എഫക്റ്റ് ഇല്ല, എത്ര വേണമെങ്കിലും കഴിക്കാം” എന്ന വ്യാജ പ്രചാരണങ്ങളിൽ വീണുപോയ അത്തരം പാവപ്പെട്ട രോഗികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. അത് ചികിൽസിക്കുന്ന ഡോക്ടർ ആയ എനിക്ക് നൽകിയ ദുഃഖത്തിന്റെ റിസൾട്ട്‌ ആണ് ഈ ലേഖനം

പ്രകൃതി നിസംഗമാണ്

കവികളും പ്രകൃതി ജീവനക്കാരും പ്രകൃതിയെ ‘അമ്മ’ (Mother Nature) എന്ന് വിളിക്കാറുണ്ട്. എന്നാൽ ഒരു അമ്മ മക്കൾക്ക് കോളറയോ, ടിബിയോ, മലേറിയയോ, പ്രളയമോ നൽകുമോ? മനുഷ്യചരിത്രത്തിൽ യുദ്ധങ്ങളെക്കാൾ കൂടുതൽ ആളുകൾ മരിച്ചത് കോളറ, ടൈഫോയിഡ്, പ്ലേഗ്, വസൂരി തുടങ്ങിയ മാരക രോഗങ്ങൾ മൂലമാണ്. ഇതെല്ലാം പ്രകൃതിദത്തമായ കാര്യങ്ങളാണ്.
പ്രകൃതി എന്നത് വികാരങ്ങളുള്ള ഒരു വ്യക്തിയല്ല. അതിന് ആരോടും പ്രത്യേക സ്നേഹമോ ദേഷ്യമോ ഇല്ല. പ്രകൃതി പ്രവർത്തിക്കുന്നത് ഭൗതികശാസ്ത്രം, രസതന്ത്രം, ജൈവശാസ്ത്രം എന്നിവയുടെ നിയമങ്ങൾ അനുസരിച്ചാണ്. പ്രകൃതിയുടെ ലക്ഷ്യം ജീവജാലങ്ങളുടെ ജനറ്റിക് മെറ്റീരിയൽ അടുത്ത തലമുറയിലേക്ക് കൈമാറാനുള്ള സാഹചര്യം ഒരുക്കുക എന്നത് മാത്രമാണ്. പ്രകൃതി നല്ലതോ ചീത്തയോ അല്ല, അത് നിസംഗമാണ്. നമുക്ക് പൂക്കളും പഴങ്ങളും നൽകുന്ന അതേ പ്രകൃതി തന്നെയാണ് അതിൽ വിഷം നിറയ്ക്കുന്നതും.

ഉപസംഹാരം

ഒരു മരുന്നോ ചികിത്സയോ നാച്ചുറൽ ആണോ സിന്തറ്റിക് ആണോ എന്നതല്ല നമ്മുടെ വിഷയം. അത് ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു, അതിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെയാണ്, അത് എത്രകാലം കഴിക്കാം തുടങ്ങിയ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം നമ്മുടെ ചികിത്സാരീതികൾ മുന്നോട്ട് പോകേണ്ടത്. മനുഷ്യകുലത്തിന്റെ രക്ഷയ്ക്ക് അതാണ് ആവശ്യം. അതിനാൽ ഓർക്കുക – ‘നാച്ചുറൽ’ എന്നത് വെറും മാർക്കറ്റിംഗ് മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.