ആര്‍ദ്രതയോടെ വിജയപുരം രൂപത

    വിശന്നു വലഞ്ഞിരുന്ന ആളുകളിലേയ്ക്ക് ളോഹയിട്ട വൈദികരും മറ്റും കടന്നു വന്നപ്പോള്‍ പലരും അത്ഭുതപ്പെട്ടു. ഇതെന്താണാവോ എന്ന് ആലോചിച്ചു തീരുന്നതിനു മുന്‍പ് വണ്ടിയില്‍ കരുതിയ ഭക്ഷണ പൊതികളും വെള്ളവുമായി അവര്‍ നടന്നടുത്തു. ആശ്വാസം! ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്ന് ആലോചിച്ച് ഇരുന്നപ്പോഴാണ് അവരുടെ വരവ്. ഭക്ഷണപൊതിയും വെള്ളവും കൈമാറിയ ശേഷം അവര്‍ യാത്രയായി.

    ഇതു കഴിഞ്ഞ ഹര്‍ത്താല്‍ ദിവസം കോട്ടയം നഗരം കണ്ട നന്മ മുഖം. കോട്ടയം വിജയപുരം രൂപതയുടെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിശന്നു വലഞ്ഞവര്‍ക്ക് മുന്‍പില്‍ അന്നദാതാവായി അവതരിച്ച ഒരു പറ്റം ആളുകള്‍. ആര്‍ദ്രതയുടെ മറ്റൊരു മുഖം.

    ഹര്‍ത്താല്‍ എന്നും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ മാത്രമാണ് സമ്മാനിക്കുക. ഹര്‍ത്താല്‍ വിവരം അറിയാതെയും വണ്ടികള്‍ ഓടും എന്ന മുന്നറിയിപ്പില്‍ വിശ്വസിച്ചും പല സ്ഥലങ്ങളിലേയ്ക്കും ഇറങ്ങി തിരിക്കുന്നവര്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുക. കഴിഞ്ഞ ദിവസവും സ്ഥിതിഗതികള്‍ വ്യത്യസ്തമായിരുന്നില്ല. കുടുംബത്തോടെയും മറ്റും എത്തിപ്പെട്ടവര്‍ വിശന്നു വലയുന്ന കുഞ്ഞുങ്ങളെയും കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാതെ വിഷമിക്കുന്ന അവസരത്തിലാണ് വൈദികരും സോഷ്യല്‍ സര്‍വീസ് പ്രവര്‍ത്തകരും എത്തുന്നത്. പായ്ക്കറ്റിലാക്കിയ ഭക്ഷണം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ആളുകളിലേയ്ക്ക് അവര്‍ എത്തിച്ചു. കോട്ടയം കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റ്, പ്രൈവറ്റ് ബസ്സ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രി എന്നിവിടങ്ങളിലായി അഞ്ഞൂറോളം ആളുകള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്.

    ഭക്ഷണം വിതരണം ചെയ്യാനെത്തിയ വൈദികരും ഹര്‍ത്താല്‍ ദിനത്തില്‍ വേറിട്ട കാഴ്ച്ചയായി. ളോഹയിട്ടു വെയിലത്ത് ഭക്ഷണ പൊതികളുമായി ആളുകളുടെ അടുത്ത് എത്തിയ വൈദികര്‍ക്കു മുന്നില്‍ പലരും ശിരസു നമിച്ചു. പലരും ഇന്നലെ വൈകുന്നേരം മുതല്‍ യാത്രയില്‍ ആയിരുന്നവരായിരുന്നു. അവരുടെയൊക്കെ മുന്‍പില്‍ വിജയപുരം രൂപതയുടെ വികാരി ജനറലും പ്രൊക്യുറേറ്ററും ഒക്കെ കൂടെപ്പിറപ്പുകളെ പോലെ ആയി.

    ആര്‍ദ്രം എന്ന പദ്ധതിയുടെ കീഴിലാണ് ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണ വിതരണം നടത്തിയത്. ഹര്‍ത്താല്‍ ദിനങ്ങളില്‍ യാത്രക്കാരായ ആളുകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കിയ വിജയപുരം രൂപതാ സോഷ്യല്‍ സര്‍വീസ് പ്രവര്‍ത്തകര്‍ റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യന്‍ തെക്കത്തചേരി പിതാവിന്റെ നിര്‍ദ്ദേശ പ്രകാരം ആരംഭിച്ച പദ്ധതിയാണ് ആര്‍ദ്രം. ഇതു രണ്ടാം തവണയാണ് ഹര്‍ത്താല്‍ ദിനത്തില്‍ ഭക്ഷണം വിതരണം ചെയ്തത്. ളോഹയിട്ട് വൈദികരും മറ്റും ഇറങ്ങിവരുന്നത് കണ്ടപ്പോള്‍ ഹര്‍ത്താലുകാര്‍ക്ക് ഉള്‍പ്പെടെ ഒരു അങ്കലാപ്പ്. എങ്കിലും ഹര്‍ത്താലുകാരുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ലഭിച്ചത് എന്ന് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

    വേദനകളുടെയും പ്രയാസങ്ങളുടെയും ഒറ്റപ്പെടലുകളുടെയും സമയങ്ങളില്‍ ഇവരെപ്പോലെ നന്മ മരമാകുവാന്‍, മുന്നില്‍കിട്ടുന്ന ഓരോ അവസരങ്ങളെയും നന്മ ചെയ്യുന്നതിനുള്ള അവസരമാക്കി മാറ്റുവാന്‍ ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. ആര്‍ദ്രതയുടെ ഈ തിരിനാളം ഒരിക്കലും അണയാതിരിക്കട്ടെ.

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.